July 19, 2025 |

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-144

എല്ലാവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടാകും. സ്വപ്നങ്ങള്‍ ഉണ്ടാകും. ആഗ്രഹങ്ങള്‍ ഉണ്ടാകും. ഇതൊക്കെ തന്നെയാണ് വോട്ടറെ ഒരു സ്ഥാനാര്‍ത്ഥി പാട്ടിലാക്കുവാന്‍ ശ്രമിക്കുന്ന മുഖ്യഘടകം. വോട്ടര്‍മാര്‍ക്ക് പ്രതീക്ഷകളും, സ്വപ്നങ്ങളും നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങള്‍ കാലങ്ങളായി രാഷട്രീയ പാര്‍ട്ടികള്‍ നല്‍കി വരുന്നത് നമുക്ക് മുന്നിലില്‍ ഇപ്പോഴും നടക്കുന്നുണ്ട്. നടക്കാത്ത പല വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് മുന്‍പൊക്കെ നേതാക്കള്‍ നടത്തിയിരുന്നു എന്ന് നമുക്കറിയാം. നാട്ടില്‍ തേനും പാലും ഒഴുക്കും എന്ന് അതിനെ കളിയാക്കിക്കൊണ്ട് പറയാറുണ്ടല്ലോ…! ഇന്ന് വോട്ടര്‍മാര്‍ക്കല്ല, പകരം എതിര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. രാഷ്ട്രീയ ആശയങ്ങള്‍ മാറ്റിപ്പറയുവാനായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കന്മാരെ ആകര്‍ഷിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കൂറ് മാറുന്ന കാഴ്ച്ചയും ഇപ്പോള്‍ സാധാരണമാണ്.

സുരക്ഷിത മണ്ഡലം തേടി

വോട്ടര്‍മാരെല്ലാം കഴുതകളെ പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ ഇക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്ന് നേതാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. നടക്കുവാന്‍ സാധ്യതയുള്ള പല കാര്യങ്ങള്‍ ഇപ്പോള്‍ ഓരോ രാഷ്ട്രീയ മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നുമുണ്ട്.

രാജാക്കന്മാരെ പോലെ വോട്ടര്‍മാര്‍ക്ക് മുകളില്‍ ഇരുന്നു കൊണ്ട് മുന്നോട്ട് നീങ്ങുന്ന രാഷ്ട്രീയ നേതാക്കളെ എത്രയോ തവണ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാരെ കഴുതുകളാക്കി മുന്നില്‍ ക്യാരറ്റ് തൂക്കി കൊണ്ട്, അവരെ മുന്നോട്ടു നയിപ്പിക്കുന്ന രംഗവും ഒട്ടേറെ തവണ കാര്‍ട്ടൂണുകളായി വന്നിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുകുമാറും സമാനമായ ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍ രസകരമായ കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടായത് ശ്രദ്ധേയമാണ്. അത് തന്നെയാണ് ഈ കാര്‍ട്ടുണിനെ വേറിട്ട് നിര്‍ത്തുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: സുകുമാര്‍

 

Leave a Reply

Your email address will not be published. Required fields are marked *

×