July 11, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

എൻ. ആർ. എസ്‌ : കാലം തിരികെ വാങ്ങിയ മഴവിൽതൂലിക

ഉന്നതശ്രേണിയിലുള്ള മനുഷ്യരുമായുള്ള സൗഹൃദത്തേക്കാള്‍ പാര്‍ശ്വവല്‍കൃതരോടും തിരസ്‌കൃതരോടും കൂട്ട് കൂടാനായിരുന്നു എന്‍. ആര്‍. എസി ന് കൂടുതല്‍ താല്‍പര്യം

‘എഡിറ്റർ -അറ്റ്- ലാർജ്’ എന്നൊരു തലക്കെട്ടായിയിരുന്നു എന്റെ മനസ്സിൽ. എന്നാൽ ആ വാക്കിന്റെ വ്യാപ്തിയെയും കടന്നു നിൽക്കുന്ന പ്രതിഭാശാലിയായ പത്രാധിപരായിരുന്നു എൻ. ആർ. എസ് ബാബു. സർഗ സിദ്ധികളുടെ സഫലമായ സവ്യസാചിത്വം. ഓർമ്മകളെയത്രയും ആർദ്രമാക്കിയ, ചങ്ങാത്തത്തെ സചേതനമാക്കിയ ഒട്ടേറെ അനുഭവങ്ങളുണ്ട്, പലരെയും പോലെ അദ്ദേഹവുമായുള്ള ദീർഘകാല ബന്ധത്തിന്റെ ചരിത്രത്തിൽ എനിക്കും. അസമർഥമായൊരു കുറിപ്പിന്റെ അക്ഷരപരിമിതിയിൽ ഒരിക്കലും ഒതുക്കാനാവാത്ത ഹൃദ്യതയുടെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും നാലു പതിറ്റാണ്ടു നീണ്ട പാവനമായ ഒരു പാരസ്പര്യം കൂടിയാണത്. ഒപ്പം സർഗാത്മക പത്രപ്രവർത്തനത്തിന്റെ വസന്ത ദീപ്തിയും. സുഹൃത്ത് എസ്. ജഗദീഷ് ബാബുവാണ് എൻ. ആർ. എസിന്റെ മരണവാർത്ത അറിയിച്ചത്. ഒരു മാസം മുമ്പ് സംസാരമധ്യേ ഞങ്ങൾ ബാബുസാറിന്റെ കാര്യങ്ങൾ ഏറെ പറഞ്ഞിരുന്നതാണ്.

എൻ. ആർ. എസ്‌ ബാബു

കണിശമായ ഓര്‍മകള്‍ സദാ നീന്തിത്തുടിച്ചിരുന്ന മഹാമനനങ്ങളുടെ ആ സരോവരത്തില്‍ നിന്ന് യദൃച്ഛയാ മറുകര തേടിപ്പറന്ന നിറശലഭങ്ങളുടെ കഥ ഞാന്‍ കേട്ടിരുന്നു. എന്‍.ആര്‍.എസിനെപ്പോലെ ആശയപരിസരങ്ങളിലും മൗലികചിന്തകളിലും ഏറ്റവും അപ്ടുഡേറ്റായ ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തെ മറവിയുടെ മാറാല മൂടിയെന്നത് തീര്‍ത്തും അചിന്ത്യമായിരുന്നു. ന്യൂറോ സയന്‍സ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം പോലുമായിരുന്നു. എത്രയോ ലേഖനങ്ങളും പരിഭാഷകളും ഇതേക്കുറിച്ച് എന്‍.ആര്‍.എസ് തയാറാക്കിയിരുന്നു. ജഗദീഷ് ബാബുവിന്റെ സന്ദേശത്തിന് ഞാന്‍ മറുകുറി അയച്ചു: സ്മൃതിനാശത്തിന്റെ പാശം പിടിമുറുക്കുംവരെ കേരളത്തിലെ ഏറ്റവും നല്ല വായനക്കാരിലൊരാളായിരുന്നു ബാബുസാര്‍. ഈ വായനദിനത്തില്‍ തന്നെ അദ്ദേഹം സ്മരണകളുടെ പൂന്തോട്ടം തേടി മടങ്ങിപ്പോയി. ഒരര്‍ഥത്തില്‍ സാന്ത്വനമേകുന്ന അന്ത്യം.

