UPDATES

കുത്തകകള്‍ക്ക് വന ഭൂമിയിലേക്ക് വഴി വെട്ടിയ മോദി സര്‍ക്കാര്‍; അന്വേഷണ പരമ്പര- ഭാഗം 2

വനം കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീവ്രമായ നീക്കങ്ങള്‍ തുടങ്ങുന്നത് 2015 മുതലാണ്

                       

അധികാരമേറ്റ ഉടന്‍ തന്നെ, വിവിധ വന സംരക്ഷണ നിയമ ഭേദഗതികളിലൂടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പ്ലാന്റേഷനുവേണ്ടി വനം തുറന്നുകൊടുക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഗോത്രവര്‍ഗങ്ങളുടെ അവകാശങ്ങളുടെ ചെലവിലായിരുന്നു അവയെല്ലാം എന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭിച്ച രേഖകള്‍ പ്രകാരം, വനം കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീവ്രമായ നീക്കങ്ങള്‍ തുടങ്ങുന്നത് 2015 മുതലാണ്. ഗ്രീന്‍ ക്രെഡിറ്റ് സ്‌കീമിലൂടെ അത് ശക്തമായി, 2016 ലെയും 2018 ലെയും ദേശീയ വന നയത്തിന്റെ കരടുകളിലൂടെ അതിന് മൂര്‍ത്തരൂപം കൈവന്നു. സ്വകാര്യമേഖലയുടെ കടന്നുവരവ് വനവിസ്തൃതിയും വനവിഭവങ്ങളും വര്‍ദ്ധിക്കാനിടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ ന്യായം.

പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് മൂലം വന നയത്തിന്റെ കരടുകള്‍ രണ്ട് തവണ പെട്ടിയിലായെങ്കിലും സ്വകാര്യമേഖലക്ക് വേണ്ടി വന സംരക്ഷണ നിയമം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥതല നീക്കങ്ങള്‍ നിര്‍ബാധം നടന്നുവന്നു. 1980 ലെ വന സംരക്ഷണ നിയമ ഭേദഗതിയിലൂടെ അതില്‍ അന്തിമവിജയം നേടുകയും ചെയ്തു.

2023 ലെ വന സംരക്ഷണ നിയമ ഭേദഗതി സ്വകാര്യ തോട്ടങ്ങള്‍ക്ക് വലിയ ഇളവുകളാണ് സമ്മാനിച്ചത്. സ്വകാര്യ ഭൂമിയിലും സര്‍ക്കാര്‍ നിയന്ത്രിത ഭൂമിയിലും കൂടി ഈ ഇളവുകള്‍ ബാധകമാക്കി.

തുടക്കം 2015-ല്‍
അടിസ്ഥാനപരമായി, ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങള്‍ വന നശീകരണ കുറ്റത്തിനുള്ള ശിക്ഷണ നടപടികളല്ല, നശിപ്പിച്ചവ മറിച്ച് പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള അവസരം അനുവദിക്കുന്നവയാണ്. നഷ്ടപരിഹാരമെന്ന നിലക്കുള്ള വനവത്കരണം തന്നെ ഉദാഹരണമായെടുക്കാം. മരം വെട്ടിയതിന് നഷ്ടപരിഹാരമായി മറ്റൊരിടത്ത് വെച്ചുപിടിപ്പിക്കുക. വന സംരക്ഷണ നിയമം ഇത് അനുവദിക്കുന്നു. എന്നാല്‍ പ്രയോഗത്തില്‍ ഇത് വന്‍ പരാജയമാണ്. കാരണം, പലപ്പോഴും ഉചിതമായ സ്ഥലം കണ്ടെത്താന്‍ കഴിയാറില്ല. വെച്ചുപിടിപ്പിക്കുന്നവയെ പരിപാലിക്കുന്നതിലും വീഴ്ചയുണ്ടാകുന്നു.

