റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനും യുദ്ധ അനുകൂല നിലപാടുള്ള ആക്ടിവിസ്റ്റുമായ സെര്‍ജി ഉദാല്‍ത്സോവിനെ കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. ഭീകരവാദത്തെ ന്യായീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ‘ലെഫ്റ്റ് ഫ്രണ്ട്’ എന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് ഇദ്ദേഹം.
ഭീകര സംഘടനയെന്ന് ആരോപിക്കപ്പെടുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് ഓണ്‍ലൈനില്‍ ലേഖനം എഴുതിയതാണ് ഉദാല്‍ത്സോവിനെതിരെയുള്ള നടപടിക്ക് ആധാരം. ഈ മാസമാദ്യം ഇതേ ഗ്രൂപ്പിലെ അംഗങ്ങളെ 16 മുതല്‍ 22 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നതാണ്.
കഠിനമായ ശിക്ഷ രീതികള്‍ നിലനില്‍ക്കുന്ന ‘മാക്‌സിമം സെക്യൂരിറ്റി പെനല്‍ കോളനി’യിലേക്കാണ് ഇദ്ദേഹത്തെ മാറ്റുക. ഇവിടെ തടവിലാക്കുന്നവര്‍ക്ക് പുറം ലോകവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടും. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഈ വിധി തികച്ചും അപമാനകരമാണെന്നും ഉദാല്‍ത്സോവ് പ്രതികരിച്ചു. ഇതില്‍ പ്രതിഷേധിച്ച് താന്‍ നിരാഹാര സമരം ആരംഭിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
റഷ്യയില്‍ 2011-12 കാലഘട്ടത്തില്‍ നടന്ന വലിയ പ്രതിഷേധങ്ങളുടെയെല്ലാം പ്രധാന മുഖങ്ങളില്‍ ഒന്നായിരുന്നു ഉദാല്‍ത്സോവ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കെതിരെയായിരുന്നു അന്ന് പ്രതിഷേധങ്ങള്‍ നടന്നത്. മുന്‍പ് 2014-ലും സമാനമായ രീതിയില്‍ പുടിന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹം നാലര വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2017-ലാണ് അദ്ദേഹം മോചിതനായത്.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം രാജ്യത്ത് പുടിന്‍ സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെയും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാ നടപടികള്‍ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും റെഡ് സ്‌ക്വയറില്‍ സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന്റെ ചിത്രം പതിച്ച പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിന് കോടതി 40 മണിക്കൂര്‍ നിര്‍ബന്ധിത ജോലി ശിക്ഷയായി വിധിച്ചിരുന്നു.
Content Summary; Russian opposition leader and Putin critic Sergei Udaltsov sentenced to six years in prison
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.