രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നും സംഭവാനകള്‍ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ(ഇലക്ടറല്‍ ബോണ്ട്) നിയമസാധുതയെ ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന്(ചൊവ്വാഴ്ച്ച) വാദം കേള്‍ക്കുകയാണ്. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായി, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗാവ്‌ലി, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേള്‍ക്കുന്നത്. എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സിപിഎമ്മും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എട്ടുവര്‍ഷത്തിലേറെയായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. വരുന്ന പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നും സംഭവാന സ്വീകരിക്കുന്നത് നിയമവിധേയമാക്കി കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ ഫിനാന്‍സ് ആക്ട് ഭേദഗതി ചോദ്യം ചെയ്താണ് ഹര്‍ജികള്‍.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെന്നും, അവയെങ്ങനെയാണ് വലിയൊരു അഴിമതിയാകുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു;
എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, എന്തുകൊണ്ടവ സുതാര്യമല്ല?
2017 കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നതിനു നാല് ദിവസങ്ങള്‍ക്കു മുന്‍പുള്ള ഒരു ശനിയാഴ്ച. നികുതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബജറ്റ് പ്രസംഗത്തില്‍ ചെറിയൊരു പിശക് കണ്ടുപിടിക്കുകയുണ്ടായി. ആ ബജറ്റില്‍ ജയ്റ്റ്‌ലി, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എന്ന പദ്ധതി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിവാക്കാതെ തന്നെ വന്‍ തുകകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാന്‍ സഹായിക്കുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍.
എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ടായിരുന്നു.
അജ്ഞാതമായ ഉറവിടങ്ങളില്‍നിന്നുള്ള സംഭാവനകള്‍ നിയമ വിധേയമാകണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടില്‍ ഭേദഗതി വേണമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്റെ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് കുറിപ്പ് നല്‍കി. ആക്ടിലെ ഭേദഗതിയും അദ്ദേഹം തയ്യാറാക്കി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രിയുടെ അംഗീകാരം കിട്ടുന്നതിനായി അയച്ചു.
അതെ ദിവസം ഉച്ചയ്ക്ക് 1.45-ന്, ധനകാര്യമന്ത്രാലയത്തില്‍ നിന്നും ഡെപ്യൂട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണറും, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ തൊട്ടുകീഴിലുള്ള ഉദ്യോഗസ്ഥനുമായ രാമ സുബ്രമണ്യത്തോട് പ്രസ്തുത നിയമത്തിന്റെ ഭേദഗതിയെ സംബന്ധിച്ച ‘അടിയന്തിരമായി അഭിപ്രായങ്ങള്‍’ ആരാഞ്ഞു കൊണ്ടുള്ള ഒരു അഞ്ചു വരി ഇമെയില്‍ അയച്ചു.
തെരഞ്ഞെടുപ്പ് ബോണ്ടുകളോടുള്ള തങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള മറുപടി ജനുവരി 30 ന് തന്നെ റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന് അയച്ചു.
