UPDATES

പഞ്ചാബില്‍ ആം ആദ്മിക്കാര്‍ക്കായി വമ്പിച്ച ഓഫര്‍

അഞ്ചു കോടിയും, ലോക്‌സഭ ടിക്കറ്റും

                       

അരവിന്ദ് കെജ്‌രിവാളിനെ അഴികള്‍ക്കുള്ളില്‍ ആക്കിയതിന് പിന്നാലെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി അത്യധികമായി ശ്രമിക്കുന്നുണ്ട്. ഡല്‍ഹിക്കൊപ്പം പഞ്ചാബില്‍ നിന്നും ആപ്പ് സര്‍ക്കാരിനെ മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് പറഞ്ഞു കേട്ടത്. മദ്യനയ അഴിമതിക്കേസ് പഞ്ചാബിലേക്കും നീട്ടിയിരിക്കുന്നത് അതിന്റെ ഭാഗമാണെന്നാണ് ആരോപണം. ഇപ്പോഴിതാ, സംസ്ഥാന നിയമസഭയിലെ ആപ്പ് എംഎല്‍എമാരെ പണമെറിഞ്ഞ് വലയിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി വെളിപ്പെടുത്തല്‍. കോഴ വാഗ്ദാനത്തില്‍ ലുധിയാന സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ചിനയുടെ പരാതിയില്‍ ലുധിയാന പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്, ആം ആദ്മി പാര്‍ട്ടി വിടാന്‍ രജീന്ദര്‍പാലിന് അഞ്ചു കോടിയും ലോക്‌സഭ ടിക്കറ്റും ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അവസരവും വാഗ്ദാനം ചെയ്തു എന്നാണ്.

ഫോണ്‍ വഴിയായിരുന്നു വാഗ്ദാനം. എംഎല്‍എ പരാതിക്കൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ +46 എന്ന കണ്‍ട്രി കോഡാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വീഡനില്‍ നിന്നാണ് കോള്‍ വന്നിരിക്കുന്നതെന്നാണു പൊലീസ് പറയുന്നത്. തന്നെ വിളിച്ചയാള്‍ ബിജെപി പ്രവര്‍ത്തകനായ സേവക് സിംഗ് ആണെന്നാണ് രജീന്ദര്‍പാല്‍ പറയുന്നത്. അവരുടെ പരാതി പ്രകാരം സേവക് സിംഗിനെ പ്രതിയാക്കിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ലുധിയാന സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും ബിജെപിയില്‍ ചേരാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകനായ സേവക് സിംഗ് ശ്രമിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

പരാതിക്കാരിക്ക് ഫോണ്‍ വഴിയാണ് വാഗ്ദാനം വന്നത്. ഫോണ്‍ വിളിച്ചയാള്‍ ഡല്‍ഹിയിലെ ബിജെപി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന സേവക് സിംഗ് ആണെന്നു തിരിച്ചറിഞ്ഞു. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ അഞ്ചു കോടിയാണ് പരാതിക്കാരിക്ക് വാഗ്ദാനം ചെയ്തത്. കൂടാതെ, ലോക്‌സഭയിലേക്ക് ബിജെപി ടിക്കറ്റോ, അതല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നത സ്ഥാനമോ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. പരാതിക്കാരിക്ക് ഡല്‍ഹിയിലുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അവസരവും ഉറപ്പ് നല്‍കിയിരുന്നു”- എഫ് ഐ ആറില്‍ പറയുന്ന കാര്യങ്ങളാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയും വരെ തനിക്ക് അധികം സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രജീന്ദര്‍പാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ‘ മൂന്നു നാല് ദിവസങ്ങളില്‍ എനിക്ക് ചില കോളുകള്‍ ജര്‍മനിയില്‍ നിന്നും മറ്റ് ചില രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരുന്നു. വിളിക്കുന്നയാള്‍ ബിജെപി പ്രവര്‍ത്തകന്‍ സേവക് സിംഗ് ആണെന്നു മനസിലായി. അയാള്‍ ഒരു മറയുമില്ലാതെയാണ് എനിക്ക് അഞ്ചു കോടിയും ലോക്‌സഭ ടിക്കറ്റുമൊക്കെ വാഗ്ദാനം ചെയ്തത്. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ചോദിപ്പോള്‍ ഡല്‍ഹിയില്‍ നിന്നാണെന്നു പറഞ്ഞു. ഞാന്‍ യെസ് പറഞ്ഞാല്‍ ഡല്‍ഹിയിലുള്ള ഉന്നതന്മാരുമായി സംസാരിക്കാന്‍ അവസരമൊരുക്കാമെന്നും പറഞ്ഞു. രവ്‌നീത് ബിട്ടുവിന്റെ പേരു പറഞ്ഞും എന്നെ പ്രലോഭിപ്പിക്കാന്‍ നോക്കി'(ലുധിയാനയില്‍ നിന്നുള്ള ആം ആദ്മി എംപിയായിരുന്ന ബിട്ടു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു).

എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡിസിപി-2 ദേവ് സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കോള്‍ വന്നിരിക്കുന്നത് സ്വീഡന്‍ നമ്പറില്‍ നിന്നാണെന്നു മനസിലായെങ്കിലും ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

എന്നാല്‍, ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ബിജെപി. തങ്ങളുടെ അറിവില്‍ സേവക് സിംഗ് എന്നൊരാള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പഞ്ചാബിലെ പാര്‍ട്ടി വക്താവ് ജയ്ബാന്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. പൊലീസ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരട്ടെയെന്നും ബിജെപി വക്താവ് പറഞ്ഞു. ജലന്ധര്‍ സിറ്റിംഗ് എംപി സുശീല്‍ കുമാര്‍ റിങ്കുവും സിറ്റിംഗ് എംഎല്‍എ ശീതള്‍ അംഗുറാലും കൂറുമാരി ബിജെപിയില്‍ ചേര്‍ന്നതിന്റെ കനത്ത ആഘാതത്തില്‍ നില്‍ക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ജലന്ധറില്‍ നിന്ന് റിങ്കുവിനെ വീണ്ടും മത്സരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കെയാണ് ബിജെപിയിലേക്ക് പോയത്. ഈ നാണക്കേടുകള്‍ക്കിടയിലാണ് മറ്റൊരു എംഎല്‍എയും ബിജെപി തനിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞു രംഗത്തു വന്നിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