UPDATES

രാജ്യത്തിന്റെ ഇല്ലാതാകുന്ന ശ്വാസകോശങ്ങള്‍; അന്വേഷണ പരമ്പര-അവസാന ഭാഗം

സുപ്രീം കോടതി വിധിയെ പരിഹസിക്കുന്ന വന നിര്‍വചനം

                       

1995 ല്‍ രാജവംശത്തിന്റെ പിന്മുറക്കാരനായ മലയാളിയായ ടി എന്‍ ഗോദവര്‍മ്മന്‍ സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി നല്‍കി. തങ്ങളുടെ കുടുംബത്തിന്റെ അധികാരത്തിന് കീഴിലായിരുന്ന നീലഗിരി കുന്നുകളിലെ അനിയന്ത്രിതമായ മരംവെട്ടലില്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കേസ് വിപുലപ്പെടുത്തിയ കോടതി, രാജ്യത്തെയാകെ വനഭൂമിയുടെ പരിപാലനം കൂടി ഈ കേസിന്റെ പരിധിയില്‍പെടുത്തി.

1996 ല്‍ സുപ്രധാനമായ വിധിയും പുറപ്പെടുവിച്ചു. വനസംരക്ഷണത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലായ വിധി. ധീരവും അതേസമയം വിവാദപരവുമായിരുന്ന പ്രസ്തുത വിധിന്യായത്തില്‍ വന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ഭൂമിയാണ് വനഭൂമിയായി സംരക്ഷിക്കപ്പെടേണ്ടതെന്ന് കൃത്യമായി എണ്ണിപ്പറഞ്ഞു. ഒരു പ്രദേശം, വനഭൂമിയായി സര്‍ക്കാര്‍ നിര്‍ണയിച്ചുകഴിഞ്ഞാല്‍ അത് ആരുടെ ഉടമസ്ഥതയിലാണെന്നത് പരിഗണിക്കാതെ തന്നെ പ്രസ്തുത വനഭൂമി സംരക്ഷിക്കപ്പെടണം. വനഭൂമി സംബന്ധിച്ച സര്‍ക്കാര്‍ രേഖകളൊക്കെ അപൂര്‍ണവും അവ്യക്തവും ആണെന്നതിനാല്‍ തന്നെ ഈ വിധിക്ക് പ്രസക്തിയേറെയാണ്.

വന നയം: മോദിയുടെ മറ്റൊരു കപട വാഗ്ദാനം; അന്വേഷണ പരമ്പര-ഭാഗം 1

കുത്തകകള്‍ക്ക് വന ഭൂമിയിലേക്ക് വഴി വെട്ടിയ മോദി സര്‍ക്കാര്‍; അന്വേഷണ പരമ്പര- ഭാഗം 2

വനഭൂമി നിര്‍ണയിക്കാനും കൃത്യമായി അടയാളപ്പെടുത്താനും സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടാത്ത വനഭൂമിയുള്‍പ്പെടെ തിട്ടപ്പെടുത്താനും സംസ്ഥാന സര്‍ക്കാരുകളുടെ വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടു. അവ വനസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. 27 വര്‍ഷങ്ങള്‍ക്കിപ്പുറവും പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഒരടി മുന്നോട്ടുപോയിട്ടില്ല. കേന്ദ്ര സര്‍ക്കാരാകട്ടെ സമഗ്രമായ വിവരശേഖരണം നടത്താനോ ക്രോഡീകരിക്കാനോ തയ്യാറായിട്ടുമില്ല.

റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭിച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത രേഖകള്‍ പ്രകാരം 2014 വരെ മിക്കവാറും സംസ്ഥാനങ്ങള്‍ കോടതി ആവശ്യപ്പെട്ടത് നടപ്പാക്കുന്ന കാര്യത്തില്‍ ഒരു ചെറുവിരലനക്കം പോലും നടത്തിയിട്ടില്ല. ഹരിയാന, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

മോദി സര്‍ക്കാരിന്റെ വന സംരക്ഷണ നിയമഭേദഗതി നിശ്ചിത പ്രദേശങ്ങളെ മാത്രമേ വനഭൂമിയുടെ പരിധിയില്‍പെടുത്തുന്നുള്ളൂ. മേല്‍ സംസ്ഥാനങ്ങളിലെ വിശാലമായ പുല്‍മേടുകളൊന്നും വനഭൂമിയില്‍പെടുന്നില്ല. അവ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടും.

ഹരിയാനയുടെ കാര്യമെടുക്കാം. ഡല്‍ഹിയുമായി അതിര്‍ത്തിപങ്കിടുന്ന ആരവല്ലി പര്‍വത നിരയുടെ നല്ലൊരു ഭാഗം ഇതുവരെ വനഭൂമിയായി വിജ്ഞാപനം ചെയ്യാത്തവയാണ്. പുതിയ ഭേദഗതിപ്രകാരം അവക്ക് വനഭൂമിയുടെ സംരക്ഷണം കിട്ടില്ല. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ചാകര.

സ്വകാര്യ കമ്പനികള്‍ക്ക് വേറെയുമുണ്ട് സന്തോഷ വാര്‍ത്ത. സ്വകാര്യ തോട്ടങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇവയും വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതായിരുന്നു.

സംസ്ഥാനങ്ങളുടെ അനങ്ങാപ്പാറ നയം
സുപ്രീം കോടതിയുടെ മേല്‍പറഞ്ഞ വിധി വന്ന് 18 വര്‍ഷത്തിന് ശേഷം 2014 ലാണ് വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ ഒരു യോഗം വിളിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിവരിച്ചു. 12 സംസ്ഥാനങ്ങള്‍ വനഭൂമി നിര്‍ണയം നടത്തിയിട്ടുണ്ട്. എന്നാല്‍ 15 സംസ്ഥാനങ്ങളും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങളും ഒന്നും ചെയ്തിട്ടില്ല. സുപ്രീം കോടതി വിധിയിന്മേല്‍ സംസ്ഥാനങ്ങളുടെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം ഇത്രമാത്രമാണ്. ഞങ്ങള്‍ക്ക് ലഭ്യമായ രേഖകള്‍ പ്രകാരം, വനഭൂമി നിര്‍ണയിക്കുന്നതില്‍ ഓരോ സംസ്ഥാനവും തങ്ങള്‍ക്ക് തോന്നുംപടിയുള്ള വിവേചനാധികാരങ്ങളും നിര്‍വചനങ്ങളുമാണ് പ്രയോഗിച്ചത്.

ഉദാഹരണത്തിന് ഹിമാചല്‍ പ്രദേശില്‍ ‘അഞ്ചു ഹെക്ടറിന് മുകളിലുള്ള, മരങ്ങള്‍ തിങ്ങിനിറഞ്ഞ് വളരുന്ന സ്ഥലമാണ് വന’. സിക്കിമിലാകട്ടെ, ഇത് 40 ശതമാനത്തിലധികം സാന്ദ്രതയുള്ള ചെടികള്‍ നിറഞ്ഞ, കുറഞ്ഞത് 10 ഹെക്ടര്‍ ഉള്ള ഭൂമിയാണ് വനമായി പരിഗണിക്കപ്പെടുക. ഉത്തര്‍പ്രദേശിലെ നിര്‍വചനം ഇങ്ങനെയാണ്. വിന്ധ്യ-ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ മൂന്ന് ഹെക്ടര്‍ പ്രദേശത്ത് കുറഞ്ഞത് 100 മരങ്ങള്‍ വേണം. ടെറായി സമതലപ്രദേശത്താണെങ്കില്‍ രണ്ടു ഹെക്ടര്‍ ഭൂമിയില്‍ 50 മരങ്ങളുണ്ടെങ്കില്‍ വനമായി പരിഗണിക്കും. സര്‍ക്കാര്‍, സ്വകാര്യ തോട്ടങ്ങള്‍ക്ക് ഇത് ബാധകമല്ല.

