June 26, 2026 |
Share on

‘എല്‍ മെഞ്ചോ’ ലോകകപ്പിനെ ബാധിക്കില്ല: മെക്‌സിക്കന്‍ പ്രസിഡന്റിന്റെ ഉറപ്പ്

മയക്കുമരുന്ന് രാജാവിന്റെ വധത്തെ തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങളാണ് രാജ്യത്ത് നടക്കുന്നത്

മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവനായിരുന്ന ‘എല്‍ മെഞ്ചോ’യുടെ വധത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ വ്യാപക അക്രമങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശങ്ക വേണ്ടെന്ന് പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബാം. വരാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി മെക്‌സിക്കോയിലെത്തുന്നവര്‍ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടാകില്ലെന്നാണ് പ്രസിഡന്റിന്റെ ഉറപ്പ്. ഹാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ നേതാവായ നെമിസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് എന്ന എല്‍ മെഞ്ചോ ഞായറാഴ്ച പുലര്‍ച്ചെ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രാജ്യം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് സാക്ഷിയായത്. മെഞ്ചോയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ വെടിവെപ്പില്‍ മാരകമായി പരിക്കേല്‍ക്കുകയും, തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.

എല്‍ മെഞ്ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ തെരുവിലിറങ്ങുകയും ഹാലിസ്‌കോ, മിച്ചോവാക്കന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ രീതിയിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. രാജ്യത്തെ നൂറോളം പ്രധാന റോഡുകള്‍ ഇവര്‍ ഉപരോധിച്ചു. കൂടാതെ നാഷണല്‍ ഗാര്‍ഡ് താവളങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഈ ഏറ്റുമുട്ടലുകളില്‍ 25 സൈനികരും 34 കാര്‍ട്ടല്‍ അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ അക്രമങ്ങള്‍ക്ക് അല്പം ശമനമുണ്ടായെങ്കിലും ഹാലിസ്‌കോയിലെ ഗ്രാമീണ മേഖലകളില്‍ രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിലൊന്നായ ഗ്വാഡലഹാരയിലാണ് ഞായറാഴ്ചത്തെ അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ നാല് ലോകകപ്പ് മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. അമേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം മെക്‌സിക്കോയും സഹ ആതിഥേയത്വം വഹിക്കുന്ന ഈ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ മോണ്ടെറിയിലും മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്ടെക്ക സ്റ്റേഡിയത്തിലും നടക്കും. ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ലോകകപ്പ് മത്സരങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ആവശ്യമായ എല്ലാ ഉറപ്പുകളും രാജ്യം നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് ഷീന്‍ബാം പറഞ്ഞു. അക്രമത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഗ്വാഡലഹാരയും വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍റ്റയും സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയും മെക്‌സിക്കോയുടെ ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ വെച്ച് അദ്ദേഹം പറഞ്ഞത്, മെക്‌സിക്കോ സുരക്ഷിതമാണെന്നും ലോകകപ്പ് ഗംഭീരമായി തന്നെ നടക്കുമെന്നുമാണ്.

അതിനിടെ, ടെക് ഭീമനായ ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പ്രസിഡന്റ് ഷീന്‍ബാം പരിഗണിക്കുന്നുണ്ട്. മെക്‌സിക്കോ ഭരിക്കുന്നത് മയക്കുമരുന്ന് കാര്‍ട്ടലുകളാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പ്രസ്താവനകളെ ശരിവെക്കുന്ന തരത്തില്‍ മസ്‌ക് നടത്തിയ അഭിപ്രായപ്രകടനമാണ് ഇതിന് കാരണം. മയക്കുമരുന്ന് മാഫിയ തലവന്മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഷീന്‍ബാം പ്രവര്‍ത്തിക്കുന്നതെന്ന് മസ്‌ക് ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്നിനെതിരെയുള്ള മുന്‍കാല സൈനിക നടപടികള്‍ നിയമവിരുദ്ധമാണെന്നും അത് വിചാരണയില്ലാതെ കൊല്ലാനുള്ള അനുമതിയാണെന്നും ഷീന്‍ബാം മുന്‍പ് പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ യുദ്ധമല്ല, മറിച്ച് സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അവര്‍, പഴയ സര്‍ക്കാരുകളുടെ നയങ്ങളുമായി ഇതിനെ താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി സമാധാനം ഉറപ്പാക്കാനാണ് മെക്‌സിക്കന്‍ സര്‍ക്കാരിന്റെ നീക്കം.

Content Summary: Mexico’s President Claudia Sheinbaum has assured that there is no risk to the FIFA World Cup following the killing of a cartel boss

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×