സ്വവര്‍ഗ വിവാഹത്തില്‍ രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധി ഇന്ന്
രാജ്യം കാത്തിരിക്കുന്ന ഏറ്റവും സുപ്രധാനമായ വിധി ഇന്ന് സുപ്രിം കോടതി പറയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് സ്വവര്‍ഗ വിവാഹം സാധുവോ അസാധുവോ എന്നു തീരുമാനിക്കുന്ന വിധിയാണ് ചൊവ്വാഴ്ച്ച സുപ്രിം കോടതി പുറപ്പെടുവിക്കുന്നത്.
LGBTQ+ കമ്മ്യൂണിറ്റി പോലെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ഉണ്ടാവില്ലെന്നു പറയാം. മുഖ്യധാര വ്യവഹാരങ്ങളും സമൂഹവും ചേര്‍ന്ന് അരികുവത്കരിച്ചവരാണ് സ്വവര്‍ഗപ്രേമികള്‍. സമൂഹത്തിലെ സ്ഥാനത്തിനു വേണ്ടി പ്രൈഡ് സമൂഹം നടത്തുന്ന പോരാട്ടങ്ങളുടെ വിജയമായിരുന്നു ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സ്വവര്‍ഗ രതി നിയമവിധേയമാക്കിയത്.
സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ധാക്കികൊണ്ട് ഉത്തരവിറങ്ങുന്നത് 2018- ലാണ്. ലൈംഗികത്വത്തിന്റെ പേരില്‍ ഒരാളും ഭയന്നു ജീവിക്കാന്‍ ഇടവരരുതെന്ന് നിരീക്ഷിച്ച ഇന്ത്യയുടെ പരമ്മോന്നത നീതിപീഠം 1861 ലെ നിയമ പ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്ന സ്വവര്‍ഗ രതിയെ നിയമ വിധേയമാക്കുകയായിരുന്നു.
LGBTQ+ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനായും, അവര്‍ക്കെതിരെയുള്ള വിവേചനം കുറക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നതിന് നിയമപരമായി വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും അക്കാലത്ത് സ്വവര്‍ഗ വിവാഹം പൂര്‍ണമായും നിയമവിധേയമാക്കിയിരുന്നില്ല. സ്വവര്‍ഗ വിവാഹത്തിന് സ്‌പെഷല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപെട്ടുകൊണ്ട് കേരള, ഡല്‍ഹി ഹൈക്കോടതികളിലും സമാന ആവശ്യവുമായി ഒമ്പതു ഹര്‍ജികള്‍ നിലവിലുണ്ടായിരുന്നു.
സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച ഇന്ത്യന്‍ സുപ്രിം കോടതി വിധിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഒരാളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വഡോദര സ്വദേശിയായ ഒരു 73 വയസ്സുകാരിയാണത്. ലെസ്ബിയന്‍ ആശയങ്ങളോട് ആളുകള്‍ സമരസപ്പെടുന്നതിലും പരിഗണിക്കുന്നതിനും LGBTQ+ സമൂഹത്തോടൊപ്പം നിന്നുകൊണ്ട് അക്ഷീണം പ്രയത്‌നിക്കുന്ന മായ ശര്‍മ്മ. വിവാഹ തുല്യത ആവശ്യപ്പെട്ട് സ്വവര്‍ഗ ദമ്പതികള്‍, ട്രാന്‍സ് വ്യക്തികള്‍, സംഘടനകള്‍ എന്നിവരുള്‍പ്പെടെ 21 അപേക്ഷകരില്‍ ഒരാള്‍ മായ ശര്‍മ്മയാണ്. മറ്റ് ഒമ്പത് പേര്‍ക്കൊപ്പം സമര്‍പ്പിച്ച അവരുടെ ഹര്‍ജിയില്‍ വിവാഹത്തിന് പുറത്തുള്ളവരായാലും LGBTQ+ ആളുകള്‍ക്ക് അവരുടെ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം ആവശ്യപ്പെടുന്നുണ്ട്.
