ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം അനന്തമായി നീളുമ്പോഴും റാങ്ക് ലിസ്റ്റിലെ അഞ്ചാമനും വാര്യര്‍ സമുദായാംഗവുമായ ഉദ്യോഗാര്‍ത്ഥിക്ക് താല്കാലിക നിയമനം. ഇക്കഴിഞ്ഞ ഏപ്രില്‍ 12-ാം തീയതി ഈഴവ സമുദായത്തില്‍പ്പെട്ട രണ്ടാം റാങ്കുകാരനായ ചേര്‍ത്തല സ്വദേശി കെഎസ് അനുരാഗിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തിന് അഡൈ്വസ് മെമ്മോ അയച്ചിരുന്നു. ഇതിനെ മറികടന്നാണ് താല്കാലിക നിയമനം നടത്തിയിരിക്കുന്നത്.
കര്‍ക്കിടക മാസത്തെ തുടര്‍ന്ന് കെവി രഞ്ജിത്തിനെയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താല്കാലികമായി മാല കെട്ടുന്നതിന് നിയമിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്ന് മുതല്‍ രഞ്ജിത്ത് ഇവിടെ ജോലി ചെയ്യുകയാണ്. മാല കെട്ട് ജോലി എന്നതിന് പകരം സഹായി എന്ന നിലയിലാണ് ദേവസ്വം അധികൃതര്‍ താല്കാലിക നിയമനം നടത്തിയിരിക്കുന്നത്. കര്‍ക്കിടക മാസത്തില്‍ മാലയുടെ ആവശ്യം കൂടുതലായി വരുന്നത് കൊണ്ട് എല്ലാ വര്‍ഷവും മാല കെട്ടുന്നതിനായി പുറമെ നിന്ന് ആളുകളെ എടുക്കുക പതിവാണ്. പക്ഷേ, ഇത്തരത്തില്‍ നിയമനം നടത്തുന്നതൊക്കെയും അമ്പലവാസി സമുദായങ്ങളിലെ വാര്യര്‍, പിഷാരടി, നമ്പീശന്‍ വിഭാഗങ്ങളില്‍ നിന്ന് മാത്രമാണ് എന്നതാണ് വസ്തുത.
ഒന്നാം റാങ്കുകാരനായിരുന്ന ഈഴവ സമുദായാംഗം ബി.എ. ബാലു, തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് കഴകം ജോലിയില്‍ നിന്ന് രാജിവച്ചത് വലിയ വിവാദമായിരുന്നു. മൂന്നാം തീയതി ദേവസ്വം ബോര്‍ഡ് ബാലുവിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നേദിവസം തന്നെ പുതിയ നിയമനം സംബന്ധിച്ച് ദേവസ്വം റിക്യൂട്ട്മെന്റ് ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഏപ്രില്‍ എട്ടിന് പുതിയ കഴകക്കാരനെ നിയമിക്കുന്നത് സംബന്ധിച്ച് ഓര്‍ഡറും ഇറക്കിയിരുന്നു. എന്നാല്‍ എട്ടാം തീയതി ദേവസ്വം ബോര്‍ഡ് പറഞ്ഞത്, തങ്ങള്‍ക്ക് ഓണ്‍ലൈന്‍ കോപ്പി മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും പോസ്റ്റല്‍ കോപ്പി കൂടി വരട്ടെയെന്നുമായിരുന്നു. 12-ാം തീയതി ദേവസ്വം ബോര്‍ഡിന് പോസ്റ്റ് വഴി അഡൈ്വസ് മെമ്മോ ലഭിക്കുകയും ചെയ്തു. പിറ്റേ ദിവസങ്ങളിലൊന്നും അടുത്ത റാങ്കുകാരനായ കെഎസ് അനുരാഗിന് അപ്പോയ്മെന്റ് ഓര്‍ഡര്‍ അയയ്ക്കാതിരുന്ന ദേവസ്വം ബോര്‍ഡ് മെയ് 24-ാം തീയതി ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ കേസ് വരുന്നത് വരെ നിയമനം വൈകിപ്പിക്കുകയായിരുന്നു. ഇതിലൂടെ തന്ത്രിമാര്‍ക്കും മറ്റും കേസിന് പോകാനുള്ള അവസരം കൂടിയാണ് ദേവസ്വം ബോര്‍ഡ് ഒരുക്കി നല്‍കിയത്.
കൂടാതെ, മെയ് 10 മുതല്‍ 18 വരെ നടന്ന ക്ഷേത്രോത്സവത്തിന് മുമ്പ് നിയമനം നടത്തുന്നത് തടയുക കൂടിയായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. ആറ് തന്ത്രിമാരും വര്‍ഷത്തില്‍ രണ്ടുമാസം മാത്രം പാരമ്പര്യ കഴകം അവകാശമുള്ള തെക്കേ വാര്യത്തെ ടി.വി. ഹരികൃഷ്ണനും മറ്റും നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ കെഎസ് അനുരാഗിന്റെ നിയമനം സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.
അതേസമയം, കഴകക്കാരനായി ആരെയും താല്കാലികമായി നിയമിച്ചിട്ടില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സികെ ഗോപി അഴിമുഖത്തോട് പ്രതികരിച്ചു. ”പല ഭക്തരും മാല കെട്ടി ഭഗവാന് ചാര്‍ത്തുന്ന സംവിധാനം നിലവിലുണ്ട്. അങ്ങനെ മാല കെട്ടുന്നവരാണ്. കോടതിയില്‍ കേസ് നില്‍ക്കുന്ന സാഹചര്യമായതിനാല്‍, ദേവസ്വം ആരെയും മാല കെട്ടാന്‍ നിര്‍ത്തിയിട്ടില്ല. അഞ്ചാം റാങ്കുകാരനെ അറിയില്ലെന്നും ഓര്‍ഡര്‍ വരുന്നതിനനുസരിച്ച് മാത്രമാണ് നിയമനം നടത്തൂ” അഡ്വ. സികെ ഗോപി കൂട്ടിച്ചേര്‍ത്തു.
കഴകം, മാലകെട്ട് പോലെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ ക്ഷേത്രം തന്ത്രിമാരുടെ അഭിപ്രായവും സമ്മതവും കൂടാതെ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തന്ത്രിമാര്‍ രംഗത്ത് വന്നതോടെയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവും വിവാദത്തിലായത്. മുടക്കം കൂടാതെ ക്ഷേത്രാചാരങ്ങള്‍ നടക്കണമെന്ന് കോടതി വിധികള്‍ നിലനില്‍ക്കേയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുന്നത്. Koodalamanikyam temple kazhakam controversy: Temporary appointment despite advice memo
Content Summary: Koodalamanikyam temple kazhakam controversy: Temporary appointment despite advice memo