മകന്റെ വിവാഹം രണ്ടാമതും മാറ്റി വച്ച് താനും കുടുംബവും ഇസ്രയേലിന് വേണ്ടി സഹിക്കുന്ന ‘ ത്യാഗം’ വിവരിച്ച് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ. ഇറാനുമായി സംഘര്‍ഷത്തിലിരിക്കുന്ന പശ്ചാത്തലത്തിലാണ് മകന്റെ വിവാഹം നീട്ടിവച്ചതെന്നാണ് നെതന്യാഹു പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്ത് തന്നെ പരിഹാസത്തിന് കാരണമായിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ഇറാനിയന്‍ മിസൈല്‍ ആക്രമണം നടന്ന തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സ്വകാര്യ നഷ്ടത്തിന്റെ കഥ നെതന്യാഹു വിവരിച്ചത്. ‘നമ്മള്‍ ഓരോരുത്തരും വ്യക്തിപരമായ നഷ്ടം സഹിക്കുന്നു. എന്റെ കുടുംബവും ഇതില്‍ നിന്ന് ഒഴിവായിട്ടില്ല’, തകര്‍ന്ന് കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് മുന്നില്‍ നിരന്ന കാമറകള്‍ക്കു മുന്നില്‍ നിന്നും അദ്ദേഹം വികാരം കൊണ്ടത്. എന്നാല്‍ ഈ യുദ്ധം അഴിച്ചുവിട്ടത് നെതന്യാഹു തന്നെയാണെന്നും പിന്നീട് അദ്ദേഹം ത്യാഗത്തിന്റെ കഥ പറയുന്നതും പരിഹാസ്യമാണെന്നായിരുന്നു ഹീബ്രു ഭാഷയില്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ പോസ്റ്റുകളില്‍ കാണാമായിരുന്നത്.
ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുകയാണ് നെതന്യാഹു എന്നാണ് ഇസ്രയേലി പ്രധാനമന്ത്രിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ കാണിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. 17 വര്‍ഷത്തിലായി അധികാരത്തില്‍ തുടരുകയാണ് നെതന്യാഹൂ. ഇസ്രായേലും മിഡില്‍ ഈസ്റ്റും ഇന്ന് അനുഭവിക്കുന്നതിനെല്ലാം നേരിട്ട് ഉത്തരവാദിയാണ്. അതേ ആള്‍ തന്നെ സ്വകാര്യ നഷ്ടത്തെക്കുറിച്ച് വിലപിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമായതാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.
ജനങ്ങളില്‍ നിന്നും സിംപതി നേടാനായിരുന്നു നെതന്യാഹുവിന്റെ ശ്രമം. സാധാരണ ഇസ്രായേലികളെപ്പോലെ തന്റെ കുടുംബവും ഈ സമയത്തിന്റെ പൊതുവായ കഷ്ടപ്പാടുകള്‍ നേരിടുകയാണെന്ന് സമര്‍ത്ഥിക്കാനാണ് തന്റെ മകന്‍ അവ്നറിന്റെ കല്യാണം മാറ്റിവച്ച കഥപറയുന്നത്. വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നത് ഇതാദ്യമല്ലെന്നും ഇക്കാര്യത്തില്‍ അവ്നറിന്റെ പ്രതിശ്രുത വധുവും, വരന്റെ അമ്മയും തന്റെ ഭാര്യയുമായ സാറയും നിരാശയിലാണെന്നുമാണ് നെതന്യാഹു പറയുന്നത്. ‘മിസൈല്‍ ഭീഷണി കാരണം എന്റെ മകന്‍ അവ്നറിന്റെ വിവാഹം റദ്ദാക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇത് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിന്റെയും സ്വകാര്യ നഷ്ടമാണ്. എന്റെ പ്രിയപ്പെട്ട ഭാര്യ ഒരു ഹീറോ ആണെന്ന് ഞാന്‍ പറയും, കാരണം അവള്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കുകയാണ്”.
രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്രിട്ടനെയാണ് ഈയവസരത്തില്‍ ഇസ്രയേലുമായി നെതന്യാഹു താരതമ്യപ്പെടുത്തുന്നത്. ചര്‍ച്ചിലിനെ സ്വയമായും അനുകരിക്കുന്നു. ‘ഇത് ശരിക്കും ബ്ലിറ്റ്സ് സമയത്ത് ബ്രിട്ടീഷ് ജനതയെ ഓര്‍മ്മിപ്പിക്കുന്നു. നമ്മളും ഒരു ബ്ലിറ്റ്സിലൂടെയാണ് കടന്നുപോകുന്നത്’, 43,000 സാധാരണക്കാര്‍ കൊല്ലപ്പെട്ട ബ്രിട്ടണിലെ യുദ്ധകാല നാസി ബോംബാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറയുന്നതിങ്ങനെയാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1940-1941) യുകെയില്‍ പ്രത്യേകിച്ച് ലണ്ടനില്‍, ജര്‍മ്മന്‍ വ്യോമസേന (ലുഫ്റ്റ്വാഫ്) നടത്തിയ തീവ്രമായ ബോംബാക്രമണങ്ങളുടെ പരമ്പരയാണ് ബ്ലിറ്റ്‌സ് എന്നറിയപ്പെടുന്നത്.
അവ്നര്‍ നെതന്യാഹുവിന്റെ വിവാഹം കഴിഞ്ഞ നവംബറില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവച്ചു. ഈ തിങ്കളാഴ്ച്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഈയൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വിവാഹം നടത്തുന്നതിനെതിരേ പ്രതിപക്ഷത്ത് നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.
മകന്റെ വിവാഹം മാറ്റിവച്ച് നെതന്യാഹു പറയുന്ന ത്യാഗം, തങ്ങള്‍ അനുഭവിച്ച നഷ്ടങ്ങളുടെയും വേദനയുടെയും അയലത്ത് പോലും വരില്ലെന്നാണ് ഇസ്രയേലികള്‍ പറയുന്നത്. ഒക്ട്‌ബോര്‍ ഏഴിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബങ്ങളാണ് പ്രധാനമായും പ്രധാനമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മകന്റെ വിവാഹത്തിനായി അവധിയെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നില്ലെന്ന് ഇറാന്‍ കരുതിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ വ്യോമാക്രമണം നേരിടേണ്ടി വന്നപ്പോഴാണ് ഇറാന് തങ്ങളുടെ അലംഭാവത്തിന്റെ വില മനസിലായത്.
ഇറാന്റെ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 24 ഇസ്രയേലി പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 263 ഇറാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. Israelis object to Netanyahu’s claim of sacrifice for postponing son’s wedding during Iran attack
Content Summary; Israelis object to Netanyahu’s claim of sacrifice for postponing son’s wedding during Iran attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.