എട്ട് വർഷം മുമ്പ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി രാജ്യസഭാ എം.പി സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയ്ക്ക് ഹരിയാനയിൽ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറലായി നിയമനം. ജൂലൈ 18-ന് പുറത്തിറങ്ങിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് നിയമനം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
കേസിൽ പ്രതി പട്ടികയിലുള്ള വികാസ് ബരാലയുടെ പേര്, അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറൽമാർ, ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽമാർ, സീനിയർ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറൽമാർ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ എന്നീ തസ്തികകളിലേക്ക് നടത്തിയ 97 പുതിയ നിയമനങ്ങളിലാണ് ഉള്ളത്. നിലവിൽ ഇയാൾ ജാമ്യത്തിലാണ്. ഈ കേസിന്റെ വിചാരണ ചണ്ഡീഗഡ് കോടതിയിൽ ഇപ്പോഴും പുരോഗമിക്കുന്നു.
2017 ഓഗസ്റ്റ് 5-നാണ് വികാസ് ബരാലയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്ത് ആശിഷ് കുമാറിനുമെതിരെ പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. 354D (പിന്തുടരൽ – Stalking), 341 (തെറ്റായി തടഞ്ഞുവെക്കൽ – Wrongful Restraint): 365 (തട്ടിക്കൊണ്ടുപോകാൻ ശ്രമം – Attempt to Abduct) 511: കുറ്റം ചെയ്യാൻ ശ്രമിക്കുന്നത്. ഇതുകൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
ഹരിയാന കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വി.എസ്. കുണ്ടുവിന്റെ മകൾ വർണിക കുണ്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2017 ഓഗസ്റ്റ് 4-ന് രാത്രി ചണ്ഡീഗഡിൽ വെച്ച് വികാസും ആശിഷും തൻ്റെ വാഹനത്തെ പിന്തുടരുകയും, ബലമായി വാഹനത്തിൽ കയറാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് വർണികയുടെ പരാതി. ഈ സംഭവത്തെ തുടർന്നാണ് പോലീസ് കേസെടുത്തതും നിയമനടപടികൾ ആരംഭിച്ചതും.
വികാസ് ബരാലയുടെ പിതാവായ സുഭാഷ് ബരാല, 2017-ൽ ഹരിയാന ബി.ജെ.പി അധ്യക്ഷനായിരുന്നു. ആ സമയത്ത് ഹരിയാനയിൽ ഭരണം ബി.ജെ.പിക്കായിരുന്നു. 2014 മുതൽ 2020 വരെ ഹരിയാന ബി.ജെ.പി പ്രസിഡന്റായി സുഭാഷ് ബരാല സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ൽ മനോഹർ ലാൽ ഖട്ടാർ ആയിരുന്നു ഹരിയാന മുഖ്യമന്ത്രി. വർണിക കുണ്ടുവിന്റെ പരാതിയെ തുടർന്ന്, സെക്ടർ 26 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ, വികാസ് ബരാലയെയും സുഹൃത്ത് ആശിഷ് കുമാറിനെയും ഓഗസ്റ്റ് 9-ന് അറസ്റ്റ് ചെയ്തു. അതേ വർഷം തന്നെ ഒക്ടോബറിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി.
2018 ജനുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വികാസ് ബരാലയ്ക്ക് ജാമ്യം അനുവദിക്കുന്നതുവരെ, ചണ്ഡീഗഡിലെ ബുറൈൽ മോഡൽ ജയിലിൽ കഴിയേണ്ടി വന്നു. ഈ കേസിന്റെ അടുത്ത വാദം കേൾക്കുന്നത് 2025 ഓഗസ്റ്റ് 2-നാണ്. അന്നേദിവസം പ്രതിഭാഗത്തിന്റെ തെളിവുകൾ രേഖപ്പെടുത്തും. ലൈംഗിക പീഡനക്കേസ് നടന്ന സമയം വികാസ് ബരാല നിയമ വിദ്യാർത്ഥിയായിരുന്നു. 2017 ഡിസംബറിൽ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദ പരീക്ഷ എഴുതാൻ ഹൈക്കോടതി അദ്ദേഹത്തിന് അനുവാദം നൽകിയിരുന്നു.
വികാസ് ബരാലയുടെ പിതാവായ സുഭാഷ് ബരാല, 2014 ഡിസംബർ മുതൽ 2020 ജൂലൈ വരെ ഹരിയാന ബി.ജെ.പി. അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 2019 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഫത്തേബാദ് ജില്ലയിലെ തോഹാന മണ്ഡലത്തിൽ നിന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഹരിയാന ബ്യൂറോ ഓഫ് പബ്ലിക് എൻ്റർപ്രൈസസിന്റെ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു. 2024 ഫെബ്രുവരിയിൽ ഹരിയാനയിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബി.ജെ.പി എം.പി സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയെ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറലായി നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ലൈംഗിക പീഡനത്തിന് ഇരയായ വർണിക കുണ്ടുവിന്റെ പിതാവും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വി.എസ്. കുണ്ടു ‘ദി ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
“ഇതിനെക്കുറിച്ച് ഞാനോ എൻ്റെ മകളോ പ്രതികരിക്കേണ്ട കാര്യമില്ല. എന്ത് തരം ആളുകളെ നിയമിക്കണം അല്ലെങ്കിൽ നിയമിക്കരുത് എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് നിർഭാഗ്യകരമാണ്. നീതിന്യായ വ്യവസ്ഥയിൽ വലിയ വിശ്വാസത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്, പക്ഷേ നിർഭാഗ്യവശാൽ ഏഴ് വർഷം പിന്നിട്ടിട്ടും പ്രതിഭാഗം സാക്ഷി വിസ്താരം തുടങ്ങിയിട്ടില്ല,” 2022 ഡിസംബറിൽ സർവീസിൽ നിന്ന് വിരമിച്ച വി.എസ്. കുണ്ടുവിനെ പിന്നീട് സംസ്ഥാനത്തെ റവന്യൂ കമ്മീഷൻ ചെയർമാനായി നിയമിച്ചിരുന്നു.
വികാസ് ബരാലയുടെ പിതാവും ബി.ജെ.പി രാജ്യസഭാ എം.പിയുമായ സുഭാഷ് ബരാലയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും പ്രതികരണം നൽകാമെന്ന് അറിയിച്ചെങ്കിലും പിന്നീട് മറുപടിയൊന്നും ലഭിച്ചില്ല. വികാസ് ബരാലയെയും പ്രതികരണത്തിനായി ലഭ്യമായില്ല. സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ രംഗത്തെത്തി. “അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ കഴിവുള്ളവരെ മാത്രമേ നിയമിക്കാവൂ,” ഹൂഡ ‘ദി ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു.
content summary: BJP MP’s Son Appointed Assistant Advocate General Despite Sexual Harassment Charges
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.