UPDATES

എം ജി യൂണിവേഴ്സിറ്റി ചെയർമാന് വിലക്കും ഭീഷണിയും; എസ്എഫ്ഐയുടെ പങ്കെന്ത് ?

അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ

                       

എം.ജി സർവകലാശാല കാമ്പസിൽ എസ്എഫ്ഐ നേതാവായ യൂണിൻ ചെയർമാന് വിലക്കാണെന്നും, മൂന്നു മാസത്തോളമായി ചെയർമാൻ കാംപസിൽ എത്തിയിട്ടില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ ഒരു സംഘം മർദിച്ചതിന് പിന്നാലെയാണ് ചെയർമാന് സർവകലാശാലയിൽ നിന്ന്  വിലക്കേർപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റിയും, എം എസ് എഫും പോലുള്ള വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഒന്നാം വർഷ ജെൻഡർ സ്റ്റഡീസ് വിദ്യാർഥിയായ കെ.എം യാസീനാണ് ചെയർമാൻ. sfi-union-chairman-ban

എം.ജി സർവകലാശാല കലോത്സവം നടന്നപ്പോൾ മുതൽ ചെയർമാൻ്റെ അസാന്നിധ്യത്തെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു. സമാനമായി വിഷയത്തിൽ അന്നും പ്രതികരിക്കാൻ എസ്എഫ്ഐ തയ്യാറായിരുന്നില്ല.

ചെയർമാനെതിരെ പരാതി കാമ്പസിൽ ഉയർന്നു വന്നിരുന്നു അതിനെ തുടർന്ന് മൂന്ന് മാസത്തോളമായി വിലക്കിലാണ് എന്നും മർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷെ ആരാണ് മർദ്ദിച്ചത് എന്ന് ഇപ്പോഴും ചെയർമാൻ വ്യക്തമാക്കിയിട്ടില്ല. കാംപസിനും വിദ്യാർത്ഥികൾക്കും വേണ്ടി പ്രവർത്തിക്കേണ്ട ചെയർമാൻ എന്തുകൊണ്ട് ഇവിടേക്ക് മൂന്ന് മാസമായി എത്തുന്നില്ല എന്നതാണ് ഞങ്ങൾ ഉയർത്തുന്ന ചോദ്യം. പരാതി ലഭിച്ചതിനെ തുടർന്നാണ് വിലക്ക് എന്ന് പറയുമ്പോഴും, ചെയർമാനെതിരെ നൽകി എന്ന് പറയുന്ന പരാതിയുടെ പകർപ്പോ ചെയർമാൻ നൽകിയ പരാതിയുടെ പകർപ്പോ മറ്റ് രേഖകളോ ഒന്നും തന്നെ പുറത്ത് വിട്ടില്ല. സർവകലാശാല കലോത്സവം ഉൾപ്പെടെ പ്രധാന പരിപാടികൾക്കു പോലും നേതൃത്വം നൽകാതെ യൂണിയൻ ചെയർമാന് കാമ്പസിൽ നിന്നും വിലക്കും ഭീഷണിയും നേരിടുന്നത് എന്തിനാണെന്ന് വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്താൻ സർവകലാശാല തയ്യാറാകണമെന്നും വിഷയത്തിൽ യൂണിയൻ നേതൃത്വം നൽകുന്ന എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റിയുടെ പങ്ക് എന്താണെന്നു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥി സംഘടനകൾ പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.

ഇത്രയധികം പ്രതിഷേധങ്ങൾക്ക് കരണമായിട്ടും എസ്എഫ്ഐ വിഷയത്തിൽ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. വർഷങ്ങളായി എസ് എഫ് ഐ തന്നെ ഭരിക്കുന്ന കാമ്പസ് കൂടിയാണ് എം.ജി സർവകലാശാല. രണ്ട് വർഷങ്ങൾക്ക് മുൻപ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥി കൂടിയായ വിപിൻ ദാസ് എഴുതിയ കുറിപ്പിൽ നിന്നാണ് ഈ വിഷയങ്ങൾ പുറത്ത് വരുന്നത്. പ്രതികരിച്ചാൽ വിഷയം കൂടുതൽ വഷളാകും എന്നുള്ളത് കൊണ്ടാണ് എസ് എഫ് ഐ പ്രതികരിക്കാത്തത് എന്നാണ് അറിയാൻ കഴിയുന്നത് എന്ന് എം ജി സർവകലാശാല ഫ്രറ്റേർണിറ്റി യൂണിറ്റ് പ്രസിഡന്റായ അഫ്നാൻ വേളം വ്യക്തമാക്കി.

