UPDATES

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

പ്രധാന ന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമുദായത്തിലെ നേതാക്കള്‍ ആവശ്യപ്പെടുന്ന പ്രധാന കാര്യം മുസ്ലിം ഭൂരിപക്ഷമുള്ള ഇടങ്ങളെ ഓരോ ഭരണപരമായ മേഖലയാക്കി മാറ്റുക എന്നതാണ്. അവയോരോന്നും പ്രത്യേക സംസ്ഥാനമായി നിലനില്‍ക്കും. അതൊരു രാജ്യം പോലെയാകും പ്രവര്‍ത്തിക്കുക. കാരണം ഹിന്ദു ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ അവരെ രണ്ടാംതരം പൗരന്മാരായിട്ടാകും കണക്കാക്കുക. 1940 മാര്‍ച്ച് 26 നാണ് ലാഹോറിലെ ലീഗ് സെഷനില്‍ ഇതിനുള്ള പ്രമേയം പാസ്സാക്കിയത്. 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പറയുന്ന ഫെഡറേഷന്‍ സങ്കല്‍പ്പം ലീഗിന് സ്വീകാര്യമല്ല. അന്ന് തയ്യാറാക്കിയ ഭരണഘടന പുന:പരിശോധിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് സ്വീകാര്യമായ വിധം മാറ്റം വരുത്തണമെന്നും ലീഗ് പറയുന്നു. ഭൂമിശാസ്ത്രപരമായ അതിരുകള്‍ എന്നതിന് പകരം മുസ്ലിങ്ങള്‍ക്ക് മുന്‍തൂക്കമുള്ള വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളും കിഴക്കന്‍ പ്രദേശവും സ്വതന്ത്ര പദവിയുള്ള സംസ്ഥാനങ്ങളാക്കി മാറ്റണം എന്നതാണ് ലീഗിന്റെ നിര്‍ദ്ദേശം. ഫലപ്രദവും വേണ്ടത്ര ഗൗരവമാര്‍ന്നതും നിര്‍ബന്ധിതവുമായ സുരക്ഷ ന്യൂനപക്ഷത്തിന് ഉറപ്പാക്കണം എന്നും ലീഗ് ആവശ്യപ്പെടുന്നു. മുസ്ലീങ്ങളുടെ മതം, സംസ്‌കാരം, സാമ്പത്തികനില, രാഷ്ട്രീയം, ഭരണപരമായ അവകാശങ്ങള്‍, താത്പര്യങ്ങള്‍ എന്നിവ ഉറപ്പാക്കണം. ഇത് ഭൂരിപക്ഷ പ്രദേശത്തും ന്യൂനപക്ഷപ്രദേശത്തും ബാധകമാക്കണം. പ്രതിരോധവും വിദേശകാര്യവും വാര്‍ത്താവിതരണവും കസ്റ്റംസും ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്വാതന്ത്ര്യമുള്ള പ്രൊവിന്‍സുകളായി ഓരോ മേഖലയും മാറണം.

