UPDATES

ഇരകളാവുന്ന നവവധുക്കള്‍: നിയമം കഠിനം, വിവാഹമോചനവും

വഞ്ചന ചെയ്തയാള്‍ വിവാഹ മോചനത്തിന് സമ്മതിക്കാതിരിക്കാം. സമയ ക്രമം ഇത്തരം കേസുകള്‍ തീര്‍ക്കുന്നതില്‍ പറയാനാവില്ല.

                       

വിവാഹം കഴിഞ്ഞ് വെറും ഏഴ് ദിവസം, അഭ്യസ്ഥവിദ്യനായ കോഴിക്കോടുകാരന്‍ വരന്‍ ഐടി ജീവനക്കാരിയായ നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മറ്റൊരു വാര്‍ത്ത വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തിരുവനന്തപുരത്ത് നിന്നുള്ള വരന്‍ സ്ത്രീ പീഡകനാണെന്ന വിവരം വധു അറിയുന്നു. ഇന്നലെ കേരളത്തില്‍ നിറഞ്ഞ് നിന്ന രണ്ട് വാര്‍ത്തകളാണ് ഇവ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറുമായ രാഹുല്‍ പി ഗോപാലനാണ് ആദ്യത്തെ കേസിലെ വരന്‍. സ്ത്രീധനത്തിന്റെ പേരില്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ കുരുക്കി വധുവിനെ കൊല്ലാന്‍ നോക്കി, ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ച് ബോധം കെടുത്തി. ഈ ക്രൂരതകളാണ് രാഹുലിനെതിരേ വധു ആരോപിച്ചിരിക്കുന്നത്. രണ്ടാമത്തെ സംഭവം തിരുവനന്തപുരം കരമനയിലാണ്. കരമന നെടുങ്കാട് സ്വദേശി മിഥുനുമായുള്ള വിവാഹം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് വഞ്ചന കുറ്റത്തിന് മറ്റൊരു യുവതി ഇയാള്‍ക്കെതിരേ കേസ് കൊടുത്തത് വധു അറിയുന്നത്. പിന്നാലെ സ്വര്‍ണം കൈക്കലാക്കി വിദേശത്തെക്ക് പോവാനായിരുന്നു മിഥുന്റെ പദ്ധതിയെന്ന് പുറത്ത് വരുന്നു. വധു വഞ്ചനാ കുറ്റം ഫയല്‍ ചെയ്തു. നിലവില്‍ രണ്ട് യുവതികളും അവരവരുടെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

