സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക്, സ്വർണ വിലയുടെ ഏറ്റക്കുറച്ചിലുകൾ എന്നും ഒരു വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി മറികടന്ന്, ഒരു നിശ്ചിത തുക മാസ തവണകളായി അടച്ച്, കാലാവധി പൂർത്തിയാവുമ്പോൾ പണിക്കൂലിയിലും മറ്റും ഇളവുകൾ നേടി സ്വർണ്ണം സ്വന്തമാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്വർണ നിക്ഷേപ പദ്ധതികൾ. ഓരോ ജ്വല്ലറിയും അവരുടെ പ്രത്യേക സ്‌കീമുകൾക്കനുസരിച്ചാണ് ഈ നിക്ഷേപ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്. ഒരുവശത്ത് പ്രയോജനകരമാകുമ്പോൾ തന്നെ, മറുവശത്ത് ഇത്തരം നിക്ഷേപ പദ്ധതികൾ പലരും തങ്ങളുടെ ബിസിനസ് താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുമുണ്ട്.
ഇതിന് ഉദാഹരണമാണ് ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സിന്റെ സ്വർണ നിക്ഷേപ പദ്ധതി. സ്വർണം വിൽക്കാതെ, നിക്ഷേപം മാത്രം സ്വീകരിച്ച്, അഞ്ച് വർഷത്തിനിടയിൽ ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലറി പൊതുജനങ്ങളിൽ നിന്ന് ഏകദേശം 1000 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി തയ്യാറാക്കിയ അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗത്തിൽ പുറത്തു വിട്ടിരുന്നു. ഇത്തരം സ്വർണ വ്യാപാരങ്ങൾക്ക് പിന്നിലെ യഥാർത്ഥ ‘കളികൾ‘ ആണ് ഇതിലൂടെ പൊതുജനത്തിന് മുന്നിലെത്തിയത്.

എങ്കിലും, എല്ലാ സ്വർണ നിക്ഷേപ പദ്ധതികളും വ്യാജമാണെന്ന് ഇതിനർത്ഥമില്ല.ഈ പദ്ധതികൾ എങ്ങനെ പ്രവർത്തിക്കുന്നു, വിവിധ തരം സ്കീമുകൾ ഏതെല്ലാമാണ്, നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി പരിശോധിക്കാം. സാധാരണയായി മൂന്ന് തരം പ്ലാനുകളാണ് ഇത്തരം സ്വർണ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നത്. പ്രതിമാസ തവണ അടവ് സ്കീം (Monthly Installment), പ്രതിമാസ ഗോൾഡ് വെയിറ്റ് ബുക്കിംഗ് സ്കീം (Gold Weight Booking), ഒറ്റത്തവണ നിക്ഷേപ സ്കീം (Single Installment).11 മാസം മുതൽ 12 മാസം വരെയാണ് മിക്ക പ്രതിമാസ പദ്ധതികളുടെയും കാലാവധി.

പ്രതിമാസ തവണ അടവ്
ഈ സ്കീമാണ് സാധാരണയായി ജ്വല്ലറികൾ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത്. കൃത്യമായ വരുമാനമുള്ളവർക്ക് മാസംതോറും ചെറിയ തുകകൾ മാറ്റിവെച്ച് സ്വർണ്ണം സ്വന്തമാക്കാൻ ഇത് സഹായിക്കുന്നു. ഈ സ്കീമുകളിൽ മിനിമം 500 രൂപയിൽ തുടങ്ങി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഒരു തുക മാസതവണയായി നൽകാം. ജ്വല്ലറികളുടെ പോളിസി അനുസരിച്ച് നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോൾ അടച്ച മൊത്തം തുകയ്ക്കും അനുസരിച്ച് സ്വർണാഭരണ രൂപത്തിലോ, അല്ലെങ്കിൽ നാണയ രൂപത്തിലോ വാങ്ങാവുന്നതാണ്.
ഇതുപോലെ സ്വർണം വാങ്ങുമ്പോൾ മിക്ക ജ്വല്ലറികളും പണിക്കൂലിയിൽ കിഴിവുകൾ നൽകുന്നത് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കും. ഈ ബോണസ് തുക ഉപയോഗിച്ച്, ഉപഭോക്താവിന് പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വാങ്ങാൻ സാധിക്കുന്നു.ഇവിടെ ഇളവ് ലഭിക്കുന്നത് ആഭരണത്തിന്റെ പണിക്കൂലിക്ക് മാത്രമാണ്, സ്വർണ്ണത്തിന്റെ വിലയ്ക്കല്ല. ആഭരണം എടുക്കുമ്പോൾ ജി.എസ്.ടി.യും നൽകേണ്ടിവരും.
