കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് 39 സീറ്റുകളും എന്‍.ഡി.എ സഖ്യമാണ് നേടിയത്
ബിഹാര്‍ ലോകസഭയിലെ 40 സീറ്റുകളില്‍ നാലെണ്ണത്തിലാണ് വെള്ളിയാഴ്ച്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സഖ്യം ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഇന്ത്യ മുന്നണിയില്‍ നിന്നും നിതീഷ് കുമാറിനെ അടര്‍ത്തിക്കൊണ്ടുവന്നതോടെ ബിജെപി ബിഹാറില്‍ തികഞ്ഞ അത്മവിശ്വാസത്തിലുമാണ്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് 39 സീറ്റുകളും എന്‍.ഡി.എ സഖ്യമാണ് നേടിയത്. നിലവില്‍ ജെ.ഡി.യുവിന് പുറമേ രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ നയിക്കുന്ന എല്‍.ജെ.പി ഘടകം, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് എന്‍.ഡി.എയില്‍ ബി.ജെ.പിക്ക് പുറകിലുള്ളത്. ഇന്ത്യ സഖ്യത്തിലാകട്ടെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും പുറമേ മുകേഷ് സാഹ്നിയുടെ വികാസ് അനുശീലന്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവരുമുണ്ട്.
ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും നിലവില്‍ എന്‍.ഡി.എയുടെ കൈവശമാണ്. ഇതില്‍ ഗയ സീറ്റാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചിയാണ് ഗയയില്‍ നിന്ന് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയില്‍ നിന്ന് ആര്‍.ജെ.ഡി നേതാവായ കുമാര്‍ സര്‍വ്വജീതാണ് എതിരാളി. ഔറംഗബാദിലും നവാദയിലും ആര്‍.ജെ.ഡിയും ബി.ജെ.പിയും നേരിട്ടാണ് മത്സരം. രാംവിലാസ് പസ്വാന്റെ മകനും മുന്‍ ബോളിവുഡ് നായകനുമായ ചിരാഗ് പസ്വാന്റെ മണ്ഡലമായിരുന്ന ജാമൂയില്‍ ഇത്തവണ ചിരാഗിന്റെ സഹോദരീ ഭര്‍ത്താവായ അരുണ്‍ ഭാരതിയാണ് മത്സരിക്കുന്നത്. തന്റെ പിതാവിന്റെ മണ്ഡലമായിരുന്ന ഹാജിപൂരിലേയ്ക്ക്, അദ്ദേഹത്തിന്റെ പിന്‍മുറക്കാനെന്ന പദവിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചിരാഗ് മാറി.
നരേന്ദ്ര മോദി ഇതിനോടകം ബിഹാറില്‍ മൂന്ന് തവണ പ്രചരണത്തിന് എത്തിക്കഴിഞ്ഞു. അമിത് ഷായും ജെ.പി നദ്ദയും മറ്റും പല തവണ വന്നു. ഇന്ത്യ മുന്നണിക്കാകട്ടെ നേതാക്കളുടെ ക്ഷാമമുണ്ട്. അഖിലേഷ് യാദവും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വരും, പക്ഷേ ഇതുവരെ എത്തിയിട്ടില്ല. പ്രിയങ്കയും രാഹുലും ഒന്നാം ഘട്ടത്തില്‍ ബിഹാറില്‍ വന്നില്ല. അവിടെ തേജസ്വി യാദവിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. പോകുന്നിടത്തെല്ലാം ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന വലിയ നേതാവായി മാറിയിരിക്കുന്നു ലാലുപ്രസാദ് യാദവിന്റെ മകന്‍. മോദി അതുകൊണ്ട് ഇപ്പോഴും ഉന്നം വയ്ക്കുന്നത് ലാലുപ്രസാദിനെയാണ്. ലാലുവിന്റേയും റാബ്രിയുടെയും കാലം ജംഗിള്‍ രാജ് അഥവ കാട്ടുനീതിയുടെ കാലമായിരുന്നുവെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നു. അഴിമതിയും കാട്ടുനീതിയുമായിരുന്നു അക്കാലത്ത് എന്ന് ഓര്‍മ്മിപ്പിക്കുന്നു. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ മനസില്‍ രാമനുണ്ടാകണം എന്ന വര്‍ഗ്ഗീയ കാര്‍ഡിറക്കുന്നു. മോദി എന്ന ഒറ്റക്കാര്യമേ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും ആവര്‍ത്തിക്കാനുള്ളൂ. ജെ.ഡി.യു പോലും നിതീഷിനെ കുറിച്ചല്ല മോദിയെ കുറിച്ചാണ് സംസാരിക്കുന്നത്.
