June 04, 2026 |

‘കുസാറ്റ് ക്യാമ്പസ് അടച്ചത് യൂണിവേഴ്സിറ്റി നിർദേശപ്രകാരം; അസുഖം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലെടുക്കേണ്ടതിന്റെ ഭാ​ഗം’

അഞ്ചാം തീയതി വരെയാണ് ക്ലാസുകൾ ഓൺലൈനാക്കിയിരിക്കുന്നത്

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ(കുസാറ്റ്) വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ, ചിക്കൻപോക്സ് എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ഇതരസംസ്ഥാന വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഒഴികെയുള്ളവയാണ് അടച്ചത്.

യൂണിവേഴ്സിറ്റിയുടെ നിർദേശപ്രകാരമാണ് അടച്ചതെന്നും ഇത്രയും കുട്ടികൾക്ക് ഒരുമിച്ച് അസുഖം വന്നതിനെക്കുറിച്ച് വ്യക്തയില്ലെന്നും കുസാറ്റ് പിആർഒ അഴിമുഖത്തോട് പറഞ്ഞു.

‘യൂണിവേഴ്സിറ്റിയുടെ നിർദേശപ്രകാരമാണ് ക്യാമ്പസ് അടച്ചിട്ടത്. അഞ്ചാം തീയതി വരെയാണ് ക്ലാസുകൾ ഓൺലൈനാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ക്യാമ്പസ് അടച്ചിടണമെന്നുള്ള ഓർഡർ ലഭിച്ചത്. എങ്ങനെയാണ് ഇത്രയും കുട്ടികൾക്ക് ഒരുമിച്ച് അസുഖം വന്നതെന്ന് അറിയില്ല. എന്തായാലും എല്ലാവരോടും ശ്രദ്ധിക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്’, കുസാറ്റ് പിആർഒ അഴിമുഖത്തോട് പറഞ്ഞു.

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അസുഖം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുസാറ്റിലെ രജിസ്ട്രാർ ഡോ. അരുൺ. എ. യു അഴിമുഖത്തോട് പറഞ്ഞു.

നാല് വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വണും ഏഴ് പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിക്കുകയാണ്. ഒരു ഹോസ്റ്റലായതിനാൽ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളുൾപ്പെടെ ഹോസ്റ്റലിൽ താമസിക്കുന്നത് കൊണ്ടുമാണ് ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചത്. അഞ്ച് ദിവസത്തേക്കാണ് ഓൺലൈൻ ക്ലാസുകളാക്കിയിരിക്കുന്നത്. ക്ലാസ് ഓൺലൈൻ ആക്കിയത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. കൂടുതൽ വ്യാപനം തടയുന്നതിന് കൂടി വേണ്ടിയാണ് കേരളത്തിലുള്ള കുട്ടികളെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസിൽ കയറാനും കേരളത്തിന് പുറത്തുള്ള കുട്ടികളോട് ഹോസ്റ്റലിൽ തുടരാനും ആവശ്യപ്പെട്ടത്.

അസുഖം പടരാൻ സാധ്യതയുള്ളതിനാൽ അത് തടയണമെന്നുള്ള ആവശ്യമുള്ളതിനാലാണ് ഈയൊരു മാർ​ഗം സ്വീകരിച്ചത്. എല്ലാവരും മുൻകരുതലെടുക്കണമെന്ന് അറിയിപ്പും നൽകിയിട്ടുണ്ട്. എച്ച് വൺ എൻ വണും ചിക്കൻപോക്സും ​ഗൗരവമായി മാറുന്ന അസുഖങ്ങളല്ലല്ലോ. അത് എല്ലാവർക്കും പടർന്ന് പിടിക്കും എന്നുള്ളതാണ് പേടിക്കേണ്ട കാര്യം. സാധാരണയായി എല്ലാവർക്കും വരുന്ന അസുഖങ്ങൾ തന്നെയാണ് ഇവയൊക്കെ. ഇതിൽ ഭീതിപ്പെടേണ്ട കാര്യമില്ല, മുൻകരുതൽ സ്വീകരിച്ച് ശ്രദ്ധയോടെ ഇരുന്നാൽ മാത്രം മതി. അടുത്ത ബുധനാഴ്ച മുതൽ ക്യാമ്പസ് തുറന്ന് ക്ലാസുകൾ നടക്കും, ഡോ. അരുൺ. എ. യു അഴിമുഖത്തോട് പറഞ്ഞു.

രോ​ഗബാധ ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾ തൊട്ടടുത്തുള്ള ആശുപത്രികളിൽ തന്നെ ചികിത്സ തേടിയിരുന്നു. ക്യാമ്പസിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂർണമായും തുറന്നു പ്രവർത്തിക്കുക.

Content Summary: H1N1 outbreak Cusat closed for five days

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×