കാത്തിരിക്കുന്നത് നിയമകുടുക്കുകള്‍: മാറണം ചട്ടം

നോ-എന്ന ഒറ്റവാക്കിന് വേണ്ട, പറ്റില്ല എന്ന് തന്നെയാണ് അര്‍ത്ഥം. അതുപറയാനുള്ള സ്വാതന്ത്രവും അവകാശവും ഉണ്ട്. നിര്‍ഭാഗ്യവശാല്‍ എല്ലാ സാഹചര്യത്തിലും ആ നോ പറയാന്‍ നിയമം പോലും അനുവദിക്കാറില്ലെന്നതാണ് സത്യം. പ്രത്യേകിച്ച് വിവാഹമോചനം പോലെയുള്ള വിഷയങ്ങളില്‍. ഇന്ത്യയിലെ നിയമം അനുസരിച്ച് ഇത്തരത്തില്‍ ചതിക്കപ്പെടുന്നവര്‍ക്ക് വിവാഹ മോചനത്തിന് അപേക്ഷിക്കണമെങ്കില്‍ പോലും കുറഞ്ഞത് ആറ് മാസമെങ്കില്‍ കാത്തിരിക്കണം. വിവാഹബന്ധവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞാലോ അതുമല്ലെങ്കില്‍ ഒത്തുപോകാന്‍ ഒരിക്കലും കഴിയില്ല എന്ന് ഇരുവരും തിരിച്ചറിഞ്ഞലോ തന്നെ വിവാഹമോചനത്തിന് അപേക്ഷ നല്‍കാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന ആറ് മാസം മുതലുള്ള കാലപരിധി കഴിഞ്ഞു മാത്രമേ കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളു എന്ന അവസ്ഥയാണ് ഒരു പ്രധാന കാരണം. അതായത് വിവാഹമോചനം നല്‍കാന്‍ പങ്കാളി തയ്യാറായാല്‍ തന്നെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാന്‍ ഹിന്ദു വ്യക്തിനിയമം പ്രാകാരം വിവാഹം കഴിഞ്ഞു ആറ് മാസമെങ്കിലും ആകണം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണെങ്കില്‍ കാത്തിരിപ്പിന്റെ നീളം പിന്നെയും കൂടും. കേസ് ഫയല്‍ ചെയ്താല്‍ ആറ് മാസത്തിന് ശേഷം കോടതിക്ക് ഇരുകൂട്ടരെയും നേരിട്ട് കേട്ടതിന് ശേഷം രണ്ടു പേരും തീരുമാനം മാറ്റാത്ത സ്ഥിതിക്ക് ഡിവോര്‍സ് ഉത്തരവിടാം. വെറും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ ആയുള്ളൂ എന്നുള്ളതല്ല നിയമം പരിഗണിക്കുന്നത്, മറിച്ചു വിവാഹ കരാര്‍ നിലവില്‍ വന്നോ എന്നുള്ളത് മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ഇരകളാവുന്നവരോടുള്ള ക്രൂരത തന്നെയാണ് ഇത്. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കപ്പെടുന്ന വ്യക്തി മാസങ്ങളോളം അതേ അവസ്ഥയില്‍ തുടരേണ്ടി വരുന്നത് മൗലിക അവകാശത്തിന്റെ ലംഘന പരിധിയില്‍ വരുന്നതാണെന്നും അഭിഭാഷകര്‍ ചൂണ്ടികാണിക്കുന്നു. വിവാഹിത പദവിയില്‍ നിര്‍ബന്ധിതമായി തുടരേണ്ടി വരുന്നു. വധുവോ വരനോ ഏത് തരം ക്രൂരത ചെയ്തവരാണെങ്കിലും നിയമസാഹചര്യം ഇതാണ്.

വഞ്ചന ചെയ്തയാള്‍ വിവാഹ മോചനത്തിന് സമ്മതിക്കാതിരിക്കാം. പരസ്പര യോജിപ്പോടെ നടത്തുന്ന വിവാഹ മോചനത്തിലെ പോലെ കൃത്യമായ സമയ ക്രമം ഒന്നും ഇത്തരം കേസുകള്‍ തീര്‍ക്കുന്നതില്‍ പറയാനാവില്ല. ഇര നല്‍കിയത് വ്യാജ കേസാണെന്ന് തെളിയിക്കാനാവും അവര്‍ ശ്രമിക്കുക. ഇത് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ വേണ്ടി വരും. അതായാത് ചതിക്കപ്പെട്ടാലും അയാളുമായി പരസ്പര യോജിപ്പില്‍ എത്തേണ്ടി വരും. എന്നാലെ ഒരു നിശ്ചിത സമയം കൊണ്ട് കേസ് തീരു.

