UPDATES

ഓഫ് ബീറ്റ്

സുരക്ഷിത മണ്ഡലം തേടി

രാഷ്ട്രീയ ഇടവഴി 143

                       

സുരക്ഷിത മണ്ഡലം തേടി ഒരു സ്ഥാനാര്‍ഥി പോകുന്നതില്‍ ഒരു തെറ്റുമില്ല. അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് സുരക്ഷിത മണ്ഡലം ലഭിക്കണമെങ്കില്‍ അത്രമാത്രം സ്വാധീനം പാര്‍ട്ടിയില്‍ വേണം. ഏതൊരു പാര്‍ട്ടിയായാലും അവരുടെ നേതാവ് സുരക്ഷിത മണ്ഡലത്തിലാണ് മത്സരിക്കാറ് എന്നും കാണാം. സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍ നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുന്നത് സുരക്ഷിതമായതിനാലാണ്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ ചരിത്രം രാഹുലിനുണ്ട്. അമേഠിയില്‍ മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധ്യതയില്ല എന്നുള്ള തോന്നലാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ അറ്റകൈ

രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ അമേഠി പോലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മറ്റൊരു മണ്ഡലമാണ് റായ്ബറേലി. ഇവിടെ നിന്ന് രാഹുലിന്‍റെ പിതാവും, പിതാവിന്‍റെ പിതാവും പാര്‍ലമെന്‍റിലെ പ്രതിനിധിയായിട്ടുണ്ട്. 1966 ല്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് 1967 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുന്നതും ഇന്ദിരാഗാന്ധി തോല്‍വി അറിയുന്നതും ഈ തെരഞ്ഞെടുപ്പിലാണ്. സോഷ്യലിസ്റ്റ് നേതാവായ രാജനാരായണന്‍ ആണ് അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത്. അതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളാലും കോണ്‍ഗ്രസ് വിജയിച്ചെങ്കിലും 1996, 98 വര്‍ഷം ബിജെപി റായ്ബറേലിയില്‍ ജയിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തില്‍ രാജ്യമാകെ അലകള്‍ അടിപ്പിച്ചപ്പോഴും 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ജയിക്കുകയുണ്ടായി.

1980ല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായിബറയിലേക്ക് പുറമേ ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബലറലിയില്‍ നിന്ന് ഇന്ദിര രാജിവെച്ചു. 1980 ല്‍ റായ്ബലറലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്റുവായിരുന്നു. സുരക്ഷിതമണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധി ആന്ധ്രപ്രദേശിലും മത്സരിക്കാന്‍ പോയത്. ഇത് വിഷയമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എം മോനായി 1989 സെപ്റ്റംബര്‍ മാസം പതിനഞ്ചാം തീയതി ദേശാഭിമാനിയില്‍ കാര്‍ട്ടൂണ്‍ വരച്ചത് ശ്രദ്ധേയമായിരുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

Share on

മറ്റുവാര്‍ത്തകള്‍