ആരായിരിക്കും വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രി?
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കുന്നതിനു മുമ്പ് മനസില്‍ വന്ന ചോദ്യമായിരുന്നു. കേരളത്തില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ശാരീരിക-ലൈംഗിക പീഡനങ്ങളെക്കുറിച്ച് ഏകദേശം മനസിലായതുകൊണ്ടായിരുന്നു ഇങ്ങനെയൊരു ചോദ്യം. കോഴിക്കോട്ടെ സ്ത്രീധന പീഡനവും, ഇരട്ടയാറിലെ പോക്‌സോ കേസ് അതിജീവിതയുടെ ദുരൂഹര മരണവും വീണ്ടുമതേ ചോദ്യമാവര്‍ത്തിക്കാന്‍ കാരണമായി? Dowry torture and pocso cases
ആരാണ് കേരളത്തിലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി?
ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകമാരാധിക്കുന്ന ഭരണകര്‍ത്താവായി പേരെടുത്ത ഷൈലജ ടീച്ചറായിരുന്നു ഒന്നാം പിണറായി സര്‍ക്കാരില്‍ വനിത-ശിശുക്ഷേമ വകുപ്പ് ഭരിച്ചിരുന്നത്. പ്രസ്തുത വകുപ്പിന്റെ കാര്യത്തില്‍ ടീച്ചര്‍ തീര്‍ത്തും പരാജയമായിരുന്നു. ഇത് ഷൈലജ ടീച്ചറെ കുറ്റപ്പെടുത്തായി പറയുന്നതല്ല. കേരളത്തിലിന്നോളം ആ വകുപ്പിന്റെ ചുമതല കിട്ടിയവരൊക്കെയും പൂര്‍ണ പരാജയമായിരുന്നു.
2018 ജൂണില്‍ നടന്നൊരു സംഭവം പറയാം. സ്വന്തം അമ്മ കൂട്ടുനിന്ന് പീഡിപ്പിക്കപ്പെട്ടൊരു പതിനാറുകാരി. കുമളി സ്വദേശിയായ ആ പെണ്‍കുട്ടി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചു വരികയായിരുന്നു. കുട്ടിയെ അവളുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് കത്തു നല്‍കി. കത്തു നല്‍കിയ മാതാവ് കേസിലെ രണ്ടാം പ്രതിയായിരുന്നു. എന്നിട്ടും ശിശുക്ഷേമ സമിതി കുട്ടിയെ വീട്ടുകാര്‍ക്കൊപ്പംവിട്ടു. പ്രതിക്കൊപ്പം, കുട്ടി പീഡിപ്പിക്കപ്പെട്ട അതേ സ്ഥലത്തേക്ക്. വീട്ടിലെത്തിയ കുട്ടിയെ, അമ്മയുടെ കാമുകനും എസ്‌റ്റേറ്റ് മുതലാളിയുമായ കേസിലെ ഒന്നാം പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ആ സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മുണ്ടക്കയം പൊലീസ് 2018 ജൂണ്‍ ആറിന് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 22 ന് കാഞ്ഞിരപ്പള്ളി കോടതിയില്‍ 164 എടുക്കാന്‍ പെണ്‍കുട്ടിയെ നിര്‍ഭയ അധികൃതര്‍ ഹാജരാക്കി. കോട്ടയം എസ്പിയുടെ നിര്‍ദേശത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും കോടതി പരിസരത്ത് വച്ച് പിതാവിനാല്‍ കുട്ടി ആക്രമിക്കപ്പെട്ടു. കോടതിയില്‍ മൊഴി കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ആക്രമണം.
ആ കേസിലെ പ്രധാന കുറ്റവാളികളായി കാണേണ്ടത് ശിശുക്ഷേമ സമിതിയെയും വനിത ശിശുക്ഷേമ വകുപ്പിനെയുമാണ്. പ്രസ്തുത കേസില്‍ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും കാണിച്ചുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ചെറുവിരലനക്കാതിരുന്നു മന്ത്രിയും പ്രതിയാണ്.
(ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അഴിമുഖം പ്രസിദ്ധീകരിച്ച ഏതാനും റിപ്പോര്‍ട്ടുകള്‍ ഇവിടെ പങ്കുവയ്ക്കുന്നു_
ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?
ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?
ജിഷ, വാളയാര്‍, കൊച്ചി, കൊട്ടിയൂര്‍, കുണ്ടറ… എന്തുകൊണ്ടാണ് നമ്മുടെ പോലീസ് ഇങ്ങനെ?
വീട്ടില്‍ കയറി തന്നെ തിരക്കണം; കാരണം, കേരളത്തിലെ 11.72 ലക്ഷം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ല
മേല്‍പ്പറഞ്ഞ് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. വിരലില്‍ എണ്ണാവുന്നതിലും കൂടുതല്‍ ഇതേപ്രകാരമുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബാലാവകാശ കമ്മീഷനുകളും ശിശുക്ഷേമ സമിതികളുമൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാരിനോ, അതിന് നിശ്ചയിച്ചിരിക്കുന്ന വകുപ്പിനോ അറിയില്ല. അറിയുന്നുണ്ടെങ്കിലും ഇടപെടാറില്ല. ഇടപെടുന്നതാകട്ടെ, ഓരോ സമിതിയിലും രാഷ്ട്രീയ നിയമനങ്ങള്‍ നടത്താന്‍. വളയാര്‍ പീഡനക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്നു!
ശിശുക്ഷേമ സമിതിയും ബാലാവാകശ കമ്മീഷനിലുമൊക്കെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കസേരകള്‍ സ്വന്തമാക്കുകയാണ്. മാനദണ്ഡങ്ങള്‍ മറികടന്ന്, ഈ നാട്ടിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട സ്ഥാനങ്ങളിലേക്ക് തങ്ങളുടെ ആളുകളെ നിയോഗിക്കുന്നതിനപ്പുറത്തേക്ക് ഇവിടെയാ വകുപ്പ് ഭരിച്ചിട്ടുള്ള ഒരു മന്ത്രിയും കൂടുതലായി ഒന്നും ചെയ്തിട്ടില്ല.
വനിത-ശിശു ക്ഷേമ വകുപ്പ് എന്നൊരു വകുപ്പിനെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. സാധാരണ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിക്ക് അധിക വകുപ്പായാണ് സാമൂഹ്യ നീതി, വനിത-ശിശുക്ഷേമ വകുപ്പ് നല്‍കുന്നത്. നമ്മുടെ ഭരണാധികളെ സംബന്ധിച്ച് അപ്രധാനമായ ഒന്ന്. ഏത് മന്ത്രിയാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യേണ്ടി വരും. കേരളം വനിത ശിശുക്ഷേമത്തില്‍ മുന്‍പന്തിയിലാണെന്നൊക്കെ അവകാശപ്പെടാറുണ്ട്. യഥാര്‍ത്ഥ്യം അതല്ല. കേരളം ഒട്ടുംതന്നെ വനിത-ശിശു സൗഹാര്‍ദ്ദ സംസ്ഥാനമല്ലെന്ന് പറഞ്ഞാല്‍ ക്ഷോഭിച്ചിട്ടുകാര്യമില്ല.
