UPDATES

വന നയം: മോദിയുടെ മറ്റൊരു കപട വാഗ്ദാനം

പാര്‍ലമെന്റില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല; അന്വേഷണ പരമ്പര

                       

2017 ജൂലൈയില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പാര്‍ലമെന്റിന് ഒരു ഉറപ്പ് നല്‍കി; പുതിയ വന നയത്തിന്റെ കരട് തയ്യാറായിക്കൊണ്ടിരിക്കുകയാണ്, അത് ഉടന്‍ പുറത്തുവിടും. 29 വര്‍ഷത്തിന് മുമ്പാണ് അവസാനമായി വന നയം പുതുക്കിയത്. വനസംരക്ഷണത്തിന് മുകളില്‍ വ്യവസായത്തെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചട്ടങ്ങളും വ്യവസ്ഥകളും കാരണം നിലവില്‍ പരസ്പരം ഏറ്റുമുട്ടുന്ന മൂന്നു കേന്ദ്ര നിയമങ്ങളെയും സംയോജിപ്പിക്കുന്നതാവും പുതിയ നയം.

എന്നാല്‍ നാളിതുവരെ ഈ വാഗ്ദാനം പാലിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പാര്‍ലമെന്ററി അഷ്വറന്‍സ് കമ്മിറ്റി പലതവണ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ താക്കീത് ചെയ്തതായി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. രണ്ട് തവണയാണ് സര്‍ക്കാരിന് കരട് വന നയം പിന്‍വലിക്കേണ്ടി വന്നത്. 2016 ലും 2018 ലും സമര്‍പ്പിച്ച കരട് നയങ്ങള്‍ കടുത്ത വിമര്‍ശനം നേരിട്ടു. കാരണം, ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും അവകാശങ്ങള്‍ കവരുന്നതും വനം കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം തുറന്നുകൊടുക്കുന്നവയും ആയിരുന്നു അവയിലെ വ്യവസ്ഥകള്‍.

രാജ്യത്തെ വനസ്രോതസ്സുകളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം, നിലനില്‍ക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത്, വനചൂഷകര്‍ക്ക് സഹായകമായ തരത്തില്‍ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ ഇറക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗസ്ഥ തലത്തിലെ ഇത്തരം ഉത്തരവുകള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതിയും വേണ്ട.

2023 ഓഗസ്റ്റില്‍, സര്‍ക്കാര്‍ വന സംരക്ഷണ നിയമം ഭേദഗതി ചെയ്തു, 2016 ലെയും 2018 ലെയും വിവാദ കരട് നയങ്ങളുടെ ചുവടുപിടിച്ച് തന്നെ. ‘ദേശീയ വന നയം’ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം, വന പരിപാലനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അത് കൃത്യമായ ദിശാബോധം നല്‍കുന്നു. വന സംരക്ഷണത്തില്‍ അവിടത്തെ ജനവിഭാഗത്തിന്റെ അവകാശങ്ങളും പങ്കാളിത്തവും നിയമപരമായി ഉറപ്പാക്കുന്നു. കൊളോണിയല്‍ മാതൃകയിലുള്ള ചൂഷണത്തിലും വരുമാനവര്‍ധനവിലും അധിഷ്ടിതമായ നയത്തില്‍ നിന്ന് മാറി വനവാസികളുടെ അവകാശത്തിനും വനപരിപാലനത്തില്‍ അവരുടെ പങ്കാളിത്തത്തിലും ഊന്നല്‍ നല്‍കിയതായിരുന്നു 1988 ലെ വന നയം. അതിലൂടെ, ഗോത്രജനത കൈവരിച്ച നേട്ടങ്ങളെയാകെ റദ്ദാക്കുന്നതാണ് 2018 ലെ കരട് നയം. എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ വഴിയും വനസംരക്ഷണ നിയമ ഭേദഗതി വഴിയും സര്‍ക്കാര്‍ തങ്ങള്‍ ഉന്നമിട്ടത് നടപ്പാക്കി. സ്വകാര്യമേഖലയുടെ ചൂഷണത്തിന് വഴിവെട്ടുന്ന നയത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഇത്’ വനാവകാശ മേഖലയിലെ സ്വതന്ത്ര ഗവേഷകനായ തുഷാര്‍ ദാഷ് പറയുന്നു.

