UPDATES

പുതു വിദ്യാഭ്യാസ നയം: അംബേദ്കര്‍ തത്വചിന്ത പഠിപ്പിക്കേണ്ടെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി, പഠിപ്പിക്കണമെന്ന് അധ്യാപകര്‍

തിരഞ്ഞെടുക്കാവുന്ന കുറേയധികം ഇന്ത്യന്‍ തത്വചിന്തകരുടെ കൂട്ടത്തില്‍ ഒന്നുമാത്രമായി ബി.ആര്‍.അംബേദ്കര്‍ തത്വചിന്തയെ ഉള്‍പ്പെടുത്തുക എന്നതും സംശയാസ്പദമായ നീക്കമാണ്

                       

ബിരുദ തലത്തില്‍ ബി.ആര്‍ അംബേദ്കര്‍ തത്വചിന്ത ഇലക്ടീവ് കോഴ്സ് എന്ന നിലയില്‍ തുടരേണ്ടതില്ലെന്ന ഡല്‍ഹി സര്‍വ്വകലാശാല അക്കാദമിക് വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം വിവാദമാകുന്നു. സര്‍വ്വകലാശാലയിലെ തത്വചിന്താ വിഭാഗം ഔദ്യോഗികമായി തന്നെ ഈ നിലപാടിനെതിരേ വൈസ് ചാന്‍സിലര്‍ യോഗേഷ് സിങ്ങിനെ സമീപിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി പാഠ്യപദ്ധതികള്‍ പുതുക്കുന്നതിനോട് അനുബന്ധിച്ചാണ് അക്കാദമിക് സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ തീരുമാനത്തിലെത്തിയത്. ബി.എ.ഫിലോസഫി (പ്രോഗ്രാം)-മിന്റെ സിലബസില്‍ നിന്ന് അംബേദ്കര്‍ തത്വചിന്ത ഒഴിവാക്കാം എന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ തത്വചിന്താവിഭാഗത്തിന്റെ പാഠ്യപദ്ധതി സമിതി ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. രാജ്യത്തെ ഭൂരിപക്ഷം ജനസമൂഹത്തിന്റെ സാമൂഹികോന്നമനത്തിന്റെ പ്രതിനിധിയായ നമ്മുടെ നാടിന്റെ ചിന്തകനാണ് ഡോ.അംബേദ്കറെന്നും ലോകം മുഴുവന്‍ അംബേദ്കര്‍ ചിന്തകളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ കൂടികൂടി വരുന്ന കാലമാണിതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അക്കാദമിക് കൗണ്‍സിലാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശം മാത്രമാണിതെന്നുമാണ് സൂചന. എന്നാല്‍ അംബേദ്കര്‍ തത്വചിന്ത ഉപേക്ഷിക്കാനല്ല കമ്മിറ്റി ശുപാര്‍ശ ചെയ്തതെന്നും പുതിയ കോഴ്സുകളും പഴയ കോഴ്സുകളും ഒരുമിച്ച് ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും ഡീന്‍ ഓഫ് കോളേജസുമായ ബല്‍റാം പാനി പറഞ്ഞു.

ഡല്‍ഹി സര്‍വ്വകലാശാല,ഫോട്ടോ കടപ്പാട്; വിക്കിപീഡിയ

അംബേദ്കര്‍ തത്വചിന്ത ഇപ്പോഴും നിര്‍ബന്ധിത കോഴ്സ് അല്ല, വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴസ് ആണ്. പക്ഷേ തിരഞ്ഞെടുക്കാവുന്ന കുറേയധികം ഇന്ത്യന്‍ തത്വചിന്തകരുടെ കൂട്ടത്തില്‍ ഒന്നുമാത്രമായി ബി.ആര്‍.അംബേദ്കര്‍ തത്വചിന്തയെ ഉള്‍പ്പെടുത്തുക എന്നതും സംശയാസ്പദമായ നീക്കമാണ്.