എൻ. ആർ. എസ്‌ ബാബുവും ലേഖകൻ മുസാഫിറും

ഒറ്റപ്പാലത്ത് മനോരമ ലേഖകനായിരുന്ന കാലത്ത് എന്റെ രണ്ടു കുറിപ്പുകള്‍ കലാകൗമുദി പ്രസിദ്ധീകരിച്ചു- “കലാമണ്ഡലത്തിനൊരു കൂത്തമ്പലം”, “ഉള്ളുണര്‍ത്തിയ കിള്ളിക്കുര്‍ശിമംഗലം”. രണ്ടാമത്തെ ലേഖനം കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനമായ മേയ് അഞ്ചിന് ആഘോഷിച്ച് വരുന്ന കുഞ്ചന്‍ ഉല്‍സവത്തെക്കുറിച്ചായിരുന്നു. മേഘങ്ങള്‍ മിഴാവ് കൊട്ടിയ മാനം… എന്ന് തുടങ്ങിയ ആ ലേഖനം ശ്രദ്ധയില്‍പ്പെട്ട എന്‍.ആര്‍.എസ് അതേക്കുറിച്ച്, അന്ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അധ്യാപകനും പ്രമുഖ കഥാകൃത്തുമായിരുന്ന വി.പി. ശിവകുമാറിനോട് എന്റെ കാര്യം തിരക്കിയിരുന്നതായി പിന്നീടറിഞ്ഞു. എണ്‍പതുകളുടെ തുടക്കത്തില്‍ പ്രവാസലോകത്തേക്ക് എന്നെത്തേടി വന്ന എന്‍.ആര്‍.എസിന്റെ ആദ്യകത്ത്: വി.പി ശിവകുമാര്‍ പറഞ്ഞാണ് മുസാഫിര്‍ ഗള്‍ഫ് തേടിപ്പോയ വിവരമറിഞ്ഞത്. നല്ലത് വരട്ടെ. ഗള്‍ഫ് വിശേഷങ്ങള്‍ കലാകൗമുദിക്ക് വേണ്ടി എഴുതണം.. (പില്‍ക്കാലത്ത് എനിക്ക് വന്ന നൂറിലധികം ‘എന്‍.ആര്‍.എസ് കത്തുകള്‍’ ഇന്നും എന്റെ ഫയലിലുണ്ട്. കത്തുകളയക്കുന്ന കാര്യത്തില്‍ എന്‍.ആര്‍.എസിനെപ്പോലെ പംഗ്ച്വലായ മറ്റൊരാളെ എനിക്കറിയില്ല. കത്തുകളുടെ കാലം ഇ- മെയിലിലേക്കും വാട്‌സാപ്പിലേക്കും നീണ്ടുനീണ്ടു നിന്ന ഫോണ്‍ സംഭാഷണങ്ങളിലേക്കും മാറുന്നത് വരെ ഞങ്ങളുടെ കത്തിടപാട് തുടര്‍ന്നു).

