UPDATES

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

പാകിസ്ഥാന്‍ എന്ന പദ്ധതിക്കെതിരെ ഹിന്ദു നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദഗതികള്‍ ഇവയാണ്. പാകിസ്ഥാന്‍ എന്ന വാദം അംഗീകരിക്കുന്നതോടെ ഇന്ത്യയുടെ ഐക്യം നഷ്ടമാകും, അത് ഇന്ത്യയുടെ പ്രതിരോധത്തെ ദുര്‍ബ്ബലപ്പെടുത്തും, മതപരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യും എന്നതായിരുന്നു പ്രധാന വാദം. പാകിസ്ഥാന്‍ രൂപീകരിക്കാനായി വേര്‍പെടുത്തുന്ന ഇന്ത്യ ചന്ദ്രഗുപ്ത മൗര്യന്റെ കാലം മുതലെ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ് എന്നതാണ് ഹിന്ദുനേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വന്ന ചൈനക്കാരനായ സന്ന്യാസി ഹുയാന്‍ സാംഗ് രേഖപ്പെടുത്തുന്നതും ഇത്തരത്തിലാണ്. അഞ്ച് ഇന്ത്യകളുണ്ടെന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. ഉത്തര ഇന്ത്യ, പശ്ചിമ ഇന്ത്യ, മധ്യ ഇന്ത്യ, കിഴക്കേ ഇന്ത്യ, ദക്ഷിണേന്ത്യ. ഇവിടങ്ങളിലായി 80 രാജാക്കന്മാര്‍. ഉത്തരേന്ത്യയില്‍ പഞ്ചാബും കശ്മീരും അടുത്തുള്ള കുന്നിന്‍ പ്രദേശങ്ങളും സിന്ധുനദിക്കപ്പുറം കിഴക്കന്‍ അഫ്ഗാനിസ്ഥാനും സരസ്വതി നദിക്കപ്പുറം സിസ്-സത്ലജും അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നുമാത്രമല്ല, കാബൂളും ജലാലാബാദും പെഷവാറും ഗസ്നിയും ബാനുവും ഇതിന്റെ ഭാഗമായിരുന്നു. ഇവിടം ഭരിച്ചിരുന്നത് ഹിന്ദുക്ഷത്രിയ രാജാവായ കപിസയായിരുന്നു. കാബൂളിനും 27 കിലോമീറ്റര്‍ മാറി ചരികാര്‍ ആയിരുന്നു തലസ്ഥാനം. പഞ്ചാബിലെ കുന്നിന്‍പ്രദേശങ്ങളായ തക്ഷില, സിംഗപുര, ഉറസ, പുഞ്ച്, രജോരി എന്നിവ കശ്മീര്‍ രാജാവിന് കീഴിലായിരുന്നു. സമതലമായ മുള്‍ട്ടാന്‍, ഷോര്‍കോട്ട് എന്നിവയും ലാഹോറിനടുത്തുള്ള താക്കി അഥവാ ശങ്കലയും രാജാവിന്റെ ആശ്രിതരായ നാട്ടുരാജ്യങ്ങള്‍ ആയിരുന്നു. ടോയന്‍ബി പറയുന്നത് ചരിത്രപരമായ വികാരങ്ങളെ കരുതിയിരിക്കണം എന്നാണ്. ഇവിടെ ഹിന്ദുനേതാക്കള്‍ അവതരിപ്പിക്കുന്നതും ഈ വികാരമാണ്.

