ലോറ വോള്‍വാര്‍ഡ് ക്രീസില്‍ നില്‍ക്കുന്നിടത്തോളം മത്സരം അവസാനിക്കുന്നില്ലെന്ന് ഹര്‍മന്‍പ്രീതിന് അറിയാമായിരുന്നു. ക്യാപ്റ്റന്‍ തന്റെ വിശ്വസ്തയായ ബൗളറില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ചു. ദീപ്തി ശര്‍മയ്ക്ക് കാര്യങ്ങള്‍ എല്ലാം വ്യക്തമായിരുന്നു. ക്യാപ്റ്റന്‍ മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാര്‍ തന്റെ കൈകളെ വിശ്വസിക്കുന്നു.
അവസാന ഓവറുകളില്‍ ദീപ്തി മികച്ചൊരു ഓപ്ഷനാണ്. നിര്‍ണായകമായ ആ സ്‌പെല്ലില്‍ ദീപ്തിയുടെ ചടുലമായൊരു യോര്‍ക്കര്‍ ആനറി ഡെര്‍ക്സണിന്റെ ആയുസ് അവസാനിപ്പിച്ചപ്പോഴും ടീമിന്റെ ആഹ്ലാദത്തിന് തിളക്കമില്ലായിരുന്നു. വോള്‍വാര്‍ഡ് ഇപ്പോഴുമുണ്ട്. അവള്‍ വലിയ ഭീഷണിയാണ്.
പക്ഷേ, തൊട്ടടുത്ത ഓവറില്‍, ദീപ്തി വേഗം കുറച്ചൊരു പന്തെറിഞ്ഞു. വോള്‍വാര്‍ഡിനുള്ള പ്രലോഭനം. ദീപ്തിയുടെ തന്ത്രം, സെഞ്ച്വറിയുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ ഒരു വലിയ ഷോട്ടിന് പ്രേരിപ്പിക്കുകയായിരുന്നു. പന്തിന്റെ ‘ഡിപ്പ്’ കാരണം സംഭവിച്ച മിസ് ഹിറ്റ്, ഉയര്‍ന്നു പൊങ്ങിയ ആ പന്തിന്റെ വില അമന്‍ജോതിന് അറിയാമായിരുന്നു. പണ്ടൊരിക്കല്‍ സ്റ്റീവ് വോ പറഞ്ഞൊരു വാചകമുണ്ട്, ആ നിലത്തിട്ടത് ലോകകപ്പാണെന്ന്. അതൊരു ദക്ഷിണാഫ്രിക്കക്കാരനോടായിരുന്നു. ഇത്തവണ ഒരു ദക്ഷിണാഫ്രിക്കന്‍ കളിക്കാരി അടിച്ച പന്താണ് ഉയര്‍ന്നു പൊങ്ങിയത്, താഴെ പോയാല്‍ ഒപ്പം പോകുന്നത് ലോകകപ്പും. വിട്ടു കൊടുക്കാന്‍ അമന്‍ജോതിന് കഴിയുമായിരുന്നില്ല. ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സാഹസികമായൊരു ക്യാച്ചിലൂടെ വോള്‍വാര്‍ഡിന്റെ വിക്കറ്റ് അവള്‍ കൈക്കലാക്കി.

മൂന്ന് പന്തുകള്‍ക്ക് ശേഷം, മറ്റൊരു കൃത്യമായ ക്രോസ്-സീം ബോളില്‍ ട്രയോണ്‍ എല്‍ബിഡബ്ല്യു ആയി തലകുനിച്ചതോടെ, കാലങ്ങളായി കൈവിട്ടുപോയ ലോകകപ്പ് ഇന്ത്യന്‍ പെണ്ണുങ്ങളുടെ കൈകളിലേക്ക്….
ഈ വിജയം ഇന്ത്യയുടെ കൂട്ടായ്മയുടെ വിജയമായിരുന്നു. ഷെഫാലിയുടെ, ദീപ്തിയുടെ, റിച്ചയുടെ, സ്മൃതിയുടെ, ജമിമയുടെ അങ്ങനെ ഓരോരുത്തരും പൊരുതി നേടിയെടുത്ത വിജയം.
ഹരിയാനയ്ക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷതമായി വന്ന വിളിയിലാണ് ഷഫാലി വര്‍മ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പാഡ് കെട്ടിയത്. കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഫൈനലില്‍ അതിന്റെ കേട് തീര്‍ത്തു. 78 പന്തില്‍ 87 റണ്‍ അടിച്ചെടുത്ത ഷഫാലിയുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് 7 വിക്കറ്റിന് 298 എന്ന മികച്ച ടോട്ടല്‍ സമ്മാനിക്കുന്നത്.
