UPDATES

മുസല്‍മാന് ഉന്നയിക്കാവുന്ന അവകാശങ്ങള്‍, അധികാരങ്ങള്‍; പരമ്പര ഭാഗം – 11

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

ലോകം കണ്ട ഏറ്റവും ശക്തമായ സാഹോദര്യമാണ് ഇസ്ലാമിന്റേത്. ഒരു കൂട്ടുകെട്ടിനും അതിനെ തകര്‍ക്കാന്‍ കഴിയില്ല. തുര്‍ക്കികള്‍ ക്രിസ്ത്യാനികളെ തങ്ങളേക്കാള്‍ താണവരായി കണ്ടപ്പോള്‍ അറബികളെ തുല്യരായി കണ്ടു. അതാണ് ആ സാഹോദര്യത്തിന്റെ ശക്തി. ഇത് ഇന്ത്യയെ സംബ്ബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. മുസ്ലിം ദേശീയത ഇന്ത്യയെ തകര്‍ക്കും എന്ന് ഹിന്ദു മനസിലാക്കണം എന്ന് അംബേദ്ക്കര്‍ പറയുന്നു. മുസ്ലിം മേഖലകള്‍ ഹിന്ദുസ്ഥാനും ഹിന്ദു മേഖല മുസ്ലിം ഭൂരിപക്ഷത്തിനും അസഹനീയമായ മാലിന്യം പോലെ അനുഭവപ്പെടും എന്നതിനാല്‍ രണ്ടുകൂട്ടരേയും ഏച്ചുകെട്ടിയുണ്ടാക്കുന്ന ബഹുസ്വര സമൂഹം ആശയസംഘട്ടനത്തിന്റെ വേദിയായി തുടരും. വിഭജനം എന്നത് രാജ്യത്തിന്റെ വിശാലകാഴ്ചപ്പാടില്‍ അപാകമായി തോന്നാമെങ്കിലും അത് പകരം നല്‍കുന്നത് സമാധാനമായിരിക്കും.

പാകിസ്ഥാന്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുസല്‍മാന്‍ മുന്നോട്ടുവയ്ക്കാവുന്ന ബദലുകളെ അംബദ്ക്കര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തുന്നു. പ്രത്യേക വോട്ടര്‍ പട്ടികയിലൂടെ കേന്ദ്ര നിയമസഭയിലും പ്രോവിന്‍ഷ്യല്‍ നിയമസഭയിലും അന്‍പത് ശതമാനം പ്രാതിനിധ്യം, എക്സിക്യൂട്ടീവിലും സിവില്‍ സര്‍വ്വീസിലും സേനയിലെ എല്ലാ റാങ്കിലും ഉയര്‍ന്ന ഗ്രേഡിലും വിവിധ കൗണ്‍സിലുകളിലും, കമ്മീഷനുകളിലും ഉള്‍പ്പെടെ എല്ലാ പൊതുസ്ഥാപനങ്ങളിലും അന്‍പത് ശതമാനം പ്രാതിനിധ്യം, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിലും പകുതി അവകാശം, പ്രധാനമന്ത്രി ഹിന്ദു ആണെങ്കില്‍ ഡപ്യൂട്ടി പ്രധാനമന്ത്രി പദം മുസ്ലിമിന്, സേനയില്‍ കമാണ്ടര്‍-ഇന്‍-ചീഫ് ഹിന്ദു ആണെങ്കില്‍ ഡപ്യൂട്ടി കമാണ്ടര്‍-ഇന്‍-ചീഫ് മുസ്ലിം ആകണം, സഭയിലെ 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ പ്രോവിന്‍സുകളുടെ അതിര്‍ത്തി മാറ്റരുത്, ഏതെങ്കിലും ഇസ്ലാമിക രാഷ്ട്രത്തിനെതിരെ നടപടിയോ ഉടമ്പടിയോ ഉണ്ടാക്കാന്‍ 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമുണ്ടാകണം, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അനുമതി ഇല്ലാതെ ഇസ്ലാം സംസ്‌ക്കാരം,മതം എന്നിവ സംബ്ബന്ധിച്ച നിയമം ഉണ്ടാക്കാന്‍ പാടില്ല, ദേശീയ ഭാഷ ഉറുദു ആയിരിക്കണം, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ ഗോവവധത്തിനും മതംമാറ്റത്തിനും എതിരെ നിയമം കൊണ്ടുവരരുത്, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ ഭരണഘടനയില്‍ മാറ്റം പാടില്ല എന്നിവയാകും മുന്നോട്ടുവയ്ക്കുന്ന ഡിമാന്‍ഡുകള്‍. ഇതെല്ലാം അംഗീകരിക്കാന്‍ ഭൂരിപക്ഷ ഹിന്ദു നേതാക്കള്‍ക്ക് കഴിയുമോ എന്ന ചോദ്യമാണ് അംബദ്ക്കര്‍ ഉയര്‍ത്തിയത്.

