June 26, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

ഇറാന്‍: പെയ്തു തീരാത്ത പേര്‍ഷ്യന്‍ സങ്കടങ്ങള്‍

പോര്‍വിമാനങ്ങളുടെ ഇരമ്പം അവസാനിക്കുന്ന, ശാന്തമായ ഒരു ഇറാന്‍ – സമാധാന കാംക്ഷികളായ ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആഗ്രഹമാണത്

വിശുദ്ധമാസം. മിനാരങ്ങളില്‍ നിന്ന് അവിരാമമുയര്‍ന്ന തിരുവചനങ്ങള്‍. ഉപവാസത്തിന്റെ രണ്ടാമത്തെ പത്തിന്റെ ഉദയം കുറിച്ച ശീതയാമത്തില്‍, പൊടുന്നനെയാണ് ഇറാന്‍ ആക്രമിക്കപ്പെട്ടത്. സമാധാന കരാറുകളെഴുതി വെച്ച ലാപ്ടോപുകള്‍ ഒമാന്‍ കൊട്ടാരത്തിലെ വട്ടമേശയ്ക്ക് മുമ്പിലിരുന്ന നേതാക്കള്‍ ഷട്ട്ഡൗണ്‍ ചെയ്യും മുമ്പേ ടെഹ്റാനു മീതെ ഇസ്രായിലിന്റെ തീ നിറച്ച മിസൈലുകള്‍ ആദ്യത്തെ കുരുതിമഴ പെയ്യിച്ചു. തുടര്‍ന്ന് ഇറാന്റെ ആകാശത്ത് നിന്ന് പോര്‍വിമാനങ്ങള്‍ അഗ്‌നിയുണ്ടകളായി നിസ്സഹായരായ മനുഷ്യര്‍ക്ക് മേല്‍ നിരന്തരം പൂക്കുറ്റികളായി പൊട്ടിച്ചിതറി. നൂറിലധികം സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ വെന്ത് വെണ്ണീര്‍ ആകുന്നതും കരചരണങ്ങളറ്റ് നിലം പതിക്കുന്നതും കണ്ട് ലോകം നിശ്ചലമായി നില്‍ക്കെ, ഗള്‍ഫ് മേഖലയിലാകെ അശാന്തി വിതച്ചുകൊണ്ടുള്ള ഇറാന്റെ പ്രത്യാക്രമണവും സംഭവിച്ചു. നാല്‍പത്തെട്ടുമണിക്കൂര്‍ തികയും മുമ്പേ ആത്മീയനേതാവ് ആയത്തുല്ല ഖംനേയിയും പ്രധാനപ്പെട്ട മറ്റ് നേതാക്കളും വധിക്കപ്പെട്ടു.

ഇനിയങ്ങോട്ട് ഇറാന്റെ രാഷ്ട്രീയചിത്രം മാറി മറിയുകയായി. അമേരിക്കന്‍-ഇസ്രായില്‍ അച്ചുതണ്ടിന്റെ ഹിംസാത്മകമായ ആക്രമണപരമ്പരയില്‍ ഇറാന് പിടിച്ചുനില്‍ക്കാനാവുമോ? അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ സഹോദരരാജ്യങ്ങള്‍ക്ക് മീതെ യുദ്ധമുറകള്‍ പ്രയോഗിച്ചത് നീതീകരിക്കാനാവുമോ? ഇറാന്റെ യുദ്ധതന്ത്രങ്ങള്‍ പിഴച്ചുവോ? ഒപ്പം നിന്നവര്‍ തന്നെ നേതാക്കളെ ഒറ്റ് കൊടുത്തോ?

ആ രാജ്യത്തിന്റെ ഇപ്പോഴത്തെ നേതൃത്വം അസ്ഥിരീകരിക്കപ്പെടുന്നതോടെ ആരാവും അധികാരത്തിലെത്തുക? ആത്മീയനേതൃത്വം ഇനി ആയത്തുള്ള അലിറെസ അറാഫിയുടെ കൈകളിലേക്ക്. മറ്റ് ഭരണാധികാരികള്‍ ആരൊക്കെ? ചോദ്യങ്ങള്‍ നിരവധി. 1979 ലെ ഇസ്ലാമിക് വിപ്ലവത്തെത്തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ടീയാഭയം തേടിയ, പതിറ്റാണ്ടുകളോളം നാട് വാണ മുഹമ്മദ് റെസ പഹ്ലവിയുടെ പുത്രന്‍ റെസാ പഹ്ലവി, ഖംനേയി വധിക്കപ്പെട്ട വിവരമറിഞ്ഞ് ഇങ്ങനെ പ്രതികരിച്ചു: നമ്മുടെ നാട് സ്വതന്ത്രമാകുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇറാന്‍ പൗരന്മാരും ആഹ്ലാദിക്കുക, നാടിനോട് ഐക്യപ്പെടുക. തിന്മയുടെ ശക്തികളെ ചവറ്റുകൊട്ടയിലെറിയുക. നിശ്ചയമായും നമ്മുടെ ജന്മഭൂമി പുതുചരിത്രമെഴുതും, പുതിയ സൂര്യോദയം അകലെയല്ല.

