UPDATES

ഗാന്ധിജിയും ഹിന്ദു-മുസ്ലിം ഐക്യവും; പരമ്പര ഭാഗം – 10

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ച് ഗാന്ധിജിയുടെ സമീപനമാണ് പൊതുവെ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നത്. അത് ഹിന്ദു മുസ്ലിം ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ ഭാരതാംബയുടെ മക്കളായി പരസ്പരം സഹകരിച്ച് ഒറ്റ രാഷ്ട്രമായി മുന്നോട്ടുപോകണം എന്നതാണ് ആ നയം. ഒരാളുടെ മതാചാരത്തില്‍ മറ്റൊരാള്‍ ഇടപെടരുത് എന്നതായിരുന്നു സമീപനം. ഗാന്ധി ഖിലാഫത്ത് സമരത്തെ പിന്‍തുണയ്ക്കുകയും അവരുടെ ഉപദേശകനും സുഹൃത്തുമാവുകയും ചെയ്തു. സത്യത്തില്‍ ഖിലാഫത്തില്‍ നിന്നാണ് നിസ്സഹകരണപ്രസ്ഥാനം ഉണ്ടായത്. അതിലേക്ക് ഹിന്ദുക്കളെ ആകര്‍ഷിക്കാനാണ് സ്വരാജ് എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. 1919 ഒക്ടോബര്‍ 27 നാണ് ഖിലാഫത്ത് ദിനം പ്രഖ്യാപിച്ചത്. നവംബര്‍ 23ന് ഡല്‍ഹിയില്‍ ആദ്യ ഖിലാഫത്ത് കോണ്‍ഫറന്‍സ് നടന്നു. അതിലാണ് നിസ്സഹകരണ ആശയം രൂപപ്പെട്ടത്. 1920 മാര്‍ച്ച് 10 ന് കല്‍ക്കത്ത ഖിലാഫത്ത് കോണ്‍ഫറന്‍സാണ് നിസ്സഹകരണമാണ് മികച്ച ആയുധം എന്നു തീരുമാനിച്ചത്. ജൂണ്‍ 9 ന് അലഹബാദ് കോണ്‍ഫറന്‍സ് നിസ്സഹകരണപ്രസ്ഥാനത്തിന്റെ പദ്ധതി തയ്യാറാക്കാന്‍ എക്സിക്യൂട്ടീവ് കമ്മറ്റി ഉണ്ടാക്കി. ജൂണ്‍ 22 ന് ഇത് സംബ്ബന്ധിച്ച് വൈസ്രോയിക്ക് കത്തെഴുതി. തുര്‍ക്കിയിലെ പ്രശ്നങ്ങള്‍ ആഗസ്റ്റ് ഒന്നിനകം പരിഹരിച്ചില്ലെങ്കില്‍ നിസ്സഹകരണം തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കല്‍ക്കട്ട സെഷനില്‍ കോണ്‍ഗ്രസ് ഇതിനെ സ്വീകരിക്കുകയായിരുന്നു. ഹിന്ദുക്കളെ ആകര്‍ഷിക്കാനായി പഞ്ചാബില്‍ ജനറല്‍ ഡയര്‍ നടത്തിയ ക്രൂരതകളും പരിഷ്‌ക്കരണ നിയമത്തിലെ കുറവുകളും കൂടി ഉയര്‍ത്തിക്കാട്ടി. ഖിലാഫത്തില്‍ ഈ നിര്‍ദ്ദേശം വച്ചത് ഗാന്ധി ആയിരുന്നു. അങ്ങിനെ തന്ത്രപരമായി ഒരു ഹിന്ദു-മുസ്ലിം മൈത്രി വളര്‍ത്തിയെടുക്കാന്‍ ഒരു പരിധിവരെ ഗാന്ധിക്ക് കഴിഞ്ഞു.