നമ്മുടെ വീടുകളില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അതിക്രമങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. കോഴിക്കോട് നവവധു സ്ത്രീധന പീഢനത്തിരയായ വാര്‍ത്തയാണ് ഏറ്റവുമൊടുവിലായി കേട്ടത്. നിയമം മൂലം നിരോധിച്ച സ്ത്രീധനവുമായി ബന്ധപ്പെട്ട എത്രയോ പെണ്ഡകൂട്ടികള്‍ ഗാര്‍ഹിക പീഢനങ്ങള്‍ക്കു വിധേയരാകുന്നു, കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. എന്നിട്ട് നമ്മള്‍ എന്തു ചെയ്തു? പുറത്തു വരുന്നതിനെക്കാള്‍ അധികമാണ് മൂടിവയ്ക്കപ്പെടുന്നത്. വരുന്നവയില്‍ അധികവും ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നായിരിക്കും(അവരെ ആഘോഷിക്കാന്‍ പ്രത്യേകത താത്പര്യമാണ്!). സവര്‍ണ- മേല്‍ജാതി വിഭാഗങ്ങളിലെ കേസുകള്‍ അഭിമാനം മൂലം മൂടിവയ്ക്കപ്പെടും. പുറത്തു പോകാതിരിക്കാന്‍ ആ കുടുംബങ്ങളെന്നപോലെ, നമ്മുടെ സിസ്റ്റവും മാധ്യമങ്ങളും ശ്രദ്ധ പുലര്‍ത്തും. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി പല സംവിധാനങ്ങളുണ്ട്. ശിശുക്ഷേമ സമിതി, ബാലാവകാശ സമിതി, നിര്‍ഭയ…അങ്ങനെ പലതും. ഈ സംവിധാനങ്ങളില്‍ അധികവും വനിത-ശിശു വികസന, സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ വരുന്നതാണ്. നേരിട്ട് തന്നെ വകുപ്പ് മന്ത്രിക്ക് ഇടപെടലുകള്‍ക്ക് സാധ്യമാകും. എന്നിട്ടോ, ഈ സംവിധാനങ്ങളോ അതിനെയൊക്കെ നിയന്ത്രിക്കുന്ന വകുപ്പോ കാര്യക്ഷമമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? മന്ത്രിക്കറിയില്ല വകുപ്പില്‍ എന്തൊക്കെ നടക്കുന്നു, ചെയ്യുന്നൂവെന്ന്. എതെങ്കിലും ഐഎഎസുകാരനായിരിക്കും ഭരിക്കുന്നത്. അവരാണെങ്കില്‍ പരമാവധി ഒരു വര്‍ഷമായിരിക്കും ആ കസേരയില്‍. ഞാന്‍ നാളെ പോകുമെന്ന മനസോടെയിരിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ത് ആത്മാര്‍ത്ഥത കാണിക്കാന്‍?
അങ്ങനെയുള്ള ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ വാളയാറിലെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുമായിരുന്നോ? ഇരട്ടയാറിലെ കുഞ്ഞു മരിക്കുമായിരുന്നോ? പൊലീസിനെയും ആഭ്യന്തര മന്ത്രിയെയയുമൊക്കെ കുറ്റം പറയുന്നതനിടയ്ക്കു സൂത്രത്തില്‍ രക്ഷപ്പെട്ടുപോവുകയാണ് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി. വാളയാറിനെക്കാള്‍ ഭീകരമായ എത്രയോ കേസുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ഇരട്ടയാറിലെ പോലെ ദുരൂഹമായി മരിച്ചുപോയ വേറെയും പോക്‌സോ കേസ് അതിജീവിതകള്‍ ഈ നാട്ടിലുണ്ട്. ജനങ്ങളതൊന്നും അറിഞ്ഞിട്ടില്ലെന്നു മാത്രം, അറിയിക്കേണ്ട ബാധ്യതയുള്ളവര്‍ അറിയിച്ചിട്ടുമില്ല. അറിയിക്കണമെങ്കിലും അറിയണമെങ്കിലോ ഇര