എന്നാല്‍ ഈ പരിപാടി വിജയിപ്പിച്ചെടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ 2015 ല്‍ വനം മന്ത്രാലയം ശ്രമങ്ങളാരംഭിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് കണ്ടെത്തിയ ഒരു വഴി. വനം നശിപ്പിക്കപ്പെട്ട ഭൂമിയില്‍ സ്വകാര്യസംരംഭകര്‍ക്ക് പ്ലാന്റേഷന് അവസരം നല്‍കുകയും അവരെക്കൊണ്ട് തന്നെ മറ്റൊരിടത്ത് വനം വെച്ചുപിടിപ്പിക്കുകയും ചെയ്യുക. ഫലത്തില്‍ വനവത്കരണത്തിന് പകരം സ്വകാര്യ തോട്ടങ്ങള്‍ വനമായി കണക്കാക്കുന്ന സ്ഥിതിയാണുണ്ടാവുക. സ്വകാര്യ പ്ലാന്റര്‍മാര്‍ക്ക് അവരുടെ തോട്ടങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിപ്രകാരം ഇന്‍സെന്റീവും കിട്ടും. വ്യക്തികള്‍ക്കും ഇപ്രകാരം തങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ സ്വകാര്യ കമ്പനികളുടെ വനവത്കരണ സ്‌കീമിലേക്ക് ഉള്‍പ്പെടുത്തി ഇന്‍സെന്റീവ് കരസ്ഥമാക്കാനാവും. പക്ഷെ, പദ്ധതി ഇനിയും തുടങ്ങിയിട്ടില്ല.

2015 ജനുവരിയില്‍ പരിസ്ഥിതി മന്ത്രാലയം ഗ്രീന്‍ ക്രെഡിറ്റ് സ്‌കീമിനെക്കുറിച്ച് പഠിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്‌സ് & സ്‌പെഷ്യല്‍ സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. നാശോന്മുഖമായ വനമേഖലയില്‍ സ്വകാര്യ കമ്പനികളെ ഉപയോഗപ്പെടുത്തി തോട്ടങ്ങള്‍ തുടങ്ങലായിരുന്നു ലക്ഷ്യം.

അതേവര്‍ഷം സെപ്റ്റംബറില്‍, വനവത്കരണത്തില്‍ സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിനായി മന്ത്രാലയം കൂടിയാലോചനകള്‍ നടത്തി. 10% ല്‍ താഴെ മാത്രം സ്വാഭാവികവനം ശേഷിക്കുന്ന പ്രദേശങ്ങളെ തടി ഉള്‍പ്പെടെ വ്യാവസായികാവശ്യങ്ങള്‍ക്കുളള തോട്ടങ്ങള്‍ക്കായി സ്വകാര്യമേഖലക്ക് കൈമാറാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ വനഭൂമി സ്വകാര്യതോട്ടം കമ്പനികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് പൈലറ്റ് പ്രോജക്ടുകള്‍ നടപ്പാക്കും. ഇങ്ങനെ വിട്ടുകൊടുക്കുന്നിടത്തെ 10-15 ശതമാനം വരെ ഭൂമിയില്‍ മാത്രമേ തദ്ദേശവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ അവകാശമുണ്ടാകൂ. അതും, തടിയല്ലാത്ത വിഭവങ്ങള്‍ മാത്രം. ആ മേഖലയാകെ മുമ്പ് അവര്‍ ഉപയോഗിച്ചുവന്നിരുന്നതാണെങ്കില്‍ കൂടിയും.

എന്നാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ നീക്കത്തിനെതിരെ ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയം തന്നെ ശക്തമായി രംഗത്തുവന്നു. വനവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും വനസംരക്ഷണത്തിനും പരിപാലനത്തിനുമുള്ള തദ്ദേശജനതയുടെ അവകാശങ്ങളെയാകെ ഹനിക്കുന്നതാണെന്നായിരുന്നു അവരുടെ വിമര്‍ശം. 2006 ലെ വനാവകാശ നിയമപ്രകാരമുള്ള വനവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാവൂ എന്ന് അവര്‍ ശഠിച്ചു. അതാത് ഗ്രാമസഭകളുടെ സമ്മതത്തോടെ മാത്രം സ്വകാര്യമേഖലയുടെ പങ്കാളിത്തം അനുവദിക്കാവൂ എന്നും ഗോത്രകാര്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചു.

2016 ലെ കരട് നയം പിന്‍വലിച്ചതിന് പിന്നാലെ പുതിയ വന നയം ഉണ്ടാകും എന്ന് പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയ കാര്യം ഈ പരമ്പരയിലെ ആദ്യ ഭാഗത്ത് നാം കണ്ടു. 2018 ല്‍ പുതിയ കരട് വെളിയില്‍വിട്ടു. സ്വകാര്യമേഖലക്ക് നല്‍കിയ അമിത പ്രാധാന്യവും അവര്‍ക്കുള്ള ഇളവുകളും ഇതിലും അതേപടി ആവര്‍ത്തിച്ചു. തടിയുടെ ആവശ്യം കൂടിവരികയാണെന്നും തടി ഇറക്കുമതി വര്‍ധിക്കുകയാണെന്ന ന്യായവും കൂടി കൂട്ടിച്ചേര്‍ത്തെന്ന് മാത്രം.