എൻ. ആർ. എസ്‌ ബാബു, ലേഖകന് അയച്ച കത്ത്

കലാകൗമുദി ഏറ്റവും പ്രൗഢമായൊരു പ്രസിദ്ധീകരണമായി ആഴ്ചതോറും പ്രശോഭിച്ചുനിന്ന കാലം. പത്രാധിപ പ്രതിഭകളായ എം.എസ് മണി – എസ്. ജയചന്ദ്രന്‍ നായര്‍ – എന്‍.ആര്‍.എസ് ത്രയം, ആ വാരികയെ ഓരോ ലക്കവും പുതുമ കൊണ്ടും വൈവിധ്യം കൊണ്ടും ഈടുറ്റതാക്കി. എം.ഗോവിന്ദനും ഒ.വി വിജയനും എം.പി നാരായണപിള്ളയും സക്കറിയയും മറ്റും കലാകൗമുദിയെ ഏറ്റവും നല്ല ആനുകാലികമാക്കി മാറ്റാന്‍ സഹായിച്ചു. മാതൃഭൂമിയിലെഴുതാത്ത കടമ്മനിട്ട, കലാകൗമുദിയിലെഴുതി പ്രശസ്തനായി. എം.ടിയുടെ രണ്ടാമൂഴം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലം, എം.കെ.കെ നായരുടെ ആത്മകഥ- ആരോടും പരിഭവമില്ലാതെ, ഒ.വി വിജയന്റെ കാര്‍ട്ടൂണ്‍ ‘ഇത്തിരി ദര്‍ശനം, ഒത്തിരി നേരമ്പോക്ക്’, എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം, സി. അച്യുതമേനോന്റെ ഡയറിക്കുറിപ്പുകള്‍, വി. മധുസൂദനന്‍നായരുടെ നാറാണത്ത് ഭ്രാന്തന്‍… ഇവയെല്ലാം കലാകൗമുദിയില്‍ വന്നുകൊണ്ടിരുന്ന സുവർണ്ണകാലം. സാഹിത്യപത്രപ്രവര്‍ത്തനത്തിന്റെ ഉദാത്തമാതൃകയായി ഉയര്‍ത്തിക്കാട്ടാന്‍ പോന്നവിധത്തില്‍ കലാകൗമുദി മാറി. പുതിയ തലമുറയിലെ നിരവധി എഴുത്തുകാര്‍ രംഗത്ത് വന്നത് കലാകൗമുദിയിലൂടെയാണ്. ഗള്‍ഫിലുണ്ടായിരുന്ന മേതില്‍ രാധാകൃഷ്ണനും ടി.വി കൊച്ചുബാവയും ശത്രുഘ്‌നനും എന്‍.ടി ബാലചന്ദ്രനുമെല്ലാം കലാകൗമുദിയില്‍ നിറഞ്ഞുനിന്നു. ഇടയ്‌ക്കൊക്കെ എന്റെ ചില ലേഖനങ്ങളും വെളിച്ചം കണ്ടു.

1992 ഏപ്രിൽ 19- ന് പ്രസിദ്ധീകരിച്ച കലാകൗമുദിയുടെ ഉള്ളടക്കം

എന്‍.ആര്‍.എസ് ബാബുവിനെ ഞാന്‍ ബാബുവേട്ടന്‍ എന്ന് വിളിച്ചുതുടങ്ങി. ഏറെ വാല്‍സല്യമാണ് അദ്ദേഹമെന്നോട് കാട്ടിയത്. ആയിടെ എന്റെ ചില ഫീച്ചറുകളും പ്രാധാന്യത്തോടെ കലാകൗമുദി അച്ചടിച്ചു. ഓരോന്നിലും എന്‍.ആര്‍.എസിന്റെ മാന്ത്രിക സ്പര്‍ശമുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള അവധിക്കാലങ്ങളില്‍ ഞങ്ങള്‍ തിരുവനന്തപുരത്ത് കണ്ടുമുട്ടുക പതിവായി. ബാബുവേട്ടനെ കേള്‍ക്കുകയെന്നത് ഒരനുഭവം തന്നെയായിരുന്നു. ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ എല്ലാ കാര്യങ്ങളും രസകരമായി, ആധികാരികമായി അദ്ദേഹം വിവരിക്കുന്നത് എത്രനേരം വരെയും കേട്ടിരിക്കാം. ശാസ്ത്രവും സാഹിത്യവും ഇഷ്ടസബ്ജക്ട്. ചുണ്ടുകളുടെ ഒരറ്റത്ത്മാത്രം തങ്ങിനില്‍ക്കുന്ന മന്ദഹാസത്തിനിടെ വിരിയുന്ന അറിവുകളുടെ നൂറുപൂക്കള്‍. ഗള്‍ഫിന്റെ ഭൗമശാസ്ത്രവും എണ്ണരാഷ്ട്രീയവുമെല്ലാം വസ്തുതകളുടെ പിന്‍ബലത്തില്‍ വിലയിരുത്തും. പ്രമുഖ ശാസ്ത്രജ്ഞന്‍ കര്‍ണാടകയിലെ ഡോ. ഹമീദ്ഖാന്റെ ചില ലേഖനങ്ങള്‍ എന്‍.ആര്‍.എസ് പരിഭാഷപ്പെടുത്തി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘വളരുകയാണോ ഹിമയുഗം’, ‘ഈ പ്രപഞ്ചത്തില്‍ നാം തനിച്ചോ’ എന്നിവ പിന്നീട് പുസ്തകങ്ങളായി. ഡോ. ഹമീദ്ഖാന്‍, ബഹ്‌റൈനില്‍ ദ ഹിന്ദു റിപ്പോര്‍ട്ടറായിരുന്ന എഫ്.ജെ ഖെര്‍ഗംവാല, ഷാജഹാന്‍ മാടമ്പാട്ട് എന്നിവരെ പരിചയപ്പെടുത്തിത്തരാമെന്നും ബാബുസാര്‍ വാക്ക് പറഞ്ഞിരുന്നു.