ഇറ്റലി, ട്രിപ്പൊളി പിടിച്ചടക്കിയപ്പോള്‍ പറഞ്ഞത് ഫാദര്‍ലാന്റിനെ തിരിച്ചുപിടിക്കുകയാണ് എന്നായിരുന്നു. ഒരിക്കല്‍ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ട്രിപ്പൊളി എന്ന നിലപാടായിരുന്നു ഭരണാധികാരികള്‍ക്ക്. നാലാം നൂറ്റാണ്ടിലെ പ്രഗത്ഭനായിരുന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കുന്ന പെല്ല ,മാസിഡോണിയയില്‍ ആയതിനാല്‍ മാസിഡോണിയ ഗ്രീസിന് സ്വന്തമാണ് എന്ന് ഗ്രീസുകാരും അവകാശപ്പെട്ടിരുന്നു. പത്താം നൂറ്റാണ്ടില്‍ ബള്‍ഗേറിയന്‍ സാര്‍ഡമിന്റെ തലസ്ഥാനമായിരുന്നു മാസിഡോണിയയിലെ ഓക്രിഡ എന്നതിനാല്‍ മാസിഡോണിയയുടെ മേല്‍ ബള്‍ഗേറിയയും അവകാശം ഉന്നയിച്ചിരുന്നു. അതേ ലോജിക്കാണ് ഇവിടെയും വരുന്നത്. ആയിരം വര്‍ഷം മുന്നെയുള്ള ചരിത്രത്തില്‍ പിന്നീട് എന്തെല്ലാം സംഭവിച്ചു എന്നുകൂടി കണക്കാക്കേണ്ടതുണ്ട്. ഹുയാങ്ങ് സാംഗ് വന്ന കാലത്ത് പഞ്ചാബും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ഭാഗമായിരുന്നു എന്നു മാത്രമല്ല അവിടത്തെ ജനങ്ങള്‍ വേദിക് വിശ്വാസികളോ ബുദ്ധമതവിശ്വാസികളോ ആയിരുന്നു. ഈ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തുകൂടിയാണ് ഇസ്ലാമിന്റെ കടന്നുകയറ്റം ഉണ്ടായത്. ആദ്യം എത്തിയത് അറബികളായിരുന്നു. മുഹമ്മദ് ബിന്‍ ക്വാസിം ആയിരുന്നു അവരുടെ നേതാവ്. 711 ല്‍ അദ്ദേഹം സിന്ധ് പിടിച്ചടക്കി. എന്നാല്‍ അവിടെ അധികാരം സ്ഥാപിക്കുന്നതിന് പകരം ബാഗ്ദാദ് ഖിലാഫത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒന്‍പതാം നൂറ്റാണ്ടില്‍ അറബികള്‍ അവിടെനിന്നും പിന്‍വാങ്ങി. 1001 ല്‍ മുഹമ്മദ് ഗസ്നിയാണ് പിന്നീട് ആക്രമണം നടത്തിയത്. 1030 ല്‍ മരണമടയും മുന്നെ പതിനേഴ് തവണ ഗസ്നി ഇന്ത്യയെ ആക്രമിച്ചു. 1173 ലാണ് മുഹമ്മദ് ഗോറിയുടെ വരവ്. 1206 ലാണ് ഗോറി മരണപ്പെടുന്നത്. 1221 ലാണ് മുഗളനായ ചെങ്കിസ്ഖാന്റെ ഇന്ത്യ പ്രവേശനം. അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തികളില്‍ മാത്രം വന്നുപോവുകയായിരുന്നു. എന്നാല്‍ ഇരുപത് വര്‍ഷത്തിനു ശേഷം ചെങ്കിസ്ഖാന്‍ ലാഹോര്‍ കീഴടക്കി. പിന്നീടുണ്ടായ വലിയ ആക്രമണം 1398 ല്‍ തൈമൂറിന്റെതായിരുന്നു. 1526 ലാണ് ബാബറിന്റെ വരവ്. 1738 ലെ നാദിര്‍ഷായുടെ വരവ് കൂടുതല്‍ ആര്‍ജ്ജവത്തോടെയായിരുന്നു. 1761 ല്‍ അഹമ്മദ് ഷാ അബ്ദായി പാനിപ്പട്ടില്‍ മറാഠികളെ കീഴടക്കി. പിന്നീട് ഹിന്ദുക്കള്‍ക്ക് മുസ്ലിം രാജാക്കന്മാരെ കാര്യമായി ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല.