ചുരുക്കത്തില്‍ പഞ്ചാബും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രൊവിന്‍സും ബലൂചിസ്ഥാനും സിന്ധും കിഴക്കുഭാഗത്ത് ബംഗാളും മുസ്ലിം സംസ്ഥാനങ്ങളായി മാറണം എന്നതായിരുന്നു ആവശ്യം. യൂണിറ്റുകളുടെ ഫെഡറേഷന്‍ എന്നും യൂണിറ്റുകളുടെ പരമാധികാരം എന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ഇത് പരസ്പര വിരുദ്ധമായ സമീപനമാണ്, എങ്കിലും പ്രമേയത്തിന്റെ സത്ത ഇങ്ങിനെയാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും മുസ്ലിം ഭൂരിപക്ഷമേഖലകള്‍ വേര്‍പെടുത്തി സ്വതന്ത്ര സംസ്ഥാനങ്ങള്‍ രൂപീകരിക്കണം. അത് ഫെഡറേഷനോ കോണ്‍ഫെഡറേഷനോ എന്നതില്‍ വ്യക്തത ഇല്ല. 1930 ലെ ലക്നൗ സമ്മേളനത്തില്‍ സര്‍ മുഹമ്മദ് ഇഖ്ബാലാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. അതിന് പാകിസ്ഥാന്‍ എന്നു പേര് നല്‍കിയത് റഹ്‌മത്ത് അലിയാണ്. അദ്ദേഹമാണ് 1933 ല്‍ പാകിസ്ഥാന്‍ പ്രസ്ഥാനത്തിന് തുടക്കമിട്ടതും ഇന്ത്യയെ പാകിസ്ഥാന്‍ , ഹിന്ദുസ്ഥാന്‍ എന്ന് വേര്‍തിരിച്ച് സംസാരിച്ചതും. അദ്ദേഹം വിഭാവന ചെയ്ത പാകിസ്ഥാനില്‍ പഞ്ചാബും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി ്‌പ്രൊവിന്‍സും കശ്മീരും സിന്ധും ബലൂചിസ്ഥാനുമാണ് ഉണ്ടായിരുന്നത്. ഇവ ചേര്‍ന്ന് വടക്ക് ഒരു സ്വതന്ത്ര പാകിസ്ഥാന്‍ എന്നതായിരുന്നു മോഹം. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കും ബ്രിട്ടീഷ് മേധാവികള്‍ക്കും ഈ പ്രൊപ്പോസല്‍ അയച്ചു കൊടുത്തെങ്കിലും ആരും അതത്ര ഗൗരവത്തോടെ കണ്ടില്ല. മുസ്ലിം സാമ്രാജ്യത്വത്തിന്റെ തിരിച്ചുവരവിന് ഇതവസരമൊരുക്കുമെന്ന് ബ്രിട്ടനും കരുതി. പിന്നീടാണ് കിഴക്ക് ബംഗാളിലെയും അസമിലെയും മുസ്ലിങ്ങളെ ചേര്‍ത്ത് ഒരു പ്രദേശം എന്ന സങ്കല്‍പ്പം ഉയര്‍ന്നുവന്നത്. കിഴക്കന്‍ സ്റ്റേറ്റിന് പേരുനല്‍കാതിരുന്നതിനാല്‍ പടിഞ്ഞാറന്‍ മുസ്ലിം സംസ്ഥാനം, കിഴക്കന്‍ മുസ്ലിം സംസ്ഥാനം എന്ന മട്ടിലായിരുന്നു ചര്‍ച്ചകള്‍. അംബേദ്ക്കര്‍ ഇതിന് മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇങ്ങിനെയായിരുന്നു. വിഭജനം ഉറപ്പാക്കുക, പടിഞ്ഞാറുള്ളത് പടിഞ്ഞാറന്‍ പാകിസ്ഥാനും കിഴക്കുള്ളത് കിഴക്കന്‍ പാകിസ്ഥാനും എന്നു നിശ്ചയിക്കാം. ഇത് ഹിന്ദു ഇന്ത്യയെ ഞെട്ടിച്ചു.

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

 

വടക്കു പടിഞ്ഞാറ് മുസ്ലിം പ്രദേശങ്ങളുടെ കൂട്ടിയിണക്കല്‍ എന്നത് പുതിയ ആശയമായിരുന്നില്ല. 1849 ല്‍ ബ്രിട്ടീഷുകാര്‍ പഞ്ചാബ് കീഴടക്കിയ നാളില്‍ തന്നെ വടക്കുപടിഞ്ഞാറെ അതിര്‍ത്തി പ്രൊവിന്‍സും പഞ്ചാബും ഒന്നായിട്ടാണ് കണ്ടിരുന്നത്. 1901 ല്‍ കഴ്സണ്‍ പ്രഭുവാണ് അവയെ രണ്ട് പ്രൊവിന്‍സുകളായി വേര്‍തരിച്ചത്. ഇതിനും മുന്നെ കീഴടക്കിയ പ്രദേശമായിരുന്നതിനാല്‍ സിന്ധ് ബോംബെയുടെ അധികാര പരിധിയിലായിരുന്നു. ഗവര്‍ണ്ണര്‍ ജനറല്‍മാര്‍ പലവട്ടം ശ്രമിച്ചെങ്കിലും സിന്ധിനെ പഞ്ചാബിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞില്ല. ഇല്ലെങ്കില്‍ നേരത്തേതന്നെ പാകിസ്ഥാന് തുല്യമായ ഒരു ഭരണസംവിധാനം അവിടെ ഉണ്ടാകുമായിരുന്നു. 1905 ല്‍ കിഴക്കും രണ്ട് പ്രൊവിന്‍സുകള്‍ രൂപീകരിച്ചത് കഴ്സണ്‍ പ്രഭുവാണ്. ധാക്ക തലസ്ഥാനമാക്കി കിഴക്കന്‍ ബംഗാളും അസമും, കല്‍ക്കട്ട കേന്ദ്രമാക്കി പടിഞ്ഞാറന്‍ ബംഗാളും എന്ന നിലയിലായിരുന്നു പ്രൊവിന്‍സുകള്‍. അസമിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ ഈസ്റ്റ് ബംഗാളും അസമും ചേര്‍ന്ന ഇടം ശരിക്കും മുസ്ലിം പ്രൊവിന്‍സായിരുന്നു. എന്നാല്‍ ഹിന്ദുക്കളുടെ വലിയ എതിര്‍പ്പിന് കീഴടങ്ങിയാണ് 1911 ല്‍ ഈ വിഭജനം റദ്ദാക്കിയത്.

