ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലം ജീവനൊടുക്കേണ്ടി വന്ന പോലീസുകാരുള്ള നാടാണ് നമ്മുടേത്. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങി പോയതിന്റെ പേരിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌ത വാർത്തയും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥരും അവരുടെ ആരോഗ്യവും മുൻവിധികളില്ലാതെ തന്നെ മാനിക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യവും ഇത്തരം സംഭവങ്ങൾ ഉയർത്തുന്നുണ്ട്. വീഴ്ചകളെ ന്യായീകരിക്കേണ്ടതില്ല, എന്നാൽ അത്തരം സാഹചര്യങ്ങളിലേക്ക് നയിച്ച ഘടകങ്ങൾ ചൂണ്ടിക്കാട്ടപ്പെടേണ്ടത് തന്നെയാണ്. കേരള പോലീസ് സേനയിൽ ആത്മഹത്യാ നിരക്കുകൾ വർധിച്ചപ്പോൾ അതിന് പിന്നിൽ ജോലി സമ്മർദ്ദമാണെന്ന് കണ്ടെത്തിയിരുന്നു.
പിന്നാലെ ചർച്ചയും നടപടികളും, അതിന്റെ ചൂടാറിയപ്പോൾ എല്ലാം വീണ്ടും പഴയ പടി. പോലീസുകാരുടെ ജോലിസമ്മർദ്ദം കുറയ്ക്കാൻ കൊണ്ടുവന്ന കൗൺസിലിങ്ങും യോഗയും കൊണ്ട് കാര്യമുണ്ടായില്ലെന്ന് പോലീസുകാർ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. 48 മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നതും, ആവശ്യത്തിന് പോലീസുകാരുടെ അഭാവം, കുറ്റാന്വേഷണം, ക്രമസമാധാന പാലനം, വിഐപി ഡ്യൂട്ടി തുടങ്ങി നിരവധി വിഷയങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്നതുമെല്ലാം കേരള പോലീസിന്റെ നട്ടെല്ലൊടിക്കുന്ന പണികൾ തന്നെയാണ്, അത് ചെയ്യാൻ അവർ നിയോഗിക്കപ്പെട്ടവരാണെന്ന വാദം ഉയർത്തിയാൽ പോലും.
ഭരിക്കുന്ന സർക്കാർ ആരായാലും അവർ നടപ്പിലാക്കുന്ന കർമ്മ പദ്ധതികൾ, അത് ഏതു വിഭാഗത്തിന്റേതായാലും, ഏത് സ്വഭാവമുള്ളതായാലും പ്രായോഗിക തലത്തിലേക്കെത്തുമ്പോൾ അതിന്റെ എല്ലാം തുടക്കം പോലീസിൽ നിന്നായിരിക്കും. എക്‌സൈസ് വകുപ്പിന്റെ കീഴിൽ വരുന്ന മദ്യവും മയക്കുമരുന്ന് പിടുത്തവും തുടങ്ങി, അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിലും, താമസ സ്ഥലത്തെ പരിശോധനകളിലും, ക്ലാസ്സ് കട്ട് ചെയ്ത് നടക്കുന്ന ചില വിദ്യാർത്ഥി വിരുതന്മാരെ പൊക്കുന്നതുമടക്കം, പല അയൽവാസികൾക്കിടയിലുള്ള അതിർത്തി പ്രശ്‍നങ്ങൾക്കും തമ്മിലടികൾക്കും വരെ പോലീസുകാരാണ് മധ്യസ്ഥത വഹിക്കുന്നത്. യഥാർത്ഥത്തിൽ വിവിധ വകുപ്പുകൾക്ക് കീഴിൽ പരിഹരിക്കപ്പെടേണ്ട ഇത്തരം പല പ്രശ്നങ്ങളും പോലീസുകാരുടെ തലയിലിട്ട് ഒഴിയുകയാണെന്ന പരാതിയും ഉദ്യോഗസ്ഥർക്കിടയിലുണ്ട്. കാരണം ഇവയൊക്കെ വിവിധ വകുപ്പിന്റെ പരിധിയിൽ പെടുന്ന വിഷയങ്ങളാണെകിൽ പോലീസ് സേനയ്ക്ക് ഇത് അധിക ജോലിയാണ്.
ഉദാഹരണത്തിന്, അന്യസംസ്ഥാന തൊഴിലാളികൾക്ക് വീട് വാടകയ്ക്ക് കൊടുക്കുമ്പോഴോ, കൊമേഷ്യൽ,റെസിഡെൻഷ്യൽ കോംപ്ലക്സ് ആകുമ്പോഴോ അവിടെ താമസിക്കുന്നവരുടെ/പ്രയോജനപ്പെടുത്തുന്നവരുടെ കൃത്യമായ വിവരങ്ങൾ അതാത് മുൻസിപ്പാലിറ്റി/പഞ്ചായത്ത്/കോർപറേഷനിലോ കെട്ടിട ഉടമ ഹാജരാകാത്ത പക്ഷം അവരുടെ ലൈസെൻസ് സസ്‌പെൻഡ് ചെയ്യാൻ തക്കതായ നടപടികൾ സ്വീകരിച്ചാൽ വകുപ്പിലെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ വരവും പോക്കും താമസിക്കുന്നവരെ കുറിച്ചുള്ള വിവരവും തിട്ടപെടും. ഇത് കൃത്യമായി നടക്കാതെ വരുന്നത് പലപ്പോഴും തങ്ങൾക്ക് തലവേദനയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. ഇത് അത്തരം നിരവധി അനുഭവങ്ങളിൽ ഒന്ന് മാത്രമാണ്. ഹോം സ്റ്റേ, ഹോസ്റ്റൽ ലൈസൻസുകളുടെ കാര്യത്തിലും പലപ്പോഴും അവിടെ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതും പോലീസുകാരാണ്. ഇത്തരം നിരവധി ഡ്യൂട്ടികൾക്ക് ശേഷമാണ് പോലീസുകാർ അവരുടെ പോലീസ് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കുന്നത്. സ്‌റ്റേഷനുകളിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരില്ലാത്തതാണ് ഒരു പ്രശ്‌നം.