തന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ് മായ ശര്‍മക്ക് പെണ്‍ സുഹൃത്തുക്കളോട് ആകര്‍ഷണം തോന്നിത്തുടങ്ങുന്നത്. ആണ്‍ പെണ്‍ എന്ന രണ്ടു ലിംഗ ഭേദത്തില്‍ കുടുങ്ങി കിടക്കുന്ന ലോകത്തെ സംബന്ധിച്ച് ഒരു ലെസ്ബിയന്‍ ബന്ധം ഉള്‍ക്കൊള്ളാനാവുന്നതിനും അപ്പുറമായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1960-കളില്‍ ഡല്‍ഹിയിലേക്ക് താമസം മാറുകയും സ്ത്രീകളുടെ അവകാശ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോഴാണ് കാഴ്ചപ്പാടുകളില്‍ മാറ്റം വരുന്നത്. ദുര്യുപയോഗം ചെയ്യപ്പെടുകയോ, വിവാഹ ബന്ധങ്ങളില്‍ കുടുങ്ങിപ്പോകുകയോ, അല്ലെങ്കില്‍ മറ്റ് സ്ത്രീകളുമായി രഹസ്യമായി പ്രണയത്തിലാവുകയോ ചെയ്യുന്ന നിരവധി സ്ത്രീകളെ ഇവിടെ വച്ച് കണ്ടുമുട്ടി.
‘ഈ അനുഭവങ്ങള്‍ എന്റെ സ്വന്തം ആഗ്രഹങ്ങളെ തന്നെയാണ് എനിക്ക് ഓര്‍മിപ്പിച്ചു തന്നത്. ലെസ്ബിയന്‍ ബന്ധങ്ങളെ കുറിച്ച് ആളുകള്‍ തുറന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു കാലമായിരുന്നു അത്. അസാധാരണമായി കണ്ടിരുന്ന ഇത്തരം കാര്യങ്ങള്‍ ഇവിടെ നിഷിദ്ധമായിരുന്നു. എന്നിരുന്നാലും, ഇടയ്ക്കിടെ, മാറ്റത്തിന്റെ ചെറിയ കണികകള്‍ ഇവിടെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഉദാഹരണമായി 1988 ല്‍, പരസ്പരം വിവാഹിതരായ രണ്ട് പോലീസുകാരെക്കുറിച്ചുള്ള ഒരു വലിയ വാര്‍ത്ത ഉണ്ടായിരുന്നു. അക്കാലത്ത് ഇത് തികച്ചും അസാധാരണമായിരുന്നു. കൂടാതെ, കുറച്ച് ലെസ്ബിയന്‍ ദമ്പതികള്‍ കൂടി അനൗപചാരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. അവര്‍ക്ക് നിയമപരമായി വിവാഹം കഴിക്കാനും സമൂഹത്തില്‍ നിന്നുള്ള പരിഗണനയും ലഭിച്ചിരുന്നില്ല. ഇക്കാലങ്ങളില്‍ സമൂഹത്തില്‍ നിന്ന് LGBTQ+ കമ്മ്യൂണിറ്റി വലിയ തിക്താനുഭവങ്ങളാണ് നേരിട്ടുകൊണ്ടിരുന്നത്. പരസ്പരം വിവാഹം കഴിച്ച ഈ പോലീസുകാരെ മുന്നറിയിപ്പോ വ്യക്തമായ കാരണമോ നല്‍കാതെയാണ് അന്ന് അവരുടെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അക്കാലത്ത് സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കുന്നതില്‍ സമൂഹത്തിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് ഈ സംഭവം കാണിച്ചു തന്നു’; മായ ശര്‍മയുടെ വാക്കുകള്‍.
1991-ലാണ് ഇന്ത്യയിലെ LGBTQ+ അവകാശങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം സംഭവിക്കുന്നത്. ‘എയ്ഡ്‌സ് ഭേദ്ഭവ് വിരോധി ആന്ദോളന്‍’ എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന 70 പേജുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രേഖകളിലൊന്നാണ് ഈ റിപ്പോര്‍ട്ട്. സ്വവര്‍ഗ ബന്ധങ്ങളെക്കുറിച്ചുള്ള അന്യായമായ പെരുമാറ്റത്തിനും നിഷേധാത്മക വിശ്വാസങ്ങള്‍ക്കും എതിരെ പോരാടുന്നതിനും, LGBTQ+ കമ്മ്യൂണിറ്റി നേരിടുന്ന വിവേചനവും മുന്‍വിധിയും കുറയ്ക്കാനും ഈ റിപ്പോര്‍ട്ട് ലക്ഷ്യമിമിട്ടിരുന്നു. രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി അവബോധം വളര്‍ത്തുന്നതിനും വാദിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയായിരുന്നു ഇത്.
