UPDATES

കല

സിനിമ പോസ്റ്ററുകള്‍ നോക്കി തമിഴ് പഠിച്ച ജീനിയസ്

എസ് പി ബി ഇല്ലാത്ത മൂന്നു വര്‍ഷങ്ങള്‍

                       

അന്നാ സംഗീത മത്സരത്തില്‍ നെല്ലൂരില്‍ നിന്നുള്ള പതിനേഴുകാരന്റെ പാട്ട് എസ് ജാനകി ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍? എസ് പി കോദണ്ഡപാണിക്ക് ആ പയ്യന്റെ ആലാപനത്തില്‍ താത്പര്യം തോന്നിയില്ലായിരുന്നുവെങ്കില്‍? ഈ ചോദ്യങ്ങള്‍ക്ക് കാലം നല്‍കിയ ഉത്തരമാണ് എസ് പി ബാലസുബ്രഹ്‌മണ്യം. സംഗീതത്തെ അങ്ങോട്ട് തേടി ചെല്ലുന്നവര്‍ അനേകലക്ഷങ്ങളുണ്ടാകും, എന്നാല്‍ സംഗീതം തന്നിലേക്ക് മാടി വിളിക്കുന്നവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്, അതിലൊരാളായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യം. പാട്ടുകാരന്‍ ആകാന്‍ ഇഷ്ടമായിരുന്നുവെങ്കിലും അതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. മദ്രാസില്‍ എത്തിയത് എഞ്ചിനീയറിംഗ് പഠിക്കാനായിരുന്നു. പഠനത്തിനു തന്നെയായിരുന്നു ആദ്യ പരിഗണനയും. അതിനിടയില്‍ പാടിയിരുന്നുവെന്നു മാത്രം. എഞ്ചിനീയറിംഗ് പാസായി ഒരു ജോലി നേടി അച്ഛനെ സഹായിക്കുക, കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയിരുന്ന ആ ചെറുപ്പക്കാരന്റെ ഉള്ളിലെ ചിന്തയതായിരുന്നു. ഹരികഥ പാട്ടുകാരനായിരുന്നു അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയ സംഗീതവാസനയല്ലാതെ,ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലാതിരുന്നൊരാള്‍ക്ക് പാട്ടിന്റെ വലിയ ലോകത്തോട് സ്നേഹം മാത്രമായിരുന്നു തോന്നിയിരുന്നത്, അല്ലാതെ, അതിനുള്ളില്‍ തനിക്കൊരു ഇടം നേടണം എന്നൊന്നും ഇല്ലായിരുന്നു. പക്ഷേ, നീ പിറന്നതേ എനിക്കു വേണ്ടിയെന്ന പോലെയായിരുന്നു സംഗീതം ബാലസുബ്രഹ്‌മണ്യത്തെ വിളിച്ചത്. അതിനു വേണ്ടി നിയോഗിക്കപ്പെട്ടവരായിരുന്നു ജാനകിയും കോദണ്ഡപാണിയും എം എസ് വിശ്വനാഥനും ഇളയരാജയും റഹ്‌മാനുമെല്ലാം. വിളിച്ചു കൊണ്ടുവന്നത് ഇരുത്തിയതാകട്ടെ ഒരു മഹാ സിംഹാസനത്തിലും.