വിഐപി പരിപാടികൾ ഉണ്ടെങ്കിൽ 30 പേരുള്ള സ്റ്റേഷനിൽ നിന്ന് 20 പേരെയെങ്കിലും ഡ്യൂട്ടിക്കായി നിയോഗിക്കും, മിച്ചമുള്ളവർ സ്റ്റേഷൻ ഡ്യൂട്ടിക്കും. അംഗബലം കുറഞ്ഞാലും എടുക്കേണ്ട ജോലിഭാരത്തിന് കുറവുണ്ടാവില്ല, എല്ലായിടത്തും ഓടിയെത്താൻ പലപ്പോഴും ആളുണ്ടാവില്ലെന്നത് പോലീസുകാരുടെ സ്ഥിരം വിലാപമാണ്. വിഐപി ഡ്യൂട്ടി കഴിഞ്ഞെത്തുന്നവരെയാണ് നൈറ്റ് പെട്രോളിംഗ് അടക്കമുള്ള മറ്റു ചുമതലകളിലേക്ക് വീണ്ടും നിയോഗിക്കുക. വിശ്രമം വിദൂരമെന്ന് ചുരുക്കം. പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ആരോഗ്യ നിലയെക്കുറിച്ച് കാര്യമായ ഒരു പരിശോധന നടത്തിയാൽ ചിലപ്പോൾ ഞെട്ടിക്കുന്ന പല കണക്കുകളും നാളെ കേരളം കേൾക്കുമെന്നത് തീർച്ചയാണ്. വിശ്രമം ഇല്ലാത്ത ഓട്ടവും, സമയം തെറ്റിയുള്ള ആഹാരവും ശീലിച്ചാൽ വരാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് പോലീസാണെന്ന നോട്ടം കാണില്ലലോ. അവരിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യന് തുല്യമായ ഊർജ്ജസ്വലത ജോലിയിൽ കാണണമെന്ന് വാശിപിടിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. പല പോലീസുകാരും വിശ്രമത്തിനുള്ള സമയം കണ്ടെത്തുന്നത് വീട്ടിലേക്കുള്ള യാത്രയിൽ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുമ്പോഴാണത്രെ. ട്രെയിൻ യാത്രക്കിടെ ഉറങ്ങി അന്യസംസ്ഥാനത്ത് ചെന്നിറങ്ങിയ കഥ വരെയുണ്ട് ചിലർക്ക് പറയാൻ.
ജനമൈത്രി പോലീസ്
2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവെച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക വഴി പോലീസിനു കൂടുതൽ അംഗസഹായം ലഭിക്കുമെന്നും സാധാരണക്കാരുമായി പോലീസിനുള്ള അന്തരം കുറയ്ക്കുന്നതിനു സഹായിക്കുമെന്നതുമാണ് ജനമൈത്രി പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജനമൈത്രി പദ്ധതി ജനക്ഷേമ വകുപ്പിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവും പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. ജനമൈത്രി പദ്ധതിയിലേക്ക് പോലീസുകാരെ നിയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉണ്ടാകുന്ന അംഗസംഖ്യയുടെ പരിമിതി തന്നെയാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. ജനമൈത്രി സംവിധാനം ജനക്ഷേമ വകുപ്പിന് കീഴിൽ വന്നാൽ ആ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അവരുടെ വാർഡിലും പഞ്ചായത്തിലും ഉള്ള ഓരോ വീടുകളെയും വ്യക്തികളെയും കുറിച്ച് പഠിക്കാനും അവർക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കാനും സാധിക്കും. പോലീസുകാരുടെ മേൽനോട്ടം പൂർണമായും ഒഴിവാക്കണം ഇന്ന് ഇതിന് അർത്ഥമില്ല. പകരം പോലീസിലേക്ക് എത്തും മുൻപ് ഇത്തരം ആവശ്യങ്ങൾ പരിഹരിക്കപ്പെടാനുള്ള അവസരങ്ങൾ കൂടി കൃത്യമായി പരിഗണിക്കപ്പെടണം.
എല്ലാം പോലീസിന്റെ പണിയാണെന്നുള്ള കാഴ്ചപ്പാടാണ് പല വകുപ്പ് തല ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ഉള്ളതെന്ന് പല ഉദ്യോഗസ്ഥരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. പലപ്പോഴും പോലീസിന്റെ നിയമപരിധിക്ക് അപ്പുറമുള്ള കാര്യങ്ങൾ പോലീസിന് ചെയ്യേണ്ടതായി വരുന്നുണ്ട്. കാര്യങ്ങൾ മറിച്ച് ആയാൽ ഉടൻ അച്ചടക്ക നടപടിയും. shift-work-and-occupational-stress-in-police-officers
Content Summary: shift-work-and-occupational-stress-in-police-officers
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.