February 19, 2025 |
Share on

ഇടതുപക്ഷക്കാരിയായ ജൂത വനിത ഇനി മെക്‌സിക്കോ ഭരിക്കും

ചരിത്രം രചിച്ച് ക്ലൗഡിയ ഷെയ്ന്‍ബോം

പ്രവചനങ്ങള്‍ തെറ്റിയില്ല, ഇടതുപക്ഷക്കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയില്‍ ചരിത്രമെഴുതി. ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ഈ പരിസ്ഥിതി ശാസ്ത്രജ്ഞ രാജ്യത്തെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തില്‍ ഒന്നിലേറെ നേട്ടങ്ങളും അവര്‍ സ്വന്തമാക്കി. മെക്‌സിക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് ഉണ്ടായിരിക്കുന്നത്, ഒരു ജൂത പ്രസിഡന്റ് ഉണ്ടാകുന്നതും ആദ്യമാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയര്‍ കൂടിയായ ക്ലൗഡിയ തെരഞ്ഞെടുക്കപ്പെട്ടത്. Mexico election claudia sheinbaum elected as  first women jewish president of country

ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം വോട്ടര്‍മാരുടെ പങ്കാളിത്തം ഉണ്ടായതായി അധികാരികള്‍ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിലാണ് 61 കാരിയായ ക്ലൗഡിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ പ്രധാന മത്സരാര്‍ത്ഥികളായി വന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ലാറ്റിന്‍ അമേരിക്കയിലെ വലിയ രാജ്യങ്ങളിലൊന്നില്‍ നടന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യങ്ങളിലൊന്നിനെ നയിക്കാന്‍ ഒരു ജൂത നേതാവ് തെരഞ്ഞെടുക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

Andrés Manuel López Obrador,mexico former president

ആന്ത്രേസ് ലോപ്പസ് ഒബ്രഡോര്‍

തന്റെ മാര്‍ഗദര്‍ശിയും നിലവിലെ പ്രസിഡന്റുമായ ആന്ത്രേസ് ലോപ്പസ് ഒബ്രഡോറിന്റെ പാരമ്പര്യം നിലനിര്‍ത്തുമെന്ന് ജനങ്ങളോട് പ്രതിജ്ഞ ചെയ്തായിരുന്നു ക്ലൗഡിയയുടെ പ്രചാരണം. ഇതവരുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയെല്ലാം സന്തോഷിപ്പിച്ച നീക്കമായിരുന്നു. ഒബ്രഡോറിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ഒരു ജനഹിത പരിശോധന എന്ന നിലയിലാണ് ഈ തെരഞ്ഞെടുപ്പിനെ പലരും വീക്ഷിച്ചത്. അദ്ദേഹം മുന്നില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ക്ലൗഡിയ നേടി വിജയം, ഒബ്രഡോറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും രാജ്യത്ത് ഉണ്ടായിരിക്കുന്ന വിശ്വാസ്യതയെക്കൂടി അടയാളപ്പെടുത്തുന്നതാണെന്നാണ്  അന്താരാഷ്ട്ര മാധ്യമങ്ങളിലെ നിരീക്ഷണം.

