ഓരോ വര്‍ഷവും കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയാണ്. ഇത്തവണ കൂട്ടിപ്പിടിച്ച് പെയ്യുന്ന മഴ കാര്‍ഷിക മേഖലയിലെ ഉത്പാദനത്തെ കൂടിയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഓണക്കാലം അടുത്തതോടെ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഇനിയും ഉയരുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന ആശ്വാസം മാത്രമാണ് ഏക പ്രതീക്ഷ.
”വില ഉയര്‍ന്നതോടെ നിലവില്‍ സപ്ലൈകോ വെളിച്ചെണ്ണ എടുക്കുന്നില്ല. വില കൂടി നില്ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് സബ്സിഡി കൊടുക്കുന്നത്. ടെന്‍ഡര്‍ നടത്തി ഓര്‍ഡര്‍ ആകുമ്പോള്‍ തന്നെ ഒരു മാസം എടുക്കും. നിലവിലുള്ള വിലയേക്കാള്‍ കുറച്ചായിരിക്കും ടെന്‍ഡര്‍ കൊടുക്കുക. പക്ഷേ ടെന്‍ഡര്‍ നടത്തുന്ന സമയത്ത് പൊതുവിപണിയില്‍ വില കൂടുമ്പോള്‍ കമ്പനിക്കാര് ടെന്‍ഡറില്‍ നിന്ന് പിന്മാറും. 360, 370 രൂപ വരെ സപ്ലൈകോ കമ്പനിക്കാരോട് പറയുന്നുണ്ടെങ്കിലും അവരതിന് തയ്യാറാകുന്നില്ല” സപ്ലൈകോ ഉദ്യോഗസ്ഥന് അഴിമുഖത്തോട് പറഞ്ഞു.
ഓണക്കാലം മുന്നില്‍ കണ്ട് കേരഫെഡ് മുഖേന വെളിച്ചെണ്ണ വിപണിയിലെത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ടെന്‍ഡറില്‍ നിന്ന് കമ്പനികള്‍ പിന്‍വാങ്ങുന്നത് സര്‍ക്കാര്‍ ഇടപെടലില്‍ കാലതാമസമെടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
”നിലവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വെളിച്ചെണ്ണയുടെ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ കുറേ ബ്രാര്ഡുകള് അടുത്തിടെ മാര്‍ക്കറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സണ്‍ഫ്ളവര്‍ ഓയിലും ഇറക്കുമതി ചെയ്യുന്നത് കുറച്ചു. ഇതെല്ലാം വെളിച്ചെണ്ണ വില കുതിക്കാന്‍ കാരണമായി” സപ്ലൈകോ ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു. വില വര്‍ധനവിന്റെ മറവില്‍ മായംകലര്‍ന്ന എണ്ണ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രംഗത്തിറങ്ങിയത് പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുകയാണ്.

വില്ലനാകുന്ന കാലാവസ്ഥാ വ്യതിയാനം
”കാലാവസ്ഥാ വ്യതിയാനമാണ് കേര മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതാണ് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില വര്‍ധനയ്ക്ക് കാരണമായത്. മുമ്പൊക്കെ 4,000 കിലോ തേങ്ങ സംഭരിക്കാന്‍ കഴിഞ്ഞൂവെങ്കില് ഇപ്പോള്‍ 150 കിലോയൊക്കെയേ കിട്ടുന്നുള്ളൂ. ഇതിന് അനുപാതികമായാണ് വെളിച്ചെണ്ണ വിലയും ഉയരുന്നത്” അട്ടപ്പാടിയിലെ കേര കര്‍ഷകനായ ജയന് അഴിമുഖത്തോട് പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രത്യേകിച്ച് നാളികേര കര്‍ഷകരെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുമെന്നത് ജയന്റെ മാത്രം പരാതിയോ അനുഭവമോ അല്ല. നാളികേര കര്‍ഷകര്‍ ഏറെയുള്ള പാലക്കാടെ മറ്റ് കര്‍ഷകര്‍ക്കും പറയാനുള്ളത് സമാനമായ സാഹചര്യം തന്നെയാണ്.
വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില വര്‍ധിക്കുമ്പോള്‍ ഇതിന്റെ പ്രയോജനം കേര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിലവില്‍ പാലക്കാട് തേങ്ങയ്ക്ക് കിലോയ്ക്ക് 65 രൂപയാണ് കര്ഷകന് ലഭിക്കുക.
” കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാന്‍ നമുക്ക് കഴിയുന്നില്ല. നാളികേരം മാത്രമല്ല കാര്‍ഷിക മേഖല മുഴുവനും ഇതിനാല്‍ പ്രതിസന്ധി നേരിടുകയാണ്” ജയന് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഏകദേശം 38 ശതമാനം തെങ്ങുകളും വളരെ പഴക്കം ചെന്നവയാണ്. ഇതും ഉത്പാദനത്തെ കുറയ്ക്കുന്നു. കൂടാതെ കീടബാധയും മണ്ഡരി പോലുള്ള രോഗങ്ങളും മൂലം തെങ്ങുകള്‍ നശിക്കുന്നു. ഇതിന് പുറമെ തെങ്ങുകള്‍ വെട്ടി മറ്റ് കൃഷികളിലേക്ക് നീങ്ങുന്ന ചെറുകിട കര്‍ഷകരും നിരവധിയാണ്.
”ഉയര്‍ന്ന കൂലിയും വളത്തിന്റെ വില വര്‍ധനവും ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാനാകില്ല. ഇതിന് പുറമെയാണ് തെങ്ങുകയറ്റക്കാരെ കിട്ടാനില്ലാത്തതും. ഒരു തെങ്ങില്‍ കയറണമെങ്കില്‍ 70-100 രൂപ വരെയാണ്. എന്നാല്‍ ഒരു തെങ്ങില്‍ നിന്ന് കിട്ടുന്നതോ 10 തേങ്ങയൊക്കെയാണ്. കൂലി കൊടുക്കാനുള്ള തേങ്ങ എങ്കിലും കിട്ടാതെ ഈ പണി ചെയ്യുന്നതില്‍ കാര്യമുണ്ടോ” കോട്ടയത്തെ കേര കര്‍ഷകനായ രാജന് ചോദിക്കുന്നു.