ഖിലാഫത്ത് വന്നതോടെ ഹിന്ദുക്കള്‍ മൂന്ന് വിഭാഗമായി. നിസ്സഹകരണപ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍, ഗോവധം ഒഴിവാക്കിയാല്‍ മുസ്ലിമുമായി സഹകരിക്കാം എന്നഭിപ്രായമുള്ളവര്‍,ഇന്ത്യന്‍ മുസ്ലിം അഫ്ഗാനെ ഇന്ത്യ കീഴടക്കാന്‍ ക്ഷണിക്കും എന്നു ഭയക്കുന്നവര്‍. ഇതായിരുന്നു ഈ മൂന്നിനം ഹിന്ദുക്കള്‍. നിസഹകരണത്തിനും ഖിലാഫത്തിനും വ്യവസ്ഥകളില്ലാത്ത സഹകരണം തന്നെ നല്‍കണം എന്ന് ഗാന്ധി ആഹ്വാനം ചെയ്തു. അഫ്ഗാന്‍ വിഷയത്തിലും ഗാന്ധിയുടെ നിലപാട് തന്ത്രപരമായിരുന്നു. ഇന്ത്യ ഒരു ഇസ്ലാം-ബ്രിട്ടീഷ് പോരാട്ടത്തിനുള്ള ഇടമാകാന്‍ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഹിന്ദു-മുസ്ലിം ഐക്യം ഊട്ടി ഉറപ്പിച്ച് ബ്രിട്ടനെതിരെ പോരാടാനുളള മികച്ച ആയുധമായി നിസഹകരണത്തെ ഗാന്ധി മാറ്റിയെടുത്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുസ്ലിം നേതാക്കള്‍ അസ്വസ്ഥരായി. സ്വരാജ് എന്നതല്ല ഖിലാഫത്താണ് പ്രധാനം എന്നും തുര്‍ക്കി നശിക്കുംവരെ നോക്കിയിരിക്കാന്‍ കഴിയില്ലെന്നും അവര്‍ ഗാന്ധിയോട് പറഞ്ഞു. സ്വരാജ് ലഭ്യമായാലെ ഖിലാഫത്ത് വിജയിക്കൂ എന്നും ശക്തിയുള്ള നാടിനെ അയല്‍ക്കാരനെ സഹായിക്കാന്‍ കഴിയൂ എന്നുമൊക്കെയുള്ള ഗാന്ധിയുടെ മറുവാദങ്ങളൊന്നും കേള്‍ക്കാന്‍ മുസ്ലിം നേതാക്കള്‍ തയ്യാറായില്ല. അവര്‍ അഫ്ഗാനിലെ അമീറുമായി ചര്‍ച്ച തുടങ്ങി. അതില്‍ ഗാന്ധിയുടെ പങ്ക് വ്യക്തമല്ല. എങ്കിലും ബ്രിട്ടനുമായി ഒരുടമ്പടിയും ഉണ്ടാക്കരുതെന്ന് ഗാന്ധി അമീറിനെ ഉപദേശിച്ചു. ബ്രിട്ടനെതിരെ അമീര്‍ യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ ജനത അമീറിനെ സഹായിക്കണം എന്നും ആഹ്വാനം ചെയ്തു. ബ്രിട്ടനെ സഹായിക്കരുതെന്നും ഭരിക്കുന്ന നാട്ടിലെ ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അവരെ സഹായിക്കുന്നത് വലിയ കുറ്റമാണെന്നും ഗാന്ധി പറഞ്ഞു. ബോധമുള്ള ആരെങ്കിലും ഹിന്ദു-മുസ്ലിം ഐക്യത്തിനായി ഇത്രവരെ പോകുമോ എന്ന് അംബദ്ക്കര്‍ ചോദിക്കുന്നു. ഖിലാഫത്ത്-സ്വരാജ് യാത്രയില്‍ വിളിക്കേണ്ട മുദ്രാവാക്യം സംബ്ബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഗാന്ധിയും മുഹമ്മദലിയും ഇടപെട്ട് ധാരണയുണ്ടാക്കി. ആദ്യം അള്ളാഹു അക്ബര്‍, തുടര്‍ന്ന് വന്ദേ ഭാരതം, ഹിന്ദു-മുസല്‍മാന്‍ കീജയ് എന്നതായി രീതി. ഹിന്ദു-മുസ്ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ മറ്റൊരു വിട്ടുവീഴ്ച ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം നടത്തുന്ന അക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുക എന്നതായിരുന്നു. ഇസ്ലാം മതത്തെകുറിച്ച് ലേഖനമെഴുതിയ പല ഹിന്ദുനേതാക്കളെയും മുസ്ലിങ്ങള്‍ വധിച്ചിരുന്നു. പക്ഷെ ഗാന്ധി ഇതിനെയൊന്നും അപലപിച്ചിരുന്നില്ല. ഹിന്ദു-മുസ്ലിം ഐക്യം എന്ന തന്റെ സ്വപ്നം തകരരുത് എന്ന് അദ്ദേഹം ആശിച്ചു.

