UPDATES

രാജസ്ഥാന്‍ ഇരന്നു വാങ്ങിയ തോല്‍വി! പിഴച്ചത് സഞ്ജുവിന്റെ തീരുമാനങ്ങളോ?

റോവ്മാന്‍ പവല്‍, ഡോനോവന്‍ പെരേര എന്നിവരില്‍ ഒരാളെ മിഡില്‍ ഓര്‍ഡര്‍ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കാമായിരുന്നു

                       

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരൊറ്റ ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ ഞെട്ടലിലാണ് ആരാധകര്‍. ആദ്യത്തെ ഒന്‍പതു കളികളില്‍ എട്ടും ജയിക്കുകയും 16 പോയിന്റ് നേടുകയും ചെയ്ത ശേഷമാണ് തുടര്‍ പരാജയങ്ങള്‍. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുമ്പോള്‍, ചെന്നൈയുടെ അച്ചടക്കമുള്ള ബോളിങിനൊപ്പം സഞ്ജുവിന്റെ മണ്ടന്‍ തീരുമാനങ്ങളും രാജസ്ഥാന് തിരിച്ചടിയാവുകയായിരുന്നു. നിലവില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ശേഷിക്കുന്ന രണ്ടു കളികള്‍ കൂടി തോറ്റാല്‍ സഞ്ജുവും കൂട്ടരും പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടിവരും. അവസാന മത്സരങ്ങള്‍ക്കു സൂപ്പര്‍ താരം ജോസ് ബട്ലര്‍ ടീമിനോപ്പം ഉണ്ടാവില്ലെന്നതും രാജസ്ഥാന്റെ ചങ്കിടിപ്പ് ഏറ്റുന്നുണ്ട്.
ചെപ്പോക്കിലെ സ്ലോ പിച്ചില്‍ ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തിരിച്ചടിച്ചു. ഉച്ചതിരിഞ്ഞു നടന്ന പോരാട്ടത്തില്‍ ചെന്നൈയിലെ 40 ഡിഗ്രി ചൂടില്‍ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ മടിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസന് പക്ഷെ ബാറ്റിംഗിനിറങ്ങിയപ്പോഴാണ് അക്കിടി മനസിലായത്. മുസ്തഫിസുറും പതിരാനയും ടീം വിട്ടതോടെ ഐപിഎല്‍ സീസണിലെ ഏറ്റവും കരുത്തു കുറഞ്ഞ ബൗളിംഗ് നിരയുമായി ഇറങ്ങിയ ചെന്നൈ പക്ഷെ ഹോം ഗ്രൗണ്ടിലെ വേഗം കുറഞ്ഞ പിച്ചില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞത് രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ക്രീസില്‍ ഏറെനേരം ചിലവഴിച്ചിട്ടും രാജസ്ഥാന്റെ കരുത്തുറ്റ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ അതിവേഗം ഉയര്‍ത്താനായില്ല. മഹീഷ് തീക്ഷണയും തുഷാര്‍ ദേശ്പാണ്ടേയും രാജസ്ഥാന്‍ ഓപ്പണര്‍മാരായ ബട്ലറേയും ജെയ്സവാളിനെയും വരിഞ്ഞുമുറുക്കിയപ്പോള്‍ തുടര്‍ന്നെത്തിയ സിമര്‍ജീത് സിംഗ് ആയിരുന്നു രാജസ്ഥാന് നാശം വിതച്ചത്. ഇരു ഓപ്പണര്‍മാരെയും മടക്കിയ സമര്‍ജീത് സ്വതസിദ്ധമായ ആക്രമണശൈലി ഉപേക്ഷിച്ചു ക്രീസില്‍ പിടിച്ചുനിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസനെയും മടക്കി. രണ്ടു വിദേശതാരങ്ങളെ മാത്രം ആദ്യ ഇലവനില്‍ ഉള്‍പെടുത്താനുള്ള രാജസ്ഥാന്റെ തീരുമാനവും പാളി. ഹെറ്റ്മെയറിനു പരുക്ക് ഭേദമായില്ലെങ്കിലും റോവ്മാന്‍ പവല്‍, ഡോനോവന്‍ പെരേര എന്നിവരില്‍ ഒരാളെ മിഡില്‍ ഓര്‍ഡര്‍ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കാമായിരുന്നു. അവസാന ഓവറുകളില്‍ സ്‌കോറിങ് വേഗത കൂട്ടുന്ന കാര്യത്തില്‍ സഞ്ജുവും കൂട്ടരും പരാജയമായി. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന റിയാന്‍ പരാഗ് ഏറെ നേരം ക്രീസില്‍ ഉണ്ടായിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി പന്ത് അതിര്‍ത്തി നടത്തുന്നതില്‍ പരാജയപ്പെട്ടു.
ഇമ്പാക്ട് സബ് ആയി ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രേ ബര്‍ഗറെ ഇറക്കിയതും മണ്ടത്തരമായി. ചെപ്പൊക്കിലെ വേഗം കുറഞ്ഞ വിക്കറ്റില്‍ അതിവേഗക്കാരനായ ബര്‍ഗറെ പോലൊരു താരത്തിനു പകരം സ്പിന്നര്‍ കേശവ് മഹാരാജിനെ പരീക്ഷിക്കാമായിരുന്നു. ചെന്നൈ സ്പിന്നര്‍മാര്‍ ചെപ്പോക്കിലെ പിച്ചിനെ ഫലപ്രദമായി ഉപയോഗിച്ചത് കണ്മുന്നില്‍ ഉണ്ടായിട്ടും ബര്‍ഗറെ സബ് ആയി ഇറക്കിയ തീരുമാനം തിരിഞ്ഞുകൊത്തി. ബര്‍ഗറുടെ വേഗം മുതലെടുത്തു ചെന്നൈ ബാറ്റര്‍മാര്‍ സ്‌കോറിങ് അനായാസമാക്കി.

 

English summary; Ipl-CSK beat RR, CSK won by 5 wickets

Share on

മറ്റുവാര്‍ത്തകള്‍