എൻ. ആർ. എസ്‌ ബാബു രചിച്ച ‘മായാത്ത കഥകൾ’ എന്ന പുസ്തകം

പേട്ടയിലെ കലാകൗമുദി ഓഫീസില്‍, പട്ടം വൃന്ദാവന്‍കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍, പങ്കജ് ഹോട്ടലില്‍, ട്രിവാന്‍ഡ്രം ക്ലബില്‍… എത്രയോ സംഗമങ്ങള്‍. ട്രിവാന്‍ഡ്രം ക്ലബിലെ പുലരുംവരെയുള്ള ചര്‍ച്ചയില്‍ പ്രദീപ് പനങ്ങാടും ദൂരദര്‍ശനിലെ സേതുമാധവന്‍ മച്ചാടും പങ്കാളികളായി. ഇടയ്ക്ക് കുടുംബസഹിതം ഞങ്ങള്‍ അദ്ദേഹത്തിന്റെ കറുത്ത അംബാസഡര്‍ കാറില്‍ കോവളത്ത് പോയപ്പോഴും പരിസ്ഥിതിനാശത്തിന്റെ ഭീഷണിയെക്കുറിച്ചായിരുന്നു സംസാരം. കടലെടുക്കുന്ന തീരങ്ങള്‍ അദ്ദേഹത്തിന്റെ ആധികളായി. എഴുപതാം വയസ്സില്‍ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാന്‍ മലകയറിയ കെ.വി സുരേന്ദ്രനാഥാശാനെക്കുറിച്ച് എന്‍.ആര്‍.എസ് അന്നേരം വാചാലനായി. ഇടക്കാലങ്ങളിലെല്ലാം കലാകൗമുദിയില്‍ എന്റെ ചില ഫീച്ചറുകള്‍ അച്ചടിച്ചുവന്നു. പലതും കവര്‍ സ്റ്റോറികളായി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.