താളം തെറ്റി കുടുംബ ബജറ്റ്
”സര്‍വസാധനങ്ങള്‍ക്കും വില കൂടുകയല്ലേ. സാധാരണക്കാര്‍ക്ക് ജീവിക്കാനാ പാട്. അന്നന്നേക്കുള്ള വീട്ടുസാധനങ്ങള്‍ വാങ്ങുന്ന ഞങ്ങളെപ്പോലുള്ളവരാ കൂടുതലും കഷ്ടത്തിലാകുന്നത്. ഇനി ഇപ്പോ ഓണം വരികയല്ലേ. വിലക്കയറ്റം എവിടെ ചെന്ന് നില്‍ക്കുമെന്ന് അറിയില്ല” വീട്ടമ്മയായ മോളി അഴിമുഖത്തോട് പ്രതികരിച്ചു.
ഇത് മോളിയുടെ മാത്രം പരാതിയല്ല. എല്ലാ വീട്ടമ്മമാരും ഗൃഹനാഥന്മാരും വെളിച്ചെണ്ണ വിലയില്‍ ആശങ്കയിലാണ്. ചിട്ടിക്കാശും ലോണടവും വീട്ടുചെലവും കഴിഞ്ഞാല്‍ മിച്ചം പിടിക്കാന്‍ പലരുടെയും കൈയില്‍ ഒന്നും കാണില്ല. അതിനിടയിലാണ് കുടുംബ ബജറ്റിനെ പാടെ തെറ്റിച്ച് വിലക്കയറ്റവും.
”കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ലേ വെളിച്ചെണ്ണ വില ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ആഴ്ച ഒരു കിലോ വെളിച്ചെണ്ണ വാങ്ങിയപ്പോള്‍ 460 രൂപയായിരുന്നു. ഇന്നലെ അത് 490 രൂപയായി. തേങ്ങയ്ക്ക് വില കൂടുകയല്ലേ. ഒരു കിലോ തേങ്ങ വാങ്ങിയിട്ട് 80 രൂപയായി” പള്ളുരുത്തി സ്വദേശിനിയായ സുജാത അഴിമുഖത്തോട് പറഞ്ഞു.
ബ്രാന്‍ഡിനനുസരിച്ച് വെളിച്ചെണ്ണ വിലയിലും മാറ്റമുണ്ട്. സര്‍ക്കാര്‍ ബ്രാന്‍ഡായ കേരയ്ക്ക് 529 രൂപയായി. ഇതോടെ ചരിത്രത്തിലാദ്യമായാണ് വെളിച്ചെണ്ണ വില 500 കടക്കുന്നത്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് വെളിച്ചെണ്ണ വിലയില്‍ കുതിപ്പ് ഉണ്ടായത്.
പ്രതിസന്ധിയിലായ കാറ്ററിംഗ് മേഖല
വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വിലക്കയറ്റം കാറ്ററിംഗ് മേഖലയെയും താറുമാറാക്കിയിരിക്കുകയാണ്. ”മാസങ്ങള്‍ക്ക് മുമ്പ് എടുത്ത ഓര്‍ഡറുകള്‍ വന്‍ നഷ്ടത്തില്‍ ചെയ്ത് കൊടുക്കേണ്ട അവസ്ഥയിലാണ്. വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകണം” കാറ്ററിംഗ് ഏജന്‍സി നടത്തുന്ന പ്രകാശന് അഴിമുഖത്തോട് പറഞ്ഞു.

വിലക്കയറ്റത്തിന് പിന്നില്‍ കൊപ്ര ക്ഷാമം
കൊപ്ര ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര ലഭ്യത കുത്തനെ കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണം. ദക്ഷിണേന്ത്യയിലെ തന്നെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമാണ് തമിഴ്നാട്. ഓണക്കാലത്ത് വെളിച്ചെണ്ണ വില 600 ലേക്ക് അടുക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
തേങ്ങയുടെ കയറ്റുമതിയില്‍ അടുത്തകാലത്ത് വലിയ വര്ദ്ധന് വന്നിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളും കയറ്റുമതിക്കുള്ള തേങ്ങ കേരളത്തില്‍ നിന്നാണ് വാങ്ങുന്നത്. എന്നാല്‍, കേരളത്തില്‍ 2024 – 25 ല്‍ 5200 ദശലക്ഷം തേങ്ങയാണ് ഉത്പാദിപ്പിച്ചത്. 2022 – 23 നെ അപേക്ഷിച്ച് 400 ദശലക്ഷം തേങ്ങ കുറവാണിത്.
ഇടപെടലിനൊരുങ്ങി സര്‍ക്കാര്‍
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പുറത്ത് നിന്നും വെളിച്ചെണ്ണ ഇറക്കുമതി ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ വഴി ലിറ്ററിന് 329 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ഇതിനായി അയല്‍ സംസ്ഥാനങ്ങളിലെ വിതരണക്കാരെ സപ്ലൈക്കോയുടെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കും. ടെന്‍ഡര്‍ നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. Climate change has reduced coconut production, coconut oil record price
Content Summary: Climate change has reduced coconut production, coconut oil record price
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.