June 26, 2026 |
Share on

‘മുഹമ്മദ്’ ദീപക്, നിങ്ങള്‍ ഒറ്റയ്ക്കല്ല; പോരാട്ടത്തിന് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതി അഭിഭാഷകരും

ജിമ്മില്‍ അംഗത്വമെടുത്ത് ജോണ്‍ ബ്രിട്ടാസ് പ്രഖ്യാപിച്ച പിന്തുണയ്ക്ക് പിന്നാലെയാണ് സാമ്പത്തികമായും നിയമപരമായും ദീപക്കിനെ പിന്തുണയ്ക്കാന്‍ അഭിഭാഷകരുമെത്തുന്നത്

ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷത്തിനെതിരെ ധീരമായി നിലകൊണ്ട ജിം ഉടമ ദീപക് കുമാറിനെ സാമ്പത്തികമായും നിയമപരമായും സംരക്ഷിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്ത്. ജനുവരി 26-നാണ് കച്ചവടക്കാരനായ ഒരു മുസ്ലീം വൃദ്ധനെ ഭീഷണിപ്പെടുത്താന്‍ എത്തിയ സംഘത്തെ ദീപക് ധീരമായി നേരിട്ടത്. ഈ സംഭവത്തെ തുടര്‍ന്ന് ദീപക്കിനെതിരേ പ്രതിഷേധമുയര്‍ന്നു. ദീപക്ക് നടത്തി വന്ന ‘ഹള്‍ക്ക് ജിം’ വലിയ പ്രതിസന്ധിയിലായി. 150-ഓളം അംഗങ്ങളുണ്ടായിരുന്ന ജിമ്മില്‍ നിലവില്‍ 15 പേര്‍ മാത്രമാണ് വരുന്നത്. ജിമ്മില്‍ ആളൊഴിഞ്ഞതോടെ വാടകയും ലോണും അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ദീപക്കിന്റെ വാര്‍ത്ത ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിയമലോകം സഹായവുമായി എത്തിയത്.

സൗജന്യമായി പണം സ്വീകരിക്കാന്‍ ദീപക് തയ്യാറാകാത്തതിനെത്തുടര്‍ന്ന്, സുപ്രീം കോടതിയിലെ 15 മുതിര്‍ന്ന അഭിഭാഷകര്‍ ചേര്‍ന്ന് ഓരോ വര്‍ഷത്തെ അംഗത്വ ഫീസായി പതിനായിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രാദേശിക കായികതാരങ്ങള്‍ക്ക് ഈ തുക ഉപയോഗിച്ച് ജിമ്മില്‍ അംഗത്വം നല്‍കും. സി.പി.ഐ (എം) എം.പി ജോണ്‍ ബ്രിട്ടാസ് നേരിട്ടെത്തി ജിം അംഗത്വം എടുത്തതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഭിഭാഷകരുടെ ഈ നീക്കം. ഇതിനോടകം 20-ലധികം അഭിഭാഷകര്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. കൂടാതെ, ദീപക്കിനെതിരെയുള്ള നിയമപരമായ വെല്ലുവിളികളെ നേരിടാന്‍ സൗജന്യ നിയമസഹായം നല്‍കുമെന്നും ഇവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നപ, പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ 70 വയസ്സുകാരന്റെ കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്താന്‍ എത്തിയത് കടയുടമ മുസ്ലിം ആയതുകൊണ്ടാണ് ബാബ എന്ന പേര് മാറ്റാന്‍ അക്രമി സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ആ ആള്‍കൂട്ടത്തെ ദീപക് അവിടെ വച്ച് എതിര്‍ത്തു. തങ്ങളെ തടയാന്‍ ശ്രമിച്ച ദീപക്കിനോട് പേര് ചോദിച്ചപ്പോള്‍, എന്റെ പേര് ‘മുഹമ്മദ് ദീപക്’ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ വീഡിയോ വൈറലായതോടെ ദീപക് സൈബര്‍ ആക്രമണങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണികള്‍ക്കും ഇരയായി. ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി അടക്കമുള്ളവര്‍ ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ദീപക്കിന്റെ ജിമ്മിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പൗരി ഗര്‍വാള്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന ശക്തമാക്കുകയും പ്രധാന കവലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. നടി സ്വര ഭാസ്‌കര്‍, എഴുത്തുകാരന്‍ ഹര്‍ഷ് മന്ദര്‍ തുടങ്ങിയ പ്രമുഖരും ദീപക്കിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്. ശരിയായ കാര്യത്തിന് വേണ്ടി നിലകൊള്ളുന്നത് ജീവിതം തകര്‍ക്കാന്‍ കാരണമാകില്ലെന്ന സന്ദേശമാണ് ഈ കൂട്ടായ നീക്കത്തിലൂടെ അഭിഭാഷകര്‍ നല്‍കുന്നത്.

Content Summary; Collapse Mohammed Deepak’s Hulk Gym’s membership Supreme Court Senior Advocates stepped up to help sustain his livelihood

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×