UPDATES

എന്തുകൊണ്ട് കെജ്‌രിവാള്‍ പെട്ടെന്ന് നിശബ്ദനായി, എന്താണ് സ്വാതി മലിവാളിന്റെ പരാതി?

പുറത്തു വന്ന പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്

                       

ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെക്കാള്‍ സ്‌കോര്‍ ചെയ്തു നിന്നിരുന്ന പ്രതിപക്ഷ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി ആയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെയാണ് ആപ് കളം പിടിക്കാന്‍ തുടങ്ങിയത്. ശക്തമായൊരു വികാരം തങ്ങള്‍ക്ക് അനുകൂലമായും, ബിജെപിക്ക് എതിരായും ഉണ്ടാക്കിയെടുക്കാന്‍ അറസ്റ്റിലൂടെ ആപ്പിന് സാധിച്ചു. ആഴ്ച്ചകള്‍ക്കുശേഷം സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ പുറത്തു വന്ന കെജ്‌രിവാളിനെ കൂടുതല്‍ ആവേശഭരിതനായാണ് കണ്ടത്. വിരമിക്കല്‍ പ്രായമൊക്കെ ചൂണ്ടിക്കാട്ടി മോദിയെയും ബിജെപിയെയും പ്രതിസന്ധിയിലാക്കാനും കെജ്‌രിവാളിന് സാധിച്ചു. swati maliwal assault case and arvind kejriwal 

തെരഞ്ഞെടുപ്പ് രംഗത്ത് കളം നിറഞ്ഞു നിന്നിരുന്ന കെജ്‌രിവാള്‍ അഞ്ചാംഘട്ട വോട്ടെടുപ്പിന് തൊട്ടു മുമ്പായി പെട്ടെന്നു നിശബ്ദനായി. കാരണം, ബിജെപിയോ, കേസോ കോടതിയോ ഒന്നുമല്ല; സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ് അതിനുള്ള കാരണം വന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി രാജ്യസംഭ അംഗവും ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മലിവാള്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിലും, അതേ തുടര്‍ന്നുണ്ടായിരിക്കുന്ന കേസിലും ഒരു പ്രതികരണവുമില്ലാതെ നിശബ്ദനാണ് കെജ്‌രിവാള്‍.

വളരെ ഗുരുതരമായ പരാതിയാണ് സ്വാതിയുടെത്. മുഖ്യമന്ത്രിയുടെ പിഎ ബിഭവ് കുമാര്‍ തന്നോട് ചെയ്ത ക്രൂരതകള്‍ പൊലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്. പുറത്തു വന്ന പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ഈ ആഴ്ച്ച ആദ്യമാണ് ആപ്പിനെ കുരുക്കിലാക്കിയിരിക്കുന്ന പരാതി ഉയര്‍ന്നു വന്നത്. തിങ്കളാഴ്ച്ച രാവിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു പോയ സ്വാതിയുടെ ഫോണ്‍ കോളില്‍ നിന്നാണിത് തുടങ്ങുന്നത്. കുമാര്‍ തന്നെ ആക്രമിച്ച കാര്യം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞ സ്വാതി, അതേദിവസം തന്നെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നും പരാതി ബോധ്യപ്പെടുത്തിയെങ്കിലും എഴുതി നല്‍കിയില്ല. പിറ്റേ ദിവസം സ്‌പെഷ്യല്‍ സെല്ലിലെ അഡീഷണല്‍ കമ്മീഷണര്‍ പ്രമോദ് ഖുശ്വാഹയും, അഡീഷണല്‍ ഡിസിപി അഞ്ജിത ചെപ്യാലയും, സ്വാതി താമസിക്കുന്ന മിന്റോ റോഡ് ഹൗസിലെ വീട്ടിലെത്തി ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തി. ഒന്നരയ്ക്ക് എത്തിയ പൊലീസുകാര്‍ മടങ്ങി പോയത് അഞ്ചു മണിക്കൂര്‍ കഴിഞ്ഞായിരുന്നു. സ്വാതി മലിവാളിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം നേരെ പോകുന്നത് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയെ കാണാനാണ്. നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് വെളിപ്പെടുത്തിയത്.

‘ ഔദ്യോഗിക വസതിയില്‍ കെജ് രിവാളിനെ കാണാന്‍ മുറിയില്‍ കാത്തിരിക്കുകയായിരുന്നു സ്വാതി. മുറിയിലേക്ക വന്ന വന്ന വിഭവ് കുമാര്‍ ആദ്യം സ്വാതിക്കു നേരെ അസഭ്യവര്‍ഷം തുടങ്ങി. തുടര്‍ന്ന് പലതവണ അയാള്‍ സ്വാതിയെ അടിച്ചു. യാതൊരുവിധ പ്രകോപനങ്ങളും കൂടാതെയായിരുന്നു കുമാറിന്റെ പ്രവര്‍ത്തികള്‍. തന്നെ വിടാന്‍ സ്വാതി അപേക്ഷിച്ചെങ്കിലും അത് ചെവിക്കൊള്ളാതെ കുമാര്‍ തന്റെ മര്‍ദ്ദനം തുടരുകയായിരുന്നു. സ്വാതിയുടെ മുഖത്തും നെഞ്ചിലും ശരീരത്തിന്റെ താഴ്ഭാഗത്തും കുമാര്‍ അടിച്ചു. ഒരുവിധത്തില്‍ അയാളുടെ കൈയില്‍ നിന്നും പുറത്തേക്കോടി രക്ഷപ്പെട്ടശേഷമാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത്’ സ്വാതി മലിവാളിന്റെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. swati maliwal assault case and arvind kejriwal 