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

കൊള്ളയും കീഴടക്കലും മാത്രമായിരുന്നില്ല കടന്നുകയറുന്നവരുടെ ലക്ഷ്യം. മുഹമ്മദ് ബിന്‍ ക്വാസിം സിന്ധിലെ രാജാവിനെ ശിക്ഷിക്കാനായിരുന്നു എത്തിയത്. ഡെബ്യൂള്‍ തുറമുഖത്ത് അറബി കപ്പല്‍ പിടിച്ചിടുകയും തിരികെ തരാതിരിക്കുകയും ചെയ്തതായിരുന്നു കാരണം. ബഹുദൈവാരാധനയും വിഗ്രഹാരാധനയുമുള്ള സമൂഹത്തിനെ നശിപ്പിക്കലും ഇസ്ലാം മതപ്രചാരണവും ക്വാസിം ലക്ഷ്യമിട്ടിരുന്നു. സിന്ധ് കീഴടക്കിയ ക്വാസിം ഹജാജിന് അയച്ച സന്ദേശം ഇങ്ങിനെയാണ്. രാജ ദഹിറിന്റെ മരുമകനെയും യോദ്ധാക്കളെയും പ്രിന്‍സിപ്പല്‍ ഓഫീസറേയും കൊലചെയ്തു. അവിശ്വാസികളെ ഇസ്ലാമിലേക്ക് മതം മാറ്റുകയോ കൊല്ലുകയോ ചെയ്തു. വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പള്ളികളും ആരാധനാലയങ്ങളും ഉണ്ടാക്കി. കുത്ത്ബാ വായിച്ചു. പ്രാര്‍ത്ഥനയ്ക്കുള്ള വാങ്ക് വിളിച്ചു, സമയനിഷ്ഠയോടെ പ്രര്‍ത്ഥനകള്‍ നടത്തി. രാവിലെയും വൈകിട്ടും തക്ബീര്‍ നടത്തി അല്ലാഹു അക്ബര്‍ വാഴ്ത്തി.

മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍-ഉത്ബി എഴുതുന്നു, അദ്ദേഹം വിഗ്രഹക്ഷേത്രങ്ങളെ നശിപ്പിച്ച്, ഇസ്ലാം മതം സ്ഥാപിച്ചു. നഗരങ്ങള്‍ പിടിച്ചടക്കി. മാലിന്യം നിറഞ്ഞ ദുഷ്ടന്മാരെ കൊലചെയ്തു. വിഗ്രഹാരാധകരെ ഇല്ലായ്മ ചെയ്തു. മുസ്ലിങ്ങളെ സന്തോഷിപ്പിച്ചു. അദ്ദേഹം നാട്ടിലെത്തി വിജയകഥകള്‍ പറയുകയും എല്ലാവര്‍ഷവും ഹിന്ദിനെതിരെ വിശുദ്ധയുദ്ധം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദ് ഗോറിയുടെ ചരിത്രകാരന്‍ ഹസന്‍ നിസാമി പറയുന്നു, അദ്ദേഹം വാളുപയോഗിച്ച് ഹിന്ദിനെ ശുദ്ധീകരിച്ചു. അവിശ്വാസത്തില്‍ നിന്നും ദുഷിപ്പില്‍ നിന്നും ബഹുസ്വര ദൈവങ്ങളില്‍ നിന്നും വിഗ്രഹാരാധന എന്ന അശുദ്ധിയില്‍ നിന്നും അദ്ദേഹം ജനങ്ങളെ രക്ഷിച്ചു. ഗോറിയുടെ കരുത്തും വീരതയും കൊണ്ട് ഒരു ക്ഷേത്രം പോലും ബാക്കിവയ്ക്കാതെ നശിപ്പിക്കാന്‍ കഴിഞ്ഞു. തൈമൂറിന്റെ ഓര്‍മ്മക്കുറിപ്പ് ഇങ്ങിനെ പറയുന്നു. അവിശ്വാസികള്‍ക്കെതിരായ ഒരു കടന്നുകയറ്റമാണ് താന്‍ നടത്തിയത്. മുഹമ്മദിന്റെ ആഹ്വാനപ്രകാരം അവരെ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് മതംമാറ്റി. ബഹുദൈവങ്ങളും തെറ്റായ വിശ്വാസവുംകൊണ്ട് അശുദ്ധമായ നാടിനെ ശുദ്ധീകരിച്ചു. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിച്ചു. അങ്ങിനെ നമ്മള്‍ ദൈവവിശ്വാസത്തിലൂന്നിയ ഗാസികളും മുജാഹിദുകളും അനുയായികളും യോദ്ധാക്കളുമാണെന്ന് തെളിയിച്ചു.

