June 26, 2026 |
Share on

ബുർഖയിട്ട സ്ത്രീകളെ ഭീകരരായി ചിത്രീകരിച്ചു; ഗുജറാത്തിലെ സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തിൽ

സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായ സംഘടനകൾ രംഗത്തെത്തി

ബുർഖ ധരിച്ചവരെ ഭീകരവാദികളായി ചിത്രീകരിച്ചു വിവാദമായി സ്വാതന്ത്ര്യദിനാ​ഘോഷ പരിപാടിയിലെ നാടകം. ​ഗുജറാത്തിലെ ഭാവ്​ന​ഗറിലെ കുംഭർവാദ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച നാടകത്തിലാണ് ബുർഖ ധരിച്ചവർ ഭീകര പ്രവർത്തനം നടത്തുന്നതായി ചിത്രീകരിച്ചത്. ഇതിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ തുടർന്ന് സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായ സംഘടനകൾ രംഗത്തെത്തി. നാടകം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇത്തരത്തിലുള്ള നാടകങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുമെന്നും, കുട്ടികളുടെ മനസ്സിൽ തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടി. അധികാരികൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഭാവ്നഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹിതേന്ദ്രസിംഗ് ഡി. പഥേരിയ, സ്കൂൾ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുൻജാൽ ബദ്മാലിയക്ക് ചൊവ്വാഴ്ച നോട്ടീസ് അയച്ചു. സ്കൂളിൽ നടന്ന പരിപാടിയുടെ പൂർണ്ണ വിവരങ്ങളും അറിയിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. ദേശസ്നേഹത്തിന്റെ മറവിൽ മുസ്ലീംങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് പ്രദേശവാസിയായ ഷാഹിദ് ഖാൻ പറഞ്ഞു.

സംവിധാൻ ബച്ചാവോ സമിതി ഭാവ്നഗർ എന്ന സാമൂഹിക സംഘടനയുടെ പരാതിയെ തുടർന്നാണ് നോട്ടീസ് അയച്ചത്. നാടകം മുസ്ലിം സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായും നാടകത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കെതിരെ കർശന നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പരിപാടിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകളാണ് വിവാദത്തിന് തിരി കൊളുത്തിയത്.

വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്താനും പൊതുജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും സ്കൂൾ അധികൃതർ ശ്രമിച്ചുവെന്ന് ബന്ദ്‌ഹരൻ ബച്ചാവോ സമിതി ആരോപിച്ചു. ഭവ്‌നഗറിലെ കുംഭാർവാഡയിലുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം പ്രൈമറി സ്‌കൂൾ നമ്പർ 50-51-ൽ കുട്ടികൾ ഒരു നാടകം അവതരിപ്പിച്ചു. ഈ നാടകത്തിൽ കശ്മീരി തീർത്ഥാടകരെയും സൈന്യത്തെയും ഭീകരവാദികളെയും ചിത്രീകരിച്ചിരുന്നു. നാടകത്തിൽ മുസ്ലീം വേഷം (ബുർഖ) ധരിച്ച പെൺകുട്ടികളെ ഭീകരവാദികളായി അവതരിപ്പിച്ചു, ഇത് മുസ്ലീം സമുദായത്തെ ഭീകരവാദികളായി വ്യക്തമായി ചിത്രീകരിക്കുന്നതാണെന്ന് ബന്ദ്‌ഹരൻ ബച്ചാവോ സമിതി പരാതിയിൽ പറഞ്ഞു. ഈ നാടകം അവതരണത്തിലൂടെ അധ്യാപകർ തങ്ങളുടെ ക്രിമിനൽ മനോഭാവം കാണിച്ചെന്നും, ഇതിനെതിരെ മുസ്ലിം സമുദായത്തിൽ കടുത്ത പ്രതിഷേധവും രോഷവും നിലനിൽക്കുന്നുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.

content summary: A play portraying burqa-clad women as terrorists at an Independence Day event in a Gujarat school sparks controversy

Leave a Reply

Your email address will not be published. Required fields are marked *

×