എസ്. എഫ്.ഐ എം.ജി കാമ്പസ് യൂണിറ്റിന്റെ ഭീഷണിക്കു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ യൂണിയൻ ചെയർമാനു പോലും രക്ഷയില്ലെന്നാണ് സംഭവങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത് എന്നാണ് ഫ്രറ്റേർണിറ്റിയുടെ വാദം. രണ്ട് മാസം പിന്നിട്ടിട്ടും വിഷയത്തിൽ യൂണിയനോ സർവകലാശാലയോ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചെയർമാനെതിരെ പാർട്ടി കോടതി തന്നെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്താൻ സർവകലാശാലയും എസ്എഫ്ഐ നേതൃത്വം നൽകുന്ന സ്റ്റുഡന്റ്‌സ് യൂണിയനും തയ്യാറാവണം എന്നും ഫ്രറ്റേർണിയുടെ പ്രസ്താവനയിൽ പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖം എസ് എഫ് ഐ നേതൃത്വത്തെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

 

വിപിൻ ദാസിന്റെ കുറിപ്പിന്റെ പൂർണ രൂപം: 

സിദ്ധാർത്ഥിനു വേണ്ടി ഞാനിപ്പോൾ മിണ്ടണമോ?
സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി കേരളത്തിലെ ഒരു സർവ്വകലാശാലയിൽ സഹപാഠികളാൽ ദാരുണമായി കൊലചെയ്യപ്പെട്ടതുകണ്ടിട്ട് ഞാനെന്ന മറ്റൊരു സർവ്വകലാശാല വിദ്യാർത്ഥിക്ക് മിണ്ടാതിരിക്കാൻ കഴിയുന്നതെങ്ങനെ?
അങ്ങനെ ഞാൻ മിണ്ടാതിരുന്നാൽ എനിക്ക് കിട്ടുന്ന വിദ്യാഭ്യാസം കൊണ്ട് എന്ത് അർത്ഥമാണുള്ളത്?
രോഹിത് വെമുല എന്ന ഹൈദരാബാദ് സർവ്വകലാശാല വിദ്യാർത്ഥിയുടെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറാണ് എന്ന പേരിൽ ക്യാമ്പസ് ഫാഷിസത്തിനും റാഗിങിനും ജാതിവിവേചനത്തിനുമൊക്കെ എതിരെ ക്യാമ്പയിനുകൾ സംഘടിപ്പിച്ച് പുരോഗമനത്തിന്റെ അട്ടിപേറവകാശം പറയുന്ന SFI എന്ന വിദ്യാർത്ഥി സംഘടനയുടെ യൂണിറ്റ് ചുമതലക്കാരാണ് കേരളത്തിലെ സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൊടൂര മരണത്തിൽ പ്രധാന പ്രതികളായി വന്നിരിക്കുന്നത്. കുറ്റാരോപിതരായ യൂണിറ്റ് ചുമതലക്കാരെ സംഘടനയിൽ നിന്നു പുറത്താക്കി എന്ന് പത്രക്കുറിപ്പ് ഇറക്കിയാൽ കേരളത്തിലെ മിക്കവാറും എല്ലാ സർവ്വകലാശാല, കോളേജ് യൂണിയനുകൾ വിദ്യാർത്ഥികളാൽ തെരഞ്ഞെടുക്കപ്പെട്ടും അല്ലാതെ കൈയ്യൂക്കു കാട്ടിയും ഭരിക്കുന്ന SFI എന്ന വിദ്യാർത്ഥി സംഘടനയുടെ വിദ്യാർത്ഥി സമൂഹത്തോടുള്ള ഉത്തരവാദിത്വം തീരുമോ?
