ഒബാമ നിര്‍മിച്ച ‘റസ്റ്റിന്‍’ കോള്‍മാന്‍ ഡൊമിംഗോയ്ക്ക് മികച്ച നടനുള്ള ഓസ്‌കര്‍ നേടിക്കൊടുക്കുമോ!
ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച, ആ ചരിത്രത്താല്‍ തന്നെ വിസ്മരിക്കപ്പെട്ട ഒരു മനുഷ്യനാണ് ബയാര്‍ഡ് റസ്റ്റിന്‍. പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്ന അദ്ദേഹം, 1963-ല്‍ വാഷിംഗ്ടണില്‍ വച്ച് ഒരു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്റെ ഏറ്റവും പ്രശസ്തമായ ‘ഐ ഹാവ് എ ഡ്രീം’ എന്ന പ്രസംഗം നടത്തുന്നത് ആ മാര്‍ച്ചില്‍ വച്ചായിരുന്നു. പ്രസംഗവും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍, റസ്റ്റിന്‍ മാറ്റി നിര്‍ത്തപ്പെട്ടു. താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എല്‍ജിബിടിക്യു സമൂഹത്തിനെ നഖശിഖാന്തം എതിര്‍ക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രധാന വക്താവായിരുന്നു അന്ന് അമേരിക്ക. എല്‍ജിബിടിക്യു സമൂഹത്തിലെ ഒരംഗമാണ് താന്‍ എന്ന തുറന്നു പറച്ചിലിലൂടെ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത് ജയില്‍ വാസം മാത്രമായിരുന്നില്ല. 1950-60 കളിലെ അമേരിക്കയുടെ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് അങ്ങേയറ്റം സംഭാവന ചെയ്ത അദ്ദേഹത്തിന്റെ ചരിത്രം കൂടിയായിരുന്നു.
ബയാര്‍ഡ് റസ്റ്റിനെക്കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ചിത്രം ഈ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ചിത്രത്തില്‍ ബയാര്‍ഡ് റസ്റ്റിനായി എത്തുന്നത് പ്രശസ്ത അമേരിക്കന്‍ നടന്‍ കോള്‍മാന്‍ ഡൊമിംഗോയാണ്. ജനുവരിയില്‍ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തെ ‘മികച്ച നടന്‍’ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ജ്ജ് സി വുള്‍ഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബരാക്ക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും പ്രൊഡക്ഷന്‍ കമ്പനിയായ ഹയര്‍ ഗ്രൗണ്ടാണ് റസ്റ്റിന്റെ ജീവിതം പറയുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2013-ല്‍ മരണാനന്തരം റസ്റ്റിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയത് പ്രസിഡന്റ് ഒബാമയാണ്. ”ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും മാറ്റിനിര്‍ത്തപ്പെടുമെന്നും അറിഞ്ഞു കൊണ്ട് താനാരാണെന്ന് പറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് അദ്ദേഹം” റസ്റ്റിനെ പറ്റിയുള്ള ഒബാമയുടെ വാക്കുകളാണിത്.
1912-ല്‍ പെന്‍സില്‍വാനിയയിലെ വെസ്റ്റ് ചെസ്റ്ററില്‍ ജനിച്ച റസ്റ്റിന്‍ സമാധാനപരമായ പ്രതിഷേധത്തിന്റെ ശക്തമായ വക്താവായിരുന്നു. അഹിംസാത്മക പ്രതിരോധം എന്ന ഗാന്ധിയന്‍ ആശയവും സ്വീകരിച്ചിട്ടുണ്ട്. മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണ സമയത്ത് കിംഗിന്റെ പ്രധാന ഉപദേശകനും സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന്റെ സംഘാടകരില്‍ ഒരാളുമായിരുന്നു(മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണം ഒരു സിവില്‍ റൈറ്‌സ് പ്രൊട്ടസ്റ്റായിരുന്നു. ഈ കാലഘട്ടങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് മോണ്ട്ഗോമറിയില്‍ സിറ്റി ബസുകള്‍ ഓടിക്കുന്നതിലും, ഇരിപ്പിടങ്ങളിലുള്ള വിവേചനത്തിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം).
