UPDATES

ബിഹാറില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇടത്

5 സീറ്റാണ് ഇന്ത്യ സഖ്യവുമായുള്ള ധാരണ പ്രകാരം ഇടത് പാര്‍ട്ടികള്‍ക്കുള്ളത്

                       

ബിഹാറില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇടത് പാര്‍ട്ടികള്‍. ഇന്ത്യ സഖ്യത്തിന്റെ പിന്തുണയാണ് അധികകരുത്തായി ഇത്തവണ കണകാക്കുന്നത്. ഇന്ത്യസഖ്യവുമായുള്ള ധാരണയില്‍ അഞ്ച് സീറ്റാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളത്. ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായിരുന്നു ബിഹാര്‍. അവിടെ നിന്നുള്ള തിരിച്ച് വരവിലാണ് കഴിഞ്ഞ കുറച്ച് കാലമായി ഇടത് പാര്‍ട്ടികള്‍. നിയമസഭ തെരഞ്ഞെടുപ്പികളിലെ ജയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതും. ബിജെപിയ്‌ക്കെതിരെ കൃത്യമായ രാഷ്ട്രീയം ഉയര്‍ത്തിയാണ് അവരുടെ മുന്നേറ്റം. കാര്‍ഷിക ബില്ലുകള്‍ പോലുള്ള നടപടികളിലുടെ കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി അതിശക്തമായ സമര-പ്രക്ഷോഭ പരിപാടികളുമായി ഇടതു പാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ടായുന്നു. കര്‍ഷകരും ദലിതുകളും ഉള്‍പ്പടേയുള്ള പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഇന്നും അഭിസംബോധന ചെയ്യുന്നതും.
ദീര്‍ഘകാലം കര്‍ഷകത്തൊഴിലാളികള്‍ക്കും പാട്ടക്കുടിയാന്മാര്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ബിഹാറില്‍ പലയിടങ്ങളിലും വോട്ടാക്കി മാറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. 1972ല്‍ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി സിപിഐ ആയിരുന്നു. 1995 വരെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഐക്ക് 20ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ സ്വാധീനം കുറച്ചു പോക്കറ്റുകളില്‍ മാത്രം ഒതുങ്ങിനിന്നു. കാലക്രമേണ സിപിഐ ക്ഷയിക്കാന്‍ തുടങ്ങി. യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന കാരണം. 1970കള്‍ മുതല്‍ മൂന്നു പതിറ്റാണ്ടു കാലം ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാര്‍ നക്‌സലുകളായി. തെക്കന്‍ ബിഹാറിലെ, ഭോജ്പുരി സംസാരിക്കുന്ന ജില്ലകളില്‍ നക്‌സല്‍ ഗ്രൂപ്പുകളാണു ദലിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ശാക്തീകരണം സാധ്യമാക്കിയത്. സ്ത്രീപീഡനം, ദേഹോപദ്രവം, ജാതിവെറി എന്നിവ ശീലമാക്കിയ ജന്മിമാരെ അവര്‍ നിലയ്ക്കുനിര്‍ത്തി. 1974 മുതല്‍ അവരില്‍ ചില ഗ്രൂപ്പുകള്‍ ആയുധമുപേക്ഷിച്ച് തിരഞ്ഞെടുപ്പു മാര്‍ഗം സ്വീകരിച്ചു. അങ്ങനെ പരിണമിച്ചുണ്ടായതാണ് സിപിഐ എംഎല്‍ ബിഹാറിലെ ഏറ്റവും വലിയ ഇടതു പാര്‍ട്ടി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇടതുപാര്‍ട്ടികള്‍ ബിഹാറില്‍ വീണ്ടും യുവാക്കളെ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു. സിപിഐയുടെ വിദ്യാര്‍ഥിസംഘടനയായ എഐഎസ്എഫ്, സിപിഐ എംഎല്‍എല്ലിന്റെ വിദ്യാര്‍ഥിസംഘടനയായ എഐഎസ്എ എന്നിവയുടെ നേതാക്കളായ അര ഡസനോളം പേര്‍ക്ക് ഇടതുകക്ഷികള്‍ നിയമസഭയില്‍ ടിക്കറ്റ് കൊടുത്തിരുന്നു. ബിഹാര്‍ നിയമസഭയില്‍ സിപിഐ (എംഎല്‍)ന് 11 എംഎല്‍എമാരുണ്ട്. സിപിഐ, സിപിഎം കക്ഷികള്‍ക്ക് രണ്ട് പേരും.

ഇത്തവണ പ്രതീക്ഷ 5 സീറ്റില്‍

ആകെ 5 സീറ്റാണ് ഇന്ത്യ സഖ്യവുമായുള്ള ധാരണ പ്രകാരം ഇടത് പാര്‍ട്ടികള്‍ക്കുള്ളത്. അതില്‍
മൂന്നെണ്ണത്തില്‍ സിപിഐ (എംഎല്‍)ലും ഒരോ സീറ്റുകളില്‍ സിപിഐയും സിപിഎമ്മുമാണ് മല്‍സരിക്കുക.സിപിഐ മല്‍സരിക്കുന്ന പ്രധാന മണ്ഡലം ബെഗുസരയാണ്.അവധേഷ് കുമാര്‍ റായ് യാദവ് ആണ് സിപിഐ സ്ഥാനാര്‍ത്ഥി. 7 നിയമസഭാ മണ്ഡലങ്ങളില്‍ 2 എണ്ണത്തില്‍ സ്വാധീനമുള്ള സിപിഐയ്ക്ക് പ്രതീക്ഷ നല്‍കുന്നത് ആര്‍ജെഡിയുടെ പിന്തുണയാണ്. മുന്‍ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ കനയ്യകുമാറായിരുന്നു ഇടത് പാളയത്തില്‍ നിന്ന് മണ്ഡത്തില്‍ മല്‍സരിച്ചത്. എന്നാല്‍ ഗിരിരാജിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ഖഗാരിയയാണ് സിപിഎം മത്സരിക്കുന്ന മണ്ഡലം. സ്ഥാനാര്‍ത്ഥി സഞ്ജയ് കുമാര്‍ കുശ്വാഹയാണ്. എതിരാളി എല്‍ജെപിയുടെ രാജേഷ് വര്‍മ. ആര്‍ജെഡിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. മുസ്ലിം, യാദവ വിഭാഗങ്ങളാണ് മണ്ഡലത്തില്‍ കൂടുതലും.സിപിഐ (എം എല്‍) അര്‍റാ, കര്‍ക്കാട്ട്, നളന്ദ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. അര്‍റാ മണ്ഡലത്തിലെ 2 നിയമസഭ മണ്ഡലങ്ങള്‍ ഇടതിന് അനുകൂലമാണ്. 3 എണ്ണം ആര്‍ജെഡിയ്ക്കും.ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ് കര്‍ക്കാട്ട്. ആറ് നിയമസഭാ സീറ്റുകളില്‍ 2020ല്‍ ഒന്ന് സിപിഐ (എം എല്‍)ഉം അഞ്ചെണ്ണം ആര്‍ജെഡിയുമാണ് സ്വന്തമാക്കിയത്.

 

Content summary; Are Left Parties Poised to Win Lok Sabha Polls After Nearly 25 Years in Bihar?

 

Share on

മറ്റുവാര്‍ത്തകള്‍