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

പാകിസ്ഥാനും ഹിന്ദുസ്ഥാനും; പരമ്പര ഭാഗം 7

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും; പരമ്പര ഭാഗം 8

ഹിന്ദുമഹാസഭ; പരമ്പര ഭാഗം 9

1920 ലെ മലബാര്‍ കലാപം ഖുദം-ഇ-കബയുടെയും(മെക്കയുടെ സേവകര്‍) കേന്ദ്ര ഖിലാഫത്ത് കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു. സമരക്കാര്‍ പറഞ്ഞത് ബ്രിട്ടീഷ് ഇന്ത്യ ദാര്‍-ഉല്‍-ഹറാബ് (യുദ്ധഭൂമി) ആണെന്നും പകരം ഹിജ്റത്ത്(ഇസ്ലാമിക ഭൂമി) കൊണ്ടുവരണം എന്നുമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ആയിരുന്നു സമരം. ഇസ്ലാമിക ഭരണം കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. കത്തിയും വാളും കുന്തവും രഹസ്യമായുണ്ടാക്കി അക്രമി സംഘത്തെ സജ്ജമാക്കി. ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയിലായിരുന്നു ഏറ്റുമുട്ടല്‍. റോഡ് തടസപ്പെടുത്തി, ടെലഗ്രാഫ് ലൈനുകള്‍ മുറിച്ചു,റയില്‍വേ തകരാറിലാക്കി.ഭരണം സ്തംഭിപ്പിച്ചു. മാപ്പിളമാര്‍ സ്വരാജ് പ്രഖ്യാപിച്ചു. അലി മുദലിയാരെ രാജാവായി പ്രഖ്യാപിച്ചു. ഖിലാഫത്ത് കൊടി ഉയര്‍ന്നു. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടനെതിരെ തുടങ്ങിയ സമരം അധികം വൈകാതെ ഹിന്ദുവിനെതിരെ ആയി. കൊലയും നിര്‍ബ്ബന്ധിത മതം മാറ്റവും ക്ഷേത്രങ്ങളെ മലിനപ്പെടുത്തലും സ്ത്രീകള്‍ക്കെതിരായ അതിക്രമവും തുടങ്ങി. തികഞ്ഞ കാടത്തമാണ് അരങ്ങേറിയത്. ബ്രിട്ടീഷ്സേന എത്തിയാണ് ഇതിന് അറുതി വരുത്തിയത്. ദക്ഷിണേന്ത്യയില്‍ ഈ കലാപം വലിയ പ്രതിഷേധത്തിന് കാരണമായി. ചില ഖിലാഫത്ത് നേതാക്കള്‍ മലബാര്‍ മുസ്ലിങ്ങള്‍ മതത്തിനായി നടത്തിയ ധീരപോരാട്ടം എന്ന നിലയില്‍ ഇതിനെ അഭിനന്ദിച്ചപ്പോഴും ഗാന്ധി ഈ വിഷയത്തെ വളരെ ലാഘവത്തോടെ കാണാനാണ് ശ്രമിച്ചത്. അദ്ദേഹം അവരെ ദൈവഭയമുള്ള വീരന്മാരായിട്ടാണ് കണ്ടത്. അവര്‍ അവരുടെ മതത്തിനായി പോരാടി, മതപരമായി പോരാടി എന്നാണദ്ദേഹം പറഞ്ഞത്. ലഹളയിലെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നില്‍ക്കാതെ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശക്തി ഹിന്ദുവിനുണ്ട് എന്നു വിശ്വസിക്കയാണ് വേണ്ടതെന്ന് ഗാന്ധി പറഞ്ഞു. മാപ്പിളമാരുടെ ഭ്രാന്ത് മുസ്ലിം സൗഹൃദം ഉപേക്ഷിക്കാന്‍ കാരണമാകരുത് എന്നദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. നിര്‍ബ്ബന്ധിത മതംമാറ്റവും കൊള്ളയും നടത്തിയതില്‍ നാണക്കേടും അപമാനവും മുസല്‍മാന് സ്വാഭാവികമായി വന്നുചേരും എന്നും അദ്ദേഹം വിലയിരുത്തി. ഏറ്റവും മതഭ്രാന്തനായ ഒരു മുസല്‍മാന്‍ പോലും ഇങ്ങിനെചെയ്യാന്‍ പാടില്ലെന്ന് ബോധ്യപ്പെടും എന്ന് ഗാന്ധി വിശ്വസിച്ചു.മാപ്പിളമാരുടെ ഭ്രാന്തിനെ ഹിന്ദു ഒന്നാകെ സമചിത്തതയോടെ കാണണമെന്നും ഗാന്ധി ആഹ്വാനം ചെയ്തു. പ്രവാചകന്റെ വചനങ്ങളെ തെറ്റായി പ്രയോഗിച്ച മാപ്പിളമാരെകുറിച്ച് വിദ്യാഭ്യാസമുള്ള മുസ്ലിങ്ങള്‍ ക്ഷമ ചോദിക്കും എന്നു കരുതുന്നതായും ഗാന്ധി എഴുതി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും വിഷയത്തെ പരമാവധി ലഘൂകരിച്ചു. മാപ്പിളമാരുടെ ആക്രമണത്തിലുള്ള അഗാധദു:ഖം രേഖപ്പെടുത്തി പ്രമേയം പാസ്സാക്കി. മാപ്പിളമാര്‍ കോണ്‍ഗ്രസിന്റെയും കേന്ദ്ര ഖിലാഫത്ത് സമിതിയുടെയും സന്ദേശം ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. എത്രമോശമായ സാഹചര്യത്തിലും അക്രമരാഹിത്യമാകണം നമ്മുടെ ലക്ഷ്യം. മാപ്പിളമാരുടെ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം ഈ പേരില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങളേയും പാര്‍ട്ടി എതിര്‍ക്കുന്നു എന്നും പ്രമേയം രേഖപ്പെടുത്തി. ആയിരക്കണക്കായി നടന്ന മതപരിവര്‍ത്തനത്തെയാണ് ഇതിലൂടെ കോണ്‍ഗ്രസ് ലാഘവമാക്കിയതെന്ന് അംബദ്ക്കര്‍ പറയുന്നു. മഞ്ചേരി ഭാഗത്ത് ഖിലാഫത്തിലും നിസഹകരണപ്രസ്ഥാനത്തിലും പെടാത്ത ഒരു ഗ്രൂപ്പ് മൂന്ന് കുടുംബങ്ങളെ മതംമാറ്റി എന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