ഈ വിവരങ്ങളൊന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ 2019 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ, മൗനം പാലിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ പറഞ്ഞത് വന നിര്‍വചനത്തിന്റെ കാര്യത്തില്‍ ഏകീകൃതമായ മാനദണ്ഡം സാധ്യമല്ല എന്നാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും മാനദണ്ഡം രൂപീകരിക്കാമെന്നും സര്‍ക്കാര്‍ അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു.

വനസംരക്ഷണ നിയമഭേദഗതിയോടെ പരമ്പരാഗത നിര്‍വചനത്തില്‍പെടാത്ത അസംരക്ഷിത വനഭൂമി വനമല്ലാതായി. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ സര്‍ക്കാര്‍ പറഞ്ഞത് ‘12.12.1996 ലെ സുപ്രീംകോടതി വിധിപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി വനമെന്ന് നിര്‍ണയിച്ച മുഴുവന്‍ ഭൂമിയുടെ വിവരങ്ങളും 1997 ലെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്’ എന്നാണ്. എന്നാല്‍ ഇപ്പറയുന്ന ‘വനഭൂമി’യെക്കുറിച്ച് ആര്‍ക്കും അറിവില്ല. കാരണം, സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്നേവരെ പരസ്യപ്പെടുത്തിയിട്ടില്ല.

നിര്‍വചനത്തിലെ കണ്‍കെട്ടിലൂടെ വനമായി പരിഗണിക്കേണ്ട വന്‍തോതിലുള്ള ഭൂമി ഒഴിവാക്കിയതിനെ ന്യായീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രര്‍ യാദവ് 2023 ആഗസ്റ്റ് ഏഴിന് പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതി. ‘സ്വകാര്യ തോട്ടങ്ങളെ വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം വലിയ ഭീതിക്കിടയാക്കി. ഇതുമൂലം വനവത്കരണമെന്ന ആശയത്തിന് ഉദ്ദേശിച്ച ഫലം ഉണ്ടായില്ല. പകരം, ഹരിതവത്കരണ പദ്ധതിയെ പിറകോട്ടടിക്കുകയാണ് ചെയ്തത്’. വന സംരക്ഷണ നിയമത്തിന്റെ പരിധിയിലായാലുള്ള നൂലാമാലകളോര്‍ത്ത്, തടി വ്യവസായത്തിനായി തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതില്‍ നിന്ന് സ്വകാര്യ സംരംഭകര്‍ പിന്‍മാറാനും ഇതുകാരണമായതായി മന്ത്രി അഭിപ്രായപ്പെട്ടു.

നിയമഭേദഗതിയോടെ, ആ പേടി മാറി. 2018 ലെ വന നയത്തിന്റെ കരടില്‍ വിഭാവന ചെയ്തപോലെ (ഈ പരമ്പരയുടെ രണ്ടാം ഭാഗത്ത് വിശദമായി വായിക്കാം), കോര്‍പറേറ്റ് പങ്കാളിത്തത്തോടെയുള്ള അഗ്രോ ഫോറസ്ട്രിയുടെ വിപുല സാധ്യതകള്‍ ഫലപ്രാപ്തിയിലായെന്നും മന്ത്രി അവകാശപ്പെട്ടു.

ഡല്‍ഹിയുടെ ശ്വാസകോശം വീര്‍പ്പുമുട്ടുന്നു…
രാജ്യത്തിന്റെ വന വിസ്തൃതി വര്‍ധിപ്പിക്കാനും അതുവഴി കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും എന്ന അവകാശവാദത്തിന്റെ മറവില്‍ കൊണ്ടുവന്ന വന സംരക്ഷണ ഭേദഗതിയോടെ തലസ്ഥാന നഗരിയുടെ ശ്വാസകോശങ്ങളായ ആരവല്ലി മലനിരകളുടെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുകയാണ്.

