ജിഎസ്ടി (ചരക്കു-സേവന നികുതി) പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി ജിഎസ്ടി കൗണ്‍സില്‍. 56ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളുള്ളത് 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി കുറയ്ക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങൾക്ക് 40% പ്രത്യേക നികുതിയും ഉണ്ടാകും. 2025 സെപ്റ്റംബർ 22 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. പുതിയ ജിഎസ്ടി നിരക്ക് വരുന്നതോടെ മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. നികുതി സ്ലാബുകൾ കുറച്ചതാണ് ജിഎസ്ടി പരിഷ്‌കരണത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്.
നികുതി കുറച്ച ഉൽപ്പന്നങ്ങൾ
പഴച്ചാറുകൾ, വെണ്ണ, പാൽ, പാസ്ത, തേങ്ങാവെള്ളം, നട്സ്, ഈന്തപ്പഴം, സോസേജുകൾ തുടങ്ങിയ സാധാരണ ഉപയോഗ സാധനങ്ങളുടെ നികുതി 12 ശതമാനം അല്ലെങ്കിൽ 18 ശതമാനത്തിൽ നിന്ന് 5% ആയി കുറച്ചു.
മെഡിക്കൽ ഉപകരണങ്ങളായ ഓക്സിജൻ, ബാൻഡേജുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുടെ നികുതിയും 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. പനീർ, പിസ ബ്രെഡ്, ഖാക്ര, ചപ്പാത്തി, റൊട്ടി എന്നിവയുടെ നികുതി 5 ശതമാനത്തിൽ നിന്ന് പൂജ്യമാക്കി. ഷാംപൂ, സോപ്പ്, ടൂത്ത്പേസ്റ്റ്, സൈക്കിൾ തുടങ്ങിയ സാധനങ്ങളുടെ നികുതി 12% അല്ലെങ്കിൽ 18% നിന്ന് 5% ആയി കുറച്ചു. എയർ കണ്ടീഷണർ, ടെലിവിഷൻ, ഡിഷ്വാഷർ എന്നിവയുടെ നികുതി 28% നിന്ന് 18% ആയി കുറച്ചു. ചെറിയ കാറുകൾ, 350 സിസിയിൽ താഴെ എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾ, മറ്റ് ഓട്ടോമൊബൈൽ ഭാഗങ്ങൾ എന്നിവയുടെ നികുതി 18% സ്ലാബിലേക്ക് മാറ്റി. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 ശതമാനമായി തുടരും. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജിം, സലൂൺ, ബാർബർഷോപ്പ്, യോഗാ സെന്ററുകൾ തുടങ്ങിയ സേവനങ്ങൾക്കുള്ള നികുതി 18% നിന്ന് 5% ആയി കുറച്ചു. ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കും വളങ്ങൾക്കും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്കും നികുതി കുറച്ചു. ഇത് ഈ മേഖലയിലെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ജിഎസ്ടി പരിഷ്കാരങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും വ്യാപാരികൾക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും സഹായിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഈ മാറ്റങ്ങൾ ഏകദേശം 48,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് റവന്യൂ സെക്രട്ടറി അറിയിച്ചു. എന്നാൽ, ഈ പരിഷ്കാരങ്ങൾ ദീർഘകാലത്തേക്ക് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
Content Summary: GST reform; Tax slabs reduced, prices of daily necessities will come down
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.