നീതീകരിക്കാനാവാത്ത കാത്തിരിപ്പ്

ഇന്ത്യയിലെ നിയമം അനുസരിച്ച് മേല്‍പറഞ്ഞ പ്രകാരം വഞ്ചിക്കപ്പെടുന്ന അല്ലെങ്കില്‍ ഇരയാക്കപ്പെടുന്ന യുവതികള്‍ക്ക് വിവാഹ മോചനം ലഭിക്കണമെങ്കില്‍ പല വ്യക്തിനിയമങ്ങളും അനുശാസിക്കുന്നത് നീണ്ട കാത്തിരിപ്പാണ്. ഉദാഹരണത്തിന് ഹിന്ദു വിവാഹ നിയമം (Hindu Marriage Act) പ്രകാരം വിവാഹമോചനം തേടി കോടതിയെ സമീപിക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കഴിയണം. അല്ലാത്തപക്ഷം, കോടതിയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യുന്നതിനായി പ്രത്യേക അനുമതി വാങ്ങണം. രണ്ട് പങ്കാളികളും ഒരുമിച്ച് ഫയല്‍ ചെയ്താലും ഇരുവര്‍ക്കും വിവാഹം വേണ്ട എന്നിരുന്നാല്‍ പോലും കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞു മാത്രമേ കോടതിയെ സമീപിക്കാന്‍ പറ്റുള്ളൂ. അതിനു ശേഷം കുറഞ്ഞത് ആറുമാസമെങ്കിലും വീണ്ടുമൊരു കാത്തിരിപ്പാണ്. വിവാഹബന്ധം സംരക്ഷിക്കാന്‍ എന്ന ഉദ്ദേശത്തോടെ നിയമം അടിച്ചേല്‍പ്പിക്കുന്ന cooling off കാലയളവാണിത്. കൗണ്‍സിലിങ് അടക്കമുള്ള കാര്യങ്ങള്‍ ഈ സമയത്താണ് ഉണ്ടാവുക. ഇതിന് ഇളവുള്ളത് ഒരിക്കലും യോജിക്കാന്‍ പറ്റാത്ത രീതിയില്‍ വേര്‍പെട്ടു പോയ വിവാഹ ബന്ധം (irretreivably broken marriages) ആണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ മാത്രമാണ്. ആ സമയത്ത് 6 മാസ പരിധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഇതിനായി ഭരണഘടനയുടെ 142-ആം അനുഛേദം
നല്‍കുന്ന വിശേഷ അധികാരം ഉപയോഗിക്കാം എന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് 2023-ലെ വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ പദവി തുടരുന്നത് മൗലിക അവകാശ ലംഘനമാണെന്ന് കാണിച്ച് കോടതിയെ സമീപിക്കരുതെന്നും ഉത്തരവിലുണ്ട്. അതായത് മൗലിക അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടാല്‍ സുപ്രീംകോടതിയെയോ ഹൈകോടതിയെയോ സമീപിക്കാന്‍ പൗരന് അവകാശം നല്‍കുന്ന യഥാക്രമം അനുഛേദം 32, 226 എന്നിവ പ്രകാരം കോടതിയെ സമീപിക്കാനാകില്ല. ചുരുക്കത്തില്‍ പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാനായത് പോലും ആറു മാസത്തിനു ശേഷം മാത്രമേ വിവാഹമോചനത്തിനുള്ള ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാന്‍ പറ്റുള്ളൂ എന്ന് മാത്രമല്ല, അതിനു ശേഷമുള്ള നിയമം അനുശാസിക്കുന്ന കാത്തിരിപ്പ് ഒഴിവാക്കി കിട്ടണമെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ പോകേണ്ടി വരും.

സാധുവാകുന്ന കാരണങ്ങളും വ്യക്തി നിയമ വ്യവസ്ഥകളും

ആറ് മാസത്തിന് ശേഷം ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ 13, ഡിസൊല്യൂഷന്‍ ഓഫ് മുസ്ലിം മാര്യേജ് ആക്ടിലെ സെക്ഷന്‍ 2, ഡിവോര്‍സ് ആക്ടിലെ സെക്ഷന്‍ 10, സെപഷല്‍ മാര്യോജ് ആക്ടിലെ സെക്ഷന്‍ 27 എന്നിവയനുസരിച്ച് ഫയല്‍ ചെയ്യുമ്പോള്‍ സാധുവായ കാരണം അല്ലെങ്കില്‍ തെളിവും ഹാജരാക്കണമെന്ന വ്യവസ്ഥയുമുണ്ട്. ഇത് അനുസരിച്ച് സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് കാരണമായി കോടതി പരിഗണിക്കുന്ന കാരണങ്ങള്‍ ഇവയാണ്-ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീയൊ പുരുഷനൊ ആയുള്ള ബന്ധം, മാനസിക അസ്വാസ്ഥ്യം, ഉപേക്ഷിച്ച് പോകല്‍, പുരുഷന്റെ ഇംപൊട്ടന്‍സി, ക്രൂരമായ പെരുമാറ്റം(മാനസികമോ ശാരീരികമോ) ആവാം. പങ്കാളിയുമായി ധാരണയിലെത്താതെ ആണ് കേസ് ഫയല്‍ ചെയ്യുന്നതെങ്കില്‍ ഈ കാലാവധി വീണ്ടും നീളാം. പ്രത്യേകിച്ച് വിവാഹ മോചനത്തിന് തയ്യാറാല്ലായെന്ന് പങ്കാളി കോടതിയെ അറിയിക്കുകയോ അപ്പീല്‍ പോവുകയോ ചെയ്താല്‍ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നടപടികളിലേക്ക് അത് വഴിമാറും.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടും വ്യക്തിനിയമങ്ങളും പറയുന്നത്