ഈ കടന്നുകയറ്റങ്ങള്‍ ഇന്ത്യയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തിനൊപ്പം മുസ്ലീങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെയും ഭാഗമായിരുന്നു. അവര്‍ എല്ലാം മുസല്‍മാന്മാര്‍ ആയിരുന്നെങ്കിലും അവര്‍ ടാര്‍ടാറുകളും അഫ്ഗാനികളും മംഗോളുമായിരുന്നു. ബാബറും ഗസ്നിയും ടാര്‍ടാര്‍ ആയിരുന്നു. ഗോറിയും നാദിര്‍ഷായും അഹമ്മദ് ഷാ അബ്ദാലിയും അഫ്ഗാനികളും തൈമൂര്‍ മംഗോളുമായിരുന്നു. അഫ്ഗാനികള്‍ ടാര്‍ടാറുകളെ നശിപ്പിക്കാനും മംഗോള്‍ ടാര്‍ടാറുകളെയും അഫ്ഗാനികളെയും നശിപ്പാക്കാനും ശ്രമിച്ചിരുന്നു. ചുരുക്കത്തില്‍, ഇസ്ലാമിക് സാഹോദര്യത്തില്‍ ഉറച്ചതായിരുന്നില്ല അവരുടെ ബന്ധങ്ങള്‍. അവര്‍ കടുത്ത ശത്രുക്കളായിരുന്നു എന്നു മാത്രമല്ല ഒന്ന് മറ്റൊന്നിന്റെ ഉന്മൂലനത്തിനായിരുന്നു ശ്രമിച്ചിരുന്നതും. പക്ഷെ അവരില്‍ അന്തര്‍ലീനമായ ഈ വൈരുദ്ധ്യത്തിനിടയില്‍ സമാനമായ ഒന്നുണ്ടായിരുന്നു, അത് ഹിന്ദുവിശ്വാസത്തെ നശിപ്പിക്കണം എന്നതായിരുന്നു.

ഡോക്ടര്‍ ടൈറ്റസ് ”ഇന്ത്യന്‍ ഇസ്ലാം” എന്ന പുസ്തകത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തുന്നു. അവിശ്വാസികളെ കൊന്നുകൂട്ടുന്നത് മുഹമ്മദിനൊരു ലഹരിയായിരുന്നു. 1019 ലെ ചന്ദ് റായ് അക്രമത്തില്‍ അനേകം അവിശ്വാസികളെ കൊലചെയ്യുകയും തടവിലാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സൂര്യനെയും തീയെയും ആരാധിക്കുന്നവരും കൊലചെയ്യപ്പെട്ടു. ഹിന്ദുസേനകളിലെ ആനകള്‍ വിഗ്രഹങ്ങള്‍ ഉപേക്ഷിച്ച് മറുപക്ഷം വന്നു എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള കൂട്ടക്കൊല ഹിന്ദുവിന്റെ പ്രാദേശിക സംസ്‌ക്കാരത്തെ വല്ലാതെ ഉലച്ചു. മുഹമ്മദ് ഭക്തിയാല്‍ ഖില്‍ജി ഇന്നത്തെ ബിഹാര്‍ പ്രദേശം അടങ്ങിയ നുഡ്ഡിയ കീഴടക്കിയതിനെ കുറിച്ച് തബാക്വത്ത് നാസിരി ഇങ്ങിനെ പറയുന്നു, വലിയ കൊള്ളമുതലാണ് വിജയിക്ക് കിട്ടിയത്. അവിടെ താമസിച്ചിരുന്ന ഭൂരിഭാഗവും തലമുണ്ഡനം ചെയ്ത ബ്രാഹ്‌മണരായിരുന്നു. അവരെയെല്ലാം കൊന്നൊടുക്കി. അവിടെ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അത് വായിച്ചു വിശദീകരിക്കാന്‍ പിന്നീടാരും ജീവനോടെ ഉണ്ടായിരുന്നില്ല. കൊട്ടാരവും നഗരവും വലിയ പഠനകേന്ദ്രങ്ങളായിരുന്നു. ക്ഷേത്രങ്ങളുടെ നശീകരണവും അശുദ്ധമാക്കലും വന്‍തോതില്‍ നടന്നു. സിന്ധില്‍ എല്ലാ ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടും മുള്‍ട്ടാനിലെ ക്ഷേത്രം നിലനിര്‍ത്തി. മികച്ച വരുമാനം കിട്ടുന്ന ക്ഷേത്രമായിരുന്നു അത്. തീര്‍ത്ഥാടകര്‍ വിലപിടിപ്പുള്ള പലതും അവിടെ നിക്ഷേപിച്ചിരുന്നു.