ഇറാനിലെ പ്രതിപക്ഷ കക്ഷികളുടെ പ്രകടനം

പ്രതിപക്ഷനേതൃനിരയിലെ മറ്റൊരു ശക്തയായ നേതാവണ് മറിയം റെജാവി. അന്താരാഷ്ട്ര ബുക്കര്‍ പ്രൈസിന്റെ ലോംഗ്ലിസ്റ്റില്‍ ഇടം പിടിച്ച പ്രസിദ്ധ ഇറാനിയന്‍ എഴുത്തുകാരി ശിദ ബസ്യര്‍ ( ‘ടെഹ്റാനിലെ രാത്രികള്‍ ശാന്തമാണ് എന്ന നോവലിന്റെ രചയിതാവ്. ഇവര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ക്ഷണിതാവായിരുന്നു) ഈയിടെ എഴുതി: ഹോര്‍മുസ് സമുദ്രച്ചുഴിയില്‍ പിറന്ന സങ്കടത്തിരകള്‍. ചമല്‍ക്കാരമില്ലാത്ത പേര്‍ഷ്യന്‍ ചരിത്രത്തിലേക്ക് തുഴയുന്ന സത്യത്തിന്റെ യാനപാത്രം. മറിയം റെജാവിയുടെ പോരാട്ടത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

പശ്ചിമേഷ്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശപോരാളിയാണ് മറിയം. ഷാ പെഹ്ലവിയുടെ ഭരണകാലത്ത് മറിയമിന്റെ സഹോദരി നര്‍ഗീസ് വധിക്കപ്പെട്ടു. രാഷ്ട്രീയകാരണങ്ങളാലായിരുന്നു കൊലപാതകം( നൊബേല്‍ ജേതാവായ മറ്റൊരു നര്‍ഗീസ് ഇപ്പോള്‍ ഇറാനില്‍ ജയിലിലുണ്ട് – ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകളെയാണ് ഖംനെയി ഭരണകൂടം ജയിലില്‍ അടച്ചത്. അവരില്‍ പ്രമുഖയാണ് നര്‍ഗീസ് മുഹമ്മദി). മറിയം റെജാവിയുടെ സഹോദരിയുടെ ജഡം ഖബറിലേക്കെടുക്കുമ്പോള്‍ തലസ്ഥാനമായ ടെഹ്റാനില്‍ മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു മറിയം. അന്ന് അവര്‍ ഒരു പ്രതിജ്ഞയെടുത്തു. നിരപരാധികളുടെ രക്തശിലയില്‍ പടുത്തുയര്‍ത്തുന്ന എല്ലാ ഭരണകൂടങ്ങള്‍ക്കുമെതിരെ തനിക്കാവുന്ന രീതിയില്‍ പ്രതികരിക്കും, പോരാടും. അധികാരത്തിലേക്കുള്ള ഇടനാഴിയില്‍ ഒന്നുമറിയാത്ത മനുഷ്യരുടെ ചോരയാണ് പടര്‍ന്നുകിടക്കുന്നത്. ഇറാനിലായാലും ഇറാഖിലായാലും. ഷായുടെ ഭരണത്തിനെതിരായ ഇറാനിലെ സമരപാതയിലെ തീക്കാറ്റായി മാറി മറിയം റെജാവി.