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം; അംബേദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കുമ്പോള്‍

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

പാകിസ്ഥാനും ഹിന്ദുസ്ഥാനും; പരമ്പര ഭാഗം 7

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും; പരമ്പര ഭാഗം 8

ഹിന്ദുമഹാസഭ; പരമ്പര ഭാഗം 9

ഗാന്ധിജിയും ഹിന്ദു-മുസ്ലിം ഐക്യവും; പരമ്പര ഭാഗം 10

മിസ് മായോയുടെ മദര്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നത് ഹിന്ദു സാമൂഹിക തിന്മകളുടെ ചളിയില്‍ വീണുകിടക്കുന്ന യാഥാസ്ഥിതികര്‍ ആണെന്നാണ്. എന്നാല്‍ മുസ്ലിങ്ങള്‍ സ്വതന്ത്രരും പുരോഗമന ചിന്താഗതിക്കാരുമാണ് എന്നും മായോ വിലയിരുത്തുന്നു. മുസ്ലിം സമൂഹത്തെ വളരെ അടുത്തുനിന്ന് വീക്ഷിക്കുന്ന ഒരാളിന് ഈ വിശകലനം അതിശയകരമായി തോന്നാം എന്ന് അംബേദ്ക്കര്‍ പറയുന്നു. അക്കാലത്ത് ശൈശവവിവാഹം എല്ലാ സമുദായത്തിലും ഉണ്ടായിരുന്നു എന്ന് അംബേദ്ക്കര്‍ ഓര്‍മ്മിപ്പിക്കുന്നു. മുസ്ലിം സ്ത്രീകളെ സംബ്ബന്ധിച്ചിടത്തോളം നിയമപരമായുളള അവകാശം മികച്ചതാണ് എന്നവകാശപ്പെട്ടിരുന്നു. അതിനു പ്രധാന കാരണം മുസ്ലിം നിയമത്തില്‍ വിവാഹപ്രായം പറയുന്നില്ല എന്നതായിരുന്നു. അതായത് വിവാഹപ്രായം അവര്‍ക്ക് നിശ്ചയിക്കാം എന്നര്‍ത്ഥം. ശൈശവവിവാഹമാണെങ്കില്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ വിവാഹത്തെ നിരസിക്കാനും കഴിയും. മുസ്ലിം വിവാഹം ഒരു കരാറാണ്, വിവാഹമോചനത്തില്‍ തുല്യ അവകാശമുണ്ട്. ഭര്‍ത്താവില്‍ നിന്നും അവള്‍ക്ക് പണവും സ്വത്തും സ്ത്രീധനമായി വാങ്ങാം. അത് രണ്ട് തരത്തിലുണ്ട്. ആവശ്യപ്പെട്ട് വാങ്ങാം അതല്ലെങ്കില്‍ ബന്ധം പിരിയുമ്പോള്‍ വാങ്ങാം. ഏതായാലും അതവള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നു. എന്നിട്ടും മുസ്ലിം സ്ത്രീയാണ് ഏറ്റവും നിസ്സഹായ എന്ന് മുസ്ലിം പുരോഗമനവാദികള്‍ പറയുന്നു. മതം സ്ത്രീയില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്നുവെന്നും സ്വയം പ്രകടനത്തിനും വ്യക്തിത്വവികസനത്തിനുമുളള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തെ തിരസ്‌ക്കരിക്കാനും അവള്‍ക്ക് ധൈര്യമില്ല. മുസ്ലിംഭാര്യ വിവാഹമോചന അവകാശം ആഗ്രഹിക്കുന്നില്ല, ശരിയത്തും അതില്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. ചുരുക്കത്തില്‍ ഒരിക്കല്‍ വിവാഹിതയായാല്‍ അത് എന്നത്തേക്കും എന്നതാണ് അവസ്ഥ. എന്നാല്‍ ഭര്‍ത്താവിന് കാരണം പറയാതെപോലും തലാഖ് പറയാം. മൂന്നാഴ്ച മാറിനില്‍ക്കണം എന്നേയുള്ളു, സ്ത്രീധനം നല്‍കണം എന്നുമാത്രം. ഇത് സ്ത്രീക്ക് സമ്പൂര്‍ണ്ണവും സുരക്ഷിതവും സന്തോഷപ്രദവുമായ ജീവിതം നഷ്ടമാക്കുന്നു. ബഹുഭാര്യാത്വവും വെപ്പാട്ടികളെ പോറ്റലും ഇതിനെ ബലപ്പെടുത്തുന്നു. മുസ്ലിമിന് അനുവദനീയ വിവാഹം നാലാണ്. ഇതിന് പുറമെ സ്ത്രീ അടിമകളേയും സൂക്ഷിക്കാന്‍ അവകാശമുണ്ട്.

