UPDATES

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുമോ മോദി സർക്കാർ

റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ഉന്നതതല സമിതി

                       

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതി, ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചേക്കും. എട്ട് വോളിയങ്ങളുള്ള 18,000 പേജുകളുള്ളതുമായ ഒരു വലിയ റിപ്പോർട്ടാണ് സമിതി നൽകാനിരിക്കുന്നത്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി, രാജ്യത്തുടനീളം എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയം നടത്തുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി നിർദ്ദേശിക്കാൻ ഒരുങ്ങുന്നത്. വ്യത്യസ്ത തെരഞ്ഞെടുപ്പുകൾ നൽകുന്നതിനുപകരം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിൽ എല്ലാ തെരഞ്ഞെടുപ്പ് ഷെഡ്യൂളുകളും ഏകോപിപ്പിക്കാൻ നിർദേശിച്ചേക്കും.

റിപ്പോർട്ട് സമർപ്പിക്കുന്നതിനെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയുടെ അവസാനത്തെ അഞ്ച് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താൻ സമിതി ശുപാർശ ചെയ്യുമെന്നാണ് സൂചന. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഠനം നടത്തിയ 22-ാം നിയമ കമ്മീഷനും 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ ഒരേസമയം വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിച്ചിരുന്നു. ഉന്നതതല സമിതിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ച നിയമ കമ്മീഷൻ, ഉടൻ തന്നെ നിയമ മന്ത്രാലയത്തിന് മുന്നിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചത്. ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഒരൊറ്റ വോട്ടർ പട്ടികയിലും നിർദ്ദിഷ്ട റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.

കോവിന്ദിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. ലോക്‌സഭയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ തന്നെ ഉൾപ്പെടുത്തിയത് കണ്ണിൽ പൊടിയിടുന്നതിന് സമാനമാണെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം സമിതിയിൽ നിന്ന് വിട്ടു നിന്നിരുന്നു. നിഗമനങ്ങൾ ഉറപ്പുനൽകുന്ന തരത്തിലാണ് ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന, 1950ലെ ജനപ്രാതിനിധ്യ നിയമം, 1951ലെ ആർപി നിയമം, അവയ്ക്ക് കീഴിൽ രൂപീകരിച്ച ചട്ടങ്ങൾ എന്നിവയിൽ പ്രത്യേക ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയിലെ എന്തെങ്കിലും ഭേദഗതികൾ സംസ്ഥാനങ്ങൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാനും ചുമതലപ്പെടുത്തിയിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ 2014-ലെയും 2019-ലെയും പ്രകടനപത്രികകൾ രാജ്യത്തുടനീളം ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് പ്രാബല്യത്തിൽ വരണമെങ്കിൽ, ഭരണഘടനയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും അഞ്ച് ആർട്ടിക്കിളുകളെങ്കിലും തിരുത്തേണ്ടതുണ്ട്.

ഫെബ്രുവരി 20 ന്, ബിജെപി ഈ ആശയത്തെ പിന്തുണച്ചു, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന നിയമത്തിൽ മാറ്റങ്ങൾ സമവായത്തിലൂടെ കൊണ്ടുവരണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം ആവർത്തിച്ച് പ്രയോഗിക്കുന്നത് ഭരണത്തെ ദോഷകരമായി ബാധിക്കുകയും അഴിമതി വളർത്തുകയും ചെയ്യുമെന്നും കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള പാനലിനോട് ചൂണ്ടികാണിച്ചു. ബി.ജെ.പിക്ക് പുറമെ ജനതാദൾ (യുണൈറ്റഡ്), ശിവസേന, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നിവയും ഒരേസമയം വോട്ടെടുപ്പ് എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയാണ് നിർദ്ദേശത്തെ അനുകൂലിക്കാത്ത പാർട്ടികൾ.

Related news


Share on

മറ്റുവാര്‍ത്തകള്‍