മറിയം റെജാവി, മസൂദ് റെജാവി

പാരീസിലിരുന്ന് ഇസ്ലാമിക വിപ്ലവത്തിന്റെ ഓഡിയോ കാസറ്റുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് ആയത്തുല്ല റൂഹുള്ള ഖൊമൈനി ഇറാനെയാകെ എഴുപതുകളുടെ അറുതിയില്‍ ഇളക്കിമറിച്ചത്. ഷാ സ്ഥാനഭ്രഷ്ടനാവുകയും ഖൊമൈനി തിരിച്ചെത്തി ഇറാന്റെ ഭരണം തന്റെ ഇരുമ്പു മുഷ്ടിയിലൊതുക്കുകയും ചെയ്തു. ഷാ ഭരണത്തിന്റെ നൃശംസതയില്‍ സഹികെട്ട ജനങ്ങള്‍, മതപരമായ ആചാരോപചാരങ്ങളുടെ നിയതമായ അനുശാസനകളുടെ വലയത്തിനകത്ത് നില്‍ക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടു തന്നെ ഖൊമൈനിയെ കലവറയില്ലാതെ പിന്തുണച്ചു. കലയ്ക്കും സംഗീതത്തിനും കൊലയറയൊരുങ്ങുന്നതാണ്, പാരസിക സംസ്‌കൃതി പൂത്തുലഞ്ഞ ഇറാന് പിന്നെ കാണേണ്ടി വന്നത്. കാലം ഇറാനെ കീഴ്‌മേല്‍ മറിച്ചു. ഹാഫിസിന്റെയും ഫിര്‍ദൗസിയുടെയും കാവ്യഗരിമയില്‍ പൂത്തുലഞ്ഞ ഒരു സംസ്‌കൃതിയ്ക്ക് മീതെ, ലോകം നോക്കി നിന്ന ഇറാന്റെ പരമ്പരാഗതമായ അഖണ്ഡതയ്ക്ക് മേല്‍ ഫണ്ടമെന്റലിസം ഫണം വിരിച്ചാടി. ഷാനാമയുടെ പൂങ്കുയില്‍നാദങ്ങള്‍ നിലച്ചു. ഇറാനിയന്‍ ക്ലാസിക് സിനിമകളുടെ വെള്ളി വെളിച്ചത്തില്‍ ഇരുള്‍സുഷിരങ്ങള്‍ വീണു. തമസ്സിന്റെ തട്ടം പുതച്ച മുല്ലമാരുടെ വാക്‌മൊഴികള്‍ ഇറാന് പുതിയ ഇന്ധനമായി. ഷായെ പുറത്താക്കാന്‍ പ്രക്ഷോഭം നയിച്ചവര്‍ക്ക് പിന്നീട് ഖൊമൈനിക്കെതിരേയും ധീരതയോടെ അണിനിരക്കേണ്ടി വന്നു. പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഭീതിദമായി. മറിയം റെജാവിയുടെ എട്ടുമാസം ഗര്‍ഭിണിയായ മറ്റൊരു സഹോദരി മാസൂമയേയും അവരുടെ ഭര്‍ത്താവിനേയും ഖൊമൈനിയുടെ പട്ടാളം വെടിവെച്ചുകൊന്നത് കണ്ടുനില്‍ക്കേണ്ടി വന്ന മറിയം ഇനി യൂണിവേഴ്സിറ്റി പഠനമല്ല, പോരാട്ടമാണ് തന്റെ മുന്നിലെന്ന് മനസ്സിലാക്കി. സഹോദരിമാരുടെ ജീവത്യാഗത്തിന്റെ ബലിശിലയില്‍ നിന്നാണ് മറിയം, മതതീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ കനലുകള്‍ സ്വന്തം നെഞ്ചിലേക്ക് കൊളുത്തിയെടുത്തത്. മറിയത്തിന്റെ ഭര്‍ത്താവ് മസൂദും ചെറുത്ത്നില്‍പിന്റെ മുഖത്ത് സജീവമായി. പീപ്പിള്‍സ് മുജാഹിദീന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍ (പി.എം.ഒ.ഐ) എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകയായി മാറിയ മറിയവും ഭര്‍ത്താവ് മസൂദും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. എട്ടു വര്‍ഷം ഇറാന്റെ പ്രസിഡന്റായിരുന്ന അഹമ്മദി നെജാദിനെതിരായുള്ള (നെജാദി ഇന്നലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു ) പെണ്‍പ്രതിരോധത്തിന്റെ കുന്തമുനയായി മാറിയ മറിയം റെജാവി, സമാന്തര സൈനിക പരിശീലനവും നേടിയിരുന്നു. പാര്‍സി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം സംഘടനാരംഗത്ത് സഹായമായി. 1980 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മറിയം റെജാവി വിജയിച്ചു. നിരവധി കൃത്രിമങ്ങള്‍ നടന്ന വോട്ടെടുപ്പായിട്ടും റെജാവിയുടെ ജനപിന്തുണ വര്‍ധിച്ചത് മതമൗലികവാദികളേയും അവരുടെ ചെറുഗ്രൂപ്പുകളേയും അസ്വസ്ഥമാക്കി. ഭരണാധികാരികളുടെ ചാരക്കണ്ണുകള്‍ തന്നെ സദാ ചൂഴ്ന്നുനില്‍ക്കുന്നുണ്ടെന്ന് ബോധ്യമായപ്പോള്‍ മറിയം നാട് വിട്ടു. 1982 ലാണിത്. പാരീസിലെ ഇറാന്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ആസ്ഥാനത്തെത്തി തന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ മാനം നല്‍കി. വിദേശത്തിരുന്ന് ഇറാനിലെ മനുഷ്യാവകാശപ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കായി. ഇറാന്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് പാര്‍ലമെന്റ് എന്ന സമാന്തരസഭ ഇറാന്റെ ‘ഭാവി പ്രസിഡന്റാ’യി മറിയം റെജാവിയെ ദീര്‍ഘദര്‍ശനം ചെയ്യുകയും വിപ്രവാസ ഭരണകൂടമേധാവിയായി പ്രതീകാത്മകമായി അവരോധിക്കുകയും ചെയ്തു.