ചിലര്‍ ഈ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഭാര്യമാരെ മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ അടിമത്തം നിന്നതിനാല്‍ അടിമകളെ പോറ്റുന്ന സമ്പ്രദായം ഒഴിവായി എന്നു മാത്രം. എന്നാല്‍ ഹിന്ദു സമുദായത്തില്‍ നിലനില്‍ക്കുന്ന അത്ര ഇല്ലെങ്കിലും ജാതി സമ്പ്രദായം ഇസ്ലാമിലും ഉണ്ട്. 1901 ലെ ബംഗാള്‍ സെന്‍സസില്‍ ഇപ്രകാരം പറയുന്നു. ഇവിടെ ഷെയ്ക്,സെയ്ദ്,മുഗള്‍,പത്താന്‍ എന്ന പരമ്പരാഗത ഡിവിഷന്‍ ഇല്ല. അഷ്റഫും അജ്ലഫുമാണ് പ്രധാനം. അഷ്റഫ് കുലീന മുസ്ലിം ആണ്. വിദേശികളുടെ പിന്‍ഗാമികളും മതംമാറിയ ഉയര്‍ന്ന ജാതിക്കാരും ഈ കൂട്ടത്തില്‍ വരും. അജ്ലഫ് തൊഴില്‍ ചെയ്ത് ജീവിക്കുന്ന സാധാരണ മുസ്ലിം ആണ്. ചിലയിടത്ത് അര്‍സലുകള്‍ ഉണ്ട്. അവര്‍ ഏറ്റവും താണവരാണ്. അവര്‍ക്ക് പള്ളിപ്പറമ്പില്‍ കബറടക്കാനും അവകാശമില്ല. അഷ്‌റഫിലെ പിരിവുകള്‍ സെയ്ദ്, ഷേയ്ക്ക്,പത്താന്‍,മുഗള്‍,മാലിക് മിര്‍സ എന്നിവയാണ്. അജ്ലഫില്‍ പിറാളി,തകരൈ,ദര്‍സി,ജൊലാഹ,ഫക്കീര്‍,റംഗ്റേസ്,ബര്‍ഹി,അബ്ദല്‍ എന്നിവ ഉള്‍പ്പെടുന്നു. അര്‍സലില്‍ പെടുന്നവരാണ് ഫനാര്‍,ഹലാല്‍ഖോര്‍,ഹിജ്റ,കസഭി തുടങ്ങിയവര്‍. എല്ലാ ജാതിക്കാര്‍ക്കും പ്രത്യേകം പഞ്ചായത്തുണ്ട്. ഒരു ജാതിക്ക് മറ്റൊരു ജാതിയില്‍ നിന്നും വിവാഹം പാടില്ല. ജാതിയും അയിത്തവും നിലനിര്‍ത്തുന്നു എന്നുതന്നെ ചുരുക്കം. ഇതിന് പുറമെയാണ് സ്ത്രീകള്‍ക്ക് പര്‍ദ. അവര്‍ക്ക് വീട്ടിലെ അടുക്കള പ്രദേശം മാത്രമാണ് അനുവദിച്ചിരുന്നത്. പുരുഷന്മാര്‍ ജോലി എടുക്കുന്നത് പോലും അവര്‍ കണ്ടുകൂട. മകന്‍,സഹോദരന്‍,അച്ഛന്‍,മാമന്‍,ഭര്‍ത്താവ്,അടുത്ത ബന്ധുക്കള്‍ എന്നിവരെ കാണാം. പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോയ്ക്കൂട. പുറത്തുപോകാന്‍ പര്‍ദ്ദ ധരിക്കണം. ഈ രീതികള്‍ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് വിളര്‍ച്ച,ക്ഷയം,പയോറിയ എന്നീ രോഗങ്ങള്‍ വരുന്നു. നടു വളയുകയും അസ്ഥികള്‍ തള്ളുകയും കൈകാലുകള്‍ വളയുകയും ചെയ്യുമെന്നും വാരിയെല്ലുകളും സന്ധികളും വേദനിക്കുമെന്നും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുമെന്നും ഇടുപ്പിലുണ്ടാകുന്ന വൈകല്യം പ്രസവസമയത്തെ മരണത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പര്‍ദധാരികള്‍ അപകര്‍ഷതയുള്ളവരും ഒറ്റപ്പെട്ടവരുമാകുന്നു. ഈ ലിംഗപരമായ വേര്‍തിരിവ് സ്ത്രീയിലും പുരുഷനിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ മറ്റുള്ളവരെ കാണുകയോ സംസാരിക്കുകയോ ചെയ്യാന്‍ കഴിയാത്തവരായി മാറുന്നു. ഇത്തരത്തില്‍ ഒരു സാമൂഹിക ജീവിത സ്തംഭനാവസ്ഥ മുസ്ലിം സമൂഹത്തിലുണ്ടായി എന്ന് അംബദ്കര്‍ പറയുന്നു.