ലെസ് ദാന്‍ ഗേ എന്ന തലക്കെട്ടില്‍, ‘പിങ്ക് ബുക്ക്’ എന്നറിയപ്പെടുന്ന ഒരു ഡോക്യുമെന്റ് ട്രാന്‍സ് ആളുകള്‍ക്കുള്ള ചില സിവില്‍, ലൈംഗിക അവകാശങ്ങള്‍, വിവാഹ സമത്വം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിരുന്നു. പിങ്ക് പുസ്തകത്തിന് വലിയ ജനപിന്തുണ ലഭിച്ചില്ലെങ്കിലും 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ അത് ശര്‍മ്മയ്ക്ക് ധൈര്യം പകര്‍ന്നു. സ്വന്തം ലൈംഗികതയെക്കുറിച്ചല്ല, പകരം, അസമത്വവും അടിച്ചമര്‍ത്തുന്നതുമായ ഒരു സ്ഥാപനമായിരുന്ന വിവാഹം എന്ന ആശയത്തെ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വിവാഹബന്ധത്തില്‍ നിന്ന് മായ ശര്‍മ്മ പിന്തിരിഞ്ഞത്. ‘അതുകൊണ്ട് ഞാന്‍ എന്റെ ഭര്‍ത്താവിനെ അറിയിക്കാതെ ഒരു ചെറിയ സ്യൂട്ട്‌കേസ് പാക്ക് ചെയ്ത് ആ ബന്ധത്തില്‍ നിന്ന് ഇറങ്ങി നടന്നെന്ന്’ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മായ ശര്‍മ്മ പറയുന്നു. തന്റെ സ്ത്രീ പങ്കാളിയുമായി വഡോദയില്‍ ജീവിതം നയിക്കുയാണ് മായ ഇപ്പോള്‍.
താന്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ സമയം ലോകം കുറച്ചു കൂടി പുരോഗമിച്ചിച്ചിരുന്നു. സ്വവര്‍ഗ ബന്ധങ്ങളെ കൂടുതല്‍ ആളുകള്‍ അംഗീകരിക്കുകയും ചെയ്തു തുടങ്ങിയെന്ന് അവര്‍ പറയുന്നു.
1998-ല്‍ ഫയര്‍ എന്ന സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് വരെ മായ ശര്‍മയ്ക്ക് തന്റെ വികാരങ്ങളുമായി ഗുസ്തി തുടരേണ്ടിവന്നിരുന്നു. പ്രശസ്ത അഭിനേതാക്കളായ ഷബാന ആസ്മിയും നന്ദിതാ ദാസും അഭിനയിച്ച ഈ ചിത്രം ബോളിവുഡില്‍ ആദ്യമായി ഒരു ലെസ്ബിയന്‍ ബന്ധം ചിത്രീകരിക്കുകയും വലിയ പ്രതിഷേധത്തിനും വഴിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ തകര്‍ക്കുകയും സിനിമ കാണാന്‍ പോയവരെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രതിഷേധക്കാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ എല്‍ജിബിടിക്യൂ സമൂഹം തയ്യാറെടുത്തു. ഡല്‍ഹിയിലെ ഐക്കണിക് റീഗല്‍ സിനിമയ്ക്ക് മുന്നില്‍ ‘ഇന്ത്യന്‍ ആന്‍ഡ് ലെസ്ബിയന്‍’ എന്ന് എഴുതിയ ഒരു പോസ്റ്റര്‍ ഉയര്‍ത്തി നിന്നുകൊണ്ടാണ് മായ ശര്‍മ്മ ഇതിനിതിരെ പ്രതികരിച്ചത്.
ആളുകള്‍ തന്റെ സ്വത്വം തിരിച്ചറിയുമെന്ന് ആദ്യം ഭയപ്പെട്ടിരുന്നുവെങ്കിലും പ്രതിഷേധം രാജ്യത്ത് സൃഷ്ടിച്ച ആഘാതം പിന്നീട് ധൈര്യം നല്‍കിയതായി മായ പറയുന്നു. ഈ സംഭവത്തോടെയാണ് ആദ്യമായി ലെസ്ബിയന്‍ എന്ന വാക്ക് പത്രങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. പതിയെ പതിയെ ഈ ഭയം എന്റേത് മാത്രമായിരുന്നില്ല. ‘അതെ, ഞങ്ങളെ പോലുള്ള ആളുകള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് ,നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും’ എന്ന് പറയാവുന്ന ഒരു അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിചേര്‍ന്നിരുന്നു. LGBTQ+ ആളുകളുടെ അവകാശങ്ങള്‍ വിപുലീകരിക്കുന്നതില്‍ കോടതി പോരാട്ടങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ‘യുദ്ധത്തിന് പിന്നില്‍ എന്താണ് സംഭവിച്ചത് എന്നത് അന്തിമ ഫലത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും മായ ശര്‍മ വിശ്വസിക്കുന്നു.