ആലപ്പുഴ പാര്‍ലമെന്റ് നിയോജക മണ്ഡലം കേരളത്തിലെ ഏറ്റവും നീളം കൂടിയ മണ്ഡലമായി കാണാം. മത്സ്യബന്ധന മേഖലയും കയര്‍ മേഖലയുമാണ് മണ്ഡലത്തിന്റെ സാമ്പത്തിക നില ശക്തമാക്കുന്നത്. ഒപ്പം മണ്ഡലത്തിന്റെ രാഷ്ട്രീയ ഗതി നിയന്ത്രിക്കുന്നതും. ആലപ്പുഴ പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് പോകാന്‍ പകുതി പകല്‍ ചെലവഴിക്കേണ്ടി വരും. പ്രചാരണത്തിന് മറ്റ് മണ്ഡലത്തേക്കാള്‍ പ്രയാസമാണ് ആലപ്പുഴ.
കേരളത്തില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും തീഷ്ണമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ആലപ്പുഴ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ണൂരിന്റെ മണ്ണിലാണ് തുടങ്ങിയതെങ്കില്‍ ആലപ്പുഴയിലാണ് അത് വളര്‍ന്ന് പന്തലിച്ചത്. ആലപ്പുഴയിലെ പുന്നപ്രയും വയലാറും കഥ പറയുന്ന സമരമുഖങ്ങളാണ്. 2019 തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച ഒരേ ഒരു മണ്ഡലമാണ് ആലപ്പുഴ. ഇത്തവണ സിറ്റിംഗ് പാര്‍ലമെന്റ് അംഗം എ എം ആരിഫ് ആണ് മത്സരിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ കെ. സി വേണുഗോപാലാണ്. മുന്‍പ് കെ. സി വേണുഗോപാല്‍ ആലപ്പുഴയുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ പോയപ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ നേതാവാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ആലപ്പു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ഒട്ടും മോശക്കാരിയല്ല. ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല അനുഭാവികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ശോഭാ സുരേന്ദ്രനാണ് ആലപ്പുഴയില്‍ മത്സരിക്കുന്നത്. ഇടത് വലത് മുന്നണികളെ ഒരേപോലെ അടുപ്പിച്ചു നിര്‍ത്തിയ മണ്ഡലമാണ് ആലപ്പുഴ.
തിരുക്കൊച്ചിയായിരുന്നപ്പോള്‍ നടന്ന, 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പി. ടി പുന്നൂസ് ആയിരുന്നു വിജയി. കേരള സംസ്ഥാനമായി രൂപീകരിക്കപ്പെട്ടപ്പോള്‍ അമ്പലപ്പുഴ മണ്ഡലം ആയിരുന്നു. രണ്ടാമത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 1957ല്‍ പി. ടി പുന്നൂസ് തന്നെയാണ് വിജയിച്ചത്. 1962 ലെ മൂന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി കെ വാസുദേവന്‍ നായര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1967ല്‍ നടന്ന നാലാമത് തെരഞ്ഞെടുപ്പില്‍ സുശീല ഗോപാലനാണ് ജയിച്ചത്. എന്നാല്‍ 1971 റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബാലകൃഷ്ണന്‍ അമ്പലപ്പുഴയുടെ പ്രതിനിധിയായി.
1977 മുതല്‍ അമ്പലപ്പുഴ മണ്ഡലം ആലപ്പുഴ മണ്ഡലമായി മാറി. 1977 ല്‍ നടന്ന ആറാമത് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വി എം സുധീരന്‍ ആയിരുന്നു വിജയിച്ചത്. തൊട്ടടുത്ത വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുശീല ഗോപാലന്‍ വിജയിച്ചപ്പോള്‍ 1984, 89 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വക്കം പുരുഷോത്തമന്‍ ഇവിടെ വിജയം കണ്ടു. പത്താമത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1991ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടി. ജെ. ആഞ്ചലോസ് ഇവിടെ നിന്ന് ജയിക്കുകയുണ്ടായി. പതിനൊന്നും പന്ത്രണ്ടും പതിമൂന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി. എം. സുധീരന്‍ തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ചു. 2004 ഡോക്ടര്‍ കെ എസ് മനോജ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.
സിപിഎമ്മിന്റെ പ്രതിനിധിയായി ജയിച്ച ആഞ്ചലോസ് ഇപ്പോള്‍ സിപിഐയിലും, ഇടത് സ്വതന്ത്രനായിരുന്ന ഡോക്ടര്‍ കെ എസ് മനോജ് ഇപ്പോള്‍ കോണ്‍ഗ്രസിലുമാണ്. 2009ലും 2014 കെ. സി വേണുഗോപാലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായ എ. എം ആരിഫ് ജയിച്ചപ്പോള്‍ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ചേര്‍ത്തലയിലും, കായംകുളത്തും മാത്രമായിരുന്നു ഇടതിന് മേല്‍ക്കെ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരും, ആലപ്പുഴയും, അമ്പലപ്പുഴയും കൂടി ഇടതിനൊപ്പം ചേര്‍ന്നു.