July 14, 2026 |

രണ്ട് മാസമായി ശമ്പളമില്ല; എയ്ഡഡ് കോളേജ് ഗസ്റ്റ് അധ്യാപകര്‍ അവഗണനയില്‍

ഈ വര്‍ഷം ശമ്പളം കിട്ടുമോ എന്നും ആശങ്ക

സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടാതായിട്ട് രണ്ട് മാസം പിന്നിട്ടു. ശമ്പളത്തിനുള്ള അലോട്ട്മെന്റ് പാസായി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഭൂരിഭാഗം ട്രഷറി ഓഫീസര്‍മാരും നിയമതടസം മനസ്സിലാക്കി ശമ്പള ബില്ലുകള്‍ മടക്കി അയക്കുകയാണ്.

” എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പള ബില്ലുകള്‍ക്ക് അന്തിമാനുമതി നല്‍കുന്നത് തിരുവനന്തപുരത്തെ കൊളീജിയേറ്റ് എഡ്യൂക്കേഷണല്‍ ഡയറക്ടറില്‍ മാത്രമായി പരിമിതപ്പെട്ടു. പുതിയ പരിഷ്‌കാരം ശമ്പള വിതരണത്തെ വൈകിപ്പിക്കുകയും വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്തിരിക്കുകയാണ്” എയ്ഡഡ് കോളേജിലെ ഗസ്റ്റ് അധ്യാപകനായ മഹേഷ് (പേര് യഥാര്‍ത്ഥമല്ല) അഴിമുഖത്തോട് പറഞ്ഞു.

മുമ്പൊക്കെ ഡെപ്യൂട്ടി ഡയറക്ടറുടെ റീജിയണല്‍ ഓഫീസുകളിലേക്ക്, എയ്ഡഡ് കോളേജ് അധികൃതര്‍ ഗസ്റ്റ് അധ്യാപകരുടെ വിവരങ്ങള്‍ കൈമാറുകയും അവിടെ നിന്ന് അപ്രൂവല്‍ ഓര്‍ഡര്‍ പാസാക്കുകയുമായിരുന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ റീജിയണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ അപ്രൂവല്‍ ഓര്‍ഡര്‍ കിട്ടിയാല്‍ ഗസ്റ്റ് അധ്യാപകര്‍ക്ക് ഓരോ മാസവും അവരുടെ ശമ്പളം ക്ലെയിം ചെയ്യാന്‍ സാധിക്കും. അതിന് ശേഷം ട്രഷറില്‍ നിന്നുമാണ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്യാഷ് വന്നിരുന്നത്.

എന്നാല്‍, ”ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അടുത്തകാലത്തായി കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമപ്രകാരം, ഗസ്റ്റ് അധ്യാപകരുടെ അലോട്ട്‌മെന്റ് ആദ്യം റീജിയണല്‍ ഓഫീസിലേക്ക് അയയ്ക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രധാന ഓഫീസിലേക്ക് അയയ്ക്കും. അവിടുന്ന് അപ്രൂവല്‍ കിട്ടിയാല്‍ മാത്രമേ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ട്രഷറിയിലേക്ക് പോകുകയുള്ളൂ. കഴിഞ്ഞ ഏപ്രില്‍ മുതലേ ഇക്കാര്യത്തില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 5,000 ത്തിലധികം ഗസ്റ്റ് അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരുടെയെല്ലാം ശമ്പള ബില്ലുകള്‍ക്ക് ഒരു ഓഫീസില്‍ നിന്ന് മാത്രം അംഗീകാരം കിട്ടുന്ന പ്രക്രിയ ഗസ്റ്റ് അധ്യാപകര്‍ക്ക് മാസങ്ങളോളം ശമ്പളമില്ലാതെ ജീവിക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കുന്നത്” മഹേഷ് പറയുന്നു.

അസംഘടിത ജീവനക്കാരാണ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍. അസോസിയേറ്റ് പ്രൊഫസറുടെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസറുടെ അഞ്ചിലൊന്നും ശമ്പളം മാത്രമാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കുന്നത്.

”മുന്‍വര്‍ഷങ്ങളിലും സമാനമായി തന്നെ ശമ്പളം മുടങ്ങുമായിരുന്നു. പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ നിരന്തരമായി പ്രതിഷേധിച്ചതിന്റെ ഭാഗമായി മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ ചില ഓര്‍ഡറുകളും ഇറക്കിയിരുന്നു.

