മതം പറയനല്ലാതെ മറ്റെന്തറിയാം സംഘപരിവാരത്തിന്
കോടമ്പാക്കത്തു നിന്നും നാട്ടിലേക്ക് വന്നശേഷമാണ് മലയാള സിനിമയില്‍ ഗ്രൂപ്പിസം ഉണ്ടാകുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രധാന സംഘം. അതൊരു മാടമ്പി തറവാട് പോലെയായിരുന്നു. അവിടുത്തെ കാരണവന്മാരും, കാര്യസ്ഥന്മാരും പുറംപണിക്കാരുമൊക്കെയാണ് സിനിമയെ നിയന്ത്രിച്ചത്. നായകന്മാരും, സംവിധായകരും, എഴുത്തുകാരും, ഗായകരും, സംഗീത സംവിധായകരുമൊക്കെയായി സിനിമയിലെ പ്രധാനികളെല്ലാം ആ ജാതിക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു. അതൊരു നായര്‍ ബെല്‍റ്റായിരുന്നു. അവരും സില്‍ബന്തികളും കൈയടക്കിവച്ചിരുന്ന കാലത്താണ് സിനിമ സവര്‍ണ നായകന്മാരുടെ കഥ മാത്രം പറയാന്‍ തുടങ്ങിയത്.
90കള്‍ക്ക് ഇപ്പുറത്തേക്ക് മലയാള സിനിമയില്‍ ഈ ജന്മിത്ത സംഘത്തിന്റെ (അവരതിന് സൗഹൃദ സംഘമെന്നൊക്കെയാണ് പേരിട്ടത്) ആജ്ഞകള്‍ക്ക് മറുവാക്കില്ലായിരുന്നു. ഇവര്‍ക്കു ബദലായി കോഴിക്കോട് കേന്ദ്രീകരിച്ച് രൂപപ്പെട്ട സംഘത്തിന് കാര്യമായൊന്നിനും പറ്റിയില്ല. പിന്നീട് സിനിമ കൊച്ചിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളുമൊക്കെയായി. ഇവരുടെയെല്ലാം കൈകളില്‍ക്കൂടി മലയാള സിനിമ പോകുന്നതിനിടയിലാണ്, ഒറ്റയ്‌ക്കൊറ്റയ്ക്ക് തുടങ്ങുകയും പിന്നീട് ഒറ്റക്കാലില്‍ നില്‍ക്കാന്‍ ഓരോരുത്തരും പ്രാപ്തരായപ്പോള്‍ ഒരുമിച്ചു കൂടുകയും ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെതായൊരു സിനിമ സംസ്‌കാരം വളര്‍ത്തിയെടുത്തത്. അവരെയാണ് ഇപ്പോള്‍ സംഘപരിവാരം മട്ടാഞ്ചേരി ഗ്യാങ് എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലുമൊക്കെ ഉണ്ടായിരുന്നവര്‍ നന്നായി ഗ്രൂപ്പിസം കളിച്ചിരുന്നു. അവര്‍ക്ക് സഹായിക്കുന്നതിനെക്കാള്‍ ഒഴിവാക്കുന്നതിലായിരുന്നു ഹരം. മതവും ജാതിയും നോക്കി കൂട്ടത്തില്‍ കൊള്ളുകയും തള്ളുകയും ചെയ്തു. ഈ ഗ്രൂപ്പുകളി സിനിമയ്ക്ക് ചെയ്ത ദ്രോഹം ചെറുതല്ല. ഇവരുടെ വിധ്വസംകപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കൊച്ചിക്കാരായ കൂട്ടുകാര്‍ സിനിമയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നിലയുറപ്പിക്കാന്‍ കഴിഞ്ഞതോടെ അവര്‍ സിനിമയെ മാറ്റി. ഇന്ന് ഒന്നിനു പിന്നാലെ ഒന്നായി കോടി ക്ലബ്ബുകളില്‍ മലയാള സിനിമകള്‍ കയറുമ്പോള്‍, ഓര്‍ക്കുക; ഇവിടെയുള്ള അഢ്യന്മാരോടല്ല, മതം പറഞ്ഞും ദേശം പറഞ്ഞും ആക്ഷേപിക്കപ്പെടുന്ന, പാരമ്പര്യവാദികളല്ലാത്ത, സ്വതന്ത്ര ചിന്താഗതിക്കാരായ ചെറുപ്പക്കാരോടാണ് നന്ദി പറയേണ്ടത്.
സംഘപരിവാരത്തിന്റെ പ്രശ്നവും ഇതാണ്. തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് കിട്ടുന്ന പരിഗണനയും അവരുടെ വിജയങ്ങളുമാണ് പരിവാരത്തെ അസ്വസ്ഥരാക്കുന്നത്. ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്.