പക്ഷേ അപ്പോഴും ആ സ്‌കോറില്‍ ആരാധകര്‍ തൃപ്തരായിരുന്നു. 30-35 റണ്‍സ് കുറവാണെന്നും, ഈ പിച്ചില്‍ 300 ല്‍ താഴെയുള്ള സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകില്ലെന്നും പലരും കരുതി. 298 റണ്‍സ് വനിതാ ലോകകപ്പ് ഫൈനലിലെ രണ്ടാമത്തെ ഉയര്‍ന്ന ടോട്ടലായിരുന്നെങ്കിലും, ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ലൈനപ്പിനെതിരെ ഇത് അത്ര ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തികഞ്ഞ വിശ്വാസത്തിലായിരുന്നു. 58 പന്തില്‍ നിന്നും 58 റണ്‍സ് നേടി ബാറ്റിംഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ദീപ്തി ശര്‍മ എന്ന ലോകോത്തര സ്പിന്നര്‍ മുന്നില്‍ നിന്ന് നയിച്ച ബോളിംഗ് അറ്റാക്കിനെ പ്രതിരോധിക്കാന്‍ മാത്രം കരുത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കില്ലായിരുന്നു. അഞ്ചു വിക്കറ്റുകളാണ് ദീപ്തി സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടു മാത്രമല്ല, പന്തും കൊണ്ട് കാണിച്ച മായാജാലത്തിലൂടെയാണ് ഷഫാലി മത്സരത്തിലെ താരമായത്. രണ്ട് നിര്‍ണായക വിക്കറ്റുകളാണ് അവര്‍ സ്വന്തമാക്കിയത്.
ഇന്ത്യ 58 റണ്‍സ് വിജയം ആഘോഷിക്കുമ്പോള്‍, ഐസിസി ട്രോഫികളിലെ പുരുഷ ടീമിന്റെ വിധി തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കും നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും, സെമിഫൈനലില്‍ കരിയറിലെ മികച്ച സെഞ്ച്വറിയും നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനും ആ വിധി തിരുത്തുയെഴുതാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ക്രീസില്‍ നിന്നിടത്തോളം സമയം വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. വോള്‍വാര്‍ഡ് 98 പന്തില്‍ 101 റണ്‍സ് നേടി മികച്ചൊരു ഇന്നിംഗ്‌സായിരുന്നു അവര്‍ നടത്തിയത്. എങ്കിലും ദീപ്തിയുടെ പന്തില്‍ ഏഴാമതായി അവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കന്‍ സ്വപ്നങ്ങള്‍ മങ്ങി. പിന്നീട് നാദിന്‍ ഡി ക്ലര്‍ക്ക് പൊരുതിയെങ്കിലും, 78 റണ്‍സ് കൂടി മറികടക്കുകയെന്നത് അവര്‍ക്ക് അസാധ്യമായി.
ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ക്ക് ആദ്യം മങ്ങല്‍ ഏല്‍പ്പിച്ചത് മഴയായിരുന്നു. ഗ്രൗണ്ടില്‍ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്നും അത് ഇന്ത്യന്‍ ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും കുഴപ്പിക്കുമെന്നും എതിരാളികള്‍ കരുതി. എന്നാല്‍ മഴ കാരണം കളി രണ്ട് മണിക്കൂറോളം വൈകിയതോടെ രാത്രിയിലെ മഞ്ഞു വീഴ്ച്ച ഇന്നലെ ഉണ്ടായില്ല. പിച്ച് സ്പിന്നിന് അനുകൂലമായി മാറിയതോടെ, സ്പിന്നിനെ നന്നായി കളിക്കുന്ന ബാറ്റര്‍മാരും മികച്ച സ്പിന്നര്‍മാരുമുള്ള ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാവുകയായിരുന്നു.