പാട്ടുകാരനായിരുന്നില്ലെങ്കില്‍ എന്ന ചോദ്യം തനിക്ക് നേരെ ഉയര്‍ന്നപ്പോള്‍, എസ് പി ബി പറഞ്ഞ മറുപടി, ഞാനൊരിക്കലും പാട്ടുകാരനാകാനല്ല, എഞ്ചിനീയറാകനായിരുന്നു ആഗ്രഹിച്ചത് എന്നായിരുന്നു. വെറുതെ ഒന്നു ചിന്തിച്ചു നോക്കൂ, അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു നടന്നിരുന്നതെങ്കില്‍! സംഭവിക്കേണ്ടത് തന്നെയാണ് സംഭവിച്ചത്. എസ് പി ബി ഈ ഭൂമിയിലേക്ക് വന്നത് തന്നെ പാടാനായിരുന്നു. 54 വര്‍ഷം; അതിമനോഹരമായൊരു ഗാനം പോലെയാണ് അദ്ദേഹം പകര്‍ന്നു തന്നത്. എന്നെ വിട്ട് പോകരുതെന്ന നിര്‍ബന്ധം എസ്പിബിയുടെ കാര്യത്തില്‍ സംഗീതത്തിന് ഉണ്ടായിരുന്നു. അക്കാര്യം ആദ്യം പറയിപ്പിച്ചത് എസ് ജാനകിയെ കൊണ്ടായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടയില്‍ സംഗീത മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ബാലസുബ്രഹ്‌മണ്യത്തെ ജാനകി ശ്രദ്ധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നീ ശ്രമിച്ചാല്‍ നല്ലൊരു പാട്ടുകാരനാകും, മദ്രാസില്‍ അല്ലേ എഞ്ചിനീയറംഗിന് പഠിക്കുന്നത്, ശ്രമിക്കൂ എന്ന സ്നേഹരൂപേണയുള്ള ജാനകിയുടെ ഉപദേശം പാട്ടില്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ ബാലസുബ്രഹ്‌മണ്യത്തെ പ്രേരിപ്പിച്ചു. അന്ന് പ്രായം പതിനേഴ് വയസാണ്. രണ്ടു മൂന്നു വര്‍ഷം ജാനകിയുടെ ഉപദേശത്തിനു പുറത്ത് സിനിമയില്‍ പാടാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, പരാജയമായിരുന്നു ഫലം. ഇനി പാട്ട് വേണ്ട, പഠിത്തം മാത്രം മതി എന്ന തീരുമാനത്തിലേക്ക് എത്തിയ സമയമാണ്, എസ് പി കോദണ്ഡപാണി എന്ന പ്രതിഭയുടെ കാതുകളില്‍ ആ ശബ്ദം കേള്‍ക്കാനിടവരുന്നത്. അതുമൊരു സംഗീത മത്സരത്തിനിടയിലായിരുന്നു. പാട്ട് ഇഷ്ടപ്പെട്ട കോദണ്ഡപാണി സിനിമയിലേക്ക് വിളിച്ചു. 1966 ഡിസംബര്‍ 15 ന് എസ് പി ബാലസുബ്രഹ്‌മണ്യം എന്ന പിന്നണി ഗായകന്‍ പിറവി കൊണ്ടു.