മൂന്നു കൊല്ലത്തിനിടെ രണ്ട് യൂടേണുകള്‍
2016 ലാണ് പുതിയ കരട് വന നയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നത്. 2006 ലെ വനാവകാശ നിയമത്തിലൂടെ നിയമവിധേയമാക്കിയ ഗോത്രവര്‍ഗത്തിന്റെയും വനവാസികളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതിന്റെ പേരില്‍ അവ വിമര്‍ശം നേരിട്ടു. അതോടെ സര്‍ക്കാര്‍ തന്നെ ആ കരട് നയത്തെ തള്ളിപ്പറഞ്ഞു. കോര്‍പറേറ്റുകളുടെ കടന്നുവരവ് എളുപ്പമാക്കുന്നുവെന്ന ആക്ഷേപവും നേരിട്ടതാണ് 2018 ലെ കരട് നയം.

അനിശ്ചിതത്വത്തിനിടെ 2017 ല്‍ ബിജെപിയുടെ തന്നെ എംപി ലല്ലുസിംഗ് പുതിയ നയത്തെക്കുറിച്ച് വനമന്ത്രാലയത്തോട് ആരാഞ്ഞു. ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റിനോട് പുതിയ നയത്തിന്റെ കരട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനം മന്ത്രി ഹര്‍ഷ് വര്‍ധന്‍ പാര്‍ലമെന്റില്‍ മറുപടിയും നല്‍കി. കരട് ഇതിനകം അവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. അതിന് അന്തിമരൂപം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ പുറത്തുവിടുമെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിന് ഉറപ്പു നല്‍കി.

പാര്‍ലമെന്റില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് പ്രത്യേകതയുണ്ട്. പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയാല്‍ മൂന്ന് മാസത്തിനകം അത് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥതമാണെന്ന് മാന്വല്‍ ഓഫ് പാര്‍ലമെന്ററി പ്രൊസീജ്യര്‍സ് അടിവരയിടുന്നു. പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമയം നീട്ടി ചോദിക്കണം. ഇനി, ഉറപ്പുകള്‍ പാലിക്കാന്‍ കഴിയില്ല എന്നാണെങ്കില്‍ അവ പിന്‍വലിക്കാന്‍ പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റിയോട് അപേക്ഷിക്കണം. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും പരിശോധിക്കുകയും നിശ്ചിതസമയത്തിനുള്ളില്‍ അവ പാലിക്കുന്നുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് 15 അംഗ പാര്‍ലമെന്ററി അഷ്വറന്‍സ് കമ്മിറ്റിയാണ്.

2018 ല്‍ സര്‍ക്കാര്‍ രണ്ടാമത്തെ കരട് നയം കൊണ്ടുവന്നു. കോര്‍പറേറ്റ് സൗഹൃദ, ഗോത്രവര്‍ഗ വിരുദ്ധ വിവാദ വ്യവസ്ഥകള്‍ എല്ലാം ഇതിലും ആവര്‍ത്തിച്ചു. പക്ഷെ, അവയെക്കുറിച്ച് മൗനം പാലിച്ചു.

എന്നാല്‍ രണ്ടാം വട്ടവും നീക്കം പാളിയതോടെ, പതുക്കെ തലയൂരാനായി സര്‍ക്കാര്‍ ശ്രമം. പുതിയ വനനയം എന്ന ഉറപ്പില്‍ നിന്ന് അവര്‍ പിന്നാക്കം പോയി. ഉറപ്പ് പിന്‍വലിക്കുകയാണെന്ന് പാര്‍ലമെന്ററി അഷ്വറന്‍സ് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ കമ്മിറ്റി വഴങ്ങിയില്ല.

അതോടെ, പുതിയ വന നയത്തിനായി ഒരു മൂന്നാം വട്ട ശ്രമത്തിനൊരുങ്ങി മോദി സര്‍ക്കാര്‍. 2020 മെയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വനനയത്തിന് അനുമതി തേടിക്കൊണ്ട് കാബിനറ്റ് നോട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് 2021 സെപ്റ്റംബറില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അത് മടക്കുകയാണുണ്ടായത്. നിര്‍ദേശിച്ച ഭേദഗതികളുടെ വിശദാംശങ്ങള്‍ അജ്ഞാതമാണ്. ഏതായാലും, ഭേദഗതിക്ക് വനം മന്ത്രാലയം മെനക്കെട്ടതേയില്ല. മറിച്ച്, പുതിയ വന നയം എന്ന വാഗ്ദാനം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് വീണ്ടും പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റിയോട് ആവശ്യപ്പെടുകയാണ് അവര്‍ ചെയ്തത്. കമ്മിറ്റി വീണ്ടും നിരസിക്കുക മാത്രമല്ല, ഇത്ര കൂടി പറഞ്ഞു ‘പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനും വനവാസികളുടെ ജീവിതവും വരുമാനവും സംരക്ഷിക്കാനും വനത്തിന്റെ സുസ്ഥിര വികസനത്തിനും പരിപാലനത്തിനും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചേ തീരൂവെന്ന് ഈ കമ്മിറ്റി നിര്‍ദേശിക്കുന്നു.’