റിസര്‍വ് ബാങ്കിന്റെ മറുപടിയെ ഇങ്ങനെ സംഗ്രഹിക്കാം;
തെരഞ്ഞെടുപ്പു ബോണ്ടുകളും അവയ്ക്കു വേണ്ടിയുള്ള റിസര്‍വ് ബാങ്ക് നിയമങ്ങളുടെ ഭേദഗതികളും തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കും, ഈ നിയമഭേദഗതികള്‍ കള്ളപ്പണ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനും അത് വഴി ഇന്ത്യന്‍ രൂപയിലുള്ള വിശ്വാസം നഷ്ടപെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മറുപടി. ഇത്തരത്തിലൊരു ഭേദഗതി റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുമെന്നും മറുപടിയില്‍ ആര്‍ബിഐ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ബോണ്ടുകളെ എതിര്‍ക്കുന്നതിന് റിസര്‍വ് ബാങ്കിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന് 2017 ജനുവരി 30ന് സര്‍ക്കാരിന് അയച്ച കത്ത് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിനുമേലുള്ള ആഘാതം
‘ഈ നിയമ ഭേദഗതി മൂല്യവിനിമയ ശേഷിയുള്ള നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കാനുള്ള അധികാരം പല സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് വഴിവെയ്ക്കും. നിലവിലെ നിയമപ്രകാരം മൂല്യവിനിമയത്തിനുള്ള ഉപാധികള്‍ അതായത് പണം പുറത്തിറക്കുവാനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. ഈ നിയമ ഭേദഗതികളിലൂടെ മൂല്യ വിനിമയ ഉപാധികള്‍ പുറത്തിറക്കുവാനുള്ള റിസര്‍വ് ബാങ്കിന്റെ കുത്തകാധികാരം നഷ്ടപെടുന്നുവെന്നുമാത്രമല്ല, ഇത് നിലവിലുള്ള റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെ ലംഘനംകൂടിയാണ്. ഈ മൂല്യവിനിമയ ഉപാധികള്‍ പണത്തിനു സമാനമായ രീതിയില്‍ ഉപയോഗിക്കപ്പെടുവാനും അതുവഴി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബാങ്ക് നോട്ടുകളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതിലേക്കും വഴിവെക്കും. മുപ്പത്തിയൊന്നാം വകുപ്പിന്റെ ഭേദഗതി കേന്ദ്ര ബാങ്ക് നിയമങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെ തകര്‍ക്കുന്നതാകുകയും തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യും.’
തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളിലെ സുതാര്യതയ്ക്കുമേലുള്ള ആഘാതം
‘തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സുതാര്യമാകുക എന്ന ലക്ഷ്യം ഈ നിയമ ഭേദഗതികള്‍ കൊണ്ട് സാധ്യമാകണമെന്നില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങുന്ന വ്യക്തികള്‍ തന്നെയായിരിക്കും യഥാര്‍ത്ഥത്തില്‍ സംഭാവനകള്‍ നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക അസാധ്യമാണ്. തെരഞ്ഞെടുപ്പുബോണ്ടുകള്‍ കൈമാറ്റം ചെയ്യപ്പെടാവുന്ന ഒരു വിനിമയ വസ്തുവാണെന്നതിനാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു സംഭാവന നല്കിയതാരാണെന്നു കണ്ടെത്തുക അസാധ്യമായിത്തീരും.’ ‘ഈ തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങുന്ന വ്യക്തികളോ മറ്റു സ്ഥാപങ്ങളോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിലവിലുള്ള ബാങ്കിങ് രീതികളായ ചെക്ക് , ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ മറ്റു ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയിലൂടെ സംഭാവനകള്‍ നല്കാവുന്നതേയുള്ളു. നിലനില്‍ക്കുന്ന അന്താരാഷ്ട്ര സമ്പ്രദായങ്ങളെ പോലും അവതാളത്തിലാക്കിക്കൊണ്ട് തിരഞ്ഞെടുപ്പുബോണ്ടുകള്‍ പോലുള്ള പുതിയ ഒരു സംവിധാനം നടപ്പിലാക്കുന്നതിന്റെ ആവശ്യമോ അതിനുതക്ക പ്രയോജനമോ ഇല്ല.’
സാധാരണയായി ഇത്തരം ഗൗരവമാര്‍ന്ന നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാറാണ് പതിവ്. നിയമഭേദഗതികള്‍ നടപ്പിലാക്കുമ്പോള്‍ അത്തരം ഭേദഗതികള്‍ ബാധിക്കാനിടയുള്ള മന്ത്രാലയങ്ങളുമായും മറ്റു വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാറുള്ളൂ. പക്ഷെ തെരഞ്ഞെടുപ്പു ബോണ്ടുകളുടെ കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ സര്‍ക്കാറിലെ ഉന്നതര്‍ നേരത്തെ തന്നെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതായി കാണാം. റിസര്‍വ് ബാങ്ക് ഉയര്‍ത്തിയ എതിര്‍പ്പുകളെ റവന്യൂ സെക്രട്ടറിയായ ഹശ്മുഖ് ആദിയ അതേ ദിവസം തന്നെ ഒറ്റ ഖണ്ഡികയുള്ള മറുപടിയിലൂടെ തള്ളിക്കളയുകയായിരുന്നു.