മുസ്ലിമിന് രാഷ്ട്രീയത്തില്‍ വലിയ താത്പര്യമില്ല. താത്പ്പര്യം മതത്തിലാണ്. അവരുടെ സ്ഥാനാര്‍ത്ഥിയോടുപോലും അവര്‍ ആവശ്യപ്പെടുന്നത് പള്ളിയുടെ പുനരുദ്ധാരണവും വൃത്തിയാക്കലും പുതിയ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സാധ്യതയും സമൂഹസദ്യയുമൊക്കെയാണ്. മതനിരപേക്ഷ ഇനങ്ങള്‍ ഒന്നുംതന്നെ ഇതില്‍ വരുന്നില്ല. ഉള്ളവരും ഇല്ലാത്തവരും മുതലാളിയും തൊഴിലാളിയും ഭൂഉടമയും കുടികിടപ്പുകാരനും പുരോഹിതനും സാധാരണക്കാരനും ഇക്കാര്യത്തില്‍ ഒരേ സമീപനമാണ്. ഇതിന് കാരണം മുസ്ലിം രാഷ്ട്രീയം വൈദികമായതാണ് എന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു. ഇത് ഏറെ വിഷമിപ്പിക്കുന്ന ഒരു സാഹചര്യവുമാണ്. ഇതൊഴിവാക്കാന്‍ മതനേതാക്കളില്‍ നിന്നും ഒരുനീക്കവും ഉണ്ടാകുന്നുമില്ല. ഹിന്ദു സമുദായത്തില്‍ ചിലരെങ്കിലും ഒരു മാറ്റത്തിന് ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാമില്‍ അതുണ്ടാകുന്നില്ല. അത്തരം ശ്രമങ്ങള്‍ തിന്മയാണ് എന്നു കരുതുകയും ചെയ്യുന്നു. നിലവിലെ രീതികളില്‍ ഒരു മാറ്റവും പാടില്ല എന്നതാണ് സമീപനം. 1930 ലെ ശൈശവ വിവാഹ ബില്ലിനെ മുസ്ലിം നേതാക്കള്‍ എതിര്‍ത്തു. ഇത് മുസ്ലിം കാനോന്‍ നിയമത്തിന് എതിരാണ് എന്നായിരുന്നു നിലപാട്. വിവാഹിതയാകാനുള്ള പെണ്‍കുട്ടിയുടെ പ്രായം പതിനാല് എന്നും ആണ്‍കുട്ടിയുടേത് പതിനെട്ട് എന്നും നിശ്ചയിക്കുന്നതിനെ ആണ് എതിര്‍ത്തത്. നിയമം നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ നിസ്സഹകരണം തുടങ്ങി. ഇത്തരം എതിര്‍പ്പുകള്‍ ലോകമൊട്ടാകെ കാണാന്‍ കഴിയും. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലങ്ങള്‍ക്കും എല്ലാ അവസ്ഥകള്‍ക്കും അനുയോജ്യമായ മതം എന്ന് പുരോഹിതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകമൊട്ടാകെ മുസ്ലിം പുരോഗമനപരമല്ലാത്ത നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. എവിടെയും ഒരു മുസ്ലിം മുന്‍ഗണനയ്ക്കായുളള പോരാട്ടവും കാണാന്‍ കഴിയും. കശ്മീരില്‍ ഹിന്ദു രാജാവിന്റെ ഭരണവും മുസ്ലിം ഭൂരിപക്ഷവുമായതിനാല്‍ അവിടെ പ്രാതിനിധ്യ സര്‍ക്കാരിനായി മുന്നിട്ടു വന്ന മുസ്ലിം നേതാക്കള്‍ മുസ്ലിം ഭരണമുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് അതിനെ എതിര്‍ക്കുകയായിരുന്നു.