ആരവല്ലി നിരകളുടെ മൂന്നില്‍ രണ്ട് ഭാഗം മാത്രമാണ് പഞ്ചാബ് ലാന്‍ഡ് പ്രിസര്‍വേഷന്‍ ആക്ട് 1997 ന് കീഴില്‍ വനമായി സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍, ആരവല്ലി നിരയുടെ ഗുഡ്ഗാവിലെ 40% ഉം ഫരീദാബാദിലെ 36.8% മേഖലയും വനമായി വിജ്ഞാപനം ചെയ്തിട്ടില്ല. ഏതാണ്ട് 18,000 ഏക്കര്‍ വരും ഈ ഭൂമി. പുല്‍മേടുകളും തിങ്ങി വളര്‍ന്ന മരങ്ങളുമൊക്കെയായി നില നില്‍ക്കുന്ന ഈ പ്രദേശം ഭേദഗതിക്ക് മുമ്പു വനമായി കണക്കാക്കപ്പെട്ടിരുന്നതാണ്.

ഹരിയാന സര്‍ക്കാരും ഈ മലനിരകളെ വനമായി ഗണിച്ചിട്ടില്ല. 2015 മുതല്‍ക്കുള്ള സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഈ ‘ഒഴിവാക്കല്‍’ മനസ്സിലാകും. 1996 ലെ ഗോദവര്‍മ്മന്‍ കേസിലെ സുപ്രീംകോടതി വിധിയും തുടര്‍ ഉത്തരവുകളും നടപ്പിലാക്കാതിരിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ നീക്കങ്ങളുടെ നേര്‍ചിത്രങ്ങളാണ് ആ രേഖകള്‍.

ഇപ്പോഴത്തെ നിയമഭേദഗതിയോടെ ആരവല്ലി മലനിരകളിലെ വിശാലമായ പച്ചപ്പുകള്‍ വനമല്ലാതായി. അവ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് വിട്ടുകൊടുത്തു.

‘ഈ നീക്കം പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് നയിക്കുക. വന ഭൂമി വന്‍തോതില്‍ വനേതര ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതി വരും. ആരവല്ലിയുടെ കാര്യത്തില്‍ വിശേഷിച്ചും’പരിസ്ഥിതി വിദഗ്ധനായ ചേതന്‍ അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വനത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയതിനെതിരെ ഗോത്രസമൂഹങ്ങളും വനവാസികളും രംഗത്തുണ്ട്. 18 ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ കാമ്പയിന്‍ ഫോര്‍ സര്‍വൈവല്‍ ആന്റ് ഡിഗ്‌നിറ്റി ഭേദഗതിക്കെതിരെ പൊതുമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഭേദഗതികള്‍ പിന്‍വലിച്ച് 2006 ലെ പട്ടിക വര്‍ഗ-വനവാസി (അവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമം അതിന്റെ അന്തസ്സത്തയില്‍ നടപ്പാക്കാന്‍ മുന്നോട്ടുവരണമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തോട് സംഘടന ആവശ്യപ്പെടുന്നത്. വനസംരക്ഷണത്തിലും പരിപാലനത്തിലും ഗ്രാമസഭകളുടെ അധികാരം പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വനാവകാശ നിയമത്തിന്റെ ഫലപ്രാപ്തിക്കായി പ്രവര്‍ത്തിക്കുന്ന വന്‍ ഗുജ്ജാര്‍ ട്രൈബല്‍ യുവ സംഘതന്‍ എന്ന സംഘടനയും പരിസ്ഥിതി മന്ത്രാലയത്തിനെതിരെ രംഗത്തുണ്ട്. ഗോദവര്‍മന്‍ കേസിലെ വിധിയെയും വനാവകാശ നിയമത്തിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്പാടെ അട്ടിമറിക്കുന്നതാണ് ഭേദഗതിയിലെ വനത്തെക്കുറിച്ചുള്ള നിര്‍വചനമെന്ന് സംഘടന വിമര്‍ശിക്കുന്നു.