മെക്സിക്കോയെ ശാന്തമാക്കുമോ ‘ഐസ് ലേഡി

മെക്‌സിക്കന്‍ രാഷ്ട്രീയദിശ മാറ്റിയ നേതാവായാണ് ഒബ്രഡോര്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തെ പട്ടിണിയില്‍ നിന്നും കരകയറ്റിയെന്നതും, അടിസ്ഥാന വേതനം ഇരട്ടിയാക്കിയതുമൊക്കെ അദ്ദേഹത്തെ പുകഴ്ത്താനുള്ള കാരണങ്ങളായിരുന്നു. എന്നാല്‍ ചില പ്രധാന വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു. ഒന്നാമത്തേത്, മെക്‌സിക്കന്‍ കാര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ പരാജയപ്പെട്ടുവെന്നതാണ്. രാജ്യത്തിന്റെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ കഴിയാതെ പോയതും, ജനാധിപത്യ സ്ഥാപനങ്ങളെ ഞെരിച്ചമര്‍ത്തിയെന്നതും ഒബ്രഡോറിന്റെ വീഴ്ച്ചകളായിരുന്നു. എങ്കിലും രാജ്യത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് ഒബ്രഡോര്‍ തന്നെയാണ്. ക്ലൗഡിയയ്ക്ക് ഗുണം ചെയ്തതും തന്റെ മുന്‍ഗാമിയുടെ ജനപ്രീതിയാണ്. ജനങ്ങള്‍ പറയുന്നത്, അവര്‍ക്ക് ഒബ്രഡോറിനെ വലിയ ഇഷ്ടമാണെന്നും അതുപോലൊരു പ്രസിഡന്റെയാണ് ആഗ്രഹിക്കുന്നതെന്നുമാണ്. അവര്‍ ആഗ്രഹിച്ചതുപോലൊരാളാണ് ക്ലൗഡിയ എന്ന ജനത്തിന്റെ പ്രതീക്ഷയാണ് വോട്ടായി മാറിയത്. അതേസമയം, വലിയ പ്രതിസന്ധികള്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, അത് ചര്‍ച്ചയാക്കാനും, തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് സാധിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും പരാജയപ്പെട്ട പ്രതിപക്ഷവും ക്ലൗഡിയയെ സഹായിച്ചിട്ടുണ്ട്.

പ്രാഥമിക ഫല സൂചനയില്‍ ക്ലൗഡിയ 58 ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. അവരുടെ എതിരാളിയും മുന്‍ സെനറ്ററും ബിസിനസ് സംരംഭകയുമായ സോചില്‍ ഗാല്‍വെസിനെക്കാള്‍ 29 ശതമാനം വോട്ടുകള്‍ ക്ലൗഡിയ സ്വന്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗാല്‍വെസ്, ഭരണവിരുദ്ധ വികാരം തനിക്ക് അനുകൂലമാകുമെന്നായിരുന്നു അവകാശപ്പപെട്ടിരുന്നത്. എന്നാല്‍, ഗാല്‍വേസിനെ പിന്തുണച്ച പാര്‍ട്ടികള്‍ കഴിവ് കെട്ടവരും അഴിമതിക്കാരുമാണെന്ന ജനങ്ങളുടെ ധാരണ പ്രതിപക്ഷത്തിന്റെ വനിത സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷകളെല്ലാം തകര്‍ക്കുകയാണുണ്ടായത്.

Xóchitl Gálvez Mexico oppositions president candidate

സോചില്‍ ഗാല്‍വെസ്‌

ഒബ്രഡോര്‍ രാജ്യത്ത് തുടങ്ങിവച്ച മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ക്ലൗഡിയയ്ക്ക് കഴിയുമെന്ന തങ്ങള്‍ വിശ്വസിക്കുന്നതായാണ് ക്ലൗഡിയയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

വലിയ അനുഭവ സമ്പത്തുമായാണ് ക്ലൗഡിയ ഷെയ്ന്‍ബോം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എനര്‍ജി എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി ഉള്ള ക്ലൗഡിയ, നൊബേല്‍ സമ്മാനം നേടിയ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ശാസ്ത്ര സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ രാജ്യത്തിന്റെ തലസ്ഥാന നഗരമായ മെക്‌സിക്കന്‍ സിറ്റിയുടെ മേയര്‍ ആയും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നിരിക്കിലും ഒബ്രഡോറിനെ അനുസരിച്ച് ഭരിക്കുന്നൊരാള്‍ മാത്രമായിരിക്കും ക്ലൗഡിയ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

Content Summary; Mexico election claudia sheinbaum elected as  first women jewish president of country

×