UPDATES

”ന്യായാധിപന്റെ വിധികളില്‍ സ്ത്രീധനം കൊടുത്ത മാതാപിതാക്കളും കുറ്റക്കാരാണെന്ന ഒരു വരി കൂടിയുണ്ടാകണം”

സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്ന കുടുംബങ്ങളില്‍ സര്‍വ്വസാധാരണമാകുന്നതോടെ സ്ത്രീധനം ആചാരം എന്ന നിലയിലേക്ക് മാറുന്നു

                       

ശക്തമായ നിയമത്തിന്റെ പിന്‍ബലത്തോടൊപ്പം സ്ത്രീധനം എന്ന വിപത്തിനെ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയില്‍ നിന്ന് എങ്ങനെ ഒഴിവാക്കാമെന്ന ചര്‍ച്ചകള്‍ സജീവമാണ്. പലതട്ടുകളിലായി വിവിധ തരത്തിലുള്ള ആശയസംവാദങ്ങള്‍ നടക്കുന്നുണ്ട്. പ്രസ്തുത വിഷയത്തില്‍ അഴിമുഖം വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ തേടുകയാണ്. സ്ത്രീധനം എന്ന അധാര്‍മിക ആചാരത്തെ എങ്ങനെ ഇല്ലാതാക്കം എന്ന ചോദ്യത്തിന് സാഹിത്യകാരി ഡോക്ടര്‍ ഖദീജ മുംതാസിന്റെ പ്രതികരണമാണ് ഇവിടെ നല്‍കുന്നത്.

സ്ത്രീധനത്തിന്റെ സാമൂഹിക വ്യവസ്ഥ പരിശോധിക്കുകയാണെങ്കില്‍ സ്ഥലങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങള്‍ കാണാനാകും. തിരുവിതാംകൂര്‍, കൊച്ചി തുടങ്ങി കേരളത്തിന്റെ തെക്ക് ഭാഗങ്ങളില്‍ സ്ത്രീധന സമ്പ്രദായം ഹിന്ദു സമുദായത്തില്‍ പ്രബലമാണ്. മലബാര്‍ ഭാഗത്തേക്ക് എത്തുമ്പോള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഹിന്ദു സമുദായത്തിനിടയില്‍ വളരെ കുറച്ചു മാത്രം സംഭവിക്കുകയും, മുസ്ലിം സമുദായത്തിനിടയില്‍ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. ധനം കുമിഞ്ഞു കൂടുമ്പോള്‍ ആര്‍ഭാടമായ വിവാഹം നടത്തുന്നതും വലിയ അളവില്‍ സ്ത്രീധനം നല്‍കുന്നതും അഭിമാനകരമായ പ്രവര്‍ത്തിയായാണ് ആളുകള്‍ കണക്കാക്കുന്നത്. സ്ത്രീധനം വിവാഹം പോലുള്ള ഉപരിപ്ലവമായ ആഹ്ലാദങ്ങള്‍ ആഘോഷിക്കപ്പെടുകയാണ്. സ്ത്രീധനം നല്‍കാന്‍ ആളുകള്‍ സന്നദ്ധരാകുന്നതിനനുസരിച്ച് അത് വാങ്ങനും ഇവിടെ ആളുകളുണ്ട്. അല്ലെങ്കില്‍ അവരത് കൃത്യമായി ചോദിച്ചു വാങ്ങുന്നുണ്ട്.

വനിത ശിശു ക്ഷേമ വകുപ്പ് ഉള്‍പ്പെടെ നടത്തിവരുന്ന സ്ത്രീധനത്തിനെതിരായുള്ള പല പദ്ധതികളും ഈ സാമൂഹിക വ്യവസ്ഥിതിയില്‍ ഏതോതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ടായിരിക്കാം. അതുകൊണ്ട് മാത്രം തുടച്ചു നീക്കാനാവുന്ന ഒന്നല്ല സ്ത്രീധനം. പല മാര്‍ഗങ്ങളിലൂടെ ഒരു സാമൂഹ്യ അവബോധം സൃഷ്ടിച്ചെടുത്താല്‍ മാത്രമെ ഇത് സാധ്യമാവുകയുള്ളു. സ്ത്രീധനം മൂലമുള്ള മരണങ്ങളില്‍ സാകൂതം ശ്രദ്ധിക്കുകയും ചര്‍ച്ച നടത്തുകയും ചെയുന്ന ഈ സമൂഹം തന്നെയാണ് സ്വന്തം വീട്ടില്‍ നടക്കുന്ന വിവാഹത്തിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായി സ്ത്രീധനത്തെ പരിഗണിക്കുന്നത്. സമൂഹത്തിലെ മിക്ക കുടുംബങ്ങളിലും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ സംസാരിക്കുന്നവര്‍ ബുദ്ധിശൂന്യരായാണ് പരിഗണിക്കപ്പെടുന്നത്. ശക്തമായ നിയമ നടപടികള്‍ക്കൊപ്പം തന്നെ നാടകം, സിനിമ, പാട്ടുകള്‍ പോലുള്ള സാംസ്‌കാരിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടുള്ള നിരന്തരശ്രമങ്ങളെ മുന്‍നിര്‍ത്തി മാത്രമെ ഇതിനെ പ്രതിരോധിക്കാനാവുകയുള്ളു.