2022 ല്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കമ്മിറ്റി നിശിതമായി താക്കീത് ചെയ്യുന്നുണ്ട്. പുതിയ വനനയം എന്ന ഉറപ്പുനല്‍കി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പാലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. വിഷയം ഏറ്റവും ഗൗരവത്തില്‍ അതിവേഗം നടപടിയെടുക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. 2020 മുതല്‍ ഇക്കാര്യത്തില്‍ ആസൂത്രിതമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

പാഴായ ഉറപ്പ്, നിര്‍വീര്യമായ ഭരണം
വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇത്തരം രീതികള്‍ പുത്തരിയല്ല. വാഗ്ദാന ലംഘനങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട് അവര്‍ക്ക്. പാലിക്കാത്ത 49 വാഗ്ദാനങ്ങളാണ് വനം മന്ത്രാലയത്തിന്റേതായി പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെ പട്ടികയിലുള്ളത്. അതില്‍ 40 എണ്ണവും ഈ സര്‍ക്കാരിന്റെ കാലത്താണ്. ആറെണ്ണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മൂന്നെണ്ണം 2009 ലെ തെരഞ്ഞെടുപ്പിന് ശേഷം വന്ന ലോക്‌സഭയിലും നല്‍കിയതാണ്.

മൂന്ന് മുതല്‍ 11 കൊല്ലത്തിലേറെയായി പാലിക്കാതെ കിടക്കുന്നവയുടെ കാര്യത്തില്‍ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗണന അനുസരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്നല്ലാതെ കൃത്യമായൊരു കാലയളവ് പറയാന്‍ വനം മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല.

കമ്മിറ്റി പരിശോധിച്ച 49 ല്‍ 21 എണ്ണവും വന സംരക്ഷണം, ജൈവവൈവിധ്യം, നദീതട നിയന്ത്രണം, തീരപരിപാലനം, വന്യമൃഗ വേട്ട നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. ഇവയില്‍ 14 എണ്ണം പിന്നീട് നടപ്പിലാക്കിയെങ്കിലും പുതിയ വന നയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണ്. വന നയത്തില്‍ അടയിരിക്കുമ്പോള്‍ തന്നെ, നിലവിലെ നിയമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഉപേക്ഷിച്ചിട്ടുമില്ല.

ആ കുത്സിത നീക്കങ്ങളുടെ ഭാഗമാണ് 2023 ഓഗസ്റ്റില്‍ കൊണ്ടുവന്ന വന സംരക്ഷണ നിയമ ഭേദഗതി. 2016 ലെയും 2018 ലെയും കരട് വന നയങ്ങളിലെ വിവാദ വ്യവസ്ഥകളെല്ലാം തിരുകിക്കയറ്റിയതാണ് വന സംരക്ഷണ നിയമഭേദഗതി.

2018 ലെ കരട് നയത്തിന്റെ ചുവടുപിടിച്ചാണ് ഭേദഗതിയെന്ന് സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നു. 2023 ലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്ത കുറിപ്പില്‍ ഇങ്ങനെ വായിക്കാം ‘സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ദേശീയ വന നയത്തിന്റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വനവുമായി ബന്ധപ്പെട്ട ജനസമൂഹത്തെയും ഉള്‍ച്ചേര്‍ക്കണമെന്ന് വന നയം ശിപാര്‍ശ ചെയ്യുന്നു.’

(അടുത്ത ഭാഗത്തില്‍: വ്യവസായ സൗഹൃദ വിവാദ വ്യവസ്ഥകള്‍ വന നിയമങ്ങളില്‍ തിരുകിക്കയറ്റിയത് എങ്ങനെ?)

ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പ്രസിദ്ധീകരിച്ച സ്റ്റോറിയുടെ മലയാളം വിവര്‍ത്തനമാണ് അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Share on

മറ്റുവാര്‍ത്തകള്‍