പാട്ടല്ല തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ പറഞ്ഞ എസ് പി ബി പിന്നീട് പാട്ടിന്റെ ആത്മാവായി മാറിയെന്നത് കാലത്തിന്റെ നിശ്ചയം മാത്രമായിരുന്നില്ല. സംഗീതത്തോട് അദ്ദേഹം കാണിച്ച അര്‍പ്പണം കൊണ്ടുകൂടിയായിരുന്നു. 1969-70 കളില്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മൂന്നു സഹോദരങ്ങള്‍-ഇളയരാജ, ഭാസ്‌കര്‍, ഗംഗൈ അമരന്‍-എന്നിവര്‍ക്കൊപ്പം ചേരുമ്പോള്‍, പിന്നണി ഗായകനെന്ന ലേബല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ കിട്ടുന്ന കച്ചേരികളും. പാടിയാല്‍ കിട്ടുന്ന നൂറും നൂറ്റമ്പതും രൂപയായിരുന്നു അന്നദ്ദേഹത്തിന് വലുത്. കുടുംബത്തിലെ അവസ്ഥകള്‍ അറിഞ്ഞുവളര്‍ന്നതിനാല്‍ തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം അച്ഛന് സഹായകമാകുമെന്നു മനസിലാക്കിയാണ് സംഗീതത്തില്‍ തുടര്‍ന്നത്. ഇളയരാജയയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ചേരുന്നതും ഒരു വരുമാനം ആകുമല്ലോ എന്ന ചിന്തയ്ക്ക് പുറത്തായിരുന്നു. അവര്‍ ഒറു മ്യൂസിക് ട്രൂപ്പ് തുടങ്ങി. പാവലര്‍ ബ്രദേഴ്സ് എന്ന പേര് നല്‍കിയത് ഇളയരാജയായിരുന്നു. കല്യാണ വീടുകളിലും മറ്റും പാടിയായിരുന്നു പാവലര്‍ ബ്രദേഴ്സിന്റെ സഞ്ചാരം. ഒരു കല്യാണത്തിന് പാടിയാല്‍ പരമാവധി 200 രൂപ കിട്ടും. ചെലവെല്ലാം കഴിഞ്ഞ് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കുമ്പോള്‍ ബാലസുബ്രഹ്‌മണ്യത്തിന്റെ കൈയില്‍ കിട്ടുന്നത് 15 രൂപയായിരിക്കും. അത് കൂടുതലാണ്; പ്രധാന പാട്ടുകാരനാണല്ലോ! പക്ഷേ, പണമായിരുന്നില്ല പാട്ട് തന്നെയായിരുന്നു രാജയ്്ക്കും ബാലുവിനും വലുത്. ധനരാജന്‍ മാസ്റ്ററുടെ കീഴില്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്ന് രാജ. തന്റെ സ്‌കൂട്ടിറില്‍ ചെന്ന് രാജയെ കൂട്ടിക്കൊണ്ട് വരുന്ന ബാലു ഒരു സൗഹൃദത്തിന്റെ ചിത്രമായിരുന്നു. പിന്നീടവര്‍ ഇളയരാജയും എസ്പി ബാലസുബ്രഹ്‌മണ്യവുമായി വളര്‍ന്നു കഴിഞ്ഞപ്പോഴും സൗഹൃദത്തിന്റെ നൊട്ടേഷന്‍ അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും തെറ്റിയിരുന്നില്ല. ട്രാവലര്‍ ബ്രദേഴ്സ് എന്ന പേര് അന്വര്‍ത്ഥമാക്കി കൊണ്ടായിരുന്നു ആ മ്യൂസിക് ട്രൂപ്പിന്റെ വളര്‍ച്ച. പരിപാടി അവതരിപ്പിക്കേണ്ട സ്ഥലങ്ങളിലേക്ക് ആടുമാടുകള്‍ക്കൊപ്പം ട്രയിനിലും ബസിലുമെല്ലാം സഞ്ചരിക്കുമ്പോഴും തങ്ങളെ കാത്തിരിക്കുന്നൊരു പുതിയ ഉദയം അവര്‍ സ്വപ്നം കണ്ടിരുന്നു. കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി ട്രാവല്‍ ബ്രദേഴ്സ് സംഗീത പരിപാടികള്‍ അവതരിപ്പിച്ചതും അവര്‍ക്കിടയിലെ സ്വരചേര്‍ച്ച കൊണ്ടായിരുന്നു.