ബോംബെയിലെ വിസക്കച്ചവട ലോബിയെക്കുറിച്ചും സഖാക്കള്‍ ഇ.പി ഗോപാലന്‍, ഐ.സി.പി നമ്പൂതിരി, എം. ഇസ്ഹാഖ്, കൂത്താട്ടുകുളം മേരി തുടങ്ങി നിരവധി പഴയകാല കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതത്തെക്കുറിച്ചും ഞാനെഴുതിയത് കലാകൗമുദി കവര്‍ സ്റ്റോറികളാക്കിയതിനു പിന്നില്‍ എന്‍.ആര്‍.എസായിരുന്നു. നഗരങ്ങളെക്കുറിച്ചുള്ള ഫീച്ചര്‍പരമ്പരയില്‍ മലപ്പുറത്തെക്കുറിച്ചും പാലക്കാടിനെക്കുറിച്ചുമെഴുതിയവരില്‍ ഞാനുമുണ്ടായിരുന്നു. കുടമാറ്റങ്ങളുടെ നടക്കാവ് (രാവുണ്ണി), അഗ്നികിരീടം തെറിച്ച ആലപ്പുഴ ( എ.ഡി രാജന്‍) പണ്ടിവിടെയൊരു സുല്‍ത്താനുണ്ടായിരുന്നു (മധു ജനാര്‍ദ്ദനന്‍), മലപ്പുറത്തിന്റെ മറുപുറം (മണമ്പൂര്‍ രാജന്‍ബാബു) എന്നീ ഫീച്ചറുകള്‍ ശ്രദ്ധേയമായി. അയ്മനം ജോണ്‍ കോട്ടയത്തെക്കുറിച്ചെഴുതി. മലപ്പുറം നഗരത്തെക്കുറിച്ചും മരിക്കുന്ന മലമ്പുഴയെക്കുറിച്ചും എന്റെ ലേഖനങ്ങളും ഇവയോടൊപ്പം വന്നു. ആയിടയ്ക്ക് കഥയെഴുതിയതിന് സസ്‌പെന്‍ഷനിലായ സുഹൃത്ത് മണമ്പൂര്‍ രാജന്‍ ബാബുവിനോട് എന്‍.ആര്‍.എസ് പറഞ്ഞു: “ജോലി നഷ്ടപ്പെട്ടതില്‍ നിരാശ വേണ്ട. എഴുത്ത് തുടരുക. ഏത് സമയത്ത് കലാകൗമുദിയില്‍ വന്നാലും രാജന്‍ ബാബുവിന് ഇവിടെയൊരു കസേരയുണ്ടാവും…” പില്‍ക്കാലത്ത് സിനിമാപ്രവര്‍ത്തനത്തിലേക്ക് വഴിമാറിപ്പോയ മധു ജനാര്‍ദ്ദനന്റെ എഴുത്തിനെക്കുറിച്ചും എന്‍.ആര്‍.എസിന് വലിയ മതിപ്പായിരുന്നു. മധുവിനെക്കുറിച്ച് ഒരിക്കല്‍ എന്‍.ആര്‍.എസ് എനിക്കെഴുതി: “ഹി ഈസ് എ ബ്രില്യന്റ് പെന്‍മാന്‍…” ‘ഒറ്റപ്പാലത്തിനൊരു സ്മരണിക’, ടി.ജെ.എസ് ജോര്‍ജിനെക്കുറിച്ചുള്ള ‘വാര്‍ത്തകളുടെ വാസ്തുശില്‍പി’ എന്നീ എന്റെ ലേഖനങ്ങളും കവറില്‍ തന്നെ അച്ചടിച്ചു.