രാജ്യത്തുടനീളം വിദ്യാഭ്യാസ പദ്ധതികളില്‍ മാറ്റം വരുത്തുകയും യോഗയും ജ്യോതിഷവും മുതല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ തത്വചിന്തകളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്നതും മുഗള്‍ ചരിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും പലപ്പോഴും വിവാദമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എന്‍.സി.ഇ.ആര്‍.റ്റി-യുടെ പന്ത്രണ്ടാം ക്ലാസ് സിലബസിന്റെ ഭാഗമായി പൊളിറ്റിക്കന്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഗാന്ധിജിയെ കുറിച്ചുണ്ടായിരുന്ന പരാമര്‍ശങ്ങളില്‍ പലതും നീക്കം ചെയ്തതും ഇത്തരത്തില്‍ വിവാദമായിരുന്നു.

”പാകിസ്താന്‍ മുസ്ലീങ്ങളുടെ രാജ്യമായത് പോലെ ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാകണമെന്നും ഹിന്ദുക്കള്‍ പ്രതികാരം ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നവര്‍ക്ക് ഗാന്ധിജിയെ ഇഷ്ടമല്ലായിരുന്നു. മുസ്ലീങ്ങളുടെയും പാകിസ്താന്റെയും താത്പര്യത്തിന് വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിക്കുന്നത് എന്നവര്‍ ആരോപിച്ചു. അങ്ങനെ വാദിക്കുന്ന മനുഷ്യര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നാണ് ഗാന്ധിജി കരുതിയിരുന്നത്. ഇന്ത്യയെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള രാജ്യമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും രാജ്യത്തെ നാശത്തിലേയ്ക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഹിന്ദു മുസ്ലീം ഐക്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ യത്‌നം ഹൈന്ദവ തീവ്രവാദികളെ പ്രകോപിതരാക്കുകയും അവര്‍ അദ്ദേഹത്തിനെതിരേ ഒട്ടേറെ വധശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

രാജ്യത്തെ വര്‍ഗ്ഗീയ സാഹചര്യങ്ങള്‍ ഗാന്ധിജിയുടെ കൊലപാതകത്തോടെ മാന്ത്രികമായി മാറി മറഞ്ഞു. വിഭജനത്തോടനുബന്ധിച്ച അക്രമങ്ങളും രോഷവും പൊടുന്നനെ അടങ്ങി. വര്‍ഗ്ഗീയ വെറുപ്പ് പടര്‍ത്തിക്കൊണ്ടിരുന്ന സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തി. രാഷ്ട്രീയ സ്വയം സേവക് സംഘ് പോലുള്ള സംഘടനകളെ കുറേ കാലത്തേയ്ക്ക് നിരോധിച്ചു. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനുള്ള വശ്യത ഇല്ലാതാകന്‍ തുടങ്ങി. ” എന്നിങ്ങനെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും സിലബസില്‍ നിന്ന് നീക്കം ചെയ്തു.

2023-24 വര്‍ഷത്തെ സ്‌ക്കൂള്‍ പാഠ്യപദ്ധതിയിലും വലിയ മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. എന്‍.സി.ഇ.ആര്‍.റ്റിയുടെ സിലബസ് ‘ഇന്ത്യന്‍ വേരുകള്‍’ കൂടുതലായി കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതായിരിക്കുമെന്നാണ് അവകാശവാദം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയെ കുറിച്ച് കൂടുതല്‍ അഭിമാനിക്കാനുള്ള രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതിന്റെ ഭാഗമായി നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റി ഇരുപത് മത സംഘടനകളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇതില്‍ ബഹുഭൂരിപക്ഷവും ഹിന്ദു മതസംഘടനകളാണ്. ഇതില്‍ ചിന്മയ മിഷനും രാമകൃഷ്ണമിഷനും അരബിന്ദോ ആശ്രമവും സരസ്വതി വിദ്യാമന്ദിരവും ഉള്‍പ്പെടുന്നു. ചെന്നൈ ആസ്ഥാനമായുള്ള രണ്ട് ക്രിസ്ത്യന്‍ മിഷനറി ഗ്രൂപ്പുകളെയും അലിം മദ്രസ പ്രവര്‍ത്തകരേയും ഈ സമിതി കണ്ട് ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