ജീനിയസ് എന്ന വാക്കിന് എസ് പി ബാലുസുബ്രഹ്‌മണ്യം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. തെലുഗും ഇംഗ്ലീഷും പിന്നെ കുറച്ച് ഹിന്ദിയും മാത്രമറിഞ്ഞ് മദ്രാസില്‍ ജീവിച്ചിരുന്നൊരാള്‍ സിനിമ പിന്നണി ഗായകനായശേഷം തന്റെ രണ്ടാമത്തെ പാട്ട് പാടുന്നത് കന്നഡത്തില്‍. ആദ്യ പാട്ടിന്റെ റെക്കോര്‍ഡിംഗ് കേട്ട ഗാനരചയിതാവ് രാജേശ്വര റാവു കന്നഡത്തില്‍ അവസരം കൊടുത്തപ്പോള്‍ രണ്ടാഴ്ച്ച കൊണ്ട് ഭാഷ പഠിച്ച് അതിമനോഹരമായി പാടി എസ് പി ബി. പക്ഷേ, അപ്പോഴും തമിഴ് അദ്ദേഹത്തെ സ്വീകരിക്കാന്‍ അല്‍പ്പം മടി കാണിച്ചു. അതിനൊരു കാരണവുമുണ്ട്. പാട്ട് ചോദിച്ച് ചെന്നത് സാക്ഷാല്‍ എം എസ് വിശ്വനാഥന്റെയരികിലായിരുന്നു. ശബ്ദം കൊള്ളാം, പക്ഷേ, നിന്റെ തമിഴ് ശരിയല്ല ആദ്യം നീ തമിഴ് പഠിച്ചിട്ട് വാ…. എന്നു പറഞ്ഞ് എം സി വി മടക്കിയയക്കുമ്പോള്‍, അദ്ദഹത്തിന്റെയൊരു പാട്ട് പാടാനുള്ള ഉള്ളിലെ മോഹം ആ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ തന്നെ എസ്പിബി ഉപേക്ഷിച്ചിരുന്നു. എന്നാലും തമിഴ് പഠിക്കാനുള്ള ശ്രമം അവിടെ തുടങ്ങി. തെലുഗ് നാട്ടില്‍ നിന്നുള്ള കൂട്ടുകാര്‍ക്കൊപ്പം മാത്രമായിരുന്നു അതുവരെ സഹവാസം. അവിടം വിട്ടു പുറത്തേക്കിറങ്ങി. ആദ്യം പഠനം തുടങ്ങിയത് തമിഴ് സിനിമ പോസ്റ്ററുകളില്‍ നിന്നായിരുന്നു. പിന്നീട് തമിഴരായ സുഹൃത്തുക്കളെ കണ്ടെത്തി അവര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ തമിഴ് സംസാരിക്കാനും വായിക്കാനും എഴുതാനും പഠിച്ചു. പരിശ്രമിച്ചാല്‍ മനുഷ്യന് അസാധ്യമായതൊന്നുമില്ലെന്നു തെളിയിക്കുക കൂടിയായിരുന്നു.

തമിഴ് പഠിച്ചെങ്കിലും എം സി വിയില്‍ നിന്നൊരു അവസരം തനിക്ക് കിട്ടുമെന്ന് ബാലസുബ്രഹ്‌മണ്യം കരുതിയിരുന്നില്ല. പക്ഷേ, ബാലുവിന് തെറ്റി. ഒരിക്കല്‍ എം എസ് വിയെ കാണാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയില്‍ കാത്തു നിന്ന ബാലസുബ്രഹ്‌മണ്യത്തെ പേരെടുത്ത് അടുത്തേക്ക് വിളിച്ചു എം എസ് വി. കൊടുത്ത വാക്കും പാലിച്ചു. 1969 ല്‍ എസ് പി ബി ആദ്യമായി തമിഴ് സിനിമയ്ക്കു വേണ്ടി പാടി. ആദ്യത്തെ സിനിമ ഹോട്ടല്‍ രംഭ. സിനിമ റിലീസ് ചെയ്തില്ല. രണ്ടാമത്തെ ചിത്രമായ ശാന്തിനിലയത്തില്‍ കൂടിയാണ് എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം തമിഴ് സിനിമ പ്രേമികള്‍ കേട്ടു തുടങ്ങിയത്. അവിടെ നിന്ന് എത്രയെത്ര അനശ്വര ഗാനങ്ങള്‍. പാടിയതിലേറെയും സൂപ്പര്‍ ഹിറ്റുകള്‍. തലമുറകള്‍ മാറി മാറി പാടുന്ന പാട്ടുകള്‍. തമിഴ് സിനിമ പോസ്റ്റര്‍ നോക്കി തമിഴ് പഠിച്ചൊരാളാണിതെന്നോര്‍ക്കുമ്പോഴാണ് എത്ര ജീനിയസ് ആണ് എസ് പി ബി എന്നു മനസിലാകുന്നത്.

Share on

മറ്റുവാര്‍ത്തകള്‍