UPDATES

ബിടിഎസ് ആരാധകരായ മൂന്നുപെണ്‍കുട്ടികള്‍ കൊറിയയിലേക്ക് കപ്പല്‍ കയറാന്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നിറങ്ങിയ കഥ

ഒരു മാസം മുമ്പാണ് കൂട്ടുകാരികള്‍ കൊറിയന്‍ യാത്ര ആസൂത്രണം ചെയ്തത്.

                       

പ്രിയതാരങ്ങളെ ഒരു നോക്കുകാണാന്‍ ആരാധകര്‍ കാണിച്ചു കൂട്ടിയിട്ടുള്ള സാഹസങ്ങളുടെ കഥകള്‍ നിരവധിയുണ്ട്. ആരാധാന കടുത്താല്‍ പിന്നെ യാതൊരു വീണ്ടു വിചാരവുമില്ലാതെയായിരിക്കും പ്രവര്‍ത്തിക്കുക; ഈ മൂന്ന് തമിഴ് പെണ്‍കുട്ടികളെ പോലെ.

13 വയസ് പ്രായമുള്ള മൂന്നു കൂട്ടുകാര്‍; അവരുടെ ഹൃദയം കീഴടക്കിയത് ലോകപ്രശസ്ത കൊറിയന്‍ പോപ്(കെ-പോപ്)ബാന്‍ഡ് ആയ സാക്ഷാല്‍ ബിടിഎസ് ആണ്. യൂട്യൂബില്‍ കണ്ടും കേട്ടും ആരാധന മൂത്തപ്പോള്‍ മൂന്നുപേര്‍ക്കും തങ്ങളുടെ ഇഷ്ടതാരങ്ങളെ നേരില്‍ കാണാന്‍ കൊതിയായി. അതോടെയവര്‍ എന്തൊക്കെയോ കണക്കൂട്ടലുകളോടെ നാട് വിടാന്‍ തീരുമാനിച്ചു. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള ദക്ഷിണ കൊറിയയിലേക്ക്…

ഒരു മാസം മുമ്പാണ് കൂട്ടുകാരികള്‍ കൊറിയന്‍ യാത്ര ആസൂത്രണം ചെയ്തത്. പ്ലാനിംഗ് വളരെ സിമ്പിള്‍ ആയിരുന്നു. ആദ്യം ഈറോഡില്‍ നിന്നും ഒരു ട്രെയിനിയില്‍ കയറി ചെന്നൈയില്‍ ഇറങ്ങുക. അവിടെ നിന്നും എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തുക. വിശാഖ പട്ടണം തുറമുഖത്തു നിന്നും കൊറിയയിലേക്കുള്ള കപ്പലില്‍ കയറുക. കപ്പലിറങ്ങി സോളിലേക്ക് പോവുക. മൂന്നു പേരുടെയും പണക്കുടുക്ക പൊട്ടിച്ചതില്‍ നിന്നും സ്വരകൂട്ടിയെടുത്ത 14,000 രൂപ കൈയിലുണ്ട്. അതായിരുന്നു യാത്ര ബഡ്ജറ്റ്!

പ്ലാന്‍ ചെയ്തതുപോലെ അവരുടെ യാത്ര തുടങ്ങിയെങ്കിലും, യാത്രയുടെ രണ്ടാം ദിവസം ചെന്നൈയിലെത്തിയത് അവസാനിച്ചു! മുന്നോട്ടുള്ള പോക്ക് തങ്ങള്‍ കരുതിയതുപോലെ എളുപ്പമല്ലെന്ന് മനസിലാക്കി തിരിച്ചു വീട്ടിലേക്ക് തന്നെ പോയേക്കാം എന്നവര്‍ക്ക് തോന്നി. ഭാഗ്യം, മറ്റ് അപകടങ്ങളിലേക്ക് ആ 13 കാരികള്‍ പോയില്ല, അതിന് മുമ്പ് വെല്ലൂരിന് സമീപത്തുള്ള കട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെള്ളിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെ പൊലീസ് അവരെ കണ്ടെത്തി.

പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് മൂന്നു പേരെയും വെല്ലൂരിലെ ഒരു ചില്‍ഡ്രന്‌സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ക്ക് ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും അവരുടെ മാതാപിതാക്കള്‍ എത്താന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നുണ്ട്.

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലക്കാരാണ് പെണ്‍കുട്ടികള്‍. അവിടെ പഞ്ചായത്ത് തല ഇംഗ്ലീഷ്-മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. മൂന്നു പേരും ദരിദ്ര പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍. ഇവരില്‍ ഒരാളുടെ അമ്മ നാട്ടില്‍ തന്നെയുള്ള ഒരു എല്‍ പി സ്‌കൂളിലെ അധ്യാപികയാണ്. മറ്റൊരു കുട്ടിയുടെ പിതാവ് മാനസികാരോഗ്യം ഇല്ലാത്തൊരാളാണ്. അടുത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞവരുമാണ്. പാടത്ത് പണിയെടുത്താണ് ബാക്കി രണ്ട് അമ്മമാരും മക്കളെ വളര്‍ത്തുന്നത്.

ദാരിദ്ര്യം മൂടിയതായിരുന്നെങ്കിലും മൂന്നു കുട്ടികളുടെയും കൈകളില്‍ മൊബൈല്‍ ഫോണുകളും അതില്‍ ഇന്റര്‍നെറ്റ് സൗകര്യവുമുണ്ടായിരുന്നു. ആ ഫോണുകളില്‍ നിന്നാണ് പെണ്‍കുട്ടികള്‍ ബിടിഎസ്-ന്റെ അടിമകളായി തീരുന്നത്. അതേ ഫോണുകളിലെ ഇന്റര്‍നെറ്റില്‍ തെരഞ്ഞാണ് വിശാഖപട്ടണത്ത് നിന്നും കപ്പല്‍ കയറി സോളില്‍ എത്താനുള്ള വഴി അവര്‍ കണ്ടെത്തുന്നതും. കുട്ടികളോട് സംസാരിച്ച വെല്ലൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി വേദനായകം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവച്ച വിവരങ്ങളാണ്. ബിടിഎസ്സിനോടുള്ള ആരാധന തങ്ങളില്‍ നൃത്തവും സംഗീതവും നിറഞ്ഞൊരു ജീവിതത്തിനു വേണ്ടിയുള്ള കൊതി നിറച്ചു എന്നാണ് ശനിയാഴ്ച്ച മുഴുവന്‍ നീണ്ടു നിന്ന കൗണ്‍സിംലിംഗ് സെക്ഷനില്‍ വച്ച് വേദനായകത്തോട് കുട്ടികള്‍ പറഞ്ഞത്.

അയല്‍ക്കാരനായൊരു യുവാവില്‍ നിന്നാണ് ബിടിഎസ്സിനെക്കുറിച്ച് പെണ്‍കുട്ടികള്‍ അറിയുന്നത്. ബിടിഎസ്സിനെ കേള്‍ക്കാന്‍ തുടങ്ങിയതോടെ അവര്‍ കൊറിയന്‍ ഭാഷ പഠിക്കാന്‍ ശ്രമിച്ചു. പാട്ടിന്റെ വരികള്‍ മനസിലാക്കാന്‍ വേണ്ടിയായിരുന്നു കൊറിയന്‍ പഠിക്കാന്‍ ശ്രമിച്ചത്, അതിന് ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ആയിരുന്നു സഹായം. ‘ ബാങ് ടാന്‍ സോനിയോഡാന്‍’ അഥവ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്(ഇംഗ്ലീഷ്) എന്നതാണ് ബിടിഎസ്-ന്റെ പൂര്‍ണരൂപം എന്നൊക്കെ കുട്ടികള്‍ മനസിലാക്കുന്നത് ഗൂഗിള്‍ വഴിയായിരുന്നു. ബിടിഎസ്സിലെ ഓരോ അംഗങ്ങളെ കുറിച്ചും കുട്ടികള്‍ വിശദമായി പഠിച്ചു മനസിലാക്കിയിരുന്നു, അവരുടെ ഇഷ്ടപ്പെട്ട നിറം, ഹോബികള്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ കുട്ടികള്‍ അറിഞ്ഞുവച്ചിരുന്നു.

