UPDATES

ബിഎച്ച്‌യു പീഡനം; പ്രതികള്‍ ‘അവസരം’ തേടി കാമ്പസില്‍ സ്ഥിരമായി എത്തിയിരുന്നവര്‍

പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് രണ്ടു മാസത്തിനുശേഷം

                       

വരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല(ബിഎച്ച്യു)യില്‍ വിദ്യാര്‍ത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതികള്‍ ‘അവസരം’ തേടി കാമ്പസില്‍ സ്ഥിരമായി എത്തിയിരുന്നവരായിരുന്നുവെന്നു പൊലീസ്. കാമ്പസിനുള്ളില്‍ നടന്ന മറ്റ് മൂന്നു ലൈംഗികാതിക്രമങ്ങളില്‍ കൂടി ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. ബിജെപി പ്രാദേശിക നേതാക്കളായ കുനാല്‍ പാണ്ഡെ, അഭിഷേക് ചൗഹാന്‍, സാക്ഷം പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പ്രതികളുടെയും മൊബൈല്‍ ടവര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും തുടര്‍ച്ചയായി രാത്രി 11 നും പുലര്‍ച്ചെ 1 നും ഇടയില്‍ പ്രതികള്‍ കാമ്പസില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്ന് വ്യക്തമായതായി അന്വേഷണ സംഘം ദ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറയുന്നുണ്ട്. ഇപ്പോഴത്തെ കേസിനാസ്പദമായ സംഭവത്തിന് രണ്ടു ദിവസം മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിനിക്കും സമാനമായ ദുരനുഭവം നേരി ടേണ്ടിവരികയും അത് പ്രോക്ടറുടെ(സര്‍വകലാശാല ഉദ്യോഗസ്ഥന്‍) ഓഫീസില്‍ അറിയിക്കുകയും ചെയ്തിരുന്നു.

2023 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭാവമുണ്ടാകുന്നത്. തന്റെ സുഹൃത്തിനെ കാണുവാനായി ഹോസ്റ്റലില്‍ നിന്നു പുറത്തു വന്ന പെണ്‍കുട്ടിയെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാമ്പസ് വളപ്പിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത ആക്രമികള്‍, ഇതെല്ലാം തങ്ങളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ വിദ്യാര്‍ത്ഥിനിയെയും സൃഹൃത്തിനെയും കൊന്നുകളയുമെന്നു ഭീഷണി പെടുത്തുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഐഐടി അധികൃതര്‍ പെട്ടെന്നു തന്നെ വിഷയത്തില്‍ ‘പരിഹാരവും’ കണ്ടു. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്നത് നിരോധിച്ചുകൊണ്ടായിരുന്നു പരിഹാരം കണ്ടെത്തിയതെന്നു മാത്രം. വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടതില്‍ സര്‍വകലാശാള അധികൃതരില്‍ നിന്നോ പൊലീസില്‍ നിന്നോ നടപടികളൊന്നും ഉണ്ടാവാതെ വന്നതോടെ കാമ്പസില്‍ തുടര്‍ച്ചയായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാജ്യം മുഴുവന്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചു. സംഗതി കൈവിട്ടു പോകുമെന്ന് കണ്ടതോടെ മാത്രമാണ് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടു രണ്ട് മാസങ്ങള്‍ക്കിപ്പുറം പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നു

കാമ്പസ് വളപ്പില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ പ്രവര്‍ത്തകരായിരുന്നു. ഇവരുടെ അറസ്റ്റ് മധ്യപ്രദേശില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. പ്രതികള്‍ മൂന്ന് പേരും ബിജെപി ഐ ടി സെല്‍ അംഗങ്ങളാണെന്ന വിവരം പുറത്തു വന്നു. ബി ജെ പി പ്രവര്‍ത്തകരായായ പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന തരത്തില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കുനാല്‍ പാണ്ഡെയും സാക്ഷം പട്ടേലും ബിജെപി പാര്‍ട്ടിയുടെ വാരണാസി (മഹാനഗര്‍) ഐടി സെല്‍ കോര്‍ഡിനേറ്ററും കോ- ഓര്‍ഡിനേറ്ററുമാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരും മുതിര്‍ന്ന ബിജെപി നേതാക്കളുമൊത്തുള്ള നിരവധി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ പ്രധാനമ്ര്രന്തി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെ പല പ്രമുഖ നേതാക്കളുമുണ്ട്. സംഭവശേഷം ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജ്‌ന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

പാര്‍ട്ടി ”ബേഠി ബച്ചാവോ, ബേഠി പഠാവോ” മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് ”ബലാത്കാരി (റേപ്പിസ്റ്റ്) ജനതാ പാര്‍ട്ടി”യായി മാറിയെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മേധാവി നെറ്റ ഡിസൂസ ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള പ്രതികളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വാര്‍ത്തസമ്മേളനത്തില്‍ പരിഹസിച്ചത്. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍, ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ബിജെപി ഐടി സെല്‍ അംഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ 60 ദിവസമെടുത്തത് പ്രതികള്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതായതുകൊണ്ടാണെന്നന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു.

എന്നാല്‍ പ്രതികള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമയിരുന്നവെന്ന ആരോപണം മധ്യപ്രദേശിലെ ബിജെപി സംസ്ഥാന ഘടകം നിഷേധിക്കുകയാണുണ്ടായത്. ഇവര്‍ക്ക് മൂവര്‍ക്കും മധ്യപ്രദേശുമായി യാതൊരു ബന്ധവുമില്ലെന്നും തെരെഞ്ഞെടുപ്പ് കാലത്ത് അവര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകില്ലെന്നും, സര്‍ക്കാര്‍ കുറ്റകൃത്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, അവര്‍ക്ക് പദവികള്‍ നല്‍കുകയോ ചെയ്യുന്നിലെന്നും മധ്യപ്രദേശ് ബിജെപി വക്താവ് നരേന്ദര്‍ സലൂജ പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഐ പി സി സെക്ഷന്‍ 354, കൂട്ടബലാത്സംഗ കുറ്റം എന്നിവയ്ക്ക് പുറമെ ദേശീയ ഗൂണ്ട നിയമം തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണു കാശി ജില്ലാ കമ്മീഷണര്‍ ആര്‍ എസ് ഗൗതം പറഞ്ഞത്.

ഇന്ത്യയില്‍ സ്ത്രീകള്‍, കുട്ടികള്‍, എസ് ടി, എസി സി വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേ വലിയ തോതില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023 ഡിസംബര്‍ 3 നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, 2021-നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ 2022-ല്‍ നാലു ശതമാനം വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2022-ല്‍ മൊത്തം 4,45,256 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ഇത് 4,28.278 കേസുകളായിരുന്നു. 2022-ലെ കണക്കുപ്രകാരം രാജ്യത്ത് സത്രീകള്‍ക്കെതിരേ നടന്ന ബലാത്സംഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണ്. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശില്‍ 3,690 കേസുകലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 3,029 കേസുകളുമുണ്ട്. ഒരു ലക്ഷം സ്ത്രീകള്‍ക്കിടയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ നിരക്ക് 2021-ല്‍ 64.5 ആയിരുന്നത് 2022-ല്‍ 66.4 ആയി ഉയര്‍ന്നുവെന്നാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