ഗാന്ധി കോണ്‍ഗ്രസിനെ പിടിച്ചടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസും ലിബറലുകളും ബംഗാള്‍ തീവ്രവാദികളുമാണ് അധികാരം പിടിക്കാന്‍ മുന്നിട്ടുനിന്നത്. കോണ്‍ഗ്രസും ലിബറലുകളും സമാനസ്വഭാവമാണ് നിലനിര്‍ത്തിയിരുന്നത്. മികച്ച വിദ്യാഭ്യാസം നേടിയവര്‍ക്കു മാത്രമാണ് അതില്‍ അംഗത്വം ലഭിച്ചിരുന്നത്. ബംഗാള്‍ തീവ്രവാദി ഗ്രൂപ്പില്‍ അംഗത്വത്തിന് ജീവന്‍ ത്യജിക്കാന്‍ മടിയില്ലാത്തവര്‍ക്കേ കഴിയുമായിരുന്നുള്ളു. ചുരുക്കത്തില്‍, നല്ല വിദ്യാഭ്യാസമില്ലാത്തവരും തീവ്രനിലപാട് എടുക്കാത്തവരുമായ ഒരു ഭൂരിപക്ഷത്തിന് അധികാരവുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഗാന്ധി ആദ്യം തുടങ്ങിയത് നിസ്സഹകരണ പ്രസ്ഥാനമാണ്. ഇതൊരു മധ്യതല നിലപാടായിരുന്നു. ഇതില്‍ എല്ലാവര്‍ക്കും പങ്കാളികളാകാം. എന്നാല്‍ ജീവന്‍ വെടിയേണ്ടതുമില്ല. വളരെ മികച്ചൊരു നീക്കമായിരുന്നു ഇത്. ഗാന്ധിജിയുടെ രണ്ടാമത്തെ നിലപാട് ഭാഷാപരമായി പ്രൊവിന്‍സുകള്‍ രൂപീകരിക്കുക എന്നതായിരുന്നു. ഇത് കോണ്‍ഗ്രസ് തയ്യാറാക്കിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അജ്മീര്‍ കേന്ദ്രമാക്കി അജ്മീര്‍-മെര്‍വാര, പാട്‌ന കേന്ദ്രമാക്കി ബിഹാര്‍, ഡല്‍ഹി കേന്ദ്രമാക്കി ഡല്‍ഹി, ജബല്‍പൂര്‍ കേന്ദ്രമാക്കി മഹാകോശല്‍, ലക്നൗ കേന്ദ്രമാക്കി സംയുക്ത പ്രോവിന്‍സ് എന്നിവിടങ്ങളില്‍ ഹിന്ദുസ്ഥാനി ഭാഷ, മദ്രാസ് കേന്ദ്രമാക്കി തെലുങ്ക് ഭാഷയെ അടിസ്ഥാനപ്പെടുത്തി ആന്ധ്ര, ഗോഹട്ടി കേന്ദ്രമാക്കി അസാമീസ് ഭാഷയെ അടിസ്ഥാനമാക്കി അസം, കല്‍ക്കട്ട കേന്ദ്രമാക്കി ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കായി ബംഗാള്‍, മറാത്തി ഭാഷക്കാര്‍ക്കായി ബോംബെ കേന്ദ്രമാക്കി ബോംബെ സിറ്റിയും പൂന കേന്ദ്രമാക്കി മഹാരാഷ്ട്രയും നാഗപ്പൂര്‍ കേന്ദ്രമാക്കി നാഗപ്പൂരും, അഖോല കേന്ദ്രമാക്കി വിദര്‍ഭയും, അഹമ്മദാബാദ് കേന്ദ്രമാക്കി ഗുജറാത്തി ഭാഷക്കാരുടെ ഗുജറാത്തും കന്നട ഭാഷക്കാര്‍ക്കായി