ഇതിന് നേരെ തിരിച്ചാണ് തേജസ്വി യാദവിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു കോടി പേര്‍ക്ക് തൊഴില്‍ വാഗ്ദാനമാണ് ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തേജസ്വി വാഗ്ദാനം ചെയ്യുന്നത്. രാമക്ഷേത്രം, ഹിന്ദുത്വ തുടങ്ങിയ മോദിയുടെ പ്രചാരണങ്ങളെ അവഗണിച്ച് തൊഴിലില്ലായ്മ, വിലക്കയറ്റം, നിത്യ ജീവിതപ്രശ്‌നങ്ങള്‍, ദാരിദ്യം, അസമത്വം, ഒബിസി, ദളിത്, ആദിവാസി സമൂഹങ്ങളുടെ സംവരണത്തില്‍ വരുന്ന കുറവ് തുടങ്ങിയ വിഷയങ്ങളാണ് തേജസ്വിയുടെ പ്രസംഗങ്ങളില്‍. 2020 നിയമസഭ തിരഞ്ഞെടുപ്പില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു ആര്‍.ജെ.ഡിയെന്നും താന്‍ ഉപമുഖ്യ ഇമന്ത്രിയായിരുന്ന കാലത്ത്, വെറും 17 മാസങ്ങള്‍ കൊണ്ട് നാലര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും തേജസ്വി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ജെ.ഡി.യു ആര്‍ജെഡിയെ ചതിച്ച് ബി.ജെ.പിക്കൊപ്പം പോയ ശേഷം അത് നിലച്ചുവെന്നും. ഇലക്ടറല്‍ ബോണ്ടും ബി.ജെ.പിയിലെ അഴിമതിക്കാരായ നേതാക്കളും രാമക്ഷേത്ര അജണ്ടകള്‍ക്ക് പകരം തേജസ്വി മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഈ നാല് സീറ്റുകളിലേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തേജസ്വിയുടെ ബുദ്ധി കൂര്‍മ്മത കാണാം. 2019-ല്‍ ആര്‍.ജെ.ഡിക്കൊപ്പം മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജിതിന്‍ റാം മാഞ്ചി ഇത്തവണ ഗയയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ പസ്വാന്‍ വിഭാഗത്തില്‍ നിന്നുള്ള കുമാര്‍ സര്‍വജീത് എന്ന ബോധ്ഗയയിലെ ജനപ്രിയ എം.എല്‍.എയാണ് ആര്‍.ജെ.ഡി എതിരെ നിര്‍ത്തിയിരിക്കുന്നത്. പസ്വാന്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ മുഷഹര്‍ വിഭാഗക്കാരനായ ജിതിന്‍ റാം മാഞ്ചിക്കെതിരെ സര്‍വ്വജീത് ഫലപ്രദമായിരി്ക്കുമെന്നാണ് കേള്‍വി. അയല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ചിരാഗ് പസ്വാന്റെ എല്‍.ജെ.പിക്കാര്‍ക്ക് പോലും ഒരു പസ്വാന്‍ സ്ഥാനാര്‍ത്ഥിക്ക് പകരം മുഷാഹര്‍ വിഭാഗക്കാരന് വോട്ട് ചെയ്യണം എന്ന് പറയാനുള്ള താത്പര്യമില്ല.
ഇതേ യുക്തിയാണ് മേല്‍ജാതി രാജ്പുത്തുകളല്ലാതെ മറ്റാരും ഇന്നേ വരെ ജയിച്ചിട്ടില്ലാത്ത ഔറംഗബാദ് മണ്ഡലത്തിലും പ്രയോഗിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ സിങ് എന്ന രാജ്പുത് സ്ഥാനാര്‍ത്ഥിക്കെതിരെ കോയ്‌റി-കുശ്വാഹ സമൂഹത്തില്‍ വളരെ ജനപ്രിയനായ അഭയ് കുശ്വാഹ എന്ന നേതാവിനെയാണ് തേജസ്വി നിയോഗിച്ചിരിക്കുന്നത്. മോഡി മാജിക്കല്ലാതെ മറ്റൊരു വികസന നേട്ടവും പറയാനില്ലാത്ത മേല്‍ജാതി സിറ്റിങ് എം.പിക്കെതിരെ പിന്നാക്ക- മുസ്ലീം ഐക്യം ഔറംഗബാദിലുണ്ടായാല്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് കണക്ക് കൂട്ടല്‍.
നവാദ മണ്ഡലത്തിലും ഇതേ തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ ഠാക്കൂര്‍ സ്ഥാനാര്‍ത്ഥി വിവേക് ഠാക്കൂറിനെതിരെ പ്രദേശിക യുവ നേതാവും കോയ്രി-കുശ്വാഹ മുഖവുമായ ശ്രാവണ്‍ കുശ്വാഹയെ നിര്‍ത്തിയെങ്കിലും ആര്‍.ജെ.ഡിയുടെ സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ തിരിച്ചടിയുണ്ടായി. വിനോദ് യാദവ് എന്ന ആര്‍.ജെ.ഡി റിബലിനെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഇവിടെ സ്വന്തം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുണ്ട്. ജയിക്കുകയല്ല, പിന്നാക്ക വോട്ട് വിഭജിപ്പിച്ച് ബി.ജെ.പി ജയം സുഗമമാക്കുകയാണ് ബിഎസ്പി ലക്ഷ്യം. ചിരാഗ് പസ്വാന്‍ സഹോദരീ ഭര്‍ത്താവിന് വേണ്ടി ഉപേക്ഷിച്ച ജാമൂയില്‍ ആര്‍.ജെ.ഡി രംഗത്തിറക്കിയിരിക്കുന്നത് പ്രദേശിക ദളിത് സാമൂഹിക പ്രവര്‍ത്തകയായ അര്‍ച്ചന രവിദാസിനെയാണ്. അര്‍ച്ചന വിവാഹം കഴിച്ചിരിക്കുന്നത് ഒരു യാദവ് സമുദായാംഗത്തെയായതിനാല്‍ യാദവ-ദളിത് വോട്ട് സമവാക്യവും ഇവിടെ പ്രയോഗികമാകുമെന്ന് സൂചനകളുണ്ട്.
English Summary: India national election 2024, modi-nitish kumar led nda alliance and tejashwi yadav led india bloc’s possibilities in bihar