‘ ജനുവരി 4-ന് ആണ് കുട്ടികള്‍ വീടുവിട്ടുറങ്ങുന്നത്. അവരാദ്യം ഈറോഡില്‍ എത്തി. അവിടെ നിന്നും ട്രെയിനില്‍ കയറി ചെന്നൈയില്‍ ഇറങ്ങി. ചെന്നൈയിലെ രാത്രി അവര്‍ ഹോട്ടലില്‍ ചെലവഴിച്ചു. രണ്ടു മുറികള്‍ 1200 രൂപ വാടകയില്‍ അവരെടുത്തു. കുട്ടികള്‍ വീട്ടില്‍ നിന്നും പോയ ദിവസം തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അപ്പോള്‍ തന്നെ മിസ്ലിംഗ് കംപ്ലയ്ന്റ് രജിസ്റ്റര്‍ ചെയ്ത് കരൂരും സമീപ പ്രദേശങ്ങളിലും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു, പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളിലെല്ലാം വിവരം കൈമാറിയിരുന്നു, അതുപോലെ ലോക്കല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെല്ലാം കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു.

സോളിലേക്ക് ഇറങ്ങി തിരിച്ച പെണ്‍കുട്ടികള്‍ ചെന്നൈയില്‍ എത്തിയപ്പോഴേക്കും തളര്‍ന്നിരുന്നു. പിറ്റേദിവസം അവര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് തന്നെ തിരിച്ചെത്തി. അവിടെ നിന്നും ഒരു ട്രെയിനില്‍ കയറി. കാട്പാടി സ്റ്റേഷനിലെത്തിയപ്പോള്‍, മൂന്നു പേരും ഭക്ഷണം വാങ്ങാനായി ഇറങ്ങി, പക്ഷേ, തിരിച്ചു കയറും മുമ്പേ ട്രെയിന്‍ വിട്ടിരുന്നു. രാത്രിയില്‍ മൂന്നു പെണ്‍കുട്ടികളെ അസ്വഭാവിക രീതിയില്‍ കണ്ടെത്തിയ റെയില്‍വേ പൊലീസ് അവരെ സുരക്ഷിതമായി തങ്ങളുടെ കൂടെ കൂട്ടുകയും വൈകാതെ വെല്ലൂര്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു; കുട്ടികള്‍ കാണാതായ പരാതി അന്വേഷിച്ചിരുന്ന കരൂര്‍ ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞ വിവരങ്ങളാണിത്.

14,000 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ കുട്ടികളുടെ കൈയില്‍ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞു ബാക്കിയുണ്ടായിരുന്നത് 8,059 രൂപയാണ്. തങ്ങളിട്ടത് സഹാസികമായൊരു പദ്ധതിയായിരുന്നുവെന്നും തങ്ങള്‍ ചെയ്ത കാര്യത്തെക്കുറിച്ച് അവര്‍ക്ക് ബോധ്യമായെന്നും പൊലീസ് പറയുന്നു. കൗണ്‍സിലിംഗ് സമയത്ത് മുഴുവന്‍ കുട്ടികള്‍ ചെയ്തകാര്യങ്ങളോര്‍ത്ത് കരയുകയായിരുന്നുവെന്നും, ഇനിയൊരിക്കലും തങ്ങള്‍ ഇത്തരം എടുത്തു ചാട്ടങ്ങള്‍ കാണിക്കില്ലെന്നവര്‍ സത്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കുട്ടികള്‍ക്കെന്ന പോലെ അവരുടെ വീട്ടുകാര്‍ക്കും കൗണ്‍സിംലിംഗ് നല്‍കുമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