രാജ്യത്ത് തടിയുടെ ഉപഭോഗവും അതിന്റെ ഇറക്കുമതിയും കൂടിയെന്നത് വാസ്തവമാണ്. പക്ഷെ, ഇന്റര്‍നാഷണല്‍ ട്രോപിക്കല്‍ ടിംബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം, 2009-2019 വരെയുള്ള കാലത്തെ ഇന്ത്യയുടെ ശരാശരി തടി ഉത്പാദനം 46 ദശലക്ഷം ചതുരശ്ര മീറ്ററാണ്. അതില്‍ 44 ദശലക്ഷം ചതുരശ്രമീറ്ററും, അതായത് 95 ശതമാനവും വരുന്നത് വനത്തില്‍ നിന്നല്ല. വന്‍കിട തോട്ടങ്ങളില്‍ നിന്നാണ്. വനാധിഷ്ടിത വ്യവസായം പ്രോല്‍സാഹിപ്പിക്കലാണ് പരിഹാരം എന്നായിരുന്നു 2018 ലെ കരടില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തടി വ്യവസായത്തിന് പ്രാമുഖ്യം നല്‍കിയ ഈ കരട് നയവും വനാവകാശ നിയമത്തിന്റെ അന്തസ്സത്തയെ മാനിക്കുന്നതായിരുന്നില്ല. ഇതേ കാരണത്താല്‍ തന്നെ,  2018 ലെ കരട് നയത്തെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമല്ല, ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയവും ശക്തമായി എതിര്‍ത്തു. ഗോത്രവിഭാഗങ്ങള്‍ പരമ്പരാഗതമായി അനുഭവിച്ചുപോരുന്നതും വനാവകാശ നിയമപ്രകാരം അധികാരമുള്ളതുമായ വനമേഖലയിലേക്ക് സ്വകാര്യ സെക്ടറിന്റെ കടന്നുകയറ്റത്തിന് വഴിവെട്ടുന്നതാണ് കരട് നയമെന്ന് ട്രൈബല്‍ മന്ത്രാലയം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.

ഈ കരട് നയവും എങ്ങുമെത്തിയില്ല. എങ്കിലും അതിവിദഗ്ധമായി തയ്യാറാക്കിയ, പാര്‍ലമെന്റിന്റെ പരിശോധന പോലും ആവശ്യമില്ലാത്ത ഉദ്യോഗസ്ഥ തല ഉത്തരവുകള്‍ വഴി തങ്ങളുടെ അജണ്ട നടപ്പാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

നശിപ്പിക്കപ്പെട്ട വനഭൂമിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് തോട്ടം തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. അതുപ്രകാരം, വനം വകുപ്പിന്റെ പ്രാദേശിക തലത്തിലെ അധികാരിയും ഒരു എന്‍ ജി ഒയും സ്വകാര്യ കമ്പനിയുമായി ഏര്‍പ്പെടുന്ന ത്രികക്ഷി ഉടമ്പടിയിലൂടെ വനഭൂമി കൈമാറാം. കഴിഞ്ഞ ജൂലൈയിലെ വന സംരക്ഷണ നിയമ ഭേദഗതിയിലൂടെ വനവാസികളുടെ സമ്മതമില്ലാതെ തന്നെ വനഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാമെന്നായി മാറി. ചുരുക്കത്തില്‍ വന്‍കിട തോട്ടം മുതലാളിമാരുടെ വനഭൂമി കൈയേറ്റം നിയമപരമായി സാധൂകരിക്കുന്ന ഏര്‍പ്പാടായി 2023 ലെ വനസംരക്ഷണ നിയമ ഭേദഗതി.

ഭേദഗതി ചെയ്ത വന സംരക്ഷണ നിയമം
സ്വകാര്യ മേഖലക്ക് വനത്തില്‍ കടന്നുകയറി വ്യാവസായിക-വാണിജ്യാവശ്യത്തിനുള്ള തടി ഉത്പാദനം ലളിതമാക്കുന്ന തരത്തിലായിരുന്നു 2016 ലെയും 2018 ലെയും ദേശീയ വന നയത്തിന്റെ കരടുകള്‍. അതിന് വഴിയൊരുക്കാന്‍ പ്രതിബന്ധങ്ങളായി നിന്ന, വനവാസികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമങ്ങളൊക്കെ പരിസ്ഥിതി മന്ത്രാലയം വെട്ടിനിരത്തി.