മാറി മറിയുന്ന വന വിസ്തൃതിയുടെ കണക്കുകള്‍
സംരക്ഷിതമല്ലാത്ത വനഭൂമി സംബന്ധിച്ച് ഒരു കണക്കും കേന്ദ്രത്തിന്റെ പക്കലില്ല. അവ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശവുമില്ല. ആകെ വനവിസ്തൃതി സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളില്‍ ഒരു വിശ്വാസ്യതയും കല്‍പ്പിക്കാനാകാത്ത സ്ഥിതിയാണ്. വന വിസ്തൃതി സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകള്‍ മാറിക്കൊണ്ടേയിരിക്കുന്നതാണ് ഇതപര്യന്തമുള്ള അനുഭവം. സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടുകളുടെ വിശകലനം വനവിസ്തൃതി സംബന്ധിച്ച പരസ്പരവിരുദ്ധമായ തീര്‍പ്പുകളിലേക്കാണ് നമ്മെ എത്തിക്കുക. 1987 തൊട്ട് 2021 വരെയുള്ള ഡാറ്റ പ്രകാരം, വനവിസ്തൃതിയില്‍ വര്‍ഷം തോറും ശരാശരി 2146 ചതുരശ്ര കിലോമീറ്ററിന്റെ വര്‍ധനവുണ്ട്. എന്നാല്‍ അതേ റിപ്പോര്‍ട്ടില്‍ തന്നെ ഓരോ രണ്ട് വര്‍ഷവും നശിപ്പിക്കപ്പെടുന്ന വനഭൂമിയുടെ അളവ് 2594 ചതുരശ്ര കിലോമീറ്റര്‍ എന്നാണ് കണക്ക്. അതായത്, ബംഗളൂരു, ഡല്‍ഹി നഗരങ്ങള്‍ ചേര്‍ത്തുവെച്ചാലുള്ളത്രയും വിശാലമായ വനഭൂമി നശിപ്പിക്കപ്പെടുന്നുണ്ട് എന്ന്. മറുവശത്ത്, 1907 ചതുരശ്ര കിലോമീറ്റര്‍ തരിശുഭൂമി എങ്ങനെയാണ് രണ്ടു കൊല്ലം കൊണ്ട് തിങ്ങിയ വനപ്രദേശങ്ങളായി മാറുന്നതെന്നത് അതിശയകരമല്ലേ..!

മറ്റൊരു വസ്തുത, അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യ അവതരിപ്പിക്കുന്ന കണക്കുകളും നേരത്തെ പറഞ്ഞ റിപ്പോര്‍ട്ടുകളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ്. 2018 ല്‍ ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2000 ലെ വനവിസ്തൃതിയായി അവകാശപ്പെട്ടിരിക്കുന്നത് 22000 ചതുരശ്ര കിലോമീറ്ററാണ്. മിസോറാം സംസ്ഥാനത്തിന്റെ വലിപ്പത്തേക്കാള്‍ കൂടുതല്‍. 2004, 2009 വര്‍ഷങ്ങളിലെ കണക്ക് ഇതിലും കൂടുതലാണ്. എന്നാല്‍ രാജ്യത്ത് അവതരിപ്പിച്ച കണക്ക് വേറെയും.

വനഭൂമിയുടെയും, അസംരക്ഷിത വനഭൂമിയുടെ കാര്യത്തില്‍ വിശേഷിച്ചും, കൃത്യമായ ഡാറ്റകളുടെ അഭാവം നിലനില്‍ക്കെത്തന്നെയാണ് രാജ്യത്തെ ജനങ്ങളെയാകെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കുത്തകകള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്ന നിയമഭേദഗതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രസിദ്ധീകരിച്ച മൂന്ന് ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയുടെ അവസാനഭാഗത്തിന്റെ മലയാളം പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