മിന്‍ഹാജ്-അല്‍-സിറാജ് എഴുതുന്നു, ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ച മുഹമ്മദ് സോമനാഥ ക്ഷേത്രം നശിപ്പിക്കുകയും വിഗ്രഹം കൊണ്ടുപോയി നാലായി ഉടയ്ക്കുകയും ചെയ്യും. ഇതില്‍ ഒരു കഷണം ഗസ്നിയിലെ ജുമാ മസ്ജിദില്‍ സൂക്ഷിച്ചു. ഒന്ന് കൊട്ടര വാതിലില്‍ വച്ചു. മൂന്നാമത്തേത് മെക്കയിലേക്കും നാലാമത്തേത് മദീനയിലേക്കും അയച്ചു. സോമനാഥിലെത്താനായി മരുഭൂമി താണ്ടി മുള്‍ട്ടാനില്‍ നിന്നും അന്‍ഹാല്‍വെയറില്‍ എത്തുകയായിരുന്നു അയാള്‍. നൂറായിരം തീര്‍ത്ഥാടകരുണ്ടായിരുന്നു അവിടെ. ആയിരം ബ്രാഹ്‌മണര്‍ അമ്പലത്തില്‍ സേവയും സുരക്ഷയും ചെയ്തുവന്നു. അതിന്റെ ഗേറ്റില്‍ നൂറുകണക്കിന് നര്‍ത്തകരും പാട്ടുകാരുമുണ്ടായിരുന്നു. അവിടെയാണ് ശിവലിംഗം നിന്നിരുന്നത്. വിലകൂടിയ കല്ലുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച ലിംഗത്തിന് ചുറ്റും പൂജ ചെയ്യുന്ന ഇടങ്ങളിലെ വിളക്കുകളും വിലപിടിച്ചവയായിരുന്നു. നക്ഷത്രം പോലെ തിളങ്ങുന്നവ. ക്ഷേത്രകൊത്തളങ്ങളില്‍ ബ്രാഹ്‌മണര്‍ കൂട്ടമായി അവരുടെ വൃഥാ അഹങ്കാരത്തിന്റെ വചനങ്ങള്‍ ചൊല്ലി നടന്നു. വിദേശികളെ സോമനാഥന്‍ നിഗ്രഹിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ വിദേശികള്‍ മതില്‍ചാടി ഉള്ളിലെത്തി. ദൈവം ഒന്നും ചെയ്തില്ല. അന്‍പതിനായിരം പേരാണ് അവിടെ മരിച്ചത്. ക്ഷേത്രം മുഹമ്മദിന്റെ സേന കൈയ്യടക്കി. ലിംഗം പിഴുതെടുത്ത് കൊണ്ടുപോയി. പിന്നീട് വന്നവരും ഈ ക്രൂരതകള്‍ ഒരു വിശ്വാസപാരമ്പര്യമായി തുടര്‍ന്നു. ഗോറി അജ്മീര്‍ കീഴടക്കി. ക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവിടെ പള്ളി പണിതു. മുസ്ലിം പഠന കേന്ദ്രം തുടങ്ങി. ഡല്‍ഹിയെ വിഗ്രഹാരാധകരില്‍ നിന്നും മോചിപ്പിച്ച് അവിടെയും പള്ളികള്‍ പണിതു.

