June 03, 2026 |
Share on

1എംഡിബി അഴിമതി; മലേഷ്യന്‍ മുന്‍ പ്രസിഡന്റിന് 15 വര്‍ഷം തടവ്

മറ്റൊരു അഴിമതിക്കേസില്‍ ആറ് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണ് നജീബ് റസാക്ക്

ലോകത്തിലെ തന്നെ വന്‍ അഴിമതി കേസുകളില്‍ ഒന്നായ 1മലേഷ്യ ഡവലപ്‌മെന്റ് ബര്‍ഹാദ് (1എംഡിബി) സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് 15 വര്‍ഷം കൂടി തടവുശിക്ഷ വിധിച്ചു. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതിയുടെ ഈ നിര്‍ണായക വിധി. നിലവില്‍ മറ്റൊരു അഴിമതിക്കേസില്‍ ആറ് വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയാണ് അദ്ദേഹം.

1എംഡിബി എന്ന സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 2.2 ബില്യണ്‍ റിംഗിറ്റ് (54.4 കോടി ഡോളര്‍) അനധികൃതമായി കൈപ്പറ്റിയെന്നതാണ് 72-കാരനായ നജീബിനെതിരെയുള്ള കുറ്റം. നാല് അധികാര ദുര്‍വിനിയോഗക്കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് ജഡ്ജി കോളിന്‍ ലോറന്‍സ് സെക്വേര കണ്ടെത്തി. ഇതിനുപുറമെ 21 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.

തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നജീബിന്റെ വാദങ്ങളെ കോടതി തള്ളി. നജീബ് തന്റെ പദവി ദുരുപയോഗം ചെയ്തതിന് വ്യക്തവും ശക്തവുമായ തെളിവുകളുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെ ഉദ്യോഗസ്ഥരും ജോ ലോ എന്ന സാമ്പത്തിക ഇടപാടുകാരനും ചേര്‍ന്ന് കബളിപ്പിച്ചതാണെന്നും തന്റെ അക്കൗണ്ടിലെത്തിയ പണം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ‘സംഭാവന’ ആണെന്നുമാണ് നജീബ് വാദിച്ചത്. എന്നാല്‍ ഈ വാദം അറേബ്യന്‍ കഥകളെക്കാള്‍ വിചിത്രമാണെന്നായിരുന്നു കോടതി പറഞ്ഞത്.

നജീബ് റസാക്ക് 2009-ല്‍ അധികാരത്തിലിരുന്നപ്പോള്‍ രൂപീകരിച്ചതാണ് 1എംഡിബി എന്ന സ്റ്റേറ്റ് ഫണ്ട്. ഈ ഫണ്ടില്‍ നിന്ന് ഏകദേശം 4.5 ബില്യണ്‍ ഡോളര്‍ തട്ടിയെടുത്തുവെന്നാണ് മലേഷ്യന്‍, അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇതില്‍ ഒരു ബില്യണ്‍ ഡോളറിലധികം നജീബിന്റെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് എത്തിയതായും പറയപ്പെടുന്നു. ഈ പണം ഉപയോഗിച്ച് ആഡംബര കപ്പലുകള്‍, വിലപിടിപ്പുള്ള ചിത്രങ്ങള്‍, ആഡംബര വീടുകള്‍ എന്നിവ വാങ്ങിയതായാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍.

മലേഷ്യയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുടെ മകനായ നജീബ് റസാക്ക് 2018-ലെ തിരഞ്ഞെടുപ്പ് വരെ അജയ്യനായ നേതാവായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1എംഡിബി അഴിമതി പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി പരാജയപ്പെടുകയും അദ്ദേഹം ജയിലിലാവുകയും ചെയ്തു. 2022 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലിലാണ്. ആദ്യ കേസില്‍ ലഭിച്ച 12 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ വര്‍ഷം പകുതിയായി കുറച്ചിരുന്നു.

തടവുശിക്ഷയുടെ ബാക്കി ഭാഗം വീട്ടില്‍ കഴിയാന്‍ (ഹൗസ് അറസ്റ്റ്) നജീബ് നല്‍കിയ അപേക്ഷ കഴിഞ്ഞ തിങ്കളാഴ്ച കോടതി തള്ളിയിരുന്നു.

Content Summary; 1MDB multibillion-dollar fraud scandal; Former Malaysian PM Najib Razak jailed for 15 more years

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×