‘തെരഞ്ഞെടുപ്പു ബോണ്ടുകളുടെ പ്രവര്‍ത്തനത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംഭാവന നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന തെരഞ്ഞെടുപ്പു ബോണ്ടുകള്‍ അത്തരം സംഭാവനകള്‍ പൂര്‍ണമായും നികുതിയടയ്ക്കപ്പെട്ട പണത്താല്‍ മാത്രം വാങ്ങാന്‍ പറ്റുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.’ ഈ വരികളോടെയാണ് റവന്യൂ സെക്രട്ടറി ആദിയ സാമ്പത്തിക കാര്യ സെക്രട്ടറി തപന്‍ റായിക്കും ധനകാര്യ മന്ത്രി ജെയ്റ്റ്‌ലിക്കും അയക്കുന്ന മറുപടി കത്ത് ആരംഭിക്കുന്നത്. റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് വ്യക്തമായ മറുപടി പറയാതെ തള്ളിക്കളയുന്ന റവന്യു സെക്രട്ടറിയുടെ നടപടി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പ്രതികരണങ്ങളെ ഗൗരവത്തോടെ സമീപിച്ചിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
‘റിസര്‍വ് ബാങ്കിന്റെ ഉപദേശങ്ങള്‍ ഏറെ വൈകിയ വേളയിലാണ് ലഭിച്ചിരിക്കുന്നത്, ബജറ്റ് അച്ചടിച്ചുകഴിഞ്ഞ സ്ഥിതിക്കു നിശ്ചയിച്ച പദ്ധതികളുമായി മുന്നോട്ടു പോകുന്നതുതന്നെയാണുചിതം’. ആദിയ എഴുതി. അതേദിവസം തന്നെ ആദിയയുടെ സഹപ്രവര്‍ത്തകനായ തപന്‍ റായ് ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും മിന്നല്‍ വേഗത്തില്‍ ചലിച്ച ഫയല്‍ അരുണ്‍ ജെയ്റ്റ്ലിയുടെ അനുമതിയോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം 2017 ഫെബ്രുവരി ഒന്നാം തിയതി തെരഞ്ഞെടുപ്പു ചെലവുകളുടെയും പ്രവര്‍ത്തനത്തിന്റെയും സുതാര്യതയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കുന്നതിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ഭേദഗതി ചെയ്യുന്നതിനുമായുള്ള നിര്‍ദേശങ്ങള്‍ അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ മുന്നോട്ടു വെച്ചു. തൊട്ടടുത്ത മാസം ഈ നിര്‍ദേശങ്ങള്‍ ബജറ്റ് പാസായതോടെ നിയമമായി അംഗീകരിക്കപ്പെടുകയും ചെയ്തു. കൂടിയാലോചനകളില്ലാതെയും, തിടുക്കപ്പെട്ടും നടത്തിയ റിസര്‍വ് ബാങ്ക് നിയമത്തിന്റെതുള്‍പ്പെടെയുള്ള ഭേദഗതികള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വിദേശത്ത് സംഭരിച്ചുവെച്ചിരുന്ന പണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇറക്കുന്നതിന് നിയമപരമായ പരിരക്ഷ നല്‍കി. ഇതിനു മുന്‍പാകട്ടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ കണക്കു വിവരങ്ങള്‍ അവരുടെ വാര്‍ഷിക കണക്കുകളില്‍ ബോധിപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നു, എന്ന് മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ ഏഴര ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കുവാന്‍ നിയമം അനുവദിച്ചിരുന്നുള്ളൂ. വിദേശ കോര്‍പ്പറേറ്റുകളെയാകട്ടെ ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുവാന്‍ നിയമം അനുവദിച്ചിരുന്നില്ല. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമ ഭേദഗതികള്‍ നിലനില്‍ക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുകളഞ്ഞു.
ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക്, യാതൊരു വ്യാപാരവും ചെയ്യാത്ത, കള്ളപ്പണം വെളുപ്പിക്കുന്നതിനായി മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യാജ കമ്പനികളാണെങ്കില്‍ കൂടിയും, തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ എത്ര പണം വേണമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കാം എന്ന സ്ഥിതി ഉണ്ടായി. സ്വകാര്യ വ്യക്തികള്‍ക്കും, ട്രസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയ മറ്റു ഘടകങ്ങള്‍ക്കും സ്വന്തം പേര് വെളിപ്പെടുത്താതെ തന്നെ അനിയന്ത്രിതമായ അളവില്‍ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങികൂട്ടുവാനും തങ്ങള്‍ക്ക് താല്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുവാനും സാധിക്കും. ഇതേ മാര്‍ഗത്തിലൂടെ വിദേശ കമ്പനികള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പു ബോണ്ടുകളുടെ നിയമസാധുത സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ കൊമോഡോര്‍ ലോകേഷ് ബത്ര (റിട്ടയേര്‍ഡ്) പുറത്തു വിട്ട ചില രേഖകള്‍ ഈ നടപടികളിലെ ഉള്ളുകള്ളികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചും, അവരുടെ നിര്‍ദേശങ്ങളെ അവഗണിച്ചു കൊണ്ടും മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശ കമ്പനികള്‍ക്കും അജ്ഞാതരായി ഇരുന്നു കൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കു അളവില്ലാത്ത പണമൊഴുകാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതായി കാണാം. റിസര്‍വ് ബാങ്ക് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ സര്‍ക്കാര്‍ അവഗണിക്കുക മാത്രമല്ല പിന്നീട് തിരഞ്ഞെടുപ്പു ബോണ്ടുകള്‍ കാര്യക്ഷമമാക്കുവാനും, അവ രൂപയുടെ പ്രവര്‍ത്തനത്തിനേല്‍പ്പിക്കുന്ന ആഘാതത്തെ ലഘൂകരിക്കുന്നതിനും വേണ്ടി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ചു ഹഫ്‌പോസ്റ്റ് ഇന്ത്യ അയച്ച ചോദ്യങ്ങള്‍ക്ക് ധനകാര്യമന്ത്രാലയം ഇങ്ങനെ മറുപടി നല്‍കുന്നു. ‘നിങ്ങളുടെ ഈ മെയിലില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ള മുഴുവന്‍ കാര്യങ്ങളിലും ഉത്തരവാദിത്തപ്പെട്ട അധികാരികളെടുത്ത തീരുമാനങ്ങളാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കകത്തു നടക്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും പൊതുനന്മയെ മുന്‍നിര്‍ത്തിയെടുക്കുന്നവയാണ് എന്ന് ഈ സമയത്ത് ഓര്‍മിപ്പിക്കട്ടെ. ഈ ഭേദഗതികളുടെയും തീരുമാനങ്ങളുടെയും പ്രയോജനങ്ങളെകുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും പല കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം . കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഈ തിരക്ക് പിടിച്ച സാഹചര്യത്തില്‍, താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയിലും വേഗതയിലും മറുപടി നല്‍കുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. താങ്കളുടെ അന്വേഷണങ്ങള്‍ക്കുള്ള പ്രതികരണം പിന്നീട് ലഭ്യമാക്കുന്നതാണ്.’