സുല്‍ത്താന്‍ ഫിറോസ്ഷായുടെ കാലത്ത് ഡല്‍ഹിയിലും പരിസരത്തും ക്ഷേത്രം നിര്‍മ്മിക്കുന്നത് നിരോധിക്കുകയും നിര്‍മ്മിച്ചവ നശിപ്പിക്കുയും ചെയ്തു. നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തവരെയും കൊന്നൊടുക്കി. ഷാജഹാന്റെ ബാദ്ഷാ നാമയിലും പറയുന്നത് പുനര്‍നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നാണ്. അക്ബറിന്റെ കാലത്ത് നിര്‍മ്മാണം തുടങ്ങിയ ക്ഷേത്രങ്ങളുണ്ട്. അവയില്‍ കൂടുതലും ബനാറസിലാണ്. അവിശ്വാസികള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ അക്ബര്‍ ഉത്തരവിറക്കുകയും നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. വിഗ്രഹാരാധകരെ ഇല്ലായ്മ ചെയ്യാനുള്ള അവസാന ശ്രമം ഔറംഗസേബിന്റെതായിരുന്നു എന്ന് മാ അതിര്‍ ഇ അലംഗിരി രേഖപ്പെടുത്തുന്നു. എഡി 1669 ഏപ്രിലില്‍ ബനാറസിലും തട്ടയിലും മുള്‍ട്ടാനിലും വിഢികളായ ബ്രാഹ്‌മണര്‍ മതപഠന ക്ലാസുകള്‍ നടത്തുന്നുവെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും ക്ലാസില്‍ പങ്കെടുക്കുന്നുവെന്നും അറിഞ്ഞ ഔറംഗസേബ് ,ഡയറക്ടര്‍ ഓഫ് ഫെയ്ത്ത് ഗവര്‍ണ്ണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രകാരം മതപാഠശാലകളും ക്ഷേത്രങ്ങളും ഇടിച്ചുനിരത്തി.അതില്‍ ബനാറസിലെ ബിഷ്നാഥും ഉള്‍പ്പെട്ടിരുന്നു. മുഹമ്മദും തൈമൂറും വിഗ്രഹാരാധകരെ എതിര്‍ക്കുകയും കൊള്ളയടിക്കുകയും തടവുകാരാക്കുകയും അവിശ്വാസികളെ വാളിനിരയാക്കുകയും ചെയ്യുകയല്ലാതെ സമ്മര്‍ദ്ദം ചെലുത്തി വലിയതോതില്‍ മതം മാറ്റാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കൊള്ളയടിച്ചു മടങ്ങുന്നതിന് പകരം ഭരണം തുടങ്ങിയതോടെ ഇസ്ലാമൈസേഷന്‍ ആവശ്യമായി വന്നു. മതം മാറി വരുന്നവരെ ഒപ്പം നിര്‍ത്തുക എന്നതായി നയം. കുത്തബുദീന്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നതിനൊപ്പം മതപരിവര്‍ത്തനവും വ്യാപകമായി നടത്തി. 1194 ല്‍ കോയില്‍ ദേശത്ത് ഉണ്ടായിരുന്ന മിടുക്കരായ എല്ലാവരെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവന്നു. ഈ പ്രദേശമാണ് ഇപ്പോഴത്തെ അലിഗഢ്.

മുഹമ്മദ് ആദ്യ പടയോട്ടത്തില്‍ അഞ്ച് ലക്ഷം സ്ത്രീ പുരുഷന്മാരെ അടിമകളാക്കി ഗസ്നിയിലേക്ക് കൊണ്ടുപോയി എന്നു രേഖകള്‍ പറയുന്നു. 1017 ലു 1019 ലും ഇത്തരത്തില്‍ ആളുകളെ കടത്തുകയുണ്ടായി. രണ്ട് മുതല്‍ പത്ത് ദിര്‍ഹത്തിനായിരുന്നു ഇവരെ കച്ചവടം ചെയ്തിരുന്നത്. 1202 ല്‍ കലിന്‍ജര്‍ പിടിച്ച കുത്തബും അന്‍പതിനായിരം പേരെ അടിമകളാക്കി. അലാവുദീന്റെ കാലത്ത് പതിനാലാം നൂറ്റാണ്ടില്‍ ചിലയിടങ്ങളില്‍ ഹിന്ദുക്കള്‍ കലാപത്തിന് ശ്രമിച്ചു. അത്തരക്കാര്‍ക്ക് വലിയ നികുതി ചുമത്തി അവരെ നിശബ്ദരാക്കി. അവര്‍ക്ക് കുതിര സവാരി അസാധ്യമാക്കി. ആയുധം, നല്ല വസ്ത്രം ഒന്നും കിട്ടാതാക്കി. അമുസ്ലിങ്ങള്‍ സര്‍ക്കാരിന് നല്‍കേണ്ട ജിസ്യാ നികുതി എല്ലാക്കാലത്തും തുടര്‍ന്നുവന്നു. ചിലപ്പോള്‍ കടുത്ത രീതിയിലും മറ്റു ചിലപ്പോള്‍ അത്യാവശ്യഘട്ടത്തിലും. 1665 ല്‍ അക്ബറാണ് ഇത് നിര്‍ത്തലാക്കിയത്. കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്നതിന്റെ പകുതിയും നികുതിയായി നല്‍കേണ്ടിവന്നു. ഇതിന് പുറമെ കന്നുകാലികള്‍ക്കും നികുതിയുണ്ടായിരുന്നു. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഒരേ രീതിയിലായിരുന്നു നികുതി.

