ലിബേറിയൻ പ്രസിഡന്റിന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലൈബീരിയയ്ക്ക് വിനയായി തീർന്നിരിക്കുകയാണ് ട്രംപിന്റെ പ്രശംസ. യുഎസ് നിക്ഷേപങ്ങൾക്കായി ആഫ്രിക്കൻ രാജ്യങ്ങളുമായി വൈറ്റ് ഹൌസിൽ വച്ച് നടത്തിയ ചർച്ചയിലായിരുന്നു ട്രംപിന്റെ പ്രശംസ. ദീർഘകാലമായി അമേരിക്കയുമായി സൌഹൃദം വച്ചു പുലർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ലൈബീരിയ അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന നിങ്ങളുടെ നയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു, ഈ അവസരത്തിന് ഞങ്ങൾ നിങ്ങളോട് വളരെയധികം നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള ലൈബീരിയൻ പ്രസിഡന്റിന്റെ വാക്കുകളിലൂടെയായിരുന്നു ചർച്ച ആരംഭിച്ചത്.
ലൈബീരിയൻ പ്രസിഡന്റ് ബോകായുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിൽ ആകൃഷ്ടനായ ട്രംപ്, ബോകായ്ക്ക് എവിടെ നിന്നാണ് ഭാഷാ വൈദഗ്ദ്ധ്യം ലഭിച്ചതെന്ന് തിരക്കി. എത്ര മനോഹരമായാണ് നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഇത്ര മനോഹരമായി സംസാരിക്കാൻ നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത്? ട്രംപ് ബോകായോട് ചോദിച്ചു. ട്രംപിന്റെ ചോദ്യം കേട്ട് ബോകായ് ചിരിക്കുന്നത് കാണാം. ലൈബീരിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെെന്ന് മറുപടിയും നൽകുന്നുണ്ട്. ലൈബീരിയയിലോ അതേ ട്രംപ് കൌതുകത്തോടെ ചോദിച്ചു. അതെ സാറെന്ന് ബോകായ് മറുപടിയും പറഞ്ഞു.1822ലാണ് ലൈബീരിയ സ്ഥാപിതമായത്. അടിമത്തം അവസാനിച്ചുകഴിഞ്ഞാൽ യുഎസിലെ കറുത്ത വർഗ്ഗക്കാരുടെ ഭാവി എന്താകുമെന്ന ആശങ്കയെ തുടർന്ന് വെള്ളക്കാരായ അമേരിക്കക്കാരാണ് ലൈബീരിയ സ്ഥാപിക്കുന്നത്. അടിമകളുടെ രാജ്യമെന്ന കാഴ്ച്ചപ്പാട് പലരിൽ നിന്നും ഇപ്പോഴും വിട്ടുപോയിട്ടില്ലെന്നാണ് ട്രംപിന്റെ ചോദ്യം വ്യക്തമാക്കുന്നത്. അതിന് പുറമേ നയതന്ത്ര ബന്ധങ്ങളിൽ ഏർപ്പെടാൻ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പരിമിതമായ അറിവിനെയും ഇവിടെ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയെ സംബന്ധിച്ച് ഇതൊരു നാണക്കേടാണ്. ലൈബീരിയയിൽ ഒന്നിലധികം തദ്ദേശീയ ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ലൈബീരിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്.
ബുധനാഴ്ച വൈറ്റ് ഹൗസിൽ ഗാബോൺ, ഗിനിയ-ബിസാവു, ലൈബീരിയ, മൗറിറ്റാനിയ, സെനഗൽ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വൈറ്റ് ഹൌസ് കൂടിക്കാഴ്ചയിലായിരുന്നു ഈ സംഭവം. ആഫ്രിക്കയോടുള്ള യുഎസ് സമീപനം മാറ്റം വരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചൈനയേക്കാൾ മികച്ച പങ്കാളികളാവാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത പല നേതാക്കളും വ്യാഖ്യാതാക്കൾ വഴി തങ്ങളുടെ സ്വന്തം ഭാഷകളിലാണ് സംസാരിച്ചത്. ആഫ്രിക്കയിലെ സൗഹൃദങ്ങൾ ശക്തിപ്പെടുത്തുന്നതിന് തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു, എപ്പോഴെങ്കിലും ആ സ്ഥലം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. സഹായം നൽകുന്നുവെന്ന ആശയത്തിൽ നിന്ന് മാറി വ്യാപാര പങ്കാളികളായി തീരുകയാണ് നമ്മൾ. മറ്റ് രാജ്യങ്ങളെ പോലെ തന്നെ ആഫ്രിക്കയിലും വലിയ സാമ്പത്തിക സാധ്യതകളുണ്ട്. അവയെ നമുക്ക് കൃത്യമായി പ്രയോജനപ്പെടുത്തണം. ഇത് വളരെ ഫലപ്രദവും സുസ്ഥിരവും പ്രയോജനകരവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകമെമ്പാടുമുള്ള സമാധാന കരാറുകളിൽ മധ്യസ്ഥത വഹിച്ചതിന് ആഫ്രിക്കൻ നേതാക്കൾ യുഎസ് പ്രസിഡന്റിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചതിന് പിന്തുണ അറിയിക്കുകയും ചെയ്തു.
നമ്മൾ ദരിദ്ര രാജ്യങ്ങളല്ല. അസംസ്കൃത വസ്തുക്കളുടെ കാര്യത്തിൽ നമ്മൾ സമ്പന്ന രാജ്യങ്ങളാണ്. എന്നാൽ ഞങ്ങളെ പിന്തുണയ്ക്കാനും ആ വിഭവങ്ങൾ വികസിപ്പിക്കാൻ സഹായിക്കാനും ഞങ്ങൾക്ക് പങ്കാളികളെ ആവശ്യമാണ്, ഗാബോണിന്റെ പ്രസിഡന്റ് ബ്രൈസ് ക്ലോട്ടെയർ ഒലിഗുയി എൻഗുമ പറഞ്ഞു. നിക്ഷേപങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നതായും എൻഗുമ പറഞ്ഞു.
content summary: Trump’s attempt to compliment Liberia’s president on their English turns into a national embarrassment