എൻ. ആർ. എസ്‌ ബാബു രചിച്ച ‘ആരും പറയാത്ത ചില മഹാ കഥകൾ’ എന്ന പുസ്തകം

ഒരു പത്രാധിപര്‍ എന്ന നിലയില്‍ നിരവധി പുതിയ എഴുത്തുകാരെയാണ് കലാകൗമുദിയും എന്‍.ആര്‍.എസും കണ്ടെത്തിയത്. കലാകൗമുദിയ്ക്ക് വേണ്ടി പല കാലങ്ങളിലായി നിരവധി ഫീച്ചറുകള്‍ ചെയ്യാനായി എന്നത് എന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ സുകൃതമായി ഞാനെന്നും കരുതിപ്പോരുന്നു. തീര്‍ച്ചയായും ഇക്കാര്യത്തില്‍ എന്‍.ആര്‍.എസിനോടും ജയചന്ദ്രന്‍സാറിനോടുമുള്ള കടപ്പാടുകള്‍ വിസ്മരിക്കാനാവില്ല. കൗമുദി ന്യൂസ് സര്‍വീസ് എന്ന പേരിലുള്ള ഫീച്ചര്‍ യൂണിറ്റില്‍ ഞാനും പങ്കാളിയായി. ബൈലൈന്‍ ഇല്ലാതെയും നിരവധി ലേഖനങ്ങള്‍ എന്റേതായി വന്നു. ആകര്‍ഷകമായ തലക്കെട്ടുകള്‍ നല്‍കുന്നതിലും രാഷ്ട്രീയ ലേഖനങ്ങള്‍ക്ക് ഇന്‍ട്രോയില്‍ ചാട്ടുളിപോലുള്ള പഞ്ച്‌ലൈനുകള്‍ ചേര്‍ക്കുന്നതിലും എന്‍.ആര്‍.എസിന് അസാധാരണസിദ്ധിയുണ്ടായിരുന്നു. കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പ് കാലത്ത് എന്‍.ആര്‍.എസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്: ‘അക്ഷൗഹിണി നിരന്നു, ശംഖനാദമുയര്‍ന്നു’.. തൂക്കിലേറ്റപ്പെട്ട ദക്ഷിണാഫ്രിക്കന്‍ കവി ബെഞ്ചമിന്‍ മൊളായിസിനെക്കറിച്ചുള്ള കുറിപ്പിന് നല്‍കിയ ശീര്‍ഷകം: ‘എന്റെ രക്തം മഴയായിപ്പെയ്യും’.. ജീന്‍ പോള്‍സാര്‍ത്രിന്റെ കാമുകി കൂടിയായ സീമോന്‍ ദ ബൊവാര്‍ മരിച്ചപ്പോള്‍ നല്‍കിയ ലേഖനത്തിന് നല്‍കിയ തലവാചകം: ‘സാര്‍ത്രിന്റെ മരണം പൂര്‍ത്തിയായി’!

എൻ. ആർ. എസ്‌, പത്നി, ഫാസിൽ, കള്ളിക്കാട് രാമചന്ദ്രൻ എന്നിവർ

അടിയന്തരാവസ്ഥക്കാലത്താണ് കലാകൗമുദിയുടെ ആദ്യലക്കം പുറത്തിറങ്ങുന്നത്. 1975 ഓഗസ്റ്റ് പതിനേഴിന്. പതിവ് മുഖചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട നിറയെ ആപ്പിളുകളുടെ മനോഹരചിത്രമായിരുന്നു കവറില്‍. എം.എസ് മണിയുടെ നേതൃത്വത്തില്‍ എസ്. ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ് ബാബുവും അന്വേഷിച്ചെഴുതിയ വനംകൊള്ളയെക്കുറിച്ചുള്ള ലേഖനപരമ്പരയാണ് കലാകൗമുദിയുടെ പിറവിയ്ക്ക് പിന്നില്‍. കാടും നാടുമിളക്കിയ ആ ലേഖനപരമ്പര – ‘കാട്ടുകള്ളന്മാര്‍’ – വനം മന്ത്രി കെ.ജി അടിയോടിയുടെ രാജിയിലാണ് കലാശിച്ചത്. പത്രാധിപര്‍ എം.എസ് മണി പറഞ്ഞു: ഞങ്ങള്‍ കലാകൗമുദി മാത്രമല്ല, ‘കലാപകൗമുദി’ യുമാണ്. അടിയന്തരാവസ്ഥയുടെ നൃശംസതയും ഭീകരതയും സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ചയും കലാകൗമുദി തുറന്നുകാട്ടി. ഒരു ലേഖനത്തിന്റെ ഇന്‍ട്രോയില്‍ എന്‍.ആര്‍.എസ് ഇങ്ങനെയെഴുതി: “ഇന്ദിരയെക്കുറിച്ച് എന്തെങ്കിലുമെഴുതുമ്പോള്‍ ഗീത ഉദ്ധരിക്കുന്നത് പാപമാണ്…” രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഢിയുടെ നിഷ്‌ക്രിയതയെക്കുറിച്ചുള്ള ലേഖനത്തിന്റെ അവസാനവരികളില്‍ എന്‍.ആര്‍.എസിന്റെ പരിഹാസമിങ്ങനെയായിരുന്നു: “ഇനി ആ ദേഹം കാത്തിരിക്കുന്നത് കുറച്ച് റീത്തുകളും ദേശീയപതാകയും മാത്രം!”

