June 04, 2026 |
Share on

‘ചിഫാഗേറ്റ്’ വിവാദം; പെറുവിന്റെ ഇടക്കാല പ്രസിഡന്റിന് സ്ഥാന നഷ്ടം

ചൈനീസ് വ്യാപാരികളുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചയാണ് ഹോസെ ജെറിക്ക് വിനയായത്

ചൈനീസ് വ്യവസായികളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ പെറുവിന്റെ ഇടക്കാല പ്രസിഡന്റ് ഹോസെ ജെറി പുറത്തായി. പെറുവിലെ കോണ്‍ഗ്രസില്‍ നടന്ന ‘എക്‌സ്പ്രസ് ഇംപീച്ച്മെന്റിലൂടെയാണ്’ ജെറിയെ അധികാരത്തില്‍ നിന്ന് നീക്കിയത്. കേവലം നാല് മാസം മാത്രമാണ് അദ്ദേഹം പദവിയിലിരുന്നത്.

ജെറിയെ പുറത്താക്കാനുള്ള പ്രമേയത്തിന് അനുകൂലമായി 75 അംഗങ്ങളും എതിര്‍ത്ത് 24 പേരും വോട്ട് ചെയ്തു. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ ചൈനീസ് വ്യവസായികളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജെറി വിവാദത്തിലായത്. ഒരു കൂടിക്കാഴ്ചയില്‍ ഹൂഡി ധരിച്ച് തന്റെ ഐഡന്റിറ്റി മറയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ചൈനീസ് ഭക്ഷണശാലകളെ വിശേഷിപ്പിക്കുന്ന പേരുമായി ബന്ധിപ്പിച്ച് ഈ വിവാദം ‘ചിഫാഗേറ്റ്’ എന്നാണ് അറിയപ്പെടുന്നത്.

39 വയസ്സുകാരനായ ജെറി, 2016-ന് ശേഷം പെറുവില്‍ അധികാരമേല്‍ക്കുന്ന എട്ടാമത്തെ പ്രസിഡന്റാണ്. രാജികളും പുറത്താക്കലുകളും ഇടക്കാല ഭരണകൂടങ്ങളും നിറഞ്ഞ പെറുവിന്റെ അസ്ഥിരമായ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമാണിത്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നാടകീയ നീക്കം. ജെറിയുടെ പകരക്കാരനെ ബുധനാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്ന് ആക്ടിംഗ് സ്പീക്കര്‍ ഫെര്‍ണാണ്ടോ റോസ്പിഗ്ലിയോസി അറിയിച്ചു.

തുടക്കത്തില്‍ ജനപ്രീതിയുണ്ടായിരുന്ന ജെറിയുടെ പദവി ‘ചിഫാഗേറ്റ്’ വിവാദത്തോടെയാണ് തകര്‍ന്നത്. പതിറ്റാണ്ടുകളായി പെറുവില്‍ താമസിക്കുന്ന ചൈനീസ് വ്യവസായി യാങ് സിഹുവയുമായുള്ള (ജോണി) കൂടിക്കാഴ്ചകളില്‍ സ്വാധീനം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് പ്രൊസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഈ കൂടിക്കാഴ്ചകളില്‍ പങ്കെടുത്ത മറ്റൊരു ചൈനീസ് പൗരനായ ജി വു സിയാഡോങ്ങിന് അനധികൃത തടി കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വീട്ടുതടങ്കലിലാണെന്നും പറയപ്പെടുന്നു.

ഇതുകൂടാതെ മറ്റൊരു അഴിമതി ആരോപണവും ജെറിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയില്ലാത്ത യുവതികളെ നിയമവിരുദ്ധമായി സര്‍ക്കാര്‍ ജോലികളില്‍ നിയമിച്ചുവെന്നതാണ് ഇതിന് അടിസ്ഥാനം. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സന്ദര്‍ശക വിവരങ്ങള്‍ പ്രകാരം ഇവര്‍ വൈകിട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും പല ഔദ്യോഗിക വിദേശയാത്രകളില്‍ ഇവര്‍ ജെറിയെ അനുഗമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ജെറി നിഷേധിച്ചിരിക്കുകയാണ്.

പെറുവില്‍ നിലനില്‍ക്കുന്ന ചൈന-യുഎസ് തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ അഴിച്ചുപണി നടക്കുന്നത്. പെറുവിലെ പുതിയ യുഎസ് അംബാസഡര്‍ ബെര്‍ണാഡോ നവാരോ അടുത്തിടെ ചൈനയുടെ നിക്ഷേപങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനീസ് കമ്പനിയായ കോസ്‌കോ ഷിപ്പിംഗിന് ഉടമസ്ഥാവകാശമുള്ള ചാങ്കായ് പോര്‍ട്ടിനെ ലക്ഷ്യം വെച്ച്, ‘ചൈനയുടെ കുറഞ്ഞ ചെലവിലുള്ള പണം പരമാധികാരം നഷ്ടപ്പെടുത്തും’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

അമേരിക്കയുടെ ഈ ആരോപണങ്ങള്‍ വ്യാജമാണെന്നും ചൈനീസ് നിക്ഷേപങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ചൈന പ്രതികരിച്ചു. ഇതിനിടയില്‍ ചൈനയുമായുള്ള വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി പെറു വിദേശകാര്യ മന്ത്രാലയം ചൈനീസ് അംബാസഡര്‍ സോങ് യാങ്ങിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗഹൃദം പുതുക്കാനും ശ്രമിച്ചിരുന്നു.

Content Summary; Chifagate scandal; Peru’s interim president José Jerí has been forced out of office in an express impeachment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×