വെടിക്കെട്ട് തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ ഷഫാലിയും സ്മൃതി മന്ദാനയും നല്‍കിയത്. എട്ട് ഓവറില്‍ 58 റണ്‍സ്! ഷഫാലിയുടെ വക അഞ്ച് ഫോറുകള്‍. എന്നാല്‍, നാദിന്‍ ഡി ക്ലര്‍ക്കും നോണ്‍കുലുലെക്കോ മലാബയും ചേര്‍ന്ന് ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാന്‍ ഇട്ടു. 13 ആം ഓവര്‍ കഴിഞ്ഞതോടെ ഷഫാലി വീണ്ടും ആക്രമണം തുടങ്ങി. ഡി ക്ലര്‍ക്കിനെതിരെ ഇന്നിംഗ്‌സിലെ ആദ്യ സിക്‌സ്. 104 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് വിരാമമിട്ട് മന്ദാന പുറത്തായെങ്കിലും, ഷഫാലി സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. ഒടുവില്‍ ഏറെ നിര്‍ണായകമായ 87 റണ്‍സുമായി ഷഫാലിയും മടങ്ങി.
ഇന്ത്യന്‍ മധ്യനിര ഇന്നലെ കാര്യമായി ഒന്നും ചെയ്തില്ല. ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, അമന്‍ജോത് കൗര്‍ എന്നിവര്‍ക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞില്ല. അയാബോംഗ ഖാക്കയുടെ തന്ത്രപരമായ പന്തുകളില്‍ ഷഫാലി, ജമീമ, റിച്ച എന്നിവര്‍ വീണത് ഇന്ത്യയുടെ കുതിപ്പ് തടഞ്ഞു.
സെമി ഫൈനലിന്റെ തുടര്‍ച്ചയെന്നോണമാണ് റിച്ച ഘോഷിന്റെ ബാറ്റ് ഫൈനലിലും ശബ്ദിച്ചത്. 44-ാം ഓവറില്‍ ക്രീസിലെത്തിയ റിച്ച നേരിട്ട രണ്ടാമത്തെ പന്ത് തന്നെ കവറിലൂടെ സിക്‌സറിന് പറത്തി. പഴയ പന്തില്‍ പോലും ആക്രമിച്ച് കളിച്ച ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ റിച്ചയായിരുന്നു. എന്നാല്‍ 49-ാം ഓവറില്‍ ഖാക്കയെറിഞ്ഞ യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ അവള്‍ക്കായില്ല. അവസാന ഓവറില്‍ ഡി ക്ലര്‍ക്ക് കര്‍ക്കശക്കാരിയായതോടെ 300 ലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സംഭവിച്ച പിഴവുകള്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആവര്‍ത്തിച്ചില്ല എന്നതാണ് ആതിഥേയരുടെ മികവ്. രേണുക സിംഗിന്റെ ഇന്‍സ്വിംഗറുകള്‍ എതിരാളികളെ നന്നേ ബുദ്ധിമുട്ടിച്ചു. എങ്കിലും, ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് അമന്‍ജോതിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് ആയിരുന്നു. തസ്മിന്‍ ബ്രിറ്റ്‌സിനെ പുറത്താക്കിയ തകര്‍പ്പന്‍ റണ്‍ ഔട്ട്. പിന്നാലെ ശ്രീ ചരണ്‍, ആനികെ ബോഷിനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി.
ക്യാപ്റ്റന്‍ വോള്‍വാര്‍ഡിന് കൂട്ടായി സുനേ ലൂസ് ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍, ഈ ഫൈനല്‍ എന്റെതാണെന്ന് ഉറപ്പിച്ചിരുന്ന ഷഫാലി ഇന്ത്യയുടെ ‘ഗോള്‍ഡന്‍ ആം’ ആയി. ഇതുവരെ കളിച്ച 30 ഏകദിനങ്ങളില്‍ നിന്നും ആകെ ഒരു വിക്കറ്റ് മാത്രം സമ്പാദ്യമായി ഉണ്ടായിരുന്ന ഷഫാലി, തന്റെ രണ്ടാം പന്തില്‍ തന്നെ ലൂസിനെ മടക്കി അയച്ചു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ മാരിസാന്‍ കാപ്പിനെയും വീഴ്ത്തി! ഈ സമയത്ത് മഴയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഡിഎല്‍എസ് സ്‌കോറിന് മുന്നിലായിരുന്നു. എന്നാല്‍ ലൂസ് പുറത്തായതോടെ അവര്‍ പിന്നിലായി. പിന്നീട് അവര്‍ക്ക് പൊരുതി കേറാനുള്ള അവസരം ഇന്ത്യ കൊടുത്തില്ല. ദീപ്തിയുടെ മാന്ത്രിക സ്‌പെല്‍ കൂടി വന്നതോടെ ഈ വിജയം ഇന്ത്യയുടെതായി.
Content Summary: ICC Women’s World cup final: Indian victory. Indian women’s team beat South Africa in the Final