വിഭവ് കുമാറിനെതിരേ പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്. ഐപിസി 354,506,509,323 വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.  വ്യാഴാഴ്ച്ച രാത്രി സ്വാതിയെ എയിംസില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

‘ എനിക്ക് സംഭവിച്ചത് തീര്‍ത്തും മോശമായ കാര്യങ്ങളാണ്. പറയാനുള്ളതൊക്കെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വേണ്ട നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എന്നെ സംബന്ധിച്ച് തീര്‍ത്തും ബുദ്ധിമുട്ടേറിയതായിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി, എന്നെ വ്യക്തിഹത്യ ചെയ്യുന്നവരും, മറ്റു പാര്‍ട്ടിക്കാരുടെ നിര്‍ദേശപ്രകാരമാണ് ഞാനിതൊക്കെ ചെയ്യുന്നതെന്നു പറയുന്നവരും ദൈവാനുഗ്രഹത്താല്‍ നന്നായിരിക്കട്ടെ’ സ്വാതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണിത്. ‘ വളരെ നിര്‍ണായകമായൊരു തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. സ്വാതി മലിവാള്‍ പ്രധാനമല്ല, രാജ്യത്തെ പ്രശ്‌നങ്ങള്‍ പ്രധാനമാണ്. എനിക്ക് പ്രത്യേകമായി അഭ്യര്‍ത്ഥിക്കാനുള്ളത്, ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നാണ്’ സ്വാതി കൂട്ടത്തില്‍ പറയുന്നകാര്യങ്ങളാണ്.

സ്വാതിയുടെ പരാതി ആം ആദ്മി നേതൃത്വം ശരിവച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭ അംഗം സഞ്ജയ് സിംഗ് മാധ്യമങ്ങളെ കണ്ട് സംസാരിച്ചപ്പോള്‍ പറഞ്ഞത്, വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു. ‘ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തിറില്‍ പ്രതിഷേധിക്കുന്ന സമയത്ത്, ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയര്‍പ്പിക്കാനെത്തിയ സ്വാതിയെ ഡല്‍ഹി പൊലീസ് മര്‍ദ്ദിക്കുകയും താഴെയിട്ടു വലിച്ചിഴയ്ക്കുകയുമാണുണ്ടായത്. എഎപി ഞങ്ങളുടെ കുടുംബമാണ്, പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുത്’; സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ്.

എന്നാല്‍, കുറ്റാരോപിതനായ വിഭവ് കുമാറിനെ ലക്‌നൗ വിമാനത്താവളത്തില്‍ വച്ച് കെജ്‌രിവാളിനൊപ്പം കണ്ടതായി മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യ സഖ്യത്തിലെ പങ്കാളിയായ അഖിലേഷ് യാദവിനൊപ്പം സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ എത്തിയതായിരുന്നു കെജ്‌രിവാള്‍.

വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ആം ആദ്മി പറയുമ്പോഴും ബിജെപി ആവേശത്തിലാണ്. അവസരം നന്നായി ബിജെപി മുതലെടുക്കുന്നുണ്ട്. ‘ഒരുവാക്കു പോലും കെജ്‌രിവാള്‍ മിണ്ടിയിട്ടില്ലെന്നത് ഞെട്ടിക്കുന്നു’ എന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. സ്വാതി മലിവാളിനെക്കാള്‍ കൂടുതലായി കെജ്‌രിവാള്‍ വിശ്വസിക്കുന്നത് തന്റെ സഹായിയെ ആണെന്നും, കെജ്‌രിവാള്‍ നില്‍ക്കുന്നത് കുമാറിന്റെ കൂടെയാണെന്നും സ്വാതിക്കൊപ്പം അല്ലെന്നുമാണ് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആക്ഷേപിച്ചത്. ബിജെപിയുടെ വനിത വിഭാഗമായ മഹിള മോര്‍ച്ച വെള്ളിയാഴ്ച്ച കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. swati maliwal assault case and arvind kejriwal 

ഏറ്റവും പുതിയ വിവരമനുസരിച്ച് വെള്ളിയാഴ്ച്ച സ്വാതി മലിവാളിനെ ടിസ് ഹസാരി കോടതിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 164 മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Contents summary;  swati maliwal filed assault case against delhi chief minister and  aam aadmi party chief arvind kejriwal’s aide bibhav kumar

Share on

മറ്റുവാര്‍ത്തകള്‍