തെരഞ്ഞെടുപ്പു ബോണ്ടുകളും രാഷ്ട്രീയപാര്‍ട്ടികളുടെ പണമിടപാടുകളെ സംബന്ധിച്ച നിയമ ഭേദഗതികളും ലോക്‌സഭയില്‍ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചു പാസ്സാക്കുകയും രാജ്യസഭയിലെ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് നിയമമാക്കിയതിനും ശേഷം മാത്രമാണ് ഇവയെക്കുറിച്ച് ധനകാര്യമന്ത്രാലയത്തിനകത്ത് ആഭ്യന്തര ചര്‍ച്ചകള്‍ സജീവമാകുന്നത്. നേരത്തെ റിസര്‍വ് ബാങ്ക് ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്കു ഗൗരവതരമായ മറുപടികളും ചര്‍ച്ചകളും രൂപംകൊള്ളുന്നത് പിന്നീടാണ്. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകള്‍ സുതാര്യമാകുന്നതിനു പകരം നിഗൂഢമാക്കുകയാണ് ചെയ്യുക എന്ന റിസര്‍വ് ബാങ്ക് വൃത്തങ്ങളുടെ നിരീക്ഷണത്തോട് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത് ഇനങ്ങനെയാണ്. ‘തിരഞ്ഞെടുപ്പു ബോണ്ടുകള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം സംഭാവനകള്‍ നല്‍കുന്നവരുടെ സ്വകാര്യത കാത്തു സൂക്ഷിക്കുക എന്നതാണ്. ‘ തിരഞ്ഞെടുപ്പു ബോണ്ടുകളോടനുബന്ധിച്ചു നടത്തുന്ന റിസര്‍വ് ബാങ്ക് നിയമങ്ങളിലെ ഭേദഗതികള്‍ സാമ്പത്തിക രംഗത്തെ അസ്ഥിരപ്പെടുത്തുമെന്നും റിസര്‍വ് ബാങ്ക് നിയമങ്ങളുടെ അന്ത:സത്തയെ ചോദ്യം ചെയ്യുമെന്നുമുള്ള നിരീക്ഷണത്തിനു സാമ്പത്തിക ശാസ്ത്രയുക്തിയിലധിഷ്ഠിതമായ മറുപടി നല്‍കുവാന്‍ പോലും ധനകാര്യമന്ത്രാലയത്തിന് സാധിച്ചില്ല. അതിനു പകരം ‘പാര്‍ലമെന്റ് എന്ന പരമാധികാര സ്ഥാപനത്തിന് റിസര്‍വ് ബാങ്ക് ആക്ട് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളെയും സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തുന്നതിന് അധികാരമുണ്ട്’ എന്ന മുടന്തന്‍ ന്യായം മാത്രമാണ് ധനകാര്യ മന്ത്രാലയം ഉയര്‍ത്തിയത്. അരുണ്‍ ജെയ്റ്റ്ലി തിരഞ്ഞെടുപ്പു ബോണ്ടുകള്‍ പ്രഖ്യാപിച്ച് നാല് മാസത്തിനു ശേഷം ജൂണ്‍ 2017-ഓടെ തപന്‍ റായ് സെക്രട്ടറിയായിരിക്കുന്ന സാമ്പത്തിക കാര്യ വകുപ്പ് തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ കുറിച്ചുള്ള രേഖ അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച് ആ രേഖയില്‍ ഇങ്ങനെ പറയുന്നു:
‘തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങുന്ന ആളുകളെക്കുറിച്ചും, അത് ആര്‍ക്കു സംഭാവന നല്‍കുന്നു എന്നതിനെ കുറിച്ചുമുള്ള വിവരങ്ങള്‍ ബോണ്ടുകള്‍ നല്‍കുന്ന ബാങ്കുകള്‍ പരമരഹസ്യമായി സൂക്ഷിക്കും’ . ഒപ്പം തന്നെ ‘ഇത്തരം വിശദാംശങ്ങള്‍ വിവരാവകാശ നിയമത്തിന്ന്റെ പരിധികള്‍ക്കു പുറത്തായിരിക്കും.’
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെയ്ക്കേണ്ട ആവശ്യവുമില്ലയെന്നും സാമ്പത്തികകാര്യ സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു പ്രവര്‍ത്തങ്ങളില്‍ സുതാര്യത കൊണ്ടുവരാണെന്ന പേരില്‍ നടപ്പിലാക്കിയ തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ഉദ്ദേശ്യത്തിനു കടക വിരുദ്ധമായിരുന്നു ഈ നടപടികള്‍.
തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച കരടുരേഖ അവതരിപ്പിച്ചുകൊണ്ട് അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടു തന്നെ ‘തെരഞ്ഞെടുപ്പു പണമിടപാടുകളിലെ സുതാര്യത’ എന്നായിരുന്നു. പ്രസ്തുത പ്രസംഗം ജെയ്റ്റ്ലി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘ഈ നിയമഭേദഗതികളും പരിഷ്‌കരണങ്ങളും തിരഞ്ഞെടുപ്പു രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരും. അതിനോടൊപ്പം തന്നെ വരുന്ന കാലത്ത് തിരഞ്ഞെടുപ്പുരംഗത്തെ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനും ഈ നടപടികള്‍ സഹായിക്കും.’ എന്നാല്‍ സര്‍ക്കാരിന്റെ ഇത്തരം അവകാശവാദങ്ങളെ പാടെ തള്ളിക്കളയുന്ന, തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക് മുഴുവന്‍ സ്വകാര്യതയും വാഗ്ദാനം ചെയ്യുന്ന തപന്‍ റായിയുടെ കുറിപ്പ് ഇങ്ങനെ പറയുന്നു, ‘തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങുന്നവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ബാങ്കിങ് സംവിധാനത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കും, അന്വേഷണ ഏജന്‍സികള്‍ക്കോ മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കോ എപ്പോള്‍ വേണമെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ്.’
തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ ഇടപാടുകള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആകെ ലഭ്യമായിരിക്കുന്നത് സര്‍ക്കാരിന് മാത്രമാണ് എന്നാണ് തപന്‍ റായിയുടെ കുറിപ്പ് പറഞ്ഞുവെക്കുന്നത്.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച രൂപരേഖ പൂര്‍ത്തീകരിച്ചതിനുശേഷം ശേഷം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍, ബോണ്ടുകളുടെ ഘടന തീരുമാനിക്കുന്നതിനായി ധനകാര്യ മന്ത്രാലയത്തിലെയും, തിരഞ്ഞെടുപ്പു കമ്മീഷനിലെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത യോഗം വിളിച്ചുചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുത്തെങ്കിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായത്.
അതിനു ശേഷം ജൂലൈ 28നു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി.കാനുങ്ങോ, തപന്‍ റായിക്കു ശേഷം ചുമതലയേറ്റ എസ് സി ഗാര്‍ഗ് എന്നിവര്‍ സാമ്പത്തിക കാര്യ സെക്രട്ടറിയെ നേരിട്ട് കാണുകയുണ്ടായി. അതെ ദിവസം തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ആയ ഉര്‍ജിത് പട്ടേല്‍ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചതായി റിസര്‍വ് ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ജെയ്റ്റ്ലിയും ഊര്‍ജിത് പട്ടേലും തമ്മില്‍ നടന്ന ഈ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയെന്നോണം നടന്ന കത്തിടപാടുകളില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു ബോണ്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും പങ്കു വെയ്ക്കുന്നുണ്ട്.
‘ഇത്തരം ബോണ്ടുകള്‍ ആശാസ്യമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്’ എന്ന് മാത്രമല്ല ‘അന്താരാഷ്ട്രതലത്തില്‍ ഒരു സ്ഥലത്തുപോലും ഇത്തരം ബോണ്ടുകള്‍ ഇറക്കി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കീഴ്വഴക്കമില്ലെന്നതും ശ്രദ്ധേയമാണ്.’ ബി.പി കാനുങ്ങോ റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പുകള്‍ ആവര്‍ത്തിക്കുന്നുണ്ട്.
റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ കൂടുതല്‍ കാര്യക്ഷമാക്കുവാനും കള്ളപ്പണ ഇടപാടുകളില്‍ നിന്നും സുരക്ഷിതമാക്കുവാനും നല്ല ചില നിര്‍ദേശങ്ങള്‍ അവസാന ശ്രമമെന്ന നിലയ്ക് മുന്നോട്ടു വെക്കുന്നതായി കാണാം.