ഈ സാഹചര്യത്തില്‍ വടക്കേ ഇന്ത്യ ആര്യാവര്‍ത്തത്തിന്റെ ഭാഗമാണെന്നു ഹിന്ദുവിന് എങ്ങിനെ പറയാന്‍ കഴിയും. 762 കൊല്ലത്തെ ഇസ്ലാമിക ഭരണകാലത്ത് ഈ പ്രദേശമാകെ മാറി. അവിടെയുള്ള മുസ്ലിം ഭൂരിപക്ഷത്തിന് മറ്റിടങ്ങളിലെ ജനതയോട് ശത്രുത മാത്രമാകും ഉണ്ടാകുക. മുഹമ്മദ് ഗസ്നി വടക്കേ ഇന്ത്യ ഭരിച്ചത് ഗസ്നിയില്‍ ഇരുന്നുകൊണ്ടാണ്. എന്നാല്‍ ഗോറി വന്നപ്പോള്‍ ലാഹോര്‍ കേന്ദ്രമാക്കിയായി ഭരണം. പിന്നീട് ഭരണകേന്ദ്രം ഡല്‍ഹിയായി മാറി. എന്നാല്‍ അക്ബറിന്റെ സഹോദരന്‍ ഹക്കിം കാബൂളും ഖണ്ഡഹാറും വടക്കേ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തി. അക്ബര്‍ അവ വീണ്ടും കൂട്ടിച്ചേര്‍ത്തു. നാദിര്‍ഷ അതിനെ പിന്നെയും വേര്‍പെടുത്തി. സിക്കുകാരുടെ മുന്നേറ്റം ഉണ്ടായില്ലായിരുന്നെങ്കില്‍ അന്നുതന്നെ വടക്കേ ഇന്ത്യ മൊത്തമായും ഇന്ത്യയില്‍ നിന്നും വേര്‍പെട്ടുപോയേനെ. ശരിക്കും വടക്കേഇന്ത്യ തീവണ്ടിയുടെ വാഗണ്‍പോലെ ഇണക്കിയും വേര്‍പെടുത്തിയും കാലം കഴിച്ചു എന്നു പറയുന്നതാകും ശരി.

മുസ്ലിം കടന്നുകയറ്റക്കാര്‍ കൊണ്ടിട്ട ഇസ്ലാം എന്ന വിത്ത് മഴയില്‍ കുരുത്ത തൈ അല്ല, ശക്തമായ ഓക്ക് മരം തന്നെയാണ്. അവിടെ ഹിന്ദുമതവും ബുദ്ധമതവും വെറും കുറ്റിച്ചെടിയായി മാറി. സിക്കുകാര്‍ക്കുപോലും അതില്‍ കോടാലി വീഴ്ത്താന്‍ കഴിഞ്ഞില്ല. സിക്കുകാരുടെ ഇടപെടലാണ് വടക്കേഇന്ത്യയെ തിരികെ ഇന്ത്യയോട് ചേര്‍ത്തതെങ്കിലും സാംസ്‌ക്കാരിക മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ബാഹ്യതല ഐക്യം എന്നത് ജീവിതരീതി മാത്രമാണ്, ഭരണപരമായ ഐക്യവും ശാശ്വതമല്ല. ബര്‍മ്മയുമായി ബ്രിട്ടന് ഉണ്ടായിരുന്നത് ഭരണപരമായ ഐക്യം ആയിരുന്നു. 110 വര്‍ഷം നിലനിന്ന ബന്ധം 1937 ല്‍ പിരിയുകയായിരുന്നു. അന്ന് ആരും വേര്‍പിരിയലിനെതിരെ ബഹളം വച്ചില്ല. ബര്‍മ്മയെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്തണം എന്നു മുറവിളി കൂട്ടിയില്ല. എങ്കില്‍ പിന്നെ സാംസ്‌ക്കാരികമായി അത്രപോലും സാമ്യമില്ലാത്ത ഹിന്ദുവും മുസ്ലിമും വേര്‍പെടുന്നതില്‍ വിലപിക്കുന്നത് എന്തിന്? രാഷ്ട്രീയമായി വേര്‍പെട്ടുനില്‍ക്കുന്ന, സാമൂഹ്യമായി ശത്രുത നിലനില്‍ക്കുന്ന, ആത്മീയമായി അടുപ്പമില്ലാത്ത വടക്കു പടിഞ്ഞാറേ ഇന്ത്യ പാകിസ്ഥാനായി മാറുന്നതില്‍ എന്താണ് തകരാറ് ? ഇതായിരുന്നു അംബദ്ക്കര്‍ ഉള്‍പ്പെടെ പ്രായോഗിക ബുദ്ധിജീവികള്‍ ചിന്തിച്ചത്.

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