”ഇന്ത്യയില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും വിവാഹത്തിന്റെ ഭാഗമായ ആചാരം എന്ന നിലയ്ക്കായിരുന്നു. പിന്നീട് ഭര്‍തൃഗൃഹത്തില്‍ പാചക സ്‌റ്റൗ പൊട്ടിത്തെറിച്ചുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. സ്വാഭാവികമായും സ്‌റ്റൗ തകരാറെന്ന നിഗമനത്തിലായിരുന്നു പഠനങ്ങള്‍ എത്തി ചേര്‍ന്നിരുന്നത്.”
ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതിന്റെ പശ്ചാത്തലവും നിയമവശത്തെപ്പറ്റിയും അഴിമുഖവുമായി സംസാരിക്കുകയാണ് അഡ്വക്കേറ്റ് പി എം ആതിര.
‘സ്‌റ്റൗ പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭങ്ങളില്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിരുന്നില്ല. വധുവായി വീട്ടിലെത്തിയിരുന്ന സ്ത്രീകള്‍ മാത്രമായിരുന്നു മരിച്ചിരുന്നത്. ഇതോടെയാണ് സ്ത്രീധനം സാമൂഹിക വിപത്താണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായും കണ്ടെത്തുന്നത്. അതിനുശേഷമാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ ഐ പിസി 498 (എ) ഭേദഗതി കൂട്ടിച്ചേര്‍ക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ വിവാഹം കഴിച്ചെത്തുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും നടക്കുന്ന മാനസിക പീഢനങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതിരുന്നു ഈ ഭേദഗതി. എന്നാല്‍ പിന്നീട് ഈ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഒരു നിയമം തന്നെ ആവശ്യമായി വന്നതിലൂടെയാണ് 1961 സ്ത്രീധന നിരോധനനിയമം നിലവില്‍ വരുന്നത്. കാലക്രമേണ നിയമത്തില്‍ പല ഭേദഗതികളും നടപ്പിലാക്കി. മേഖല ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തിക, ജില്ല തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി. സെക്ഷന്‍ 2 പ്രകാരം മൂല്യമുള്ള എന്തിനെയും സ്ത്രീധനമായി കണക്കാക്കും. സെക്ഷന്‍ 3 പ്രകാരം 5 വര്‍ഷം വരെ തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കും. അതല്ലെങ്കില്‍ സ്ത്രീധനത്തില്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കള്‍ക്ക് തുല്യമായ തുക പിഴയായി ഈടാക്കണമെന്നും പറയുന്നുണ്ട്. കൂടാതെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് ശേഖരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന, പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍, സിനിമ എന്നിവ ഒഴിവാക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്.
അറുപത്തി രണ്ടുവര്‍ഷമായി സ്ത്രീധന നിരോധന നിയമം നിലവിലുള്ള രാജ്യത്ത് സ്ത്രീധന വ്യവസ്ഥ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമം കൊണ്ട് മാത്രം ഈ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ല. ഒരു നിയമം മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ വ്യവസ്ഥകള്‍ എത്രമാത്രം സമൂഹത്തിന് ഉള്‍ക്കൊള്ളാനും, സ്വാംശീകരിക്കാനും കഴിയുന്നു എന്ന സാധ്യതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ആ നിയമം നടപ്പിലാക്കുന്നതിന്റെ വിജയം. സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകൃത്യം ആണെന്നത് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് ആയിട്ടുണ്ട്? കഠിനതടവിന് ശിക്ഷിക്കപ്പെടുന്ന പ്രതികളോട് ഇടപഴകാന്‍ മടിക്കുന്ന സമൂഹം അതേസമയത്ത് സ്ത്രീധനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വിവാഹങ്ങളില്‍ പങ്കെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ ആശയത്തെ സ്വാംശീകരിക്കാനും അടിസ്ഥാനപരമായി കുറ്റകൃത്യം ആണെന്നും ഇതുവരെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണിത്. പരാതികള്‍ പോലും രേഖപ്പെടുത്താത്ത കുറ്റകൃത്യം സമൂഹത്തില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു.