ഇത്തരത്തില്‍ പലവിധത്തിലും അടുപ്പത്തിന് സാധ്യതയില്ലാത്ത രണ്ട് മതങ്ങളുടെ സാങ്കല്‍പ്പിക ഐക്യം ഉയര്‍ത്തിക്കാട്ടി എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും? ഹിന്ദു ഭൂരിപക്ഷത്തെ ഭയക്കുന്ന മുസ്ലിമും ഇസ്ലാമിന്റെ കൂട്ടായ ആക്രമണം ഭയക്കുന്ന ഹിന്ദുവും യുദ്ധാവസ്ഥയിലാണ് സത്യത്തില്‍ കഴിയുന്നത്. എല്ലാറ്റിലും തുല്യത എന്ന നിലയിലാണ് പല കാര്യങ്ങളും നടക്കുന്നത്. ഹിന്ദുവിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല എങ്കില്‍ മുസല്‍മാന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, ഹിന്ദുവിന് ശുദ്ധി പ്രസ്ഥാനമെങ്കില്‍ മുസ്ലിമിന് തബ്ലീഗ്,ഹിന്ദുക്കള്‍ സംഗതന്‍ ആരംഭിച്ചപ്പോള്‍ മുസ്ലിം താന്‍ജിം തുടങ്ങി. ഹിന്ദു രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിച്ചപ്പോള്‍ മുസ്ലിം ഖാക്സര്‍ ഉണ്ടാക്കി. പരസ്പ്പരവിശ്വാസമില്ലായ്മയും മേല്‍ക്കോയ്മ ഭയവും ആണ് ഇവരെ നയിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ തിന്മകളാണ് വിപ്ലവത്തിന്റെയോ അപചയത്തിന്റെയോ മാതാവ് എന്നത് ഇവിടെയും പ്രസക്തമാവുകയാണ്.

തുടരും….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