‘തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ഒരു ഇടക്കാല മാര്‍ഗം മാത്രമായി നിലനിര്‍ത്താവുന്നതാണ്’ എന്ന് പറയുന്ന കുറിപ്പ് തിരഞ്ഞെടുപ്പു ബോണ്ടുകളുടെ സുരക്ഷിതമായ ക്രയവിക്രയത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെക്കുന്നു. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ക്ക് 15 ദിവസം മാത്രം കാലാവധി നിശ്ചയിക്കുക, കെ വൈ സി ചട്ടങ്ങള്‍ പാലിക്കുന്ന ബാങ്കുകളില്‍ നിന്നും അക്കൗണ്ടുള്ളവര്‍ക്ക് മാത്രം വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ ക്രമീകരിക്കുക, ഇത്തരം ബോണ്ടുകള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു ചെറിയ കാലയളവില്‍ മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തു നിന്നും മാത്രം വാങ്ങാവുന്ന തരത്തില്‍ സജ്ജീകരിക്കുക തുടങ്ങിയവയിരുന്നു അവസാന ശ്രമമെന്ന നിലയില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍.
ഇതിനോടൊപ്പം തന്നെ ഒരു വര്‍ഷം പുറത്തിറക്കുന്ന മൊത്തം തിരഞ്ഞെടുപ്പുബോണ്ടുകളുടെ മൂല്യത്തെ കുറിച്ചുള്ള കണക്കുകളും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റിസര്‍വ് ബാങ്ക് നല്‍കിയ പ്രധാനപ്പെട്ട പല നിര്‍ദേശങ്ങളും ധനകാര്യ മന്ത്രാലയം പാടെ അവഗണിക്കുകയാണുണ്ടായത്. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളെ സംബന്ധിച്ച സാമ്പത്തിക കാര്യ സെക്രട്ടറി ഗാര്‍ഗ് എഴുതിയ കുറിപ്പ് ഇത് വ്യക്തമാക്കുന്നു, ‘തിരഞ്ഞെടുപ്പു ബോണ്ടുകള്‍ കൊണ്ടുവരാനിടയുള്ള പ്രയോജനങ്ങളെ കുറിച്ച മതിപ്പ് പ്രകടിപ്പിച്ച റിസര്‍വ് ബാങ്ക്, ഡി ഇ എ യുടെ പദ്ധതികളുമായി ഭാഗികമായി യോജിച്ചുപോകുന്നതായി കാണാം. ഇതിനാല്‍ തന്നെ റിസര്‍വ് ബാങ്ക് അധികൃതര്‍ മുന്നോട്ടു വെച്ച 15 ദിവസത്തേക്കു മാത്രം തിരഞ്ഞെടുപ്പു ബോണ്ടുകള്‍ ലഭ്യമാക്കുക എന്ന നിര്‍ദേശം കണക്കിലെടുത്തുകൊണ്ട് നമുക്ക് മുന്നോട്ടു പോകാവുന്നതാണ്’.