സമൂഹത്തില്‍ വിവേചനം ഇല്ലാതാക്കുന്നതിനും സമത്വം ഉറപ്പാക്കുന്നതിനുമായാണ് ഭരണഘടന ഈ പ്രത്യേക നിയമനിര്‍മ്മാണം നടത്തിയത്. ഇത്തരത്തില്‍ പിറവിയെടുത്ത ഒരു നിയമം 62 വയസ് പിന്നിടുമ്പോഴും പല്ലില്ലാത്ത സിംഹത്തിന്റെ സമാന അവസ്ഥയിലാണ്. പൊലീസ് സ്റ്റേഷനുകളില്‍ പോലും ഈ നിയമത്തിന്റെ കീഴില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരുന്ന കേസുകളില്‍ ഈ വകുപ്പ് ചുമത്തപ്പെടുന്നില്ലെന്നത് ഒരു പ്രധാന പ്രശ്നമാണ്. എഫ്ഐആറില്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നതിനും, ഇതില്‍ അന്വേഷണം നടത്തുന്നതിനും സമാന അവസ്ഥയാണ്. സ്ത്രീധനം വാങ്ങി നടത്തുന്ന കല്യാണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീധന നിരോധന നിയമപ്രകാരം ചുമത്തപ്പെടുന്ന കേസുകള്‍ വളരെ ചുരുക്കമാണ്. വനിത ശിശു വികസന വകുപ്പിന് കീഴില്‍ എല്ലാ ജില്ലകളിലുമുള്ള ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ സമക്ഷം എത്ര കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്.
നിയമം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിസ്മയ കേസിനു ശേഷമാണ് നിയമം ശക്തിപ്പെടുത്തുന്നതിന്റെ ചര്‍ച്ചകള്‍ സജീവമാകുന്നത്. നിയമം ശക്തിപ്പെടുത്തിയാല്‍ മാത്രം പരിഹാരം കണ്ടെത്താനാവുന്ന ഒന്നല്ല ഈ വിഷയം. സമൂഹത്തില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണ് സ്ത്രീധനം. വളരെ എളുപ്പം പിഴുതു കളയാന്‍ സാധിക്കുന്ന ചെറിയ വേരായല്ല അത് ഈ പാട്രിയാര്‍ക്കല്‍ സംവിധാനത്തിനുള്ളില്‍ പടര്‍ത്തിയിരിക്കുന്നത്. ‘സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോയെന്ന് പെണ്‍കുട്ടികള്‍ പറയണം” എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. എന്തുകൊണ്ട് സ്ത്രീധനത്തിനെതിരായി കേസുകള്‍ ഫയല്‍ ചെയ്യാന്‍ അദ്ദേഹം പറയാതിരുന്നത്. അതായത് നിയമം കൊണ്ട് മാത്രം ഈ വടവൃക്ഷത്തെ പിഴുതുകളയാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് കൊണ്ട് കൂടിയാണിത്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളോ സമ്പ്രദായമോ ഈ തുല്യത എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. സ്വയം പര്യാപ്തരാവേണ്ടതിന്റെ ആവിശ്യകതെയെ കുറിച്ചോ, വിവാഹം ഓരോരോരുത്തരുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണമെന്നും ജീവിതത്തില്‍ നിര്‍ബന്ധിതമായ ഒന്നല്ലെന്നും പഠിപ്പിക്കാന്‍ മുതിരുന്നില്ല. ഇനി അഥവ വിവാഹം നടത്തുകയാണെങ്കില്‍ തന്നെ അതൊരിക്കലും പണത്തിന്റെ അടിസ്ഥാനത്തിലാവാന്‍ പാടില്ലെന്നും, മാതാപിതാക്കളുടെ സമ്പത്തു വലിച്ചെടുത്തു കൊണ്ടായിരിക്കരുതെന്നും രക്ഷിതാക്കളും, പൊതുവിദ്യാഭ്യാസമോ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കുന്നില്ല.
(അഡ്വ. പി എം ആതിരയുമായി അഴിമുഖം പ്രതിനിധി ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)