ഒരു സ്വവര്‍ഗ്ഗാനുരാഗി എന്ന നിലയില്‍, മര്‍ദനങ്ങളും അറസ്റ്റുകളും ഉള്‍പ്പെടെ അക്കാലത്തെ നിയന്ത്രണങ്ങളും മുന്‍വിധികളുമായി ജീവിക്കാന്‍ റസ്റ്റിന്‍ നിര്‍ബന്ധിതനായിരുന്നു. 1953-ല്‍ അദ്ദേഹം ഒരു ലൈംഗിക കുറ്റവാളിയായി 50 ദിവസത്തോളം ജയിലില്‍ കിടന്നു(മരണാനന്തരം അദ്ദേഹത്തിന് മാപ്പ് നല്‍കി). എന്നിരുന്നാലും തന്റെ ലൈംഗികത മറയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് ബയാര്‍ഡ് റസ്റ്റിന്റെ’ രചയിതാവ് ജോണ്‍ ഡി എമിലിയോ പറയുന്നതനുസരിച്ച് ‘1940, 1950, 1960-കളിലും യുഎസ് ചരിത്രത്തിലെ തന്നെ എല്‍ജിബിടിക്യു സമൂഹത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന കാലഘട്ടമാണ്. ആ ഐഡന്റിറ്റികള്‍ ഉള്ള എല്ലാവരും അതേക്കുറിച്ച് നിശ്ശബ്ദരായിരുന്നു. ഈ കാലഘട്ടത്തിലാണ് സ്വന്തം അസ്തിത്വം മറച്ചു വക്കാന്‍ തയ്യാറാകാതെ അദ്ദേഹം പൊതു സമൂഹത്തിന്റെ ഇറുകിയ കാഴ്ചപ്പാട്കളോടും മുന്‍ വിധികളോടും പോരാടിയത്. ആ പോരാട്ടത്തില്‍ തനിക്കപ്പുറം തന്റെ സ്വത്വം തുറന്നു പറയാനാകാതെ മറഞ്ഞു ജീവിക്കേണ്ടി വന്ന നിരവധി ആളുകള്‍ക്ക് കൂടി വേണ്ടിയായിരുന്നു. 1966 മുതല്‍ 1979 വരെ ന്യൂയോര്‍ക്കിലെ പൗരാവകാശ സംഘടനയായ എ ഫിലിപ്പ് റാന്‍ഡോള്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി റസ്റ്റിന്‍ സേവനമനുഷ്ഠിച്ചു. പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹം LGBTQ+ ആക്ടിവിസത്തിലേക്കും അതിന്റെ തുടര്‍ച്ചയായ പൗരാവകാശ പോരാട്ടങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എയ്ഡ്സ് പ്രതിസന്ധി NAACP (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളര്‍ഡ് പീപ്പിള്‍) യുടെ ശ്രദ്ധയില്‍പ്പെടുത്തിയത് അദ്ദേഹമാണ്. അദ്ദേഹം സിവില്‍ റൈറ്‌സിനു വേണ്ടി ജോണ്‍ എഫ് കെന്നഡി ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി 1964-ലെ സിവില്‍ റൈറ്‌സ് നിയമവും 1965-ലെ വോട്ടിംഗ് അവകാശ നിയമവും പാസാക്കി. അദ്ദേഹം നേതൃത്വം നല്‍കിയ വാഷിങ്ടണിലെ മാര്‍ച്ച് ഇതിനുവേണ്ടി ചെറുതല്ലാത്തൊരു പങ്കു വഹിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലേ യാത്രക്കിടയില്‍ അദ്ദേഹം വാള്‍ട്ടര്‍ നെയ്ഗല്‍ എന്ന വ്യക്തിയെ കണ്ടുമുട്ടി. ഇരുവരുടെയും ജീവിതത്തിലെ സുപ്രധന വഴിത്തിരിവുകളില്‍ ഒന്നായിരുന്നു ആ കണ്ടുമുട്ടല്‍. 1987-ല്‍ തന്റെ 75-മത്തെ വയസില്‍ റസ്റ്റിന്‍ അപ്രതീക്ഷിതമായി മരണപ്പെടുന്നതുവരെ ആ ദമ്പതികള്‍ ഒരു ദശാബ്ദത്തോളം ഒരുമിച്ചു ജീവിച്ചിരുന്നു. 2013-ല്‍ അദ്ദേഹത്തിന് മരണാനന്തരം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചപ്പോള്‍, വൈറ്റ് ഹൗസില്‍ വെച്ച് ഒബാമയില്‍ നിന്ന് നെയ്ഗലാണ് അദ്ദേഹത്തിന് വേണ്ടി ബഹുമതി ഏറ്റുവാങ്ങിയത്.