UPDATES

‘ഉപരാഷ്ട്രപതിയെ കാണാനും എന്റെ കുട്ടികള്‍ റോഡരികില്‍ നിന്നിരുന്നു, അന്നവര്‍ വെയിലത്തായിരുന്നോ എന്നാരും നോക്കിയില്ല’

കുട്ടികളോട് മുദ്രാവാക്യം വിളിക്കാന്‍ പറഞ്ഞതൊരു ചാനല്‍ റിപ്പോര്‍ട്ടര്‍; ചെമ്പാട് എല്‍പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പറയുന്നു

                       

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ എല്‍ പി സ്‌കൂള്‍ കുട്ടികളെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയെന്ന വാര്‍ത്ത സ്‌കൂള്‍ അധികൃതര്‍ക്കും സംസ്ഥാന സര്‍ക്കാരിനും എതിരേ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ വലിയ രീതിയിലാണ് ഈ വാര്‍ത്തയ്ക്ക് പ്രചാരം നല്‍കിയിരിക്കുന്നത്. കുട്ടികളെ വെയിലത്ത് കാത്തുനിര്‍ത്തിച്ച്, മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

എന്നാല്‍, വാര്‍ത്തകളില്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നാണ് ഈ വിവാദത്തില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന കണ്ണൂര്‍ ചൊക്ലി പഞ്ചായത്തിലെ ചെമ്പാട് എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ പറയുന്നത്. ഈ വിഷയത്തില്‍ അഴിമുഖം ബന്ധപ്പെട്ടപ്പോഴാണ് പ്രധാനധ്യാപകന്‍ ജയകൃഷ്ണന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിച്ചത് തങ്ങളല്ലെന്നും ഒരു ചാനനല്‍ റിപ്പോര്‍ട്ടറാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്നും കാര്യങ്ങളെല്ലാം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചിരിക്കുകയാണെന്നും ജയകൃഷ്ണന്‍ പറയുന്നു.

‘ചെമ്പാട് എല്‍ പി സ്‌കൂളിന്റെ തൊട്ട് താഴെയാണ് റോഡ്. ഈ റോഡിലൂടെയാണ് നവകേരള സദസ് ബസ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ സ്‌കൂള്‍ പി ടി എയും, ഒപ്പം പഞ്ചായത്ത് വിദ്യാഭ്യാസ സമതിയും ചേര്‍ന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുട്ടികളെ കാണിക്കാം എന്ന തീരുമാനം എടുക്കുന്നത്. വിദ്യാഭ്യാസ സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആണ്. അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഇത് സര്‍ക്കാര്‍ പരിപാടിയല്ലേ, അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ലല്ലോ. അതുകൊണ്ടു കൂടിയാണ് കുട്ടികളെ കാണിക്കാം എന്ന തീരുമാനം എല്ലാവരും ചേര്‍ന്ന് ഐക്യകണ്‌ഠേന എടുത്തത്’.; ജയകൃഷ്ണന്റെ വാക്കുകള്‍.

കുട്ടികളെ വെയിലത്താണ് നിര്‍ത്തിയതെന്ന വാര്‍ത്തയും പ്രധാനധ്യാപകന്‍ നിഷേധിക്കുകയാണ്. വെയിലത്ത് നിര്‍ത്തിയിട്ടില്ലെന്നും തണലത്ത് തന്നെയായിരുന്നു കുട്ടികള്‍ നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പൊരി വെയിലത്തു നിര്‍ത്തി എന്ന് പറയുന്നത് ശരിയല്ല. ഇന്നലെ മങ്ങിയ കാലാവസ്ഥ ആയിരുന്നു ഇവിടെ. കൂടാതെ വെയില്‍ വന്നപ്പോള്‍ മരത്തണലിലേക്ക് കുട്ടികളെ മാറ്റുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് ഇതെല്ലാം കാണാനുള്ള അവസരം ഒരുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. അത് അധ്യാപകരും രക്ഷിതാക്കളും പി ടി എയും പഞ്ചായത്തും ഒന്നിച്ച് എടുത്ത തീരുമാനം ആണ്. കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതുവരെ യാതൊരു തരത്തിലുള്ള പരാതികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല’ ജയകൃഷ്ണന്‍ പറയുന്നു.

തങ്ങളല്ല കുട്ടികള്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുത്തതെന്നാണ് ചെമ്പാട് എല്‍ പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പറയുന്നത്.

‘സത്യത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊടുത്തത് ഒരു ചാനല്‍ പ്രതിനിധിയായ യുവാവാണ്. ഇയാള്‍ക്ക് വീഡിയോ പകര്‍ത്തുന്നതിനു വേണ്ടിയാണു കുട്ടികള്‍ മുദ്രാവാക്യം വിളിച്ചത്. എന്താണ് വിളിക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന് വിളിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു. ആ യുവാവാണ് കുട്ടികളെ പ്രോത്സാഹിപ്പിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പകര്‍ത്തിയത്. അയാളുടെ പേര് ചോദിച്ചിരുന്നില്ല, കഴുത്തിലെ ടാഗ് ശ്രദ്ധിക്കാതിരുന്നതിനാല്‍ സ്ഥാപനമേതാണെന്നും ഓര്‍മയില്ല’.

”കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല അനുഭവമായിരുന്നു. അതിനു സാധ്യത ഒരുക്കി കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്’ എന്നാണ് ജയകൃഷ്ണന്റെ ന്യായം. ‘മന്ത്രിസഭയിലുള്ള എല്ലാവരും ഞങ്ങളുടെ സ്‌കൂളിന്റെ തൊട്ട് മുന്നിലൂടെ പോകുമ്പോള്‍ എന്റെ കുട്ടികളെ വാതില്‍ അടച്ചിട്ട് സ്‌കൂളിന്റെ അകത്തിരുത്തണമായിരുന്നോ? അതായിരുന്നു ശരി എന്ന് എനിക്കു തോന്നുന്നില്ല. ഞാന്‍ ചെയ്തത് തന്നെയാണ് ശരി. അധ്യാപരുടെ സംരക്ഷണയിലായിരുന്നു കുട്ടികള്‍, അവരാരും വാര്‍ത്തകളില്‍ പറയുന്നത് പോലെ വെയില്‍ കൊണ്ടിട്ടില്ല. ബസ് വരുന്ന സമയത്താണ് കുറച്ച് വെയില്‍ വന്നത്. ആ സമയത്താണ് വീഡിയോ എടുക്കുന്നതും, അത്രയും സമയം മാത്രമാണ് അല്‍പ്പം വെയില്‍ കൊണ്ടിട്ടുള്ളത്. സത്യത്തില്‍ എല്ലാവര്‍ക്കും വലിയ ആവേശമായിരുന്നു. എന്റെ കുട്ടികള്‍ മാത്രമല്ല, തൊട്ടടുത്തുള്ള അംഗനവാടിയിലെ കുട്ടികളും നാട്ടുകാരുമെല്ലാം ആ സമയത്ത് റോഡില്‍ ഉണ്ടായിരുന്നു’.

പ്രമുഖരായവര്‍ കടന്നു പോകുമ്പോള്‍ കുട്ടികള്‍ക്ക് അവരെ കാണാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നത് ഇതാദ്യമായിട്ടല്ല എന്നും ചെമ്പാട് എല്‍ പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പറയുന്നു. ഇന്ത്യയുടെ ഉപരാഷ്ട്രപതി ഈ പ്രദേശത്ത് കൂടി പോയ സമയത്തും ചെമ്പാട് സ്‌കൂളിലെ കുട്ടികളെ അദ്ദേഹത്തെ കാണിച്ചു കൊടുത്തിരുന്നുവെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. അന്ന് ഇതുപോലെ വിവാദങ്ങളോ വാര്‍ത്തകളോ ഉണ്ടായില്ല. ഇപ്പോള്‍ മാത്രം അങ്ങനെ സംഭവിക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

‘ഇവിടെ അടുത്ത് ഉപരാഷ്ട്രപതി വന്നപ്പോഴും ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ കാണാന്‍ റോഡില്‍ ഉണ്ടായിരുന്നു. അന്നൊന്നും മാധ്യമങ്ങള്‍ കുട്ടികള്‍ വെയിലത്താണോ നിന്നിരുന്നതെന്ന് നോക്കാന്‍ ഉണ്ടായിരുന്നില്ല. കുട്ടികളെ പുറത്തു കൊണ്ടു പോയതെന്തിനാണെന്നു ചോദിച്ച് ഈ സമയം വരെയും ഒരു രക്ഷിതാവ് പോലും പരാതി നല്‍കിയിട്ടില്ല. പിന്നെ ചാനലുകാര്‍ക്ക് എന്തിനാണ് ഇത്ര പ്രയാസം? പി ടി എ യും അധ്യാപകരും അടങ്ങുന്നവരുടെ സംരക്ഷണയില്‍ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനുള്ള ഒരു അവസരം മാത്രമാണ് ഞങ്ങള്‍ ഒരുക്കിയത്. മുഖ്യമന്ത്രി എന്ന പദവിയെ രാഷ്ട്രീയമായി കാണാന്‍ എനിക്ക് സാധിക്കില്ല. മുന്‍പ് പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ആണ് കുട്ടികളെ പ്രോത്സാഹിപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചത്. നവകേരള സദസിന്റെ ഭാഗമാണ് നമ്മള്‍ എല്ലാവരും. വിദ്യാഭ്യാസ മന്ത്രിയെയും മറ്റു മന്ത്രിമാരെയുമൊക്കെ കുട്ടികള്‍ക്ക് ഒന്ന് കാണിച്ചുകൊടുക്കണമല്ലോ, അത്രമാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു. അതിനെ ഈ രീതിയില്‍ വളച്ചൊടിച്ചതില്‍ വളരെ വിഷമമുണ്ട്. വലിയ രീതിയില്‍ ഇനിയും വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതായി വരും’.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരു പോലെ മുന്‍പില്‍ നില്‍ക്കുന്ന വിദ്യാലയമാണ് ചെമ്പാട് എല്‍ പി സ്‌കൂള്‍ എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. ‘പഠന സമയം അപഹരിച്ചുകൊണ്ട് പോലുമല്ല കുട്ടികളെ പുറത്തേക്ക് ഇറക്കിയത്. ഇന്റര്‍വെല്‍ സമയത്താണ് കുട്ടികളെ പുറത്തിറക്കിയത്. 11.15 മുതല്‍ 11 .25 വരെ ഇന്റര്‍വെല്‍ സമയമാണ് ആ സമയത്ത് മാത്രമേ കുട്ടികള്‍ പുറത്തേക്ക് ഇറങ്ങിയിട്ടുള്ളൂ. സ്‌കൂളിന്റെ മുന്‍വശത്ത് നിന്നു കാണാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്, കുട്ടികളുടെ ആവേശം കൊണ്ടാണ് അത് റോഡിലേക്കായത്’. ജയകൃഷ്ണന്‍ പറയുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