മരിക്കണം! മരണം കൊണ്ടു മാത്രം സമൂഹത്തിന്റെ ശ്രദ്ധ കിട്ടാന്‍ വിധിക്കപ്പെട്ട എത്രയോ സ്ത്രീകളും കുട്ടികളും നമുക്കിടയില്‍ ഇപ്പോഴുമുണ്ട്. തുടര്‍ച്ചയായി പീഢിപ്പിക്കപ്പെടുന്നവര്‍, പീഡനം സഹിക്കാതെ മനോനില തെറ്റി ഭ്രാന്താശുപത്രിയില്‍ അടയക്കപ്പെട്ടവര്‍, വീടുവിട്ടുപോയവര്‍, അതിശയോക്തി തോന്നേണ്ടതില്ല, വര്‍ത്തമാനകാല സത്യമാണ്. ഇതിനകം എത്ര പോക്സോ കേസുകളെ കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാകും, എത്ര സ്ത്രീധന പീഡനങ്ങളെക്കുറിച്ച? ആ പ്രതികളൈാക്കെ ഇപ്പോള്‍ ജയിലിലാണോ? ആ ഇരകളൊക്കെ ഇപ്പോള്‍ സംരക്ഷിതരാണോ? ചോദിച്ചിട്ടുണ്ടോ ആരോടെങ്കിലും? ആരോടാണ് ചോദിക്കേണ്ടതെന്ന് അറിയാമോ? പൊലീസിനോടോ, അതോ ആഭ്യന്തര മന്ത്രിയോടോ? അല്ലെങ്കില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയോടോ? അനാഥാലയത്തിലെ വാര്‍ഡനായി നിന്ന പരിചയത്തിനു പുറത്ത് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാകുന്നവരുണ്ട്. ആരാണ് അവര്‍ക്ക് വാതില്‍ തുറന്നിട്ടുകൊടുക്കുന്നത്? ആരോട് ചോദിക്കും നിങ്ങള്‍? പോക്സോ മാഫിയ എന്നൊരു സംഘമുണ്ട് കേരളത്തില്‍. കോടികള്‍ കൈമറിയുന്ന ബിസിനസ്. എങ്ങനെ ഇതൊക്കെ നടക്കുന്നു…? ആരോട് ചോദിക്കും നിങ്ങള്‍? ഉത്തരം പറയേണ്ടവര്‍ ആരാണെന്നെങ്കിലും നിങ്ങള്‍ക്ക് അറിയാമോ? മൂന്നു വനിതകള്‍ ഇത്തവണ മന്ത്രിസഭയിലുണ്ട്. അതില്‍ ഒരാളെ വനിത-ശിശുക്ഷേമ വകുപ്പ് എന്ന ഒറ്റ വകുപ്പ് നല്‍കി ചുമതല ഏല്‍പ്പിക്കാമായിരുന്നില്ലേ? മറ്റേത് വകുപ്പിനെക്കാള്‍ സുപ്രധാനം തന്നെയാണീ വകുപ്പും. എന്നിട്ടും ഇപ്പോഴുമതൊരു ഉപ വകുപ്പാണ്.
ഈ കുറിപ്പ് ഇത്രയും വായിച്ചു വന്നപ്പോഴും, നിലവിലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ആരാണെന്ന് നിങ്ങള്‍ക്ക് ആലോചിച്ചെടുക്കാന്‍ സാധിച്ചോ? ഇത്തവണ ആകെ ചെയ്‌തൊരു കാര്യം, വനിത ശിശുക്ഷേമവും സാമൂഹ്യ സുരക്ഷയും രണ്ട് മന്ത്രിമാരെ ഏല്‍പ്പിച്ചുവെന്നതാണ്. വനിത ശിശുക്ഷേമ വകുപ്പ് വീണ ജോര്‍ജിനും, സാമൂഹ്യക്ഷേമ വകുപ്പ് ആര്‍ ബിന്ദുവിനും. ഒരാള്‍ ആരോഗ്യവകുപ്പും മറ്റെയാള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ഭരിക്കുന്നവര്‍. അവര്‍ക്കെവിടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളന്വേഷിക്കാന്‍ സമയം? സമയം കിട്ടുകയാണെങ്കില്‍ നോക്കിയാല്‍ മതി ഇവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ എന്നാണെങ്കില്‍, ഇനിയുമിവിടെ കൊച്ചു പെണ്‍കുട്ടികള്‍ പീഡിക്കപ്പെടും കൊല്ലപ്പെടും, സ്ത്രീകള്‍ക്ക് വിവാഹമെന്നത് ആത്മഹത്യ കുരുക്കാകും.
Content Summary; Dowry torture, pocso cases, who is kerala’s woman and child development minister