ധാര്‍വാര്‍ കേന്ദ്രമാക്കി കര്‍ണാടകയും, കോഴിക്കോട് കേന്ദ്രമാക്കി മലയാളികള്‍ക്കായി കേരളവും പുഷ്തു ഭാഷക്കാര്‍ക്കായി പെഷവാര്‍ കേന്ദ്രമാക്കി വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രൊവിന്‍സും ലാഹോര്‍ കേന്ദ്രമായി പഞ്ചാബികള്‍ക്കായി പഞ്ചാബും സിന്ധി ഭാഷ സംസാരിക്കുന്നവര്‍ക്കായി കറാച്ചി കേന്ദ്രമാക്കി സിന്ധും മദ്രാസ് കേന്ദ്രമാക്കി തമിഴ് ഭാഷക്കാര്‍ക്കായി തമിഴ്നാടും ഒറിയ സംസാരിക്കുന്നവര്‍ക്കായി കട്ടക് കേന്ദ്രമാക്കി ഉത്കലും എന്ന നിലയിലായിരുന്നു കോണ്‍ഗ്രസ് വിഭജനം നടത്തിയിരുന്നത്.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകത, ജനതയുടെ സാമൂഹികനില, പ്രൊവിന്‍സുകളുടെ റവന്യൂ ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു ഈ വിഭജനം. ഭാഷ മാത്രമായിരുന്നു അടിസ്ഥാനം. ഈ പദ്ധതിയോട് അംബേദ്ക്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ പ്രാദേശിക ഭാഷാ വികാരം ഉണര്‍ത്തി ജനങ്ങളെ കോണ്‍ഗ്രസുമായി അടുപ്പിച്ചു നിര്‍ത്താന്‍ ഈ ഘടന ഉപകരിച്ചു എന്നത് സത്യമാണ്. 1935 ല്‍ കോണ്‍ഗ്രസിന്റെ ഇടപെടലിലൂടെയാണ് ബീഹാറില്‍ നിന്നും ഒറീസയെ വേര്‍തിരിച്ചത്. ഈ സിദ്ധാന്തത്തിന്റെ ബലത്തിലാണ് ആന്ധ്ര മദ്രാസില്‍ നിന്നും മോചനം ആവശ്യപ്പെട്ടത്. കര്‍ണാടക മഹാരാഷ്ട്രയില്‍ നിന്നും വേര്‍പിരിയാനും ആഗ്രഹിച്ചു. എന്നാല്‍ രാഷ്ട്രീയപരവും വാണിജ്യപരവുമായ നേട്ടം മുന്നില്‍കണ്ട് ഗുജറാത്ത് മഹാരാഷ്ട്രയില്‍ നിന്നും വേര്‍പെടുന്നതിനെ അനുകൂലിക്കാതെയും ഇരുന്നു. പാകിസ്ഥാന്‍ വേണമെന്ന വാദം സാംസ്‌ക്കാരിക വേര്‍തിരിവിന്റെ ഭാഗമാണെങ്കില്‍ ഭാഷാപരമായ വേര്‍തിരിവും അത്തരമൊന്നു തന്നെ എന്നായിരുന്നു അംബേദ്ക്കറുടെ വാദം. കര്‍ണാടകയും ആന്ധ്രയും രൂപപ്പെടുന്നതിന് തുല്യമല്ലെ പാകിസ്ഥാന്‍ രൂപപ്പെടലും എന്ന് ചോദിച്ച് തന്റെ അഭിപ്രായം കുറച്ചുകൂടി വ്യക്തമാക്കാനും അംബദ്ക്കര്‍ ശ്രമിച്ചു…

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