നിലവിലിരിക്കുന്ന 1988 ലെ വന നയം നിഷ്‌കര്‍ഷിക്കുന്നത് വനാധിഷ്ടിത വ്യവസായം സ്വന്തം നിലയ്ക്കു വളരണമെന്നാണ്. അവര്‍ക്കുവേണ്ട അസംസ്‌കൃത വസ്തുക്കളും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്ന തരത്തില്‍ സ്വയം പര്യാപ്തമാവണം. ഇക്കാര്യം വന സംരക്ഷണ നിയമത്തിലും ഉള്‍ച്ചേര്‍ത്തിരുന്നു. വനം സ്വകാര്യവ്യക്തികള്‍ക്ക് ഉപയോഗിക്കാന്‍ കേന്ദ്രാനുമതി നല്‍കുന്നിടത്തും കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. വന നാശം ഏറ്റവും കുറക്കുന്ന തരത്തിലായിരുന്നു വ്യവസ്ഥകള്‍. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരവും (Net Present Value) ഉറപ്പുവരുത്തുക മാത്രമല്ല, പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 2023 ലെ ഭേദഗതിയില്‍ ഈ വ്യവസ്ഥകളൊക്കെ എടുത്തുകളഞ്ഞു. കാലാകാലങ്ങളിലെ എക്‌സിക്യുട്ടീവ് ഉത്തരവുകളുടെ മാത്രം പിന്‍ബലത്തില്‍, വനം സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ലോഭം പാട്ടത്തിന് നല്‍കാം. അവക്കാകട്ടെ, പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമില്ല.
‘പാര്‍ലമെന്റിന്റെ ഒരു തരത്തിലുള്ള പരിശോധനക്കും അവസരം നല്‍കുന്നില്ല എന്നതാണ് ഈ ഭേദഗതിയുടെ യഥാര്‍ഥ പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ തരാതരം പോലെ ഇറക്കുന്ന ഉത്തരവുകളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വനഭൂമിയും വനവിഭവങ്ങളും ഉപയോഗിക്കാം. വന സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ രണ്ടോ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണമോ ഒന്നും ബാധകമേയല്ല’ ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഷൊമോന ഖന്ന പറഞ്ഞു.

ഭേദഗതിപ്രകാരം, വനം പാട്ടത്തിനെടുത്ത് തടി വ്യവസായത്തില്‍ ഏര്‍പ്പെടുന്ന കമ്പനികളെ വന പരിപാലകരായാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതുമൂലം വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

‘സര്‍ക്കാരിന്റെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത മാര്‍ഗനിര്‍ദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വനഭൂമി സ്വകാര്യമേഖലക്ക് തീറെഴുതാന്‍ പോവുകയാണ്. മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. നിയമലംഘനങ്ങളെ എങ്ങനെ തടയുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇതുവരെയില്ല’ ഷൊമോന ഖന്ന പറഞ്ഞു.

ഇങ്ങനെ വനഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുക മാത്രമല്ല, അതുവഴി ഗ്രീന്‍ ക്രെഡിറ്റും നേടിയെടുക്കാം. കമ്പനികള്‍ക്ക് ഇരട്ടി ലാഭം.

എക്കോ ടൂറിസം, സൂവോളജിക്കല്‍ ഗാര്‍ഡന്‍ എന്നിവക്കും കേന്ദ്ര അനുമതി വേണ്ട എന്നുകൂടി 2018 ലെ കരട് നയത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതായത്, മൃഗശാല, സഫാരി, എക്കോ ടൂറിസം പാര്‍ക്കുകള്‍ തുടങ്ങിയവയും വന സംരക്ഷണ നിയമത്തിന്റെ പരിധിക്ക് പുറത്തായി എന്നര്‍ഥം.

(വനത്തിന്റെ നിര്‍വചനവും പുതിയ ഭേദഗതിയിലൂടെ മാറ്റിമറിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വനവിസ്തൃതിയെത്തന്നെ സ്വാധീനിക്കാന്‍ പോന്ന വിവാദ വ്യവസ്ഥയെക്കുറിച്ച് അടുത്ത ഭാഗത്തില്‍)

ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ മലയാളം വിവര്‍ത്തനമാണ് അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Share on

മറ്റുവാര്‍ത്തകള്‍