ഈ സ്കീമുകളിൽ (ഉദാഹരണത്തിന് ₹1000-ൽ തുടങ്ങുന്നവ), ഉപഭോക്താക്കൾക്ക് കൈവശമുള്ള തുക വെച്ച് കൂട്ടി അടയ്ക്കാനും, അടച്ച തുകയ്ക്ക് അനുസരിച്ച് ബോണസ് നേടാനും സാധിക്കും. മറ്റ് സ്കീമുകളിൽ നിശ്ചിത തുക മാത്രം അടച്ച് 12-ാം മാസം ഒരു മാസത്തെ തവണ തുക ബോണസായി ലഭിക്കുന്നു. ഈ പ്ലാനുകൾ ആവശ്യാനുസരണം നീട്ടിയെടുക്കാനും സാധിക്കും.
പ്രതിമാസ ഗോൾഡ് വെയിറ്റ് ബുക്കിംഗ്
സ്വർണ നിക്ഷേപ പദ്ധതികളിൽ, വില വർദ്ധനവിന്റെ ആഘാതം ലഘൂകരിക്കാൻ സഹായിക്കുന്ന ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് ഗോൾഡ് വെയിറ്റ് ബുക്കിംഗ് സ്കീം. ഈ പദ്ധതി സാധാരണ പ്രതിമാസ അടവ് സ്കീമുകളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ഏറ്റവും സുരക്ഷിതമായ പദ്ധതിയായി കണക്കാക്കുന്ന ഗോൾഡ് വെയിറ്റ് ബുക്കിംഗ് സ്കീമിൽ, ഓരോ മാസത്തെ അടവും അന്നത്തെ സ്വർണ്ണവില അനുസരിച്ച് തൂക്കമായി അക്കൗണ്ടിൽ ബുക്ക് ചെയ്യപ്പെടുന്നു.

കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾ 12 മാസങ്ങളിലായി ബുക്ക് ചെയ്ത മൊത്തം സ്വർണത്തിന്റെ തൂക്കം എത്രയാണോ, അതിനനുസരിച്ചുള്ള ആഭരണങ്ങൾ (പണിക്കൂലിയും ജി.എസ്.ടി.യും ബാധകം) വാങ്ങാൻ സാധിക്കുന്നു. ഇവിടെ സ്വർണവില കൂടുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. വില കുറയുമ്പോൾ അടയ്ക്കുകയാണെങ്കിൽ കൂടുതൽ തൂക്കം ബുക്ക് ചെയ്യാൻ സാധിക്കും.
ഒറ്റത്തവണ നിക്ഷേപം
മാസം തോറും തവണകൾ അടയ്ക്കുന്നതിനേക്കാൾ, വലിയൊരു തുകയോ അല്ലെങ്കിൽ പഴയ സ്വർണമോ ഒരുമിച്ച് നിക്ഷേപിച്ച്, ഒരു നിശ്ചിത കാലയളവിന് ശേഷം ആഭരണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഈ സ്കീമിൽ ചേരുമ്പോൾ തന്നെ, ഉപഭോക്താവ് നിശ്ചിത തുക ഒറ്റത്തവണയായി അടയ്ക്കുന്നു. പലപ്പോഴും, ഉപഭോക്താവിന്റെ കൈവശമുള്ള പഴയ സ്വർണവും പണവും ചേർത്തുകൊണ്ട് ഈ ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കും. ആദ്യത്തെ അടവിന് ശേഷം, നിശ്ചിത കാലയളവ് (ഉദാഹരണത്തിന് 9 മാസം) വരെ പിന്നീട് തവണകൾ ഒന്നും അടയ്‌ക്കേണ്ടതില്ല.
നിക്ഷേപം മെച്യൂരിറ്റി ആകുന്നത് വരെ കാത്തിരിക്കണം.കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച തുകയ്ക്ക് തുല്യമായ പുതിയ സ്വർണ്ണം എടുക്കാം. ആ സമയം പണിക്കൂലി നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ചില ഒറ്റത്തവണ സ്കീമുകളുടെ കാലാവധി പ്രതിമാസ സ്കീമുകളേക്കാൾ കുറവായിരിക്കും. പണിക്കൂലി ഇളവ് ലഭിക്കുമ്പോൾ തന്നെ, എടുക്കുന്ന ആഭരണങ്ങളിൽ രത്‌നക്കല്ലുകൾ ഉണ്ടെങ്കിൽ, അതിന്റെ മൂല്യം ഉപഭോക്താവ് പ്രത്യേകം നൽകേണ്ടിവരും. ആഭരണം വാങ്ങുന്ന സമയത്ത് ജി.എസ്.ടി. നിർബന്ധമായും അടയ്ക്കേണ്ടതാണ്.