സര്‍ക്കാര്‍ കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് പൊതുവെ വലിയ പ്രശ്നങ്ങളില്ല. ഓരോ ഗവണ്‍മെന്റ് കോളേജും ഓരോ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് കോളേജും ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസും കൊളീജിയം എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ വരുന്നതാണ്. ഒരേ പദവിയായത് കൊണ്ട് തന്നെ കോളേജ് പ്രിന്‍സിപ്പാളിന് തന്നെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളവും അപ്രൂവ് ചെയ്ത് കൊടുക്കാം. കൂടാതെ കാര്യക്ഷമതയുള്ള പ്രിന്‍സിപ്പാള്‍ ആണെങ്കില്‍ ഓരോ മാസത്തെ ശമ്പളവും തൊട്ടടുത്ത മാസം ആദ്യം തന്നെ, സ്ഥിരാധ്യാപകര്‍ക്ക് കിട്ടുന്നപോലെ തന്നെ ലഭ്യമാക്കും” മഹേഷ് വ്യക്തമാക്കുന്നു.

” ഞങ്ങള്‍ക്ക് എല്ലാ മാസവും ആദ്യം തന്നെ കൃത്യമായി ശമ്പളം ലഭിക്കാറുണ്ട്. പ്രിന്‍സിപ്പാള്‍ തന്നെയാണ് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഇതുവരെ ശമ്പളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല” ഗവ. കോളേജിലെ ഗസ്റ്റ് അധ്യാപികയായ നീനു അഴിമുഖത്തോട് പ്രതികരിച്ചു.

നെറ്റ് യോഗ്യതയും പിഎച്ച്ഡിയും ഉള്ള ഗസ്റ്റ് അധ്യാപകര്‍ക്ക് ഒരു ദിവസം 2,200 രൂപയും, നെറ്റും പിഎച്ച്ഡിയും ഇല്ലാത്തവര്‍ക്ക് 1,800 രൂപയുമാണ് ദിവസവേതനം. പലപ്പോഴും 30,000 രൂപയില്‍ താഴെയാണ് പലര്‍ക്കും മാസശമ്പളമായി ലഭിക്കുക. എന്നാല്‍ ഈ വര്‍ഷം ഈ ശമ്പളം പോലും കിട്ടാത്ത അവസ്ഥയിലാണ് ഇവര്‍.

പലപ്പോഴും എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍ കാലതാമസമുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. 2023 സെപ്തംബര്‍ ഒമ്പതിനാണ്, എയ്ഡഡ് കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന പക്ഷം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അവരുടെ നിയമനം അംഗീകരിച്ച് എല്ലാ മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്യേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയത്. പക്ഷേ, നിലവില്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് ശമ്പളം നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

സ്ഥിരാധ്യാപകര്‍ക്ക് സമാനമായി ജോലി ചെയ്തിട്ടും മാസവേതനം ലഭിക്കാതെ വിവേചനം നേരിടുകയാണ് സംസ്ഥാന വിവിധ കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍. സ്ഥിരം അധ്യാപകരെയും അധ്യാപകരേതര ജീവനക്കാരെയും പോലെ ഗസ്റ്റ് അധ്യാപകരും ദിവസം 7 മണിക്കൂര്‍ കോളേജുകളില്‍ ചിലവഴിക്കുകയും ആഴ്ചയില്‍ 16 മണിക്കൂര്‍ ക്ലാസെടുക്കുകയോ ലാബ് ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. പതിവ് ക്ലാസിന് പുറമെ പരീക്ഷാ ഡ്യൂട്ടി, യൂണിവേഴ്സിറ്റി/ കോളേജ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം, ക്യാമ്പസുകളിലെ വിവിധ ക്ലബ്ബുകളിലും സെല്ലുകളിലും പ്രവര്‍ത്തിക്കുക, റാഗിംഗ്, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുക തുടങ്ങിയ കാര്യങ്ങളിലും ഗസ്റ്റ് അധ്യാപകര്‍ പങ്കാളികളാണ്.

”മുമ്പ് ഒരു കൊല്ലം പഠിപ്പിച്ചാല്‍ പിറ്റേക്കൊല്ലമായിരുന്നു എയ്ഡഡ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടിയിരുന്നത്. അടുത്തകാലത്ത് ഞാനായിരുന്നു അവര്‍ക്ക് മാസന്തോറും വേതനം കിട്ടുന്നരീതിയിലേക്ക് കാര്യങ്ങള്‍ നടപ്പിലാക്കിയത്. നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഴിമുഖത്തോട് പ്രതികരിച്ചു. Aided college guest lecturers have not been paid for two months 

Content Summary: Aided college guest lecturers have not been paid for two months

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×