തൊട്ടുകൂടായ്മ ഹിന്ദു സമൂഹത്തിന്റെ മാത്രം വിഷയമാണെന്നും അതില്‍ അഹിന്ദുക്കള്‍ ഇടപെടേണ്ടതില്ല എന്നും ഗാന്ധി പറഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹത്തിലും ഗാന്ധി ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. 1926 സെപ്തംബര്‍ 30 ലെ ലിബറേറ്റര്‍ മാസികയില്‍ സ്വാമി ശ്രദ്ധാനന്ദ് എഴുതി, ഗാന്ധിജിയുടെ ഈ സമീപനത്തെ കോണ്‍ഗ്രസിലെ മുസ്ലിം-ക്രിസ്ത്യന്‍ നേതാക്കള്‍ എതിര്‍ത്തു. യാക്കൂബ് ഹസ്സന്‍ എന്ന നേതാവ് സ്വാമിയുടെ സാന്നിധ്യത്തില്‍ ഒരു യോഗത്തില്‍, ഇന്ത്യയിലെ മുഴുവന്‍ തൊട്ടുകൂടാത്തവരെയും മതപരിവര്‍ത്തനം ചെയ്യാന്‍ മുസ്ലിങ്ങളെ ആഹ്വാനം ചെയ്തതായും ലേഖനം പറയുന്നു. ഗാന്ധിജി അത്തരം പ്രസംഗങ്ങളില്‍ പ്രതിഷേധിച്ചില്ല. 1926 ജൂലൈയില്‍ സ്വാമി എഴുതി, ഞാനും ഗാന്ധിയും ഒരിക്കല്‍ നാഗപ്പൂരിലെ ഖിലാഫത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അവിടെ മൗലാനകള്‍ ഖുറാന്‍ വാക്യങ്ങള്‍ ചൊല്ലി. അതില്‍ ജിഹാദിനെ കുറിച്ചും കാഫിറുകളെ കൊല്ലുന്നതിനെകുറിച്ചും ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ഞാന്‍ ഇത് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, അവര്‍ സൂചിപ്പിക്കുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥമേധാവിത്തത്തെയാണ്. ഞാന്‍ പറഞ്ഞു,ഇത് അക്രമരാഹിത്യത്തിന് എതിരാണ്. ഈ ചിന്ത ഹിന്ദുക്കള്‍ക്കെതിരെയും വന്നുകൂടെ. അതിന് ഗാന്ധി മറുപടി നല്‍കിയില്ല. 1926 ആഗസ്റ്റ് 26 ലെ ലേഖനത്തില്‍ സ്വാമി തുടരുന്നു, ഖിലാഫത്ത് സമിതി സബ്ജക്ട് കമ്മറ്റിയില്‍ മലബാര്‍ മാപ്പിളമാരുടെ അതിക്രമം ചര്‍ച്ച ചെയ്തപ്പോള്‍ മാപ്പിളമാരെ മൊത്തമായി കുറ്റപ്പെടുത്തുന്നതായിരുന്നു യഥാര്‍ത്ഥ പ്രമേയം. മൗലാനാ ഫക്കീറും മറ്റും അതിനെ എതിര്‍ത്തു. ദേശീയ നേതാക്കളായ മൗലാനാ നസ്രത്ത് മെഹാനിയും മറ്റും എതിര്‍ത്തത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. മാപ്പിളമാര്‍ മതഗ്രന്ഥമായ ഖുറാനോ, മറ്റു ചിലപ്പോള്‍ ആയുധമോ കാട്ടിയപ്പോള്‍ ഹിന്ദുക്കള്‍ മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്നവര്‍ പറഞ്ഞു. തുടര്‍ന്ന് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് പ്രമേയം അംഗീകരിച്ചത്. വിദേശവസ്ത്ര ബഹിഷ്‌ക്കരണത്തിലും മുസ്ലിംമൃദു സമീപനം ഗാന്ധിയില്‍ കാണാം എന്ന് സ്വാമി പറയുന്നു. ദാസും നെഹ്റുവും നേതൃത്വം നല്‍കി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശവസ്ത്രങ്ങള്‍ കത്തിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് അവ തുര്‍ക്കിയിലെ സഹോദരന്മാര്‍ക്കയച്ചുകൊടുക്കാന്‍ ഗാന്ധി അനുമതി നല്‍കി.