ഇസ്രായിലി -അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പ്രസിഡന്റ് അഹമ്മദി നെജാദ്

പീപ്പിള്‍സ് മുജാഹിദീന്‍ ഓഫ് ഇറാന്റെ നേതാവ് എന്ന നിലയില്‍ മറിയം റെജാവി അടുത്ത കാലത്ത് സൗദി അറേബ്യയിലെ ‘മജല്ല’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ‘എന്റെ ജീവിതം ഇറാനിലെ ജനങ്ങളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയും ക്ഷേമത്തിനു വേണ്ടിയുമാണ് ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്റെ രണ്ടു സഹോദരിമാരും ചോര ചിന്തിയത് അതിനു വേണ്ടിയാണ്. എന്റെ രക്തവും ഇന്നല്ലെങ്കില്‍ നാളെ ഇറാനിലെ ഏതെങ്കിലും ഇടനാഴിയില്‍ ഉണങ്ങിയ ചന്ദ്രക്കല പോലെ വീണുകുതിരുമെന്നെനിക്കറിയാം. സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിച്ചതിന് ഖൊമൈനിയും അനുചരന്മാരും കൊന്നൊടുക്കിയ ഒരു ലക്ഷത്തിലധികം ഇറാനികളുടെ രക്തസാക്ഷിത്വത്തില്‍ നിന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വീരഗാഥകള്‍ ഞങ്ങള്‍ വിരചിക്കുന്നത്’.

നിലവിലെ ഭരണകൂടത്തിന്റെ ഇളക്കിപ്രതിഷ്ഠയാണ് ഇറാനിലെ സാധാരണക്കാര്‍ ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവാണ് മാര്‍ച്ച് ഒന്നിന് ടെഹ്റാനിലെ ഇങ്കിലാബ് സ്‌ക്വയറില്‍ നടന്ന ആഹ്ലാദപ്രകടനം. ഖംനേയിക്ക് ശേഷം സ്ഥിരമായ ഒരു പരമോന്നതനേതാവ് ആര് എന്ന ചോദ്യം അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോഴും അമേരിക്കയിലും പാരീസിലും രാഷ്ട്രീയാഭയം തേടിക്കഴിയുന്ന ഷാ കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരും ഒപ്പം മറിയം റെജാവിയെപ്പോലുള്ള മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നൂറുക്കണക്കിന് അമരക്കാരും ഇറാന്റെ പെട്ടെന്നുള്ള ഭരണമാറ്റമാണ് ആഗ്രഹിക്കുന്നത്.

യുദ്ധങ്ങളില്ലാത്ത, സംഘര്‍ഷങ്ങളില്ലാത്ത ഇറാന്റെ ഇരവുപകലുകളുടെ ഉദയാസ്തമയങ്ങള്‍ക്കായി കൊതിക്കുന്ന ഓരോ മനുഷ്യനും ആശിക്കുന്നതിതാണ്.
പുതുവര്‍ഷത്തിലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരപ്പട്ടികയില്‍ സ്ഥാനം നേടിയ ചെറുപ്പക്കാരിയായ ഇറാനി നോവലിസ്റ്റ് ശിദാ ബസ്യര്‍ ആഗ്രഹിക്കുന്ന
അതേ കാര്യം:

ശിദ ബസ്‌യർ

‘ശാന്തി നിറഞ്ഞ ടെഹ്റാനിലെ രാവുകള്‍’. എട്ടു കൊല്ലം ഇറാഖുമായി നീണ്ട യുദ്ധത്തില്‍ ഏര്‍പ്പെട്ട ചരിത്രമുള്ള ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് ഈ യുദ്ധം. പോര്‍വിമാനങ്ങളുടെ ഇരമ്പം അവസാനിക്കുന്ന, ശാന്തമായ ഒരു ഇറാന്‍ – സമാധാന കാംക്ഷികളായ ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആഗ്രഹമാണത്. ട്രംപിന്റെയും നെതന്യാഹുവിന്റെയും നേരെ വിരല്‍ചൂണ്ടി ലോകം ആവശ്യപ്പെടുന്നതും അതാണ് – No to War.

Content Summary: What is the future of Iran’s political landscape? Will a peaceful and war-free Iran, as everyone hopes for, ever become a reality?

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×