ഇതോടു കൂടി തിരഞ്ഞെടുപ്പു ബോണ്ടുകള്‍ ഇന്ത്യയില്‍ നിലവില്‍ വരികയാണുണ്ടായത്. ഏതൊരു ഇന്ത്യന്‍ പൗരനുമാത്രമല്ല എന്‍ജിഓകള്‍, ട്രസ്റ്റുകള്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങി ആര്‍ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകള്‍ വഴി തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങി രഹസ്യമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇക്കാലയളവിനുള്ളില്‍ ഏകദേശം 6000 കോടി രൂപയുടെ തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വാങ്ങപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരു അജ്ഞാത കുറിപ്പ്
തെരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളെ പാടെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തീര്‍ത്തും അജ്ഞാതമായ കേന്ദ്രങ്ങളില്‍നിന്നും വരുന്ന അഭിപ്രയങ്ങളെ വളരെ ഗൗരവതരമായി പരിഗണിച്ചിരുന്നതായി കാണാം. ഹഫ്‌പോസ്റ്റ് ഇന്ത്യ വിവരാവകാശ നിയമത്തിലൂടെ സ്വന്തമാക്കിയ രേഖകള്‍ തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ആദ്യകാല രൂപരേഖകള്‍ അടങ്ങിയ കുറിപ്പുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പു തല സെക്രട്ടറി ആയിരിക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനും മുന്‍പ് അതേ സ്ഥാനത്തിരുന്നു വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥനും ഈ കുറിപ്പുകളുടെ സ്വഭാവത്തെ കുറിച്ച സംശയങ്ങള്‍ പ്രകടിപ്പിക്കുന്നു. തങ്ങളുടെ പേരുവിവരങ്ങള്‍ മറച്ചു വെക്കണമെന്ന ആവശ്യപ്പെട്ട് അവര്‍ ഈ കുറിപ്പുകള്‍ സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കുകയുണ്ടായി. ഉദ്യോഗസ്ഥതലത്തില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഭാഷയിലല്ല ഈ കുറിപ്പുകള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം.
‘തെരഞ്ഞെടുപ്പു ബോണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ’ എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ തുടരുന്നു, ‘തിരഞ്ഞെടുപ്പു ബോണ്ടുകള്‍ അവ ആര് വാങ്ങി എന്നതിനെ കുറിച്ചുള്ള ഒരു രേഖകളും സൂക്ഷിക്കുന്നില്ല, ബോണ്ടുകള്‍ ആര്‍ക്കാണോ നല്‍കുന്നത് അവരുടെ പേരിലാണ് ഇറക്കുന്നത്. ഇതിനാല്‍ തന്നെ ഇത്തരം കൈമാറ്റങ്ങളില്‍ യാതൊരു തെളിവുകളും അടയാളങ്ങളും ബാക്കി വെക്കുന്നില്ല.’
ഒരേ സമയം രണ്ടു തരത്തിലുള്ള തിരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കാമെന്നാണ് പ്രസ്തുത കുറിപ്പ് പറയുന്നത്. രണ്ടായിരം രൂപ വരെയുള്ള കൈമാറ്റങ്ങള്‍ക്കായി കടലാസ് ബോണ്ടുകളും, അതിനു മുകളിലുള്ള കൈമാറ്റങ്ങള്‍ക്കായി ഡിജിറ്റല്‍ ബോണ്ടുകളും ഉപയോഗിക്കാമെന്നാണ് ഈ കുറിപ്പ് നിര്‍ദേശിക്കുന്നത്. തിരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ കള്ളപ്പണമിടപാട് തടയുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും. ഈ രണ്ടു മാര്‍ഗ്ഗങ്ങളിലൂടെയും കള്ളപ്പണമിടപാട് നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഇതേ കുറിപ്പ് നിരീക്ഷിക്കുന്നു. ഈ കുറിപ്പ് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കു പുറത്തുനിന്നുമുള്ള ആരോ തയ്യാറാക്കി തിരഞ്ഞെടുപ്പു ബോണ്ടുകളെക്കുറിച്ചുള്ള പ്രാഥമികമായ ഒരു ധാരണ രൂപീകരിക്കുവാന്‍ നല്കിയതാകാനാണ് വഴി’ എന്നാണ് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ കുറിപ്പുകള്‍ വിലയിരുത്തികൊണ്ട് പറഞ്ഞത്. എന്ത് തന്നെയായാലും ഹഫ്‌പോസ്റ്റ് ഇന്ത്യയ്ക്ക് പ്രസ്തുത കുറിപ്പിന്റെ ഉത്ഭവത്തെയും ആധികാരികതയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേന്ദ്ര സര്‍ക്കാരാകട്ടെ കാലക്രമത്തില്‍ നിഗൂഢമായ ഈ കുറിപ്പിനെ തള്ളിക്കളയുകയും തിരഞ്ഞെടുപ്പു ബോണ്ടുകളുടെ ഇപ്പോഴത്തെ രൂപത്തിലേക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.