1921 ല്‍ ഹിന്ദു-മുസ്ലിം സഹകരണം ശക്തിപ്പെടുത്താനും ലഹളകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഗാന്ധി 21 ദിവസം നിരാഹാരം നടത്തി. എന്നാല്‍ അതൊന്നും കാര്യമായ ഗുണം ചെയ്തില്ല. 1921 ലും 1922 ലും മുഹറം ആഘോഷം ബംഗാളിലും പഞ്ചാബിലും ലഹളയായി. മുള്‍ട്ടാനില്‍ വളരെ വലിയ പ്രശ്നമായി.ഒരുപാട് വസ്തുവകകള്‍ നശിപ്പിച്ചു. 1923-24 ല്‍ ഒരു ഇസ്ലാം വിരുദ്ധ കവിത പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ കൊഹട്ടില്‍ വലിയ കലാപം നടന്നു. 155 പേര്‍ മരിച്ചു, അനേകം പേര്‍ക്ക് പരുക്കുണ്ടായി. ഒന്‍പത് ലക്ഷത്തിന്റെ സ്വത്ത് നശിച്ചു, കൊള്ള നടന്നു. ഹിന്ദുക്കള്‍ അവിടെനിന്നും സ്ഥലം വിട്ടു. 1924-25 ല്‍ ഡല്‍ഹിയിലും നാഗപ്പൂരിലും ലാഹോറിലും ലക്നൗവിലും മൊറാദാബാദിലും ഭഗത്പൂരിലും ഗുല്‍ബര്‍ഗയിലും അലഹബാദിലും ലഹള നടന്നു. 1925-26 ല്‍ കല്‍ക്കട്ട,സംയുക്ത പ്രോവിന്‍സ്,മധ്യ പ്രോവിന്‍സ് ,ബോംബെ എന്നിവിടങ്ങളിലും ലഹള നടന്നു. ചുരുക്കത്തില്‍ 1920-40 നിരന്തര ലഹളകളുടെ കാലമായിരുന്നു. ഭീകരമായ കൊലകളും കൊള്ളിവയ്പ്പും നടന്നു. ഗാന്ധി പരാജയപ്പെടുകയായിരുന്നു. യോഗങ്ങളിലും എഴുത്തിലും ഐക്യആഹ്വാനങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷക്കണക്കായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും നാവിലും ഹൃദയത്തിലും ഈ ഐക്യസന്ദേശം എത്തുന്നില്ലെന്ന് ഹിന്ദുസ്ഥാന്‍ മുഖപ്രസംഗം എഴുതി. ഐക്യസങ്കല്‍പ്പം ഒരു മരീചികയായി മാറുകയായിരുന്നു. കാഴ്ചയില്‍ എന്നല്ല മനസില്‍ പോലും അതില്ലാത്ത അവസ്ഥ. ഗാന്ധിക്കുപോലും ഐക്യം അസാധ്യമാണെന്നു ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. ബ്രിട്ടന്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ഐക്യം കൊണ്ടുവരാന്‍ സഹായിക്കും എന്നു കരുതുന്നവരുണ്ട്. എന്നാല്‍ അതും ഒരു മരീചിക മാത്രമാണ് എന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു.