ശരി, പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി സഹപാഠികളാൽ റാഗുചെയ്യപ്പെട്ടും പട്ടിണിക്കിടപ്പെട്ടും കൊലചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായി കാണാം, SFI എന്ന വിദ്യാർത്ഥി സംഘടനയാൽ ഗൂഢാലോചന നടത്തപ്പെട്ട് സംഭവിച്ചതല്ല ആ കൊലപാതകമെന്നു വിശ്വസിക്കാം എന്നാൽ കേരളമെമ്പാടുമുള്ള കോളേജുകളിലെയും സർവ്വകലാശാല ക്യാമ്പസ്സുകളിലെയും ഇടിമുറികൾ ഇല്ലാതാക്കാനും നിയമവ്യവസ്ഥ കൈയ്യിലെടുക്കപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ ക്യാമ്പസ്സുകൾക്കുള്ളിൽ വച്ച് കൈകാര്യം ചെയ്യപ്പെടുന്ന പ്രവണതയവസാനിപ്പിക്കാനുമുള്ള ക്യാമ്പയിനുകൾക്ക് നേതൃത്വം കൊടുക്കാൻ പ്രബല വിദ്യാർത്ഥി സംഘടനയെന്ന നിലയിൽ SFI തയ്യാറാകുമോ? ഞാനിതെഴുതുമ്പോൾപോലും കേരളത്തിലെ ഒരു പ്രമുഖ സർവ്വകലാശാലയിലെ SFI ക്കാരനായ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ സർവ്വകലാശാലയ്ക്കുള്ളിലെ ഇടിമുറിയിൽ വച്ച് സ്വന്തമായി കോടതിയും പോലീസുമുള്ള സ്വന്തം കൂട്ടരാൽ കൈകാര്യം ചെയ്യപ്പെട്ടിട്ട് വീട്ടിലിരിപ്പാണ് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
SFI സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് കൊല്ലപ്പെട്ട സിദ്ധാർത്ഥ് ഒരു SFI പ്രവർത്തകൻ ആണെന്നാണ്. ശരി, കൊല്ലപ്പെട്ട വിദ്യാർത്ഥിക്ക്, SFI പ്രവർത്തകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിഷേധ യോഗമോ പന്തംകൊളുത്തി പ്രകടനമോ നടന്നോ ക്യാമ്പസ്സുകളിൽ SFI യ്യുടെ നേതൃത്വത്തിൽ?
കേരളത്തിലെ സർവ്വകലാശാല ക്യാമ്പസ്സുകളിലെ വിദ്യാർത്ഥി ജീവിതമെന്നാൽ ഒരുതരം അടിമജീവിതമാണെന്ന് ഇനിയും സംശയമുള്ളവരുണ്ടോ? ക്യാമ്പസ് ഹോസ്റ്റൽ കിട്ടണമെങ്കിൽ യൂണിറ്റ് സെക്രട്ടറിയുടെ ശുപാർശ വേണം എന്നിടത്തു നിന്നു തുടങ്ങുന്ന അടിമജീവിതം! അതുകൊണ്ടുതന്നെ പൂക്കോട് വെറ്റിനറി കോളേജിലെ സഹപാഠി നൂറിൽപ്പരം വിദ്യാർത്ഥികൾക്കു മുന്നിൽവച്ച് നഗ്നനാക്കപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂഷനു വിധേയനായി പട്ടിണിയിടപ്പെട്ട് കൊല്ലപ്പെട്ടിട്ടും ആ കോളേജിലെ ഒരൊറ്റ വിദ്യാർത്ഥിപോലും എതിർപ്പു പ്രകടിപ്പിച്ച് മുന്നോട്ടുവരാത്തതിൽ എനിക്ക് അത്ഭുതമില്ല! മിണ്ടാതെ വായും പൂട്ടിയിരുന്നാൽ, ചുറ്റും നടക്കുന്നതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മിണ്ടാതെ നടന്നാൽ കോഴ്സും പൂർത്തിയാക്കി വീട്ടിൽ പോകാം, അടിമജീവിതം നയിക്കുമ്പോൾ മനസാക്ഷിയേയും വ്യക്തിഗതമായ നീതിബോധത്തേയും ചാമാനത്തിൽ കെട്ടിപ്പൂട്ടി വയ്ക്കേണ്ടി വരും, സംശയമില്ല.
കൊറേ എഴുതണമെന്നുണ്ട്, അമിത വൈകാരികതയും കത്തിക്കാളുന്ന രോഷവും കാരണം കൂടുതൽ ഇപ്പോൾ ഇല്ല.
സ്വാതന്ത്ര്യം,
ജനാധിപത്യം,
സോഷ്യലിസം സിന്ദാബാദ്..
പഠിക്കുക, പോരാടുക..

content summary : SFI Union Chairman banned at MG University

 

Related news


Share on

മറ്റുവാര്‍ത്തകള്‍