ഫഹദിനെതിരായി നടന്ന വിദ്വേഷ പ്രചാരണം ഓര്‍ക്കുന്നില്ലേ? രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുന്ന പതിവ് അട്ടിമറിച്ച് തങ്ങളുടെ താത്പര്യാര്‍ത്ഥം പുതിയൊരു രീതിയിലേക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് 66 ഓളം ചലച്ചിത്രകാരന്മാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍. മലയാളത്തില്‍ നിന്നു 14 പേരില്‍ 11 പേരും ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാല്‍ സംഘപരിവാര്‍ ആക്രമണത്തിന് വിധേയനായത് ഫഹദ് മാത്രം, കാരണം അയാളുടെ മതമായിരുന്നു.
ഫഹദിനെയും ഭാഗ്യലക്ഷ്മിയേയും പാക് ചാരന്മാരാക്കിയുള്ള ആ പോസ്റ്റ് അത്ര കോമഡി ആയി കാണരുതേ…
ഫഹദ് ഫാസിലിന് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരമായിരുന്നു ആ വര്‍ഷം കിട്ടിയത്. ആദ്യമായി കിട്ടുന്ന ദേശീയ പുരസ്‌കാരം. തങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഒരു കലാകാരന്റെ സാമൂഹിക ജാഗ്രതയും നിലപാടും മുന്‍നിര്‍ത്തി, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ഭൂരിപക്ഷ തീരുമാനത്തിനൊപ്പം ഫഹദ് നിന്നു. രാഷ്ട്രീയമായോ, വ്യക്തിപരമായോ ഒന്നും പറഞ്ഞില്ല, സോഷ്യല്‍ മീഡിയയില്‍ ഒരുവരി പ്രതിഷേധം പോലും എഴുതിയില്ല. ആക ചെയ്തത്, അവാര്‍ഡ് ദാന ചടങ്ങിനു മുന്നേ നാട്ടിലേക്കു തിരികെ പോന്നതാണ്. വളരെ നിശബ്ദമായൊരു പ്രതിഷേധം.
സംഘപരിവാര്‍ കാലത്ത് തങ്ങള്‍ക്കെതിരേ നിശബ്ദമെങ്കില്‍ പോലും നടക്കുന്ന ഒരു പ്രതിഷേധത്തിനോടും സഹിഷ്ണുത ഉണ്ടാകില്ല. ബഹിഷ്‌കരിച്ചവര്‍ രാജ്യത്തെ അപമാനിച്ചു, രാഷ്ട്രപതിയെ നിന്ദിച്ചു, മന്ത്രിയെ അവമതിച്ചു തുടങ്ങിയ വിമര്‍ശനങ്ങളുമായി അവര്‍ ഫഹദിനെ ‘രാജ്യദ്രോഹി’യാക്കി. പാകിസ്താനില്‍ നിന്നും പണം വാങ്ങി ഫഹദ് രാജ്യത്തെ അപമാനിച്ചു എന്നൊക്കെയായിരുന്നു സംഘപരിവാര്‍ പ്രചാരണം.
നീലക്കുയിലും പുഴുവും മമ്മൂട്ടിയും
ഇപ്പോള്‍ മമ്മൂട്ടിക്കെതിരേ നടക്കുന്നതുമതാണ്. മോദി കാലത്തിനുമൊക്കെ വളരെ മുമ്പേ സംഘപരിവാരം പ്രചരിപ്പിച്ച കഥയാണ്, ഷാരുഖ് ഖാന്‍ ശിവലിംഗത്തില്‍ തുപ്പിയവനാണെന്നത്. ഇത്തരം നുണകള്‍ അവര്‍ കാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയൊക്കെ അവര്‍ മതം നോക്കി ആക്രമിക്കും. വിജയ് അവര്‍ക്ക് ശത്രുവായപ്പോള്‍ ജോസഫ് വിജയ് ആയി. കലാകാരന്മാരെ ഫാസിസത്തിന് എന്നും പേടിയാണ്. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകും. തങ്ങള്‍ക്കെതിരേ പ്രതികരണങ്ങള്‍ ഉയര്‍ത്താന്‍ ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ സാധിക്കും.
മമ്മൂട്ടി ഒരു മലയാളി ബിംബമാണ്. അതുടയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. മതമല്ലാതെ മറ്റുവഴികളൊന്നുമവര്‍ക്കറിയില്ല. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കിയാല്‍ മലയാളി അദ്ദേഹത്തെ കൈയൊഴിയുമെന്നൊക്കെയുള്ള അബദ്ധധാരണയുണ്ടായിരിക്കാം. ഉത്തരേന്ത്യയിലൊക്കെ അവരങ്ങനെ ചെയ്തു വിജയിച്ചിട്ടുണ്ടാകും. പക്ഷേ, ഇതു കേരളമാണെന്നും, തകര്‍ക്കാന്‍ നോക്കുന്നത് മമ്മൂട്ടിയെ ആണെന്നും സംഘപരിവാരം മനസിലാക്കണം.
Content Summary; Mammootty, Fahadh Faasil, and sangh parivar’s islamophobia