ഫ്രാന്‍സും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മ്മനിയും കൂട്ടിച്ചേര്‍ക്കാം, കാരണം അവിടെ വര്‍ഗ്ഗം, ഭാഷ, മതം എന്നിവ തടസ്സമാകുന്നില്ല. എന്നാല്‍ ഹംഗറി, ഓസ്ട്രിയ, ചെക്ക്, തുര്‍ക്കി എന്നിവയെ ഒത്തുചേര്‍ക്കുക അസാധ്യമാണ്. വര്‍ഗ്ഗവും ഭാഷയും മതവും അത്ര ശക്തമായി നിന്ന് അതിനെ വിഘടിപ്പിക്കും. ഇന്ത്യയുടെ സ്ഥിതിയും അതാണ്. അനുസരണയില്ലാത്ത പശുക്കളെ ഒറ്റക്കയറില്‍ കെട്ടി ഒരു തൊഴുത്തില്‍ ഇടുംപോലെയാകും ഇത്. പ്രാദേശിക വികാരം കൊണ്ടുനടക്കുന്ന ഹിന്ദുവും ഞാന്‍ മുസല്‍മാനാണ്, അതുകഴിഞ്ഞാല്‍ ഇന്ത്യനും എന്ന അന്തര്‍ദേശീയ വികാരം കൊണ്ടുനടക്കുന്ന മുസ്ലിമും മനസും ഹൃദയവും ചേര്‍ന്ന് ഐക്യപ്പെടുക അസാധ്യം. അതുകൊണ്ടുതന്നെ ഒരൊറ്റ ഇന്ത്യ എന്ന മരുപ്പച്ച നേതാക്കള്‍ ഉപേക്ഷിക്കുകയാണ് കരണീയം.

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