സമാനമായ നിബന്ധനകള്‍ തന്നെയാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിഷ്‌കര്‍ഷിക്കുന്നതും. പ്രസ്തുത നിയമപ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹര്‍ജി വിവാഹം കഴിഞ്ഞു ഒരു വര്‍ഷമെങ്കിലും കഴിഞ്ഞു മാത്രമേ ഫയല്‍ ചെയ്യാന്‍ പാടുള്ളു. ഫയല്‍ ചെയ്ത ശേഷം കുറഞ്ഞത് മറ്റൊരു ആറ് മാസമെങ്കിലും നീണ്ട കാത്തിരിപ്പ് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള കാത്തിരിപ്പ് കര്‍ണാടക ഹൈക്കോടതി മുന്‍പ് ഒഴിവാക്കി കൊടുത്തിട്ടുണ്ടെങ്കിലും സുപ്രീം കോടതിയുടെ 2023-ലെ വിധിന്യായം ഇതിനെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്.
ക്രിസ്തീയ മതാചാരപ്രകാരം വിവാഹിതരായ ദമ്പതികളുടെ വിവാഹമോചനത്തിനെ സംബന്ധിച്ച നിയമം ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ട് ആണ്. പരസ്പരസമ്മതത്തോടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യാന്‍ രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് നിഷ്‌കര്‍ഷിക്കുന്ന വകുപ്പ് 10A ഭരണഘടനാ വിരുദ്ധം ആണെന്ന് കേരള ഹൈക്കോടതി 2022-ല്‍ കണ്ടെത്തിയിരുന്നു.

സിവില്‍ കേസെന്ന വെല്ലുവിളിയും കാലതാമസവും

വിവാഹ മോചനമെന്നത് സിവില്‍ കേസാണ്. ഭൂമിയിടപാട് അടക്കമുള്ള സിവില്‍ നിയമത്തിന് കീഴില്‍ വരുന്ന വിഷയങ്ങളിലെല്ലാം ഇത്തരമൊരു കാത്തിരിപ്പ് വരുന്നുണ്ട്. എന്നാല്‍ മനുഷ്യനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇത്തരം കാത്തിരിപ്പ് വരുന്നതില്‍ മാറ്റം അനിവാര്യമാണ്. ഇപ്രകാരം ഉള്ള ഹര്‍ജികള്‍ നമ്മുടെ നാട്ടിലെ കേസുകളുടെ ബാഹുല്യം കൊണ്ട് തന്നെ കോടതിയുടെ പരിഗണനയില്‍ വരാന്‍ തന്നെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വരും. നോട്ടീസ് നല്‍കി എതിര്‍ കക്ഷി ഹാജരായി, ഇരുപക്ഷങ്ങളുടെയും തെളിവുകളൊക്കെ ഹാജരാക്കി, വാദം പൂര്‍ത്തിയായി വിധി പ്രഖ്യാപിക്കുമ്പോള്‍ നല്ല ഒരു സമയം പിന്നിട്ടുണ്ടാകും. ഇതിനു പുറമെയാണ് എതിര്‍കക്ഷി അപ്പീല്‍ ഫയല്‍ ചെയ്താല്‍ പിന്നെയും നീളുന്ന കാത്തിരിപ്പ്.

കടപ്പാട്: അഡ്വക്കറ്റ് ആകാശ് സത്യാനന്ദൻ, കേരള ഹൈക്കോര്‍ട്ട്
അഡ്വക്കറ്റ് ശശിലേഖ വി എസ്, കുടുംബ കോടതി, വയനാട്

 

English Summary; What divorce and separation tell us about modern India

Related news


Share on

മറ്റുവാര്‍ത്തകള്‍