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാനുള്ള ഇന്ത്യന്‍ മാധ്യമസംഘത്തില്‍ എന്‍.ആര്‍.എസുണ്ടായിരുന്നു. അദ്ദേഹം ഫയല്‍ ചെയ്ത സ്‌റ്റോറികള്‍ വ്യത്യസ്തവും ഗംഭീരവുമായിരുന്നു. അമേരിക്കയുടെ ഉളള് തൊട്ട വാര്‍ത്തകളായിരുന്നു അവയത്രയും. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഔദ്യോഗികസംഘത്തോടൊപ്പം ജോര്‍ദ്ദാനില്‍ സന്ദര്‍ശനം നടത്തിയെഴുതിയ എന്‍.ആര്‍.എസിന്റെ സ്റ്റോറികള്‍ മികച്ച യാത്രാനുഭവങ്ങള്‍ കൂടിയായിരുന്നു. പ്രത്യേകിച്ചും പെട്രയെക്കുറിച്ചെഴുതിയ കുറിപ്പുകള്‍. എന്‍.ആര്‍.എസ് ഏറെ താല്‍പര്യമെടുത്താണ് ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന പ്രമുഖ ന്യൂറോ സയന്റിസ്റ്റ് കൂടിയായ ഡോ. കെ. രാജശേഖരന്‍ നായരെക്കൊണ്ട് ( ശൂരനാട് കുഞ്ഞന്‍പിള്ളയുടെ മകന്‍) കലാകൗമുദിയില്‍ സയന്‍സ് ലേഖനങ്ങളെഴുതിച്ചിരുന്നത്.

കേരള കൗമുദിക്ക് വേണ്ടി എൻ. ആർ. എസ്‌ ബാബു, അമേരിക്കയിൽ നിന്നയച്ച വാർത്ത

രാഷ്ട്രീയ മേഖലയില്‍ നിരവധി വലിയ നേതാക്കളുമായി അടുപ്പമുണ്ടായിരുന്ന എന്‍.ആര്‍.എസിന് പക്ഷേ ഉന്നതശ്രേണിയിലുള്ള മനുഷ്യരുമായുള്ള സൗഹൃദത്തേക്കാള്‍ പാര്‍ശ്വവല്‍കൃതരോടും തിരസ്‌കൃതരോടും കൂട്ട് കൂടാനായിരുന്നു കൂടുതല്‍ താല്‍പര്യം. പ്രശസ്തിയുടെ വെട്ടത്ത് നിന്ന് അദ്ദേഹം സദാ മറഞ്ഞുനിന്നു. പ്രസംഗങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും മാറി സഞ്ചരിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനത്തോടൊപ്പം തന്നെ പ്രിയംകരമായ തൊഴിലായിരുന്നു അധ്യാപനം. തൊഴില്‍ എന്നതിലേറെ അധ്യാപനമൊരു സാധനയായിരുന്നു എന്‍.ആര്‍.എസിന്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ശിഷ്യന്മാര്‍ അതിന് സാക്ഷ്യം പറയും. പിതൃതുല്യമായ ആ നോട്ടം, പിന്നെ പാതി വിടരുന്ന ചിരി.. മാനവികതയുടേയും സ്‌നേഹസൗമനസ്യങ്ങളുടേയും ശബളിമയാര്‍ന്ന മഴവില്‍മഷി പുരണ്ട ബൃഹത്തായൊരു ജീവിതപുസ്തകത്തിന്റെ കതിര്‍ക്കനമുള്ള താളുകളാണ് കാലം പതിയെ അടച്ചുവെച്ചത് – പ്രിയപ്പെട്ട ജ്യേഷ്ടസഹോദരന് മിഴിനീര്‍പ്രണാമം.

Content Summary: A heartfelt tribute to N.R.S. Babu, a legendary editor, mentor, and intellectual who shaped generations of writers through his work at Kalakaumudi. The article recalls his immense contribution to journalism, literature, science writing, and the author’s four-decade-long friendship with him.

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×