അറേബ്യന്‍ സംസ്‌കാരത്തില്‍ നിന്നാണ് കേരളത്തിലെ മുസ്ലിം വിവാഹങ്ങളില്‍ മഹര്‍ കടന്നുവരുന്നത്. സ്ത്രീകള്‍ക്കുള്ള അംഗീകാരം എന്ന നിലയിലാണ് വിവഹം നടത്തുമ്പോള്‍ ഉപഹാരമായി മഹര്‍ നല്‍കുന്നത്. നാഗരിക അറബ് സാമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് ജീവിക്കാനാവിശ്യമായ എല്ലാത്തരം ഭൗതികമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കിയാല്‍ മാത്രമേ വിവാഹം നടത്താന്‍ സാധിക്കുകയുള്ളൂ. സ്ത്രീധന വ്യവസ്ഥയില്ലാത്ത അവിടങ്ങളില്‍ പുരുഷന്മാരെ സംബന്ധിച്ചു മഹര്‍ വലിയ ബാധ്യതയായി നിലനില്‍ക്കുന്നുണ്ട്. ഇതിന് വിപരീതമായി ഇവിടെ മഹര്‍ വളരെ കുറച്ച് നല്‍കുകയും പത്തിരട്ടി സ്ത്രീധനമായി തിരികെ വാങ്ങുകയും ചെയ്യുന്നു. സ്ത്രീധനത്തിന്റെയും മൂല്യം കൂടുന്നത് ധനികര്‍ തങ്ങളുടെ അന്തസ്സിന്റെ ഭാഗമായി അതിനെ കണക്കാക്കുന്നതുകൊണ്ടാണ്. പല സന്ദര്‍ഭങ്ങളിലും മഹര്‍ ഒഴിവാക്കപ്പെടുകയും, വിവാഹ മോചനം നടക്കുമ്പോള്‍ മഹറിന്റെ ബാധ്യത തീര്‍ക്കുകയുമാണ് ചെയ്യുന്നത്.

സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്ന കുടുംബങ്ങളില്‍ സര്‍വ്വസാധാരണമാകുന്നതോടെ സ്ത്രീധനം ആചാരം എന്ന നിലയിലേക്ക് മാറുന്നു. അതോടെ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ പോലും സ്ത്രീധനം നല്‍കേണ്ടി വരുന്നു. വളരെ അര്‍ഭാടകരമായി നടത്തുന്ന ഇത്തരം വിവാഹങ്ങള്‍ക്ക് ശേഷം ഈ പെണ്‍കുട്ടികള്‍ പലപ്പോഴും കുടുങ്ങി പോവുകയാണ്. പലപ്പോഴും വിവാഹത്തിനുശേഷം ഭര്‍തൃഗൃഹങ്ങളില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിട്ടാലും വീട്ടിലേക്ക് തിരികെ വരുന്നതിനുള്ള സാധ്യതകളും വിരളമാണ്. സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന വീടുകളിലെ പെണ്‍കുട്ടികള്‍ വിവാഹത്തിനുശേഷം തിരികെ വരുന്നത് അപമാനകരം എന്ന രീതിയിലാണ് കണക്കാക്കുന്നത്. സാമ്പത്തികമായി താഴെക്കിടയില്‍ നില്‍ക്കുന്നവരാകട്ടെ വീട് ഉള്‍പ്പെടെ പണയത്തില്‍ ആക്കിയാണ് വിവാഹം നടത്തുന്നത്. ആ സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ വിവാഹത്തിനുശേഷം തിരികെ വരാന്‍ ഈ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നില്ല.

ഇതോടെ ഈ പെണ്‍കുട്ടികള്‍ക്ക് എവിടെയും ആലംബം ലഭിക്കാതെ വരുന്നു. പെണ്‍കുട്ടികളെ കെട്ടിച്ചയക്കുകയും
ആണ്‍കുട്ടികള്‍ക്ക് വിവാഹം നടത്തുകയും ചെയ്യുന്ന ആശയം തന്നെ മറ്റേണ്ടേതുണ്ട്. വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് സമൂഹം കൂടി മുന്നോട്ടു വരേണ്ടതുണ്ട്. വിവാഹം നടത്തുന്ന പുരോഹിതന്മാര്‍ ഇത്തരം ആര്‍ഭാടമായുള്ള പൗരോഹിത്യം വഹിക്കില്ലെന്ന് തീരുമാനം സ്വീകരിക്കാം. എന്നാല്‍ അവരത് ചെയ്യാന്‍ തയ്യാറാവുന്നില്ല. തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥി സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണെന്നുള്ളത് നിരാശജനകമാണ്. വിസ്മയ കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടപ്പോള്‍ ഇത്രയും വലിയ തുക സ്ത്രീധനമായി നല്‍കിയ വിസ്മയുടെ മാതാപിതാക്കളും ഒരേ സമയം തെറ്റുകാര്‍ തന്നെയല്ലേ. നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേ പോലെ കുറ്റകൃത്യമാണ്. എന്നാല്‍ ഇവിടെ മാതാപിതാക്കളുടെ വേദനയും നിസ്സഹായവസ്ഥയുമാണ് പരിഗണിക്കപ്പെട്ടത്. സ്ത്രീധനം നല്‍കാന്‍ തയ്യാറായ മാതാപിതാക്കളും കുറ്റക്കാരാണെന്ന വാചകമെങ്കിലും ന്യായാധിപന്‍ ഉന്നയിക്കേണ്ടിയിരുന്നു. ആ തലത്തില്‍ നിന്നുള്ള ഇടപെടലിലൂടെ മാത്രമേ ഇതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു.

(ഡോക്ടര്‍ ഖദീജ മുംതാസുമായി അഴിമുഖം പ്രതിനിധി ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