പദ്ധതികളിൽ ചേരുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
സ്വർണ നിക്ഷേപ പദ്ധതികളിൽ ചേരുമ്പോൾ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതിനായി വിശ്വാസയോഗ്യവും നിലനിൽപ്പുള്ളതുമായ ജ്വല്ലറികൾ കൃത്യമായി തിരഞ്ഞെടുത്ത ശേഷം മാത്രം നിക്ഷേപം ആരംഭിക്കുക. പദ്ധതിയിൽ പണിക്കൂലി ഒഴിവാക്കി നൽകുന്ന കിഴിവുകൾക്ക് പകരമായി, ജ്വല്ലറികൾ പ്രോസസ്സിംഗ് ഫീസ് പോലുള്ള അധിക ചാർജുകൾ ഈടാക്കിയേക്കാം. അതിനാൽ, സ്കീമിൽ ചേരുന്നതിനു മുൻപ്, പിഴവുകൾ ഒഴിവാക്കാനായി അതിന്റെ നിയമങ്ങളും വ്യവസ്ഥകളും പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയിരിക്കണം.

പണം ജ്വല്ലറിയുടെ ഔദ്യോഗിക പേരിൽ മാത്രമേ അടയ്ക്കാവൂ. അടച്ച തുകയുടെ കൃത്യമായ രേഖകളും രസീതുകളും തെളിവായി സൂക്ഷിക്കുക. പ്രത്യേകിച്ചും പണമായി നൽകുന്നുണ്ടെങ്കിൽ, അതിന്റെ രേഖകൾ തീർച്ചയായും കൈപ്പറ്റണം. നിങ്ങൾ അടച്ച തുകയ്ക്ക് അന്നത്തെ വിലയനുസരിച്ച് മാറ്റിവെക്കുന്ന സ്വർണ്ണത്തിന്റെ തൂക്കത്തെക്കുറിച്ച് വ്യക്തമായ രേഖകളും തെളിവുകളും ജ്വല്ലറിയിൽ നിന്ന് വാങ്ങുക. ആഭരണം വാങ്ങുന്നതിന് മുൻപോ, ഓരോ തവണ പർച്ചേസ് ചെയ്യുമ്പോഴോ നിങ്ങളുടെ ചെലവ് പരിധി വ്യക്തമായി നിശ്ചയിക്കണം. ഇത് ദൈനംദിന ചിലവുകളെ ബാധിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സഹായിക്കും.
ചില പ്ലാനുകൾ നിക്ഷേപം പൂർത്തിയാക്കിയ ശേഷം സ്വർണ്ണം വാങ്ങുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉയർന്ന വിലയ്ക്ക് സ്വർണ്ണം വാങ്ങാൻ കാരണമായേക്കാം. പദ്ധതിയിൽ ചേരുന്ന സമയത്തെ വില ലോക്ക് ചെയ്യുന്നതാണോ ലാഭകരം എന്നും പരിശോധിക്കുക. പല പദ്ധതികളിലും, ഒരു തവണ തിരിച്ചടവ് തുക നിശ്ചയിച്ചാൽ, പിന്നീട് ആ തുകയിൽ ഇഷ്ടാനുസരണം മാറ്റം വരുത്താൻ സാധിക്കുകയില്ല. ഇത് പ്രതിമാസ അടവുകളിൽ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.
സ്വർണ്ണ നിക്ഷേപ പദ്ധതികളെ, സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ വാങ്ങാൻ സഹായിക്കുന്ന ഒരുതരം ചിട്ടികൾ പോലെ കണക്കാക്കാം. ഇവിടെ ലാഭം എന്നതിലുപരി, കൃത്യമായ ഇടവേളകളിൽ സ്വർണ്ണം വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. വെറും ലാഭം മാത്രം പ്രതീക്ഷിച്ച് ഒരു നിക്ഷേപം പരിഗണിക്കുമ്പോൾ, സ്വർണ്ണാഭരണ പദ്ധതികളേക്കാൾ ഗോൾഡ് ഇ.ടി.എഫുകൾ (Gold ETFs) പോലുള്ള ഇലക്ട്രോണിക് നിക്ഷേപ മാർഗ്ഗങ്ങൾ കൂടുതൽ നല്ല തിരഞ്ഞെടുപ്പായി കണക്കാക്കാവുന്നതാണ്.
(ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്)
